Home News Breaking News സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാട്, പി.എ മുഹമ്മദ് റിയാസ് എംഎല്‍എയിലേക്കും അന്വേഷണം വ്യാപിപ്പിച്ച് ഇഡി

സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാട്, പി.എ മുഹമ്മദ് റിയാസ് എംഎല്‍എയിലേക്കും അന്വേഷണം വ്യാപിപ്പിച്ച് ഇഡി

കൊച്ചി. സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാടില്‍ വീണ ടിയുടെ ഭര്‍ത്താവ് പി.എ മുഹമ്മദ് റിയാസ് എംഎല്‍എയിലേക്കും അന്വേഷണം വ്യാപിപ്പിച്ച് ഇഡി. വീണയ്ക്ക് സിഎംആര്‍എല്‍ നല്‍കിയ പണം റിയാസിനടക്കം ലഭിച്ചോ എന്നതില്‍ പരിശോധന ആരംഭിച്ചു. സിഎംആര്‍എല്ലില്‍ നിന്ന് പണം കൈപ്പറ്റിയ രാഷ്ട്രീയ നേതാക്കളടക്കം കൂടുതല്‍ പേര്‍ക്ക് ഇഡി അടുത്ത ദിവസങ്ങളില്‍ സമന്‍സയക്കും.


സിഎംആര്‍എലിന് നല്‍കിയ സേവനം സംബന്ധിച്ചും നല്‍കിയ രണ്ടേമുക്കാല്‍ കോടിയിലേറെ രൂപയും എന്തുചെയ്തുവെന്ന കാര്യത്തില്‍ വീണ ടിയ്ക്ക് വ്യക്തമായ മറുപടിയില്ല. രണ്ട് ഘട്ടമായി നടത്തിയ ചോദ്യം ചെയ്യലില്‍ ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നതില്‍ വീണ പരാജയപ്പെട്ടു. ഇതോടെയാണ് പണം സഞ്ചരിച്ച വഴി തേടി പി.എ മുഹമ്മദ് റിയാസിലേക്കും ഇഡി എത്തുന്നത്. 2016 മുതല്‍ 2020 വരെയുള്ള കാലയളവിലാണ് സിഎംആര്‍എല്‍ വീണയ്ക്കും എക്‌സാലോജിക്കിനും മാസാമാസം ഐടി സേവനങ്ങള്‍ക്കെന്ന പേരില്‍ പണം നല്‍കിയത്. 2020 ജൂണിലാണ് വീണയും മുഹമ്മദ് റിയാസും തമ്മിലുള്ള വിവാഹം. എന്നാല്‍ ഇതിനും മുന്‍പ് തന്നെ ഇരുവര്‍ക്കും പരിചയമുണ്ടായിരുന്നു. ഇതാണ് റിയാസിന്റെ അക്കൗണ്ട്, സ്വത്ത് വിവരങ്ങള്‍ പരിശോധിക്കാന്‍ ഇഡി തീരുമാനിച്ചത്.

അന്വേഷണത്തിന്റെ ഭാഗമായി നടന്ന റെയ്ഡില്‍ റിയാസിന്റെ വീട്ടിലും ഇഡി പരിശോധന നടത്തി. വീട്ടില്‍ നിന്ന് ഒന്നും കണ്ടുകിട്ടിയിലെങ്കിലും റിയാസ് അന്വേഷണപരിധിയിലുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇഡി നടപടി. വീണയുടെ മൂന്നാംഘട്ട ചോദ്യംചെയ്യലിന് ശേഷം റിയാസിനെയും ചോദ്യം ചെയ്യാനാണ് ഇഡി നീക്കം. കഴിഞ്ഞ രണ്ട് തവണ വീണ ചോദ്യം ചെയ്യലിന് ഹാജരായത് റിയാസിനോടൊപ്പമാണ്. റിയാസിന് പുറമെ കൂടുതല്‍ പുതുമുഖങ്ങള്‍ ഇഡിയുടെ മുന്നില്‍ വരും ദിവസങ്ങളിലെത്തും. എസ്എഫ്‌ഐഒ രേഖകളില്‍ നിന്ന ലഭിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തില്‍ ഉള്‍പ്പെടുത്തേണ്ടവരുടെ പട്ടിക തയാറാക്കുന്നത്. സിഎംആര്‍എല്‍ ഉദ്യോഗസ്ഥരുടെയും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ രണ്ടാംഘട്ട ചോദ്യം ചെയ്യലും പുരോഗമിക്കുകയാണ്.