27 C
Kollam
Thursday 1st October, 2026 | 10:30:31 PM
Home News Local വീടിന് തീയിട്ട് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

വീടിന് തീയിട്ട് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

Advertisement

കടയ്ക്കല്‍: വീടിന് തീയിട്ട് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. കടയ്ക്കല്‍ പുലിപ്പാറ സാരംഗിയില്‍ ദിലീഷ് കുമാര്‍ (51) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി രണ്ടോടെയായിരുന്നു സംഭവം. ശക്തമായ പൊട്ടിത്തെറി ശബ്ദം കേട്ടാണ് അയല്‍വാസികള്‍ സംഭവം അറിയുന്നത്. വീടിനുള്ളില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാര്‍ ഫയര്‍ഫോഴ്സിനെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. ജനലുകളും കട്ടിലുകളും ഉള്‍പ്പെടെ കത്തിയതും ഗ്ലാസ് പൊട്ടിത്തെറിച്ചതും കാരണം വീടിനടുത്തേക്ക് എത്താന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. തുടര്‍ന്ന് കടയ്ക്കല്‍ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
പൂര്‍ണമായും പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ ദിലീഷിനെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. തീപിടിത്തത്തെ തുടര്‍ന്ന് ഫ്രിഡ്ജ് ഉള്‍പ്പെടെയുള്ള വീട്ടുപകരണങ്ങള്‍ പൊട്ടിത്തെറിച്ചതാണ് വലിയ ശബ്ദത്തിന് കാരണമായതെന്ന് നാട്ടുകാര്‍ പറഞ്ഞു.
രണ്ട് വര്‍ഷം മുമ്പ് പ്രമേഹം ബാധിച്ച് കാല്‍ മുറിച്ചുമാറ്റിയതിനെ തുടര്‍ന്ന് ദിലീഷ് വീട്ടുകാരുമായി പിണങ്ങി ഒറ്റയ്ക്കായിരുന്നു താമസം. ഭാര്യയും മക്കളും കടയ്ക്കല്‍ ദര്‍പ്പക്കാട്ടാണ് താമസിച്ചിരുന്നത്. ഇളയ മകന്‍ ഗോവിന്ദ് ദിവസവും പുലിപ്പാറയിലെ വീട്ടിലെത്തി ദിലീഷിനെ പരിചരിച്ചിരുന്നു. സംഭവദിവസം രാത്രി പത്തുവരെ ഗോവിന്ദ് വീട്ടിലുണ്ടായിരുന്നു. ഭക്ഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഒരുക്കിയ ശേഷമാണ് മടങ്ങിയത്. ദിലീഷ് ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here