27 C
Kollam
Thursday 1st October, 2026 | 10:42:30 PM
Home News Breaking News വന്ദേമാതരത്തെ അനാദരിച്ചതിന് കോണ്‍ഗ്രസ് മാപ്പുപറയണമെന്ന് ബിജെപി,സോണിയ ഉദ്ദേശിച്ചത് അതല്ലെന്ന് കോണ്‍ഗ്രസ്

വന്ദേമാതരത്തെ അനാദരിച്ചതിന് കോണ്‍ഗ്രസ് മാപ്പുപറയണമെന്ന് ബിജെപി,സോണിയ ഉദ്ദേശിച്ചത് അതല്ലെന്ന് കോണ്‍ഗ്രസ്

Advertisement

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരം പാടിയതുമായി ബന്ധപ്പെട്ട് ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ തര്‍ക്കം. പരിപാടിയില്‍ വന്ദേമാതരം പൂര്‍ണരൂപത്തില്‍ ആലപിക്കുന്നതിനെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി തടയാന്‍ ശ്രമിച്ചുവെന്ന് ബിജെപി ആരോപിച്ചു. എന്നാല്‍ ഈ ആരോപണം കോണ്‍ഗ്രസ് നിഷേധിച്ചു.

ന്യൂഡല്‍ഹിയിലെ ഇന്ദിരാ ഭവനത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിക്കിടെ, വന്ദേമാതരം ആലപിക്കുമ്പോള്‍ സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് സംസാരിക്കുന്നതും ആംഗ്യം കാണിക്കുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു. തുടര്‍ന്ന് സേവാദള്‍ പ്രവര്‍ത്തകന്‍ സോണിയയുടെ അടുത്തെത്തി സംസാരിച്ചു. ഇതിനു പിന്നാലെ സോണിയയും രാഹുല്‍ ഗാന്ധിയും സേവാദള്‍ ചീഫ് ബിവി ശ്രീനിവാസുമായി സംസാരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ബിജെപി വക്താവ് സുധാന്‍ഷു ത്രിവേദി രംഗത്തെത്തി. സ്വാതന്ത്ര്യദിനത്തില്‍ വന്ദേമാതരം പൂര്‍ണരൂപത്തില്‍ ആലപിക്കുമ്പോള്‍, കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ തമ്മില്‍ സംസാരിക്കുന്നതും അനാദരവ് കാണിക്കുന്നതും നിര്‍ഭാഗ്യകരമാണെന്ന്ന്ന് സുധാന്‍ഷു എക്സില്‍ കുറിച്ചു. സംഭവത്തില്‍ കോണ്‍ഗ്രസ് നേതൃത്വം രാജ്യത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, ബിജെപിയുടെ ആരോപണങ്ങള്‍ കോണ്‍ഗ്രസ് കമ്മ്യൂണിക്കേഷന്‍സ് വിഭാഗം മേധാവി ജയറാം രമേശ് നിഷേധിച്ചു. മല്ലികാര്‍ജുന്‍ ഖാര്‍ഗെ ദീര്‍ഘനേരം നിന്നു ബുദ്ധിമുട്ടുന്നത് കണ്ടപ്പോള്‍ അദ്ദേഹത്തിന് ഇരിക്കാന്‍ ഒരു കസേര എത്തിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു സോണിയ ഗാന്ധി എന്ന് ജയറാം രമേശ് വ്യക്തമാക്കി. വന്ദേമാതരം പൂര്‍ണരൂപത്തില്‍ ആലപിച്ചതില്‍ തങ്ങള്‍ക്ക് യാതൊരു എതിര്‍പ്പുമില്ലെന്നും അദ്ദേഹം പറഞ്ഞു.

രവീന്ദ്രനാഥ ടാഗോറിന്റെ നിര്‍ദ്ദേശപ്രകാരമാണ് വന്ദേമാതരത്തിന്റെ ആദ്യ വരികള്‍ മാത്രം ആലപിക്കുന്ന രീതി കോണ്‍ഗ്രസ് പണ്ടേ സ്വീകരിച്ചതെന്ന് ജയറാം രമേശ് ചൂണ്ടിക്കാട്ടി. 1937-ല്‍ കല്‍ക്കത്തയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ മഹാത്മഗാന്ധി, നെഹ്റു, സുഭാഷ് ചന്ദ്രബോസ് എന്നിവരുടെ സാന്നിധ്യത്തില്‍ എടുത്ത തീരുമാനമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വര്‍ഷം ജൂലൈയില്‍ പാര്‍ലമെന്റ് വന്ദേമാതരത്തിന് ദേശീയഗാനത്തിന് തുല്യമായ പദവി നല്‍കുന്ന നിയമ ഭേദഗതിയിലൂടെ കൊണ്ടുവന്നിരുന്നു. വന്ദേമാതരം ആലപിക്കുന്നതിനെ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നത് കുറ്റകരമാക്കുന്നതാണ് പുതിയ നിയമം. ഒപ്പം, വന്ദേമാതരം ഔദ്യോഗിക പരിപാടികളില്‍ പൂര്‍ണരൂപത്തില്‍ ആലപിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദ്ദേശവും നിലവിലുണ്ട്.