27.9 C
Kollam
Tuesday 10th November, 2026 | 10:42:22 PM
Home News Breaking News പാംപ്ലാനിയുടെ വെളിപ്പെടുത്തൽ; മന്ത്രി എ പി അനിൽ കുമാറിനെതിരെ ഗവർണർക്ക് പരാതി നൽകി വി എച്ച്പി

പാംപ്ലാനിയുടെ വെളിപ്പെടുത്തൽ; മന്ത്രി എ പി അനിൽ കുമാറിനെതിരെ ഗവർണർക്ക് പരാതി നൽകി വി എച്ച്പി

Advertisement

തിരുവനന്തപുരം: മന്ത്രി എ.പി. അനിൽകുമാർ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് ആരോപിച്ച് വിശ്വഹിന്ദു പരിഷത്ത് ഗവർണർക്ക് ഔദ്യോഗികമായി പരാതി നൽകി. തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി നടത്തിയ വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി.

സഭയുടെ ആവശ്യങ്ങൾ എളുപ്പത്തിൽ സാധിച്ചെടുക്കുന്നതിനായി മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലേക്ക് തങ്ങൾ നിർദ്ദേശിക്കുന്ന ഒരാളെ ഉൾപ്പെടുത്തണമെന്ന് ബിഷപ്പ് ജോസഫ് പാംപ്ലാനി മന്ത്രി എ.പി. അനിൽകുമാറിനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മന്ത്രി ഒരാളുടെ പേര് നിർദ്ദേശിക്കാൻ ആവശ്യപ്പെടുകയും, സഭ നിർദ്ദേശിച്ച വ്യക്തിയെ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ നിയമിക്കുകയും ചെയ്തു എന്നായിരുന്നു ബിഷപ്പിന്റെ പ്രസംഗം.

സ്വജനപക്ഷപാതമോ ചില പ്രത്യേക താൽപ്പര്യങ്ങളോ വെച്ച് പുലർത്തി പ്രവർത്തിക്കില്ലെന്ന് പ്രതിജ്ഞ ചെയ്തുകൊണ്ടാണ് മന്ത്രിമാർ അധികാരമേൽക്കുന്നത്. എന്നാൽ ബിഷപ്പിന്റെ വെളിപ്പെടുത്തൽ ഈ സത്യപ്രതിജ്ഞയുടെ നഗ്നമായ ലംഘനമാണെന്ന് വി.എച്ച്.പി ഗവർണർക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ രാജ്ഭവൻ നിയമോപദേശം തേടാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

*പാംപ്ലാനി കാസർകോട്ട് പറഞ്ഞത്*

സഭ ആവശ്യപ്പെട്ട വ്യക്തിയെ റവന്യൂ വകുപ്പിൽ മന്ത്രിയുടെ സ്റ്റാഫ് സെക്രട്ടറിയായി നിയമിച്ചതിൽ നന്ദി രേഖപ്പെടുത്തി തലശ്ശേരി രൂപതാ ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കാസർകോട് വെള്ളരിക്കുണ്ടിൽ നടന്ന കെസിവൈഎം യുവജന സമ്മേളനത്തിലാണ് മന്ത്രി നൽകിയ വാഗ്ദാനം പാലിക്കപ്പെട്ടതായി അദ്ദേഹം പരസ്യമായി വ്യക്തമാക്കിയത്.

മലയോര ജനതയുടെ പ്രശ്നങ്ങളും യാഥാർഥ്യങ്ങളും കൃത്യമായി തിരിച്ചറിയുന്ന ഒരാൾ റവന്യൂ മന്ത്രിയുടെ ഓഫിസിലുണ്ടാകണമെന്നത് സഭയുടെ ദീർഘകാലമായുള്ള ആഗ്രഹമായിരുന്നുവെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി. സഭക്ക് സ്വീകാര്യനായ ആരെയും നിർദ്ദേശിക്കാമെന്നും അത്തരത്തിലുള്ള ഒരാളെത്തന്നെ നിയമിക്കാമെന്നും മന്ത്രി ഉറപ്പുനൽകിയിരുന്നു. ഈ വാക്ക് പൂർണമായും പാലിച്ചുകൊണ്ടാണ് സഭ നിർദ്ദേശിച്ച വ്യക്തിയെത്തന്നെ മന്ത്രി പ്രസ്തുത പദവിയിൽ നിയമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലയോര ജനതയോടുള്ള പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ബിഷപ്പ് വ്യക്തമാക്കി.

റവന്യൂ മന്ത്രി എ. പി. അനിൽ കുമാറിന്റെ സാന്നിധ്യത്തിലായിരുന്നു പാംപ്ലാനിയുടെ പ്രസ്താവന. റവന്യൂ വകുപ്പിൽ സഭ നിർദേശിക്കുന്ന ആളെ സ്റ്റാഫ് സെക്രട്ടറിയായി നിയമിക്കാമെന്ന് മന്ത്രി നേരത്തെ ഉറപ്പു നൽകിയിരുന്നതായി ബിഷപ്പ് വ്യക്തമാക്കി.

തുടക്കത്തിൽ ഇതൊരു വെറും വാഗ്ദാനമായി മാത്രമാണ് കരുതിയതെങ്കിലും, മന്ത്രി ആ വാക്ക് പൂർണ്ണമായും പാലിച്ചുവെന്ന് ബിഷപ്പ് പാംപ്ലാനി പരസ്യമായി പ്രശംസിച്ചു. മന്ത്രിയുടെ ഈ നടപടിയിലൂടെ ഭൂപ്രശ്നങ്ങളിൽ കൂടുതൽ ഫലപ്രദമായി ഇടപെടാൻ ഇപ്പോൾ സഭക്ക് സാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

LEAVE A REPLY

Please enter your comment!
Please enter your name here