കൊച്ചി :എറണാകുളം മഹാരാജാസ് കോളജിൽ ബിരുദദാന ചടങ്ങിനിടെ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനെതിരെ എസ്എഫ്‌ഐ നടത്തിയ പ്രതിഷേധത്തിൽ കർശന നടപടി ആവശ്യപ്പെട്ട് കെഎസ്‌യു കോളജ് പ്രിൻസിപ്പലിന് പരാതി നൽകി.
കെഎസ്‌യു സംസ്ഥാന ഉപാധ്യക്ഷയും മറ്റ് നേതാക്കളുമാണ് മഹാരാജാസ് കോളജ് പ്രിൻസിപ്പലിന് ഔദ്യോഗികമായി പരാതി നൽകിയത്.
ബിരുദദാന ചടങ്ങ് അലങ്കോലപ്പെടുത്തുകയും മന്ത്രിയെ വേദിയിൽ നേരിട്ട് തടയുകയും ചെയ്ത എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കോളജ്തലത്തിലും നിയമപരമായും മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നാണ് കെഎസ്‌യുവിന്റെ ആവശ്യം.
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ 16 വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് മഹാരാജാസ് കോളജിലെ ബിരുദദാന ചടങ്ങിനിടെ എസ്എഫ്‌ഐ പ്രവർത്തകരും യൂണിയൻ ഭാരവാഹികളും മന്ത്രി റോജി എം. ജോണിനെതിരെ പ്രതിഷേധിക്കുകയും വേദിയുടെ അടുത്തെത്തി ചോദ്യങ്ങൾ ഉന്നയിക്കുകയുമായിരുന്നു.
ചടങ്ങിനുശേഷം മറുപടി നൽകാമെന്ന് അറിയിച്ചിട്ടും ബഹളം വെച്ച എസ്എഫ്‌ഐ നടപടിയെ മന്ത്രി റോജി എം. ജോൺ, പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, ജിസിടിഒ തുടങ്ങിയവരും രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിനിടെ എറണാകുളം സെൻട്രൽ പൊലീസ് എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്.































