Home Blog Page 135

ലൈഫ് ഭവന പദ്ധതിയില്‍ 50 ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പ്, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അറസ്റ്റില്‍

പത്തനംതിട്ട: രണ്ടു പഞ്ചായത്തുകളിലെ ലൈഫ് ഭവന പദ്ധതിയില്‍ 50 ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പു നടത്തിയ സംഭവത്തില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അറസ്റ്റില്‍. വകയാര്‍ മ്ലാന്തടം പുത്തന്‍വീട് എം ആര്‍ റാണി ലക്ഷ്മിയെയാണു (37) കോന്നി പൊലീസ് പിടികൂടിയത്. സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളില്‍ നിന്ന് പണം തട്ടിയെടുത്തതായി കാണിച്ച് പഞ്ചായത്ത് സെക്രട്ടറിമാര്‍ നല്‍കിയ പരാതിയിലാണ് നടപടി.

ഈ രണ്ടു പഞ്ചായത്തുകളില്‍ ലൈഫ് ഭവന പദ്ധതിയില്‍ പുതിയ വീട് നിര്‍മിക്കുന്നതിനും നവീകരണത്തിനും അനുവദിച്ച തുക തട്ടിയെടുത്തെന്നാണു കേസ്. ഗുണഭോക്തൃ ലിസ്റ്റില്‍ തിരിമറി നടത്തി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് അരക്കോടിയിലേറെ രൂപ മാറ്റിയതായി പൊലീസ് പറയുന്നു. സീതത്തോട്ടില്‍ 51.23 ലക്ഷം രൂപയുടെയും തണ്ണിത്തോട്ടില്‍ 2 ലക്ഷം രൂപയുടെയും തട്ടിപ്പു നടത്തിയതായാണു കേസ്.

തണ്ണിത്തോട്, സീതത്തോട് പഞ്ചായത്ത് സെക്രട്ടറിമാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നു പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. തണ്ണിത്തോട് പൊലീസില്‍ പരാതി ലഭിച്ചതോടെ പണം തിരികെ നല്‍കി തടിയൂരാനും ഉദ്യോഗസ്ഥ ശ്രമിച്ചിരുന്നു. പഞ്ചായത്തിന് പുറത്ത് താമസിക്കുന്ന ബന്ധുക്കളേയും സുഹൃത്തുക്കളേയും ഗുണഭോക്താക്കളാക്കി വ്യാജരേഖ ചമച്ചായിരുന്നു തട്ടിപ്പെന്നും പൊലീസ് പറയുന്നു. വീടുപണി പൂര്‍ത്തീകരിച്ചവര്‍ക്ക് പണം നല്‍കാന്‍ കാലതാമസം വന്നതോടെ പഞ്ചായത്ത് ഭരണസമിതികള്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്.

50 രൂപയ്ക്ക് ഒരു ദിവസത്തെ ഭക്ഷണം,കൊച്ചി മോഡല്‍ ഇന്ദിര ക്യാന്റീന്‍ ഇനി കൊല്ലത്തും

കൊല്ലം: കൊച്ചി മോഡല്‍ ഇന്ദിര ക്യാന്റീന്‍ ഇനി കൊല്ലത്തും. 50 രൂപയ്ക്ക് ഒരു ദിവസത്തെ ഭക്ഷണം നല്‍കുന്ന ഇന്ദിര ക്യാന്റീന്‍ കൊല്ലം കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ രണ്ട് മാസത്തിനകം കൊല്ലം നഗരത്തില്‍ ആരംഭിക്കും.

10 രൂപയ്ക്ക് പ്രഭാത ഭക്ഷണം, 20 രൂപയ്ക്ക് ഊണ്, 10 രൂപയ്ക്ക് രാത്രി ഭക്ഷണം എന്നിങ്ങനെ കൊച്ചി മോഡലിന് സമാനമായി നല്‍കാനാണ് ആലോചന. ഈ മൂന്ന് നേരത്തെ ഭക്ഷണം പാഴ്‌സലായും ലഭിക്കും. ഇതിനായി പായ്ക്കിങ് ചാര്‍ജ്ജ് കൂടി ഈടാക്കും. ഓണ്‍ലൈനായി ബുക്ക് ചെയ്യുന്ന സൗകര്യത്തിന് വിവിധ ഏജന്‍സികളുമായി ചര്‍ച്ച നടത്തും. രാവിലെ ഇഡ്ഡലി അല്ലെങ്കില്‍ ദോശയും വെജിറ്റബിള്‍ കറിയും. രാത്രി ചപ്പാത്തിയും വെജിറ്റബിള്‍ കറിയും. ഉച്ചയ്ക്ക് രണ്ട് കറിയും ചോറും അച്ചാറും തോരനും എന്നിങ്ങനെയായിരിക്കും മെനു. വിലയും മെനുവും കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്ത് അന്തിമമാക്കും.

പോളയത്തോട് ഷോപ്പിംഗ് കോംപ്ലക്‌സില്‍ ഒഴിഞ്ഞുകിടക്കുന്ന കടമുറികളിലാകും ക്യാന്റീന്‍ തുടങ്ങുക. അടുത്തുള്ള നാല് കടമുറികള്‍ കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തനം. പാചകത്തിനുള്ള പാത്രങ്ങള്‍, ഭക്ഷണം ഇരുന്ന് കഴിക്കാനുള്ള മുറികള്‍, ഇന്റീരിയര്‍, ശൗചാലയം തുടങ്ങിയ സൗകര്യങ്ങള്‍ സജ്ജമാക്കാന്‍ 50 ലക്ഷം രൂപയെങ്കിലും വേണ്ടിവരും. അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കാനും ആദ്യഘട്ടത്തില്‍ കുറഞ്ഞ നിരക്കില്‍ ഭക്ഷണം നല്‍കാനുമുള്ള തുകയ്ക്കായി സിഎസ്ആര്‍ ഫണ്ട് കണ്ടെത്താനാണ് ആലോചന. കൂടുതല്‍ ഉപഭോക്താക്കളെത്തിയാല്‍ പിന്നീട് സ്വന്തം നിലയില്‍ മുന്നോട്ടുപോകാനാണ് പദ്ധതി.

മെട്രോ പില്ലറുകൾക്ക് സമീപം നിരന്തരം അപകടം,പൊലിഞ്ഞത് 49 ജീവനുകൾ

കൊച്ചി. മെട്രോ പില്ലറുകൾക്ക് സമീപം അപകടം പതിവ്, പൊലിഞ്ഞത് 49 ജീവനുകൾ. അടിയന്തര നടപടി ആവശ്യപ്പെട്ട് പൊതു താല്‍പര്യ ഹര്‍ജി. പൈൽ ക്യാപ്പുകൾക്ക് സമീപം റോഡ് താഴുന്നു. നിയന്ത്രണം നഷ്ടമാകും; ഇരുചക്ര വാഹനങ്ങൾക്ക് അപകടക്കെണി. പില്ലർ നമ്പർ 825ൽ മാത്രം പൊലിഞ്ഞത് 13 ജീവനുകൾ

മെട്രോ കടന്നുപോകുന്ന പാതയിൽ അപകടമരണം നാൽപതിലേറെ. ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജിയില്‍ ഇത് ചൂണ്ടിക്കാട്ടുന്നു. അപകടങ്ങളിൽ പലതും ബൈക്കുകൾ തൂണുകളിൽ ഇടിച്ച്. റോഡ് തകർച്ച പരിഹരിക്കാൻ 10 കോടി അനുവദിച്ച് സർക്കാർ. വൈറ്റില മുതൽ മനോരമ ജംഗ്ഷൻ വരെ 3.1 കി.മീ നവീകരണം

അടിയന്തര അറ്റകുറ്റപ്പണികൾക്കാണ് 10 കോടി. ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി സർക്കാർ. പൊതുതാൽപര്യ ഹർജിക്ക് പിന്നാലെ നടപടി. അപകടങ്ങൾ ഒഴിവാക്കാൻ അടിയന്തര ഇടപെടൽ

മോഷ്ടിച്ച ബൈക്ക് അപകടത്തില്‍ പെട്ട് രണ്ടു മരണം

ആലപ്പുഴ: ആലപ്പുഴ കൈചൂണ്ടിമുക്കില്‍ ബൈക്ക് അപകടത്തില്‍ രണ്ടു മരണം. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ആയിരുന്നു അപകടം.മണ്ണഞ്ചേരി അടിവാരം സ്വദേശി മുഹമ്മദ് സബീന്‍(17)റിന്‍ഷാദ് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മണ്ണഞ്ചേരി ഭാഗത്തുനിന്ന് ആലപ്പുഴയിലേക്ക് രണ്ട് ബൈക്കുകളിലായി വന്ന മൂന്ന് യുവാക്കളാണ് അപകടത്തിൽപെട്ടത്. മോഷ്ടിച്ച ബൈക്കാണ് യുവാക്കൾ ഓടിച്ചിരുന്നത്. വീട്ടിൽ നിർത്തിയിട്ട ബൈക്ക് ലോക്ക് പൊട്ടിച്ചാണ് കൊണ്ടുപോയതെന്ന് ബൈക്കുടമ മണ്ണഞ്ചേരി സ്വദേശി പ്രമോദ് പറഞ്ഞു. പൊലീസ് വിളിക്കുമ്പോഴാണ് പ്രമോദ് ബൈക്ക് മോഷണംപോയ വിവരമറിയുന്നത്. ബൈക്ക് മോഷ്ടിച്ചവരാണ് അപകടത്തില്‍ മരിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്. മോഷ്ടിച്ചതെന്ന് കരുതുന്ന 25ഓളം സിഗരറ്റ് പായ്ക്കറ്റുകളും അപകട സ്ഥലത്തുനിന്നും ലഭിച്ചു. അമിത വേഗതയില്‍ വന്ന ബൈക്ക് അപകടപ്പെട്ടത് സിസി ടിവിയില്‍ കാണാം.

വിശാല സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിക്കേണ്ട കരട് റിപ്പോർട്ടിന് സിപിഐഎം സെക്രട്ടറിയേറ്റ് ഇന്ന് അംഗീകാരം നൽകും

തിരുവനന്തപുരം.വിശാല സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിക്കേണ്ട കരട് റിപ്പോർട്ടിന് സിപിഐഎം സെക്രട്ടറിയേറ്റ് ഇന്ന് അംഗീകാരം നൽകും. കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് കൂടി ഉൾപ്പെടുത്തിയാകും കരട് റിപ്പോർട്ട്. തളിപ്പറമ്പ് , പയ്യന്നൂർ മണ്ഡലങ്ങളിലെ പിണറായിയുടെ പ്രസംഗത്തിലുള്ള നിലപാട് ജനറൽ സെക്രട്ടറി എം എ ബേബി സെക്രട്ടറിയേറ്റിനെ അറിയിച്ചേക്കും.

പ്രതിപക്ഷ പദവിയിൽ സിപിഐക്ക് മുന്നിൽ വെക്കേണ്ട പുതിയ നിർദ്ദേശങ്ങളും സിപിഐഎം സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും. സിപിഐയെ പ്രകോപിപ്പിച്ച് മുന്നണിയിൽ പ്രതിസന്ധി ഉണ്ടാക്കരുതെന്ന കേന്ദ്ര നിർദ്ദേശം എം എ ബേബി സെക്രട്ടറിയേറ്റിന് നൽകിയേക്കും.

എസ്എഫ്‌ഐ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമം അടക്കം കേസ്

തിരുവനന്തപുരം.എസ്എഫ്‌ഐ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. വധശ്രമത്തിനാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവും പ്രസിഡന്റ് ശിവപ്രസാദും അടക്കം 30 പേര്‍ക്കെതിരെയാണ് കേസെടുത്തത്. കണ്ടാലറിയുന്ന 200 പ്രവര്‍ത്തകരും കേസിലെ പ്രതികളാണ്. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു എന്നാണ് എഫ്‌ഐആര്‍. കലാപാഹ്വാനം, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങി 17 വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

സർക്കാർ സബ്സിഡി നിർത്തലാക്കിയിട്ട് മൂന്നുവർഷം,തിരുവനന്തപുരത്തെ അവസാന ജനകീയ ഹോട്ടലും പൂട്ടി

തിരുവനന്തപുരത്തെ അവസാന ജനകീയ ഹോട്ടലും പൂട്ടി.
കോവിഡ് കാലത്ത് തുടങ്ങിയ ജനകീയ ഹോട്ടൽ ആണ് സാമ്പത്തിക പ്രതിസന്ധികൾക്കൊടുവിൽ പൂട്ടേണ്ടി വന്നത്.
വൈദ്യുതി ബില്ലടയ്ക്കാനുള്ള സർക്കാർ സഹായവും സപ്ലൈകോ സഹായവും നിലച്ചതോടെയാണ് ഹോട്ടലിനു പൂട്ടണ്ടി വന്നത്. ഹോട്ടൽ നടത്തിയതിൽ കടം 12 ലക്ഷം രൂപ .

ജനകീയ ഹോട്ടൽ തുടർന്ന് നടത്താൻ സാമ്പത്തികമായ ബുദ്ധിമുട്ടുണ്ട്. സർക്കാർ സബ്സിഡി നിർത്തലാക്കിയിട്ട് മൂന്നുവർഷമായി. സപ്ലൈകോയിൽ നിന്നും ആനുകൂല്യങ്ങൾ ഒന്നും കിട്ടിയിട്ടില്ല. ആറ് വർഷത്തെ കെഎസ്ഇബിക്ക് നൽകിയ ബിൽ തുകയെങ്കിലും കിട്ടിയാൽ തുറന്നു പ്രവർത്തിക്കാൻ കഴിയും. അവസാനമായി ഇങ്ങനെ ഒരു ബോർഡും എഴുതിവെച്ച് തിരുവനന്തപുരത്ത് ആദ്യം ആരംഭിച്ച ജനകീയ ഹോട്ടൽ പൂട്ടി.

കഴിഞ്ഞ ആറു വർഷമായി കറണ്ട് ബില്ല് അടയ്ക്കുന്നുണ്ടെങ്കിലും ആ തുക തിരികെ നൽകാമെന്ന് പറഞ്ഞ സർക്കാർ വാക്കുപാലിച്ചില്ല.

സപ്ലൈകോയിൽ കുടുംബശ്രീ ജനകീയ ഹോട്ടലിനെ സഹായിക്കാനുള്ള പദ്ധതിയില്ല എന്ന് ഉറപ്പിച്ചു പറഞ്ഞു .

20 രൂപ ഊണിന് 10 രൂപ സർക്കാർ സബ്സിഡി നൽകിയിരുന്നു. മൂന്നുവർഷമായി ഈ സബ്സിഡി ലഭിക്കുന്നില്ല. ഊണിന്റെ വില 35 രൂപ ഉയർത്തി ഗ്യാസിന്റെ വില അടക്കമുള്ള ചിലവ് വർദ്ധിച്ചതോടെ അത് നാൽപതു രൂപയിലെത്തി എന്നിട്ടും വരുമാന ചെലവ് തമ്മിലുള്ള അന്തരം നികത്താൻ കഴിഞ്ഞില്ല. ഈ വർഷത്തെ സബ്സിഡിയുമായി ബന്ധപ്പെട്ട ഫയലിന് തീരുമാനമായില്ല എന്ന് കണ്ടതോടെ കുടുംബശ്രീയുടെ ജനകീയ ഹോട്ടലിന് താഴിട്ടു.

കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പരാമർശം,മുഖ്യമന്ത്രിയെ നേരിൽ കണ്ട് കാന്തപുരം സമസ്ത നേതാക്കൾ

കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി നിലപാട് പ്രഖ്യാപിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയെ നേരിൽ കണ്ട് കാന്തപുരം സമസ്ത നേതാക്കൾ. കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറിമാരായ ഖലീലുൽ ബുഖാരി തങ്ങൾ,പേരോട് അബ്ദുറഹ്മാൻ സഖാഫി അടക്കമുള്ളവരാണ് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ കണ്ടത് . കെപി നൗഷാദലി എംഎൽഎയുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.

മുഖ്യമന്ത്രിയുടെ പരാമർശത്തിൽ Ap വിഭാഗം കടുത്ത എതിർപ്പുയർത്തുന്നതിനിടെ ആണ് നേതാക്കൾ മുഖ്യമന്ത്രിയെ നേരിൽ കണ്ടത്.കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി പറഞ്ഞ ഇസ്ലാമിക ചരിത്രത്തിൽ വസ്തുതാപരമായ പിശകുണ്ടെന്നതടക്കമാണ് കാന്തപുരം വിഭാഗം ഉയർത്തുന്ന വിമർശനം.കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന മുഖ്യമന്ത്രിയുടെ പരാമർശം തിരുത്തണമെന്ന് കൂടിക്കാഴ്ചയിൽ നേതാക്കൾ ആവശ്യപ്പെട്ടു.

രോഗിയോട് മോശമായി പെരുമാറി, ഡോ. രേഖ കെ. കൃഷ്ണനെ തെന്മല PHCയിലേക്ക് മാറ്റി

കൊല്ലം . കൊട്ടാരക്കരയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തിൽ ആരോപണ വിധേയയായ ഡോ. രേഖ കെ. കൃഷ്ണനെ തെന്മല PHCയിലേക്ക് മാറ്റി.

ഡി എം ഒ യുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് ഡയറക്ടറുടേതാണ് നടപടി.ഡോക്ടർ രേഖ കൃഷ്ണ രോഗിയോട് ഇടപെട്ട രീതി ശരിയായില്ലെന്നും ,ഡോക്‌ടർ രേഖ കൃഷ്‌ണനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വീണ്ടും പോസ്റ്റ് ചെയ്യരുതെന്നും ,ഡേ-നൈറ്റ് ഡ്യൂട്ടി ഇല്ലാത്ത വിധം ഡോക്‌ടറെ മറ്റ് എവിടെങ്കിലും നിയോഗിക്കണമെന്നും ഡി എം ഒ നേരത്തെ റിപ്പോർട്ടിൽ ശിപാർശ ചെയ്തിരുന്നു

ശബരിമല സ്വർണ്ണക്കൊള്ള , സ്വമേധയാ എടുത്ത ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി.ശബരിമല സ്വർണ്ണക്കൊള്ള കേസിൽ സ്വമേധയാ എടുത്ത ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്തിമ അന്വേഷണ റിപ്പോര്‍ട്ട് നല്‍കുന്നതില്‍ എസ്‌ഐടി തീരുമാനം അറിയിച്ചേക്കും. ജംഷഡ്പൂര്‍ മെറ്റലര്‍ജിക്കല്‍ ലാബില്‍ നിന്നുള്ള ശാസ്ത്രീയ റിപ്പോര്‍ട്ടിന്റെ വിശകലനവും എസ്‌ഐടി ഹൈക്കോടതിയെ അറിയിക്കും.

പുതിയ ശാസ്ത്രീയ തെളിവുകള്‍ സംബന്ധിച്ചും എസ്‌ഐടി റിപ്പോര്‍ട്ട് നല്‍കിയേക്കും. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള തുടര്‍ നിര്‍ദ്ദേശവും ഹൈക്കോടതി നല്‍കിയേക്കും. ജസ്റ്റിസുമാരായ വി രാജാ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ദേവസ്വം ബെഞ്ച് ആണ് ഹര്‍ജി പരിഗണിക്കുന്നത്.