കരുനാഗപ്പള്ളി. ദ്രാവിഡ കലകളെയും സംസ്കാരത്തെയും പ്രോത്സാഹിപ്പിക്കുക, കീഴാള ചരിത്രത്തെയും സംസ്കാരത്തെയും വീണ്ടെടുക്കുക, പാർശ്വവൽക്കരിക്കപ്പെടുന്ന വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് വിവിധമേഖലകളിൽ മുഖ്യധാരയിലേക്ക് വരാൻ അവസരമൊരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ പ്രവർത്തനമാരംഭിക്കുന്ന സംഘടന “ബ്ലാക്ക് വോയ്സി”ന്റെ ഔദ്യോഗിക ഉദ്ഘാടനം കരുനാഗപ്പള്ളിയിൽ നടന്നു. കരുനാഗപ്പള്ളി നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി. മോഹൻദാസ് ഉദ്ഘാടനം നിർവഹിച്ചു. സംഘടനാ പ്രസിഡന്റ് ബോബൻ ജി. നാഥ് അധ്യക്ഷത വഹിച്ചു.
സാമൂഹിക നീതി, സമത്വം, ചരിത്രബോധം, സാംസ്കാരിക മുന്നേറ്റം എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് കലാ-സാംസ്കാരിക പ്രവർത്തനങ്ങളിലൂടെ ജനാധിപത്യപരവും പുരോഗമനപരവുമായ ആശയങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കുകയാണ് ബ്ലാക്ക് വോയ്സിന്റെ ലക്ഷ്യം.
സംഘടനയുടെ ആദ്യ പരിപാടിയെന്ന നിലയിൽ നവോത്ഥാന നായകൻ മഹാത്മാ അയ്യങ്കാളിയുടെ ജീവിതവും പോരാട്ടങ്ങളും സാമൂഹിക ഇടപെടലുകളും പ്രമേയമാക്കുന്ന ഡോക്യുഫിക്ഷൻ നിർമിക്കുന്നു. 45–50 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിന്റെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കും. ചിത്രത്തിന്റെ രചനയും സംവിധാനവും സുൽത്താൻ അനുജിത്ത് നിർവ്വഹിക്കുന്നു.
കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ നിർണായക സ്ഥാനമുള്ള അയ്യങ്കാളിയുടെ ജീവിതവും സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും ജാതിവിവേചനത്തിനെതിരായ അദ്ദേഹത്തിന്റെ പോരാട്ടങ്ങളുടെ ചരിത്രപ്രാധാന്യം അടയാളപ്പെടുത്തുന്നതിനും ഈ ചലച്ചിത്ര സംരംഭം ലക്ഷ്യമിടുന്നു.
കലയും സംസ്കാരവും ചരിത്രവും സാമൂഹിക ഇടപെടലുകളും സമന്വയിപ്പിച്ചുകൊണ്ടുള്ള വിവിധ പരിപാടികൾ ഭാവിയിൽ സംഘടിപ്പിക്കാനും ബ്ലാക്ക് വോയ്സ് പദ്ധതിയിടുന്നു.
പരിപാടിയിൽ ജി മഞ്ജുക്കുട്ടൻ, ശംഭു വേണുഗോപാൽ, പ്രമീള ലാൽ, ഡോളി എസ്, സുമി സുൽത്താൻ, മോളി എസ്, വിനയ് ഭാസിൻ, ഗ്രീഷ്മ, നുവാൻ, നിവ, അനഘ തുടങ്ങിയവർ സംസാരിച്ചു.
ഫോട്ടോ ക്യാപ്ഷൻ :ബ്ലാക്ക് വോയിസ് കൾച്ചറൽ സെൻറർ പ്രവർത്തന ഉദ്ഘാടനം കരുനാഗപ്പള്ളി നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി മോഹൻ മോഹൻദാസ് നിർവഹിച്ചു.ബോബൻ ജി നാഥ്,സുൽത്താൻ അനുജിത്ത്,ശംഭു വേണുഗോപാൽ എന്നിവർ സമീപം

































