26.9 C
Kollam
Thursday 18th June, 2026 | 08:41:01 PM
Home News Local സപ്ലൈകോ താൽക്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ടതിൽ സി പി ഐ പ്രതിഷേധം

സപ്ലൈകോ താൽക്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ടതിൽ സി പി ഐ പ്രതിഷേധം

Advertisement

കരുനാഗപ്പള്ളി: കല്ലേലിഭാഗം സപ്ലൈകോ സൂപ്പർമാർക്കറ്റിലെ താൽക്കാലിക ജീവനക്കാരിയെ നിയമവിരുദ്ധമായി പിരിച്ചുവിട്ട നടപടിയിൽ പ്രതിഷേധിച്ച് സിപിഐ കല്ലേലിഭാഗം ലോക്കൽ കമ്മിറ്റിയുടെയും സപ്ലൈകോ വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി) യുടെയും നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചു.
കല്ലേലിഭാഗം സപ്ലൈകോ സൂപ്പർമാർക്കറ്റിന് മുന്നിൽ നടന്ന ധർണാ സമരം സിപിഐ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി സെക്രട്ടറി ജഗത് ജീവൻ ലാലി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ നാലര വർഷമായി ഔട്ട്‌ലെറ്റിൽ ജോലി ചെയ്തുവരുന്ന താൽക്കാലിക ജീവനക്കാരിയെ സിന്ധുവിനെ ചില ഉദ്യോഗസ്ഥരുടെ ബോധപൂർവമായ ഇടപെടലിന്റെ ഭാഗമായി പിരിച്ചുവിടുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.


സപ്ലൈകോയിൽ 20 വർഷത്തിലേറെയായി താൽക്കാലിക ജീവനക്കാരായി സേവനമനുഷ്ഠിക്കുന്നവർ വരെ നിലവിലുണ്ടെന്നും, വളരെ തുച്ഛമായ വേതനത്തിൽ ജോലി ചെയ്യുന്ന ഇവരോട് ചില ഉദ്യോഗസ്ഥർ ശത്രുതാപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പി.എഫ്, ഇ.എസ്.ഐ ആനുകൂല്യങ്ങൾ ലഭിക്കുന്ന ജീവനക്കാരെ നോട്ടീസ് നൽകാതെ പിരിച്ചുവിടാൻ കഴിയില്ലെന്ന നിയമം നിലനിൽക്കുമ്പോഴാണ് കരുനാഗപ്പള്ളി ഡിപ്പോ മാനേജരുടെയും ഔട്ട്‌ലെറ്റ് മാനേജരുടെയും നേതൃത്വത്തിൽ ഇത്തരം നടപടി സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു.


അനധികൃതമായി പിരിച്ചുവിട്ട തൊഴിലാളിയെ ഉടൻ തിരിച്ചെടുക്കാൻ തയ്യാറാകണമെന്നും, അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളിലേക്ക് കടക്കേണ്ടിവരുമെന്നും ജഗത് ജീവൻ ലാലി മുന്നറിയിപ്പ് നൽകി.
സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ജി. അജിത് കുമാർ അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ. ശശിധരൻ പിള്ള, അഡ്വ. അനിൽ എസ് കല്ലേലിഭാഗം , ജില്ലാ പഞ്ചായത്ത് അംഗം ദീപ ചന്ദ്രൻ, സപ്ലൈകോ വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി) ജില്ലാ സെക്രട്ടറി സജീവ് എന്നിവർ സംസാരിച്ചു.
സപ്ലൈകോ വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി) ജില്ലാ വർക്കിംഗ് പ്രസിഡന്റ് മുനീർ സ്വാഗതവും സിപിഐ ലോക്കൽ കമ്മിറ്റി അംഗം ആർ. ബിനു നന്ദിയും രേഖപ്പെടുത്തി

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here