ശാസ്താംകോട്ട: മൈനാഗപ്പള്ളി റെയിൽവേ മേൽപ്പാലം നിർമാണവുമായി ബന്ധപ്പെട്ട് അലൈൻമെന്റിലുള്ള കെട്ടിടങ്ങളും മറ്റ് നിർമിതികളും പൊളിച്ചുനീക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.ഇതിനായി റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഓഫ് കേരള ക്വട്ടേഷൻ ക്ഷണിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു.
മേൽപ്പാലത്തിനായി ആവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികളും നഷ്ടപരിഹാര വിതരണവും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ചു വരികയാണ്.അലൈൻമെന്റിലുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത് പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾക്ക് വഴിയൊരുക്കും.പൊളിച്ചുനീക്കൽ പൂർത്തിയാക്കി സ്ഥലം ലഭ്യമാകുന്നതോടെ നിർമാണവുമായി ബന്ധപ്പെട്ട അടുത്ത ഘട്ടങ്ങളിലേക്ക് കടക്കാനാകും.
ശാസ്താംകോട്ട–മൈനാഗപ്പള്ളി മേഖലയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന മേൽപ്പാലം യാഥാർഥ്യമാക്കുന്നതിനായി റെയിൽവേ അധികൃതരുമായും സംസ്ഥാന സർക്കാരുമായും ബന്ധപ്പെട്ട ഏജൻസികളുമായും നിരന്തരമായി ഇടപെട്ടുവരികയാണെന്ന് എം.പി പറഞ്ഞു.പദ്ധതിയുടെ ഓരോ ഘട്ടത്തിലെയും നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കി നിർമാണം ആരംഭിക്കുന്നതിനാവശ്യമായ ഇടപെടലുകൾ തുടരുമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു.
































