28.1 C
Kollam
Saturday 26th September, 2026 | 10:04:34 PM
Home News Local വെസ്റ്റ് കല്ലട ഫ്ലോട്ടിങ് സോളാർ പദ്ധതി യാഥാർത്ഥ്യത്തിലേക്ക്;അടുത്ത മാർച്ചിൽ കമ്മീഷൻ ചെയ്യുമെന്ന് കൊടിക്കുന്നിൽ

വെസ്റ്റ് കല്ലട ഫ്ലോട്ടിങ് സോളാർ പദ്ധതി യാഥാർത്ഥ്യത്തിലേക്ക്;അടുത്ത മാർച്ചിൽ കമ്മീഷൻ ചെയ്യുമെന്ന് കൊടിക്കുന്നിൽ

ശാസ്‌താംകോട്ട:കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷൻ (എൻ.എച്ച്.പി.സി) വെസ്റ്റ് കല്ലടയിൽ നടപ്പിലാക്കുന്ന 50 മെഗാവാട്ട് ശേഷിയുള്ള ഫ്ലോട്ടിങ് സോളാർ പവർ പദ്ധതി 2027 മാർച്ചിൽ കമ്മീഷൻ ചെയ്യുമെന്ന് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്റ്റാൻഡിങ് കമ്മിറ്റി അംഗം കൂടിയായ കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു.വെസ്റ്റ് കല്ലടയിലെ പദ്ധതി പ്രദേശം ഏകദേശം 291 ഏക്കർ വിസ്തൃതിയുള്ള ജലാശയ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്.ജലാശയത്തിൽ ഫ്ലോട്ടിങ് സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

260 കോടി രൂപയുടെ നിക്ഷേപത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഔദ്യോഗിക പദ്ധതി ചെലവ് അഞ്ച് വർഷത്തെ ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ് ചെലവ് ഉൾപ്പെടെ 259.716 കോടിയാണെന്ന് എൻ.എച്ച്.പി.സി വ്യക്തമാക്കിയിട്ടുണ്ട്.50 മെഗാവാട്ട് ശേഷിയുള്ള പദ്ധതിയിൽ ആദ്യ വർഷം ഏകദേശം 99 മില്യൺ യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കുകയാണ് ലക്ഷ്യം.പദ്ധതിയുടെ പ്രതീക്ഷിക്കുന്ന വാണിജ്യ പ്രവർത്തന തീയതി 2027 മാർച്ചാണ്.വെസ്റ്റ് കല്ലടയിലെ പദ്ധതി പ്രദേശം എംഎൽഎ. ഉല്ലാസ് കോവൂരിനൊപ്പം സന്ദർശിച്ച കൊടിക്കുന്നിൽ എൻ.എച്ച്.പി.സി ഉദ്യോഗസ്ഥരുമായി പദ്ധതി പുരോഗതി സംബന്ധിച്ച് വിശദമായി ചർച്ച ചെയ്തു.ലോഞ്ചിംഗ് പാഡ്, സ്വിച്ച് യാർഡ് സൈറ്റ് ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങൾ എം.പിയുടെയും എം.എൽ.എയുടെയും നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ച് നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തി.നിലവിൽ പദ്ധതി നിർമാണ ഘട്ടത്തിലാണ്.പദ്ധതിയുടെ ഗ്രിഡ് കണക്റ്റിവിറ്റിക്കായി 110 കെ.വി. കെ.എസ്.ഇ.ബി.എൽ  ട്രാൻസ്മിഷൻ സംവിധാനവുമായി ബന്ധിപ്പിക്കുന്നതിനുള്ള അനുബന്ധ ട്രാൻസ്മിഷൻ ലൈൻ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളും എൻ.എച്ച്.പി.സിയുടെ പദ്ധതിയുടെ ഭാഗമാണ്.അഞ്ച് വർഷത്തെ സമഗ്ര ഓപ്പറേഷൻ ആൻഡ് മെയിന്റനൻസും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പദ്ധതിയുടെ സമയബന്ധിതമായ പൂർത്തീകരണത്തിന് ആവശ്യമായ കേന്ദ്രസർക്കാർ പിന്തുണയും ഇടപെടലുകളും ഉറപ്പാക്കുമെന്ന് എം.പി. പറഞ്ഞു.സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട് പരിഹരിക്കേണ്ട വിഷയങ്ങളിൽ കുന്നത്തൂർ എംഎൽഎ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ കൂടുതൽ തദ്ദേശ സ്ഥാപനങ്ങളിലേക്ക് പുനരുപയോഗ ഊർജ പദ്ധതികൾ വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കണമെന്നും, അതിനാവശ്യമായ കേന്ദ്രതല ഇടപെടലുകൾ നടത്തുമെന്നും എം.പി. പറഞ്ഞു.2026 മാർച്ച് 11ന് വെസ്റ്റ് കല്ലടയിലെ 50 മെഗാവാട്ട് ഫ്ലോട്ടിങ് സോളാർ പദ്ധതിയുടെ ശിലാസ്ഥാപനം നടന്നതായി എൻ.എച്ച്.പി.സി അറിയിച്ചിട്ടുണ്ട്.കഴിഞ്ഞ ഏപ്രിൽ 8ന് എൻ.എച്ച്.പി.സിയും കെഎസ്ഇബിയും പദ്ധതിക്കായുള്ള വൈദ്യുതി വാങ്ങൽ കരാറിലും ഒപ്പുവച്ചിരുന്നു.

എൻ.എച്ച്.പി.സിയുടെ ആഭിമുഖ്യത്തിൽ വെസ്റ്റ് കല്ലട ആയുർവേദ ആശുപത്രിയിൽ സംഘടിപ്പിച്ച ലോക ഹൃദയദിനാചരണവും മെഡിക്കൽ ക്യാമ്പും കൊടിക്കുന്നിൽ സുരേഷ് എം.പി. ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പരിധിയിൽ ജലസേചന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 50.2 ലക്ഷം ചെലവിൽ എൻ.എച്ച്.പി.സിയുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ധാരണാപത്രം ഒപ്പുവയ്ക്കുന്ന ചടങ്ങിലും എം.പി പങ്കെടുത്തു.പമ്പ് ഹൗസ്,മോട്ടോർ തറ നവീകരണം,ജലസേചനവുമായി ബന്ധപ്പെട്ട മറ്റ് അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഉല്ലാസ് കോവൂർ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ.എച്ച്.പി.സി ജനറൽ മാനേജർ സാജൻ മൊയ്തീൻ, വെസ്റ്റ് കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക കുമാരി തുടങ്ങിയവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here