തിരുവനന്തപുരം.പി.കെ. പരമേശ്വരൻ നായർ സ്മാരക പുരസ്കാരങ്ങൾ ഡോ.സുരേഷ് മാധവിനും കെ.പ്രസന്നരാജനും
2026 ലെ മികച്ച ജീവചരിത്രഗ്രന്ഥത്തിനുള്ള പി.കെ. പരമേശ്വരൻ നായർ സ്മാരക പുരസ്കാരം ഡോ.സുരേഷ് മാധവിന് ലഭിച്ചു. കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച “വേദഗുരു സദാനന്ദസ്വാമികൾ “എന്ന കൃതിയാണ് 25000 രൂപയും പ്രശസ്തിഫലകവുമടങ്ങുന്ന അവാർഡിന് അർഹമായത്. എസ്. ഗുപ്തൻ നായർ സ്മാരക പുരസ്കാരം കെ.പ്രസന്നരാജൻ രചിച്ച “മലയാള നോവൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ” എന്ന നിരൂപണ കൃതിയ്ക്ക് ലഭിച്ചു. 20000 രൂപയും പ്രശസ്തിഫലകവുമാണ് അവാർഡ്. പ്രൊഫ. പൂജപ്പുര കൃഷ്ണൻ നായർ, എസ്.ഡി. പ്രിൻസ്, ഡോ. ലക്ഷ്മീദാസ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരം നിർണയിച്ചത്.
കഴിഞ്ഞ അര നൂറ്റാണ്ടിനിടയിൽ കേരളത്തിന്റെ സാംസ്കാരിക ഗവേഷണ ചരിത്രത്തിലുണ്ടായ മികച്ച നേട്ടമാണ് സുരേഷ് മാധവിന്റെ കൃതി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജാതിഭേദമില്ലാത്ത ഹിന്ദുസമൂഹത്തിനു വേണ്ടി വിപ്ലവം നടത്തിയ സദാനന്ദ സ്വാമികളാണ് നിരവധി നവോത്ഥാന പ്രമുഖരെ രംഗത്തു കൊണ്ടുവന്നത്. നമ്പൂതിരി മുതൽ നായാടി വരെയുള്ളവരെ ബ്രഹ്മനിഷ്ഠാ മഠം ചിത്സഭകളിലൂടെ ഒന്നിപ്പിച്ച സ്വാമികൾ 1913 ൽ ചെറുകോൽപ്പുഴ ഹിന്ദുമതസമ്മേളനത്തിന് തുടക്കമിട്ടു. 1901 ൽ കേരളത്തിന്റെ വികസനപദ്ധതി അവതരിപ്പിച്ചതും സദാനന്ദ സ്വാമികളായിരുന്നു. കേരളത്തിലെല ആദ്യത്തെ ദലിത് ക്ഷേത്ര പ്രതിഷ്ഠാപനം ദലിത് സ്കൂൾ സ്ഥാപനം , ആയൂർവേദ യൂണിറ്റ് തുടങ്ങിയവയും വേദഗുരുവിന്റെ സംഭാവനകളാണ്.1924 ൽ നാല്പത്തിയേഴാം വയസ്സിൽ കൊട്ടാരക്കര സദാനന്ദപുരം ആശ്രമത്തിലാണ് സദാനന്ദ സ്വാമികൾ സമാധിയായത്. ചരിത്രത്തിൽ നിന്ന് മറഞ്ഞുപോയ സദാനന്ദസ്വാമികളുടെ തിരിച്ചു വരവാണ് സുരേഷ് മാധവിന്റെ പുസ്തകമെന്ന് ആഷാ മേനോൻ, ടി.പി. ശങ്കരൻകുട്ടി നായർ , കെ.ജയകുമാർ ഐ.എ.എസ്, പ്രൊഫ.എസ്.ശ്രീനാഥൻ തുടങ്ങിയ പ്രമുഖർ സാക്ഷ്യപ്പെടുത്തുന്നു.
പി.കെ.ട്രസ്റ്റിന്റെ ട്രസ്റ്റിന്റെ 35ാം വാർഷികത്തോടുബന്ധിച്ച് നവംബർ 25 ന് തിരുവനന്തപുരം നന്ദാവനം പ്രൊഫ.എൻ.കൃഷ്ണപിള്ള ഫൗണ്ടേഷൻ ഹാളിൽ ഡോ.എ എം.ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ഡോ.വി.ആർ. പ്രബോധചന്ദ്രൻ നായർ പുരസ്കാര വിതരണം നടത്തും.































