കൊല്ലം:- കൗൺസിൽ ഫോർ കമ്മ്യൂണിറ്റി കോർപ്പറേഷന്റെ സൗത്ത് സോൺ പ്രതിനിധി സമ്മേളനം പത്തനാപുരം ഗാന്ധിഭവനിൽ ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് ഗാന്ധിഭവൻ ഇന്റർനാഷണൽ ട്രസ്‌റ്റ് ഏർപ്പെടുത്തിയ ഉമ്മൻ ചാണ്ടി സത്കീർത്തി പുരസ്കാരം സജീവ് പരിശവിളയ്ക്ക് മന്ത്രി അഡ്വ. മോൻസ് ജോസഫ് സമ്മാനിച്ചു. മൊമന്റോയും പ്രശസ്തി പത്രവും 15000 രൂപയും അടങ്ങുന്നതാണ് പുരസ്കാരം.
ഉമ്മൻ ചാണ്ടി സാറിന്റെ മാതൃക പിൻതുടർന്ന് നിസ്വാർത്ഥ ജനസേവനം നടത്തുന്ന സജീവ് പരിശവിള ഈ സമ്മാനത്തിന് ഏറ്റവും അർഹനാണെന്നും സെക്രട്ടേറിയേറ്റ് അസോസിയേഷൻ സെക്രട്ടറി എന്ന നിലയിലും സാംസ്കാരിക ജീവകാരുണ്യ പ്രവർത്തകനെന്ന നിലയിലും മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
പത്തനാപുരം എം.എൽ.എ. ജ്യോതികുമാർ ചാമക്കാല, ആറന്മുള എം.എൽ.എ. അഡ്വ.അബിൻ വർക്കി, ഗാന്ധി ഭവൻ മാനേജിംഗ് ട്രസ്റ്റി പുനലൂർ സോമരാജൻ, ഉമ്മൻ ചാണ്ടിയുടെ മകൾ ഡോ. മറിയ ഉമ്മൻ, ഗാന്ധി ഭവൻ സി.ഇ.ഒ. ഡോ. വിൻസന്റ് ഡാനിയേൽ,മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത ഡോ.ജോസഫ് മാർ ദിവന്നാസിയോസ്, കേരള ജംഇയ്യത്തിൽ ഉലമ സെക്രട്ടറി അൽ ഉസ്താദ് തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, ആനന്ദധാനം ആശ്രമാചാര്യൻ ബോധേന്ദ്ര തീർത്ഥ സ്വാമികൾ എന്നിവർ പ്രസംഗിച്ചു.































