Home News Local സ്കൂൾ ലൈബ്രറി പൊതുജനങ്ങൾക്കായി തുറക്കും,ചിത്തിര വിലാസം യു.പി. സ്കൂളിൽ വായനാവാരാഘോഷത്തിന് തുടക്കം

സ്കൂൾ ലൈബ്രറി പൊതുജനങ്ങൾക്കായി തുറക്കും,ചിത്തിര വിലാസം യു.പി. സ്കൂളിൽ വായനാവാരാഘോഷത്തിന് തുടക്കം

മൈനാഗപ്പള്ളി: പി.എൻ. പണിക്കർ അനുസ്മരണത്തോടനുബന്ധിച്ച് ചിത്തിര വിലാസം യു.പി. സ്കൂളിൽ വിപുലമായ വായനാവാരാഘോഷത്തിന് തുടക്കമായി. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഭരണസമിതി അംഗം എബി പാപ്പച്ചൻ പരിപാടി ഉദ്ഘാടനം ചെയ്തു. വായനയുടെ ശീലം കുട്ടികളിൽ വളർത്തിയെടുക്കുന്നതോടൊപ്പം കുടുംബങ്ങളിലേക്കും സമൂഹത്തിലേക്കും വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

പി.ടി.എ. പ്രസിഡന്റ് അർഷാദ് മാന്നാനി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ജെ. റഹിയാനത്ത്, സ്കൂൾ പ്രധാന അധ്യാപിക ജയലക്ഷ്മി, സ്കൂൾ മാനേജർ കല്ലട ഗിരീഷ് , വിദ്യാരംഗം കൺവീനർ ഉണ്ണി ഇലവിനാൽ. ബി എസ് സൈജു.സുനീഷ്,മുഹമ്മദ് സജാദ് എന്നിവർ സംസാരിച്ചു.

വായനാവാരാഘോഷത്തിന്റെ ഭാഗമായി പുസ്തക വായന മത്സരം, പുസ്തക പരിചയം, വായനാക്കുറിപ്പ് തയ്യാറാക്കൽ, എഴുത്തുകാരെ പരിചയപ്പെടുത്തൽ, കഥ, കവിത, പ്രസംഗ മത്സരങ്ങൾ, ലൈബ്രറി സന്ദർശനം, കുടുംബ വായന, പുസ്തക പ്രദർശനം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കും. കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും പുസ്തകങ്ങളുമായി കൂടുതൽ അടുപ്പം സൃഷ്ടിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ ഒരാഴ്ചക്കാലം നീണ്ടുനിൽക്കും.