28.7 C
Kollam
Wednesday 28th October, 2026 | 07:39:43 PM
Home News Local ദിനകർ കോട്ടക്കുഴിയും കണ്ടല സുരേഷുമടക്കം നൂറോളം പേർ മുസ്ലിം ലീഗിൽ ചേർന്നു

ദിനകർ കോട്ടക്കുഴിയും കണ്ടല സുരേഷുമടക്കം നൂറോളം പേർ മുസ്ലിം ലീഗിൽ ചേർന്നു

Advertisement


​തിരുവനന്തപുരം. കോൺഗ്രസിൽ നിന്ന് രാജിവെച്ച നേതാക്കളായ ദിനകർ കോട്ടക്കുഴിയും കണ്ടല സുരേഷും വിവിധ രാഷ്ട്രീയ-സാമുദായിക സംഘടനകളിൽ നിന്നുള്ള നൂറോളം പ്രവർത്തകരും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൽ ചേർന്നു. തിരുവനന്തപുരം പാണക്കാട് ഹാളിൽ നടന്ന ചടങ്ങിൽ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പരിപാടി ഉദ്ഘാടനം ചെയ്തു.
​മതേതര ജനാധിപത്യ പ്രസ്ഥാനമായ മുസ്ലിം ലീഗിലേക്ക് സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള നിരവധി ആളുകളാണ് എത്തുന്നതെന്നും, എല്ലാവരുടെയും സാമൂഹിക പുരോഗതിക്കായി പാർട്ടി നിലകൊള്ളുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ പി.എം.എ. സലാം പറഞ്ഞു.


​കുന്നത്തൂർ മുൻ എം.എൽ.എയുടെ മകനും മുൻ കോൺഗ്രസ് നേതാവും ദളിത് കൂട്ടായ്മ സംസ്ഥാന പ്രസിഡന്റുമായ ദിനകർ കോട്ടക്കുഴിയും കണ്ടല സുരേഷും പി. എം. എ സലാമിൽ നിന്നും അംഗത്വവും ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ശ്യാം സുന്ദറിൽ നിന്ന് പാർട്ടി പതാകയും അംഗത്വവും ഏറ്റുവാങ്ങി.
​ചടങ്ങിൽ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നിസാർ മുഹമ്മദ് സുൽഫി, ജില്ലാ ജനറൽ സെക്രട്ടറി മാഹീൻ അബൂബക്കർ, കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി ബദർ പോരേടം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഡ്വ. കണിയാപുരം ഹലീം, സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായ എം. അൻസാറുദീൻ, സുജാ ചന്ദ്രബോസ്, ശിഹാബ് ആലുക്ക, നാസർ കുറുമ്പള്ളൂർ, ഇടവം ഖാലിദ്, പറമ്പിൽ സുബേർ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
​അഡ്വ. സുരേഷ് കുമാർ S.R, മദനൻവേളി, വേളി ലാൽ, കൈരളി സുരേഷ്, വിഴിഞ്ഞം രാജൻ, മുഹമ്മദ് ഹുസൈൻ തുടങ്ങിയ പ്രമുഖരടക്കമാണ് ലീഗിൽ അംഗത്വം സ്വീകരിച്ചത്. വരും ദിവസങ്ങളിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ജില്ലാ, താലൂക്ക്, മണ്ഡലം, വാർഡ് തലങ്ങളിൽ കൂടുതൽ പേർ പാർട്ടി അംഗത്വം സ്വീകരിച്ച് പ്രവർത്തനരംഗത്ത് ഇറങ്ങുമെന്ന് ദിനകർ കോട്ടക്കുഴിയും കണ്ടല സുരേഷും അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here