25.9 C
Kollam
Sunday 16th August, 2026 | 08:07:57 AM
Home News പത്രം 2026 | ഓഗസ്റ്റ് 16, ഞായര്‍1201 | കര്‍ക്കടകം 31, അത്തം

പത്രം 2026 | ഓഗസ്റ്റ് 16, ഞായര്‍1201 | കര്‍ക്കടകം 31, അത്തം

രാഷ്ട്രീയവും ദേശീയവും

80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് രാജ്യം

രാജ്യത്തെ ഒരു കോടി യുവജനങ്ങള്‍ക്ക് ഡിജിറ്റല്‍ വിപ്ലവമായ എഐയില്‍ (നിര്‍മിത ബുദ്ധി) വിദഗ്ധ പരിശീലനം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. 2047 ല്‍ രാജ്യം വികസിത ഭാരതമാകുമെന്നും 140 കോടി ജനതയുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

എഐസിസി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷം

ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ നാടകീയ രംഗങ്ങള്‍. വന്ദേമാതരം ആദ്യ ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്നു നിര്‍ദേശിച്ചിരുന്നെങ്കിലും പൂര്‍ണ്ണമായി ആലപിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സോണിയ ഗാന്ധിയും ഇടപെട്ടിട്ടും ഫലമുണ്ടായില്ല. സമൂഹത്തില്‍ വര്‍ഗീയ ഭിന്നതയുണ്ടാക്കാനാണ് വന്ദേമാതരം മുഴുവനായും അലപിക്കാന്‍ നിയമമുണ്ടാക്കുന്നതെന്നായിരുന്നു പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന്റെ നിലപാട്.

സംസ്ഥാന സര്‍ക്കാരിന്റെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍

വന്ദേമാതരം ആലപിക്കാതെ സംസ്ഥാന സര്‍ക്കാരിന്റെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍. ജനഗണമന എന്ന ദേശീയഗാനം മാത്രമാണ് ആലപിച്ചത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ദേശീയപതാക ഉയര്‍ത്തി. വിവിധ ജില്ലകളില്‍ മന്ത്രിമാര്‍ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.

മുഖ്യമന്ത്രി വി.ഡി. സതീശന്റെ സ്വാതന്ത്ര്യദിന സന്ദേശം

ഇന്ത്യയെന്ന വികാരം കെടാവിളക്കായി മനസ്സില്‍ സൂക്ഷിച്ച് പുതുയുഗ കേരളത്തിനായി ഒറ്റക്കെട്ടായി മുന്നേറാമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. പുതുയുഗ കേരളം എന്നത് വെറും വാക്കല്ല, യാഥാര്‍ഥ്യമാക്കാനുള്ള ആശയമാണ്. കരുണയും സേവനതത്പരതയും സഹിഷ്ണുതയും നിറഞ്ഞ കേരളമാണ് ഉയര്‍ന്നുവരേണ്ടത്. സ്വാതന്ത്ര്യദിനത്തില്‍ പതാക ഉയര്‍ത്തി പ്രസംഗിക്കവേ അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ് വര്‍ദ്ധിപ്പിച്ചു

സര്‍ക്കാര്‍ ജീവനക്കാരുടേയും അദ്ധ്യാപകരുടേയും ബോണസ് പരിധി വി.ഡി.സതീശന്‍ സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു. 4500 രൂപ ബോണസും 20,000 രൂപ ശമ്പള അഡ്വാന്‍സുമാണ് അനുവദിച്ചത്. അഡ്വാന്‍സ് ഒക്ടോബര്‍ മുതല്‍ അഞ്ച് തുല്യഗഡുക്കളായി തിരിച്ചടയ്ക്കണം.

കോഴിക്കോട് കോര്‍പ്പറേഷനിലെ സ്വാതന്ത്ര്യദിനാഘോഷം

കോഴിക്കോട് കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ദേശീയഗാനത്തോട് അനാദരം. ഔദ്യോഗിക ചടങ്ങില്‍ പതാക ഉയര്‍ത്തിയ ശേഷം മേയറുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ദേശീയഗാനം ആലപിച്ചപ്പോള്‍ മറുവശത്ത് ബിജെപി കൗണ്‍സിലര്‍മാര്‍ വന്ദേമാതരം ചൊല്ലി. തങ്ങള്‍ വന്ദേമാതരം ആലപിക്കുന്നതിനിടെ ദേശീയഗാനം ആലപിച്ച് അനാദരം കാണിച്ചെന്ന് ബിജെപി പോലീസില്‍ പരാതി നല്‍കി.

വിവിധ പാര്‍ട്ടി ഓഫീസുകളിലെ പതാക ഉയര്‍ത്തല്‍

സ്വാതന്ത്ര്യ ദിനാഘോഷത്തോടുബന്ധിച്ച് കെപിസിസി ആസ്ഥാനത്ത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും എകെജി സെന്ററില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പതാക ഉയര്‍ത്തി. പിണറായി കണ്‍വെന്‍ഷന്‍ സെന്ററിലെ എംഎല്‍എ ഓഫീസിനു മുന്നില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ദേശീയ പതാക ഉയര്‍ത്തി. ബിജെപി സംസ്ഥാന കാര്യാലയമായ മാരാര്‍ജി ഭവനില്‍ വന്ദേമാതരവും ദേശീയ ഗാനവും പൂര്‍ണമായി ആലപിച്ചു.

സോഷ്യല്‍ മീഡിയ പോസ്റ്റ് നീക്കം ചെയ്ത സംഭവം

മുഖ്യമന്ത്രി വി.ഡി. സതീശനെ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ നീക്കം ചെയ്തത് ആരും ആവശ്യപ്പെടാതെയാണെന്നും സംഭവിച്ചത് സാങ്കേതിക പിഴവാണെന്നും മെറ്റ. മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നതടക്കമുള്ള പോസ്റ്റുകള്‍ സോഷ്യല്‍മീഡിയില്‍നിന്നു നീക്കം ചെയ്തതില്‍ കേരള പൊലീസ് വിശദീകരണം തേടിയിരുന്നു.

ഓട്ടോമാറ്റിക് കാലാവസ്ഥ മാപിനികള്‍ സ്ഥാപിച്ചു

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഐഐറ്റി റോപാറുമായി സഹകരിച്ച് കേരളത്തില്‍ 51 ഓട്ടോമാറ്റിക് കാലാവസ്ഥ മാപിനികള്‍ സ്ഥാപിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള തിരഞ്ഞെടുത്ത സ്‌കൂളുകളിലാണ് ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനുകള്‍ സ്ഥാപിച്ചത്.

പ്രകൃതിക്ഷോഭ ദുരിതാശ്വാസ ധനസഹായം

പ്രകൃതിക്ഷോഭ ദുരിതാശ്വാസ ധനസഹായത്തിനും വിള ഇന്‍ഷുറന്‍സ് നഷ്ടപരിഹാരത്തിനും അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി സെപ്റ്റംബര്‍ 5 വരെ നീട്ടി. അപേക്ഷ എയിംസ് പോര്‍ട്ടലിലോ അക്ഷയ കേന്ദ്രങ്ങളിലോ ലഭ്യമാക്കിയിട്ടുണ്ടെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് അറിയിച്ചു.

ഹലാല്‍ ഫായിദാ സഹകരണ സംഘം നിക്ഷേപത്തട്ടിപ്പ്

പലിശരഹിത വായ്പ നല്‍കാനെന്ന പേരില്‍ കണ്ണൂരില്‍ 2017 ല്‍ ആരംഭിച്ച ഹലാല്‍ ഫായിദാ സഹകരണ സംഘത്തിലെ നിക്ഷേപത്തട്ടിപ്പില്‍ സിപിഎം, ഡിവൈഎഫ്ഐ നേതാക്കള്‍ക്കെതിരേ അന്വേഷണം വേണമെന്ന് കെ. സുധാകരന്‍ എംപി. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് സുധാകരന്‍ പരാതി നല്‍കി.

കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആര്‍എസ്എസ് വേദിയില്‍

കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍ വീണ്ടും ആര്‍എസ്എസ് വേദിയില്‍. തിരുവനന്തപുരം മണിവിളയില്‍ സംഘടിപ്പിച്ച സങ്കല്‍പ്പ് 2026 എന്ന പരിപാടിയിലാണ് മുഖ്യപ്രഭാഷകനായത്. ലോകത്തിലെ 60 ശതമാനം മരുന്നുകള്‍ നിര്‍മ്മിക്കുന്നത് ഇന്ത്യയാണെന്ന് അദ്ദേഹം പറഞ്ഞു.

പാലക്കാട് ബിഎംഡബ്ല്യു കാര്‍ പാടത്തേക്ക് മറിഞ്ഞു

പാലക്കാട് തിരുമിറ്റക്കോട് വിവാഹത്തിന് വാടകയ്ക്കെടുത്ത ബിഎംഡബ്ല്യു കാര്‍ പാടത്തേക്കു മറിഞ്ഞു. മരത്തിലിടിച്ച ശേഷമാണ് പാടത്തേക്ക് മറിഞ്ഞത്.

എറണാകുളത്ത് അന്തര്‍സംസ്ഥാന ബസ്സുകളില്‍ പരിശോധന

എറണാകുളത്ത് അന്തര്‍സംസ്ഥാന ബസ്സുകളില്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഒരു കോടിയിലേറെ രൂപ പിഴ ചുമത്തി. ബസുകളിലെ നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് 72 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. പുലര്‍ച്ചെ നാല് മുതല്‍ രാവിലെ 10 മണി വരെയാണ് പരിശോധന നടത്തിയത്.

കൂത്താട്ടുകുളം സബ് രജിസ്ട്രാര്‍ ഓഫീസില്‍ പൊലീസ് കേസ്

ദേശീയ പതാക ഗ്രില്ലില്‍ കെട്ടിയ സംഭവത്തില്‍ കൂത്താട്ടുകുളം സബ് രജിസ്ട്രാര്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ഡിവൈഎഫ്ഐ പരിപാടിയില്‍ ആര്‍എസ്എസിനെയും കേന്ദ്രത്തെയും വിമര്‍ശിച്ച് ഐഷി ഘോഷ്

ഡിവൈഎഫ്ഐ പരിപാടിയില്‍ ആര്‍എസ്എസിനെയും കേന്ദ്രത്തെയും വിമര്‍ശിച്ച് ഐഷി ഘോഷ്. ഭീതിയില്‍ നിന്നുള്ള മോചനമാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യമെന്ന് പറഞ്ഞ അവര്‍, നീറ്റ് ക്രമക്കേടുകള്‍ക്കെതിരായ ‘ജെന്‍സി’ സമരം 12 വര്‍ഷത്തെ കേന്ദ്ര അടിച്ചമര്‍ത്തലിനെതിരായ പ്രക്ഷോഭമാണെന്നും കൂട്ടിച്ചേര്‍ത്തു

ഫോര്‍ട്ട് കൊച്ചിയില്‍ ആംബുലന്‍സില്‍ നിന്ന് രോഗി വീണു

ഫോര്‍ട്ട് കൊച്ചിയില്‍ ആംബുലന്‍സില്‍ നിന്ന് രോഗി റോഡിലേക്ക് തെറിച്ചു വീണു. സ്ട്രക്ച്ചര്‍ ബെല്‍റ്റും, ഡോറിന്റെ ലോക്കും ഉപയോഗിക്കാത്തതാണ് അപകട കാരണം. അപകടത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ലുങ്കി ഉടുത്ത് സ്വാതന്ത്ര്യ ദിനാഘോഷത്തിനെത്തി വി ടി ബല്‍റാം എംഎല്‍എ

ലുങ്കി ഉടുത്ത് സ്വാതന്ത്ര്യ ദിനാഘോഷത്തിനെത്തി വി ടി ബല്‍റാം എംഎല്‍എ. തൃത്താല പഞ്ചായത്തിലെ ചടങ്ങിലാണ് എംഎല്‍എ ലുങ്കി ധരിച്ചെത്തിയത്. വസ്ത്രധാരണത്തിന് ഉള്‍പ്പെടെയുള്ള സ്വാതന്ത്ര്യത്തിനായി പോരാടണമെന്ന് ചിത്രം പങ്കുവച്ച് ബല്‍റാം ഫേസ്ബുക്ക് പോസ്റ്റ് ചെയ്തു.

താമരശ്ശേരിയില്‍ ഡിവൈഎഫ്ഐ റാലിയിലേക്ക് കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയറി

താമരശ്ശേരിയില്‍ ഡിവൈഎഫ്ഐ റാലിയിലേക്ക് കെഎസ്ആര്‍ടിസി ബസ് ഇടിച്ച് കയറി. ബസ് ജീവനക്കാരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും തമ്മില്‍ കൈയാങ്കളി.

കുമളിയില്‍ പതിനാറു വയസുകാരി ആത്മഹത്യ ചെയ്തു

കുമളിയില്‍ പതിനാറു വയസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍ സുഹൃത്തിനെ അറസ്റ്റു ചെയ്തു. കുമളി ഒന്നാംമൈല്‍ സ്വദേശി തോട്ടത്തിന്‍ കുഴിയില്‍ വീട്ടില്‍ അഭിരാജന്‍ ആണ് പിടിയിലായത്. പോസ്റ്റുമോര്‍ട്ടം പരിശോധനയില്‍ കുട്ടി പീഡനത്തിന് ഇരയായിരുന്നതായി കണ്ടെത്തിയിരുന്നു.

തിരുവനന്തപുരം മൃഗശാലയിലേക്ക് സീബ്രകളെത്തുന്നു

തിരുവനന്തപുരം മൃഗശാലയിലേക്ക് ഗുജറാത്തിലെ വന്‍താരയില്‍ നിന്ന് ഒരു ജോഡി സീബ്രകളെത്തുന്നു. പകരമായി ഒരു സിംഹവാലന്‍ കുരങ്ങനെയും രാജവെമ്പാലയെയും മൃഗശാലയില്‍നിന്ന് നല്‍കും.

കെ ബി ഗണേഷ് കുമാര്‍ എന്‍എസ്എസില്‍ നിന്ന് രാജിവക്കണം

കെ ബി ഗണേഷ് കുമാര്‍ എന്‍എസ്എസില്‍ നിന്ന് രാജിവക്കണമെന്ന് കൊട്ടാരക്കര താലൂക്ക് യൂണിയന്‍ പ്രമേയം പാസാക്കി.

കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദ്ദനമേറ്റു

കായംകുളം പുല്ലുകുളങ്ങരയില്‍ വീട്ടില്‍ മദ്യവില്‍പ്പന അന്വേഷിക്കാന്‍ എത്തിയ ഹരിപ്പാട് എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് മര്‍ദ്ദനമേറ്റതായി പരാതി. പരിക്കേറ്റ വര്‍ഗീസ് പയസ്, രാജേഷ് കുമാര്‍ എന്നീ രണ്ട് ഉദ്യോഗസ്ഥരെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നഴ്സിങ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

ഓച്ചിറയില്‍ നഴ്സിങ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത് അധ്യാപകരുടെ പീഡനത്തെത്തുടര്‍ന്നാണെന്നു പരാതി. കരുനാഗപ്പള്ളി ആലുംകടവ് സ്വദേശി അഹമ്മദ് നജാദ് ആണ് മരിച്ചത്. നാല് അധ്യാപകരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

ജനം ടിവിയുടെ സ്വാതന്ത്ര്യദിനാശംസ കാര്‍ഡിനെതിരെ പരാതി

ജനം ടിവിയുടെ സ്വാതന്ത്ര്യദിനാശംസ കാര്‍ഡില്‍ സവര്‍ക്കറെ മുന്‍പിലും മഹാത്മാഗാന്ധിയെ പിന്നിലും ചിത്രീകരിച്ചതിനെതിരെ കെഎസ്യു ഡിജിപിക്ക് പരാതി നല്‍കി. മഹാത്മാ ഗാന്ധിയെ അവഹേളിച്ചെന്ന് പരാതിയില്‍ ആരോപിക്കുന്നു.

വന്ദേഭാരത് എക്സ്പ്രസില്‍ ചത്ത പാമ്പ്

എറണാകുളത്തുനിന്ന് ബെംഗളൂരുവിലേക്കു പോകുന്ന വന്ദേഭാരത് എക്സ്പ്രസില്‍ യാത്രക്കാരന്‍ സീറ്റില്‍ ചത്ത പാമ്പിനെ കണ്ടെന്നു പരാതി. കുടുംബത്തോടൊപ്പം യാത്ര ചെയ്യാനെത്തിയ വിനു വര്‍ഗീസാണ് പരാതി നല്‍കിയത്. റെയില്‍വേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സൗത്ത് ആഫ്രിക്കയില്‍ നിന്ന് കപ്പലില്‍ നിന്ന് യുവാവിനെ കാണാതായി

സൗത്ത് ആഫ്രിക്കയില്‍ നിന്ന് സിംഗപൂരിലേക്ക് പോയ കപ്പലില്‍ നിന്ന് യുവാവിനെ കാണാതായ സംഭവത്തില്‍ തെരച്ചില്‍ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം. ബുധനാഴ്ചയാണ് എറണാകുളം ഞാറക്കല്‍ സ്വദേശി ഷിന്റോണ്‍ ബെന്നിയെ കാണാതായതായി കുടുംബത്തിന് വിവരം ലഭിച്ചത്.

ഹരിപ്പാട് ദേശീയപാതയില്‍ ലോറിയിടിച്ച് വ്യാപാരി മരിച്ചു

ഹരിപ്പാട് ദേശീയപാതയില്‍ താമല്ലാക്കല്‍ കെവി ജെട്ടി ജങ്ഷന് സമീപം ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ വ്യാപാരി മരിച്ചു. പുന്നപ്രയിലെ ‘ബിരിയാണി ബഷീര്‍’ എന്നറിയപ്പെടുന്ന വണ്ടാനം സ്വദേശി ബഷീര്‍ (74) ആണ് മരിച്ചത്.

കര്‍ണാടകയില്‍ മൃഗവേട്ടയുമായി ബന്ധപ്പെട്ട് സംഘര്‍ഷം

കര്‍ണാടകയിലെ ചാമരാജ് നഗറിലുള്ള കാവേരി വന്യജീവി സങ്കേതത്തിലുണ്ടായ വെടിവയ്പ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. മൃഗങ്ങളെ വേട്ടയാടാനായി എത്തിയവരെയാണു വെടിവച്ചതെന്ന് വനംവകുപ്പ്. പ്രതിഷേധവുമായി എത്തിയ നാട്ടുകാര്‍ വനംവകുപ്പ് ഓഫീസ് കെട്ടിടവും ഉപകരണങ്ങളും അടിച്ചുതകര്‍ത്തു.

പൊതുതാല്‍പ്പര്യമുള്ള ചോദ്യങ്ങള്‍ ശക്തമായി ഉന്നയിക്കണം

പൊതുതാല്‍പ്പര്യമുള്ള ചോദ്യങ്ങള്‍ ശക്തമായിത്തന്നെ ഉന്നയിക്കണമെന്ന് ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത്. സമൂഹത്തില്‍ വ്യത്യസ്ത ആശയങ്ങളും അത് പ്രകടിപ്പിക്കാന്‍ വ്യത്യസ്ത വഴികളും ഉണ്ടാകും. എതിര്‍പ്പുകള്‍ സ്വാഭാവികമാണ്. സര്‍വ്വശക്തിയും എടുത്ത് അതിനെ പിന്തുണയ്ക്കണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപനത്തില്‍ ന്യായീകരണവുമായി കോണ്‍ഗ്രസ്

എഐസിസി ആസ്ഥാനത്തു നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ വന്ദേ മാതരം പൂര്‍ണമായി ആലപിച്ചതില്‍ ന്യായീകരണവുമായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. വിഷയം വിവാദമാക്കേണ്ടതില്ല. മുഴുവന്‍ ചൊല്ലിയതില്‍ പ്രശ്നമല്ല. പാര്‍ലമെന്റ് അംഗീകരിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയ വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് ആസ്ഥാനത്തെ സംഭവത്തില്‍ പ്രതികരണവുമായി ബിജെപി

എ ഐ സി സി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായും ആലപിച്ചതു തടയാന്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ശ്രമിച്ചെങ്കിലും മറ്റുള്ളവര്‍ ആലാപനം തുടരുകയായിരുന്നെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ. ദേശീയ ഗാനത്തെ അവഹേളിച്ചാല്‍ ശിക്ഷ ഉറപ്പാക്കുന്ന നിയമം നിലവില്‍ വന്നതിന്റെ ഫലമാണ് കോണ്‍ഗ്രസ് ആസ്ഥാനത്ത് കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിജയിനെക്കുറിച്ചുള്ള പരാമര്‍ശം വിവാദത്തില്‍

തമിഴ്നാട്ടില്‍ സര്‍ക്കാരിന്റെ പദ്ധതികളെ വിമര്‍ശിക്കുന്ന പ്രതിപക്ഷത്തെ പരിഹസിച്ച് വിജയ് ചോദിക്കാറുള്ള ‘അച്ഛന്‍ എവിടെ?’ എന്ന ചോദ്യത്തിനു തമിഴ്നാട് ബിജെപി അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍ നല്‍കിയ തിരിച്ചടി വിവാദമായി. ‘നിയമസഭയില്‍ അച്ഛന്‍ എവിടെ എന്ന് ചോദിച്ചാല്‍ എങ്ങനെ അറിയാനാണ്? വീട്ടില്‍ പോയി അമ്മയോട് ചോദിക്കൂ’ എന്ന അധിക്ഷേപ പ്രസംഗമാണു വിവാദമായത്.

ജാര്‍ഖണ്ഡില്‍ സമരക്കാരുടെ പ്രതിഷേധം

ജാര്‍ക്കണ്ഡ് മുക്തി മോര്‍ച്ചയും കോണ്‍ഗ്രസും അടങ്ങുന്ന മുന്നണി ഭരിക്കുന്ന ജാര്‍ഖണ്ഡിലെ സര്‍ക്കാര്‍ നിയമന പരീക്ഷകളിലെ ക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്നവര്‍ ഇന്ന് ജില്ലാ ആസ്ഥാനങ്ങളില്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെയും കോലങ്ങള്‍ കത്തിക്കും. ഓഗസ്റ്റ് 20 ന് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ വസതി വളയുമെന്നും സമരക്കാര്‍ അറിയിച്ചു.

സര്‍ക്കാര്‍ ആശുപത്രികളിലെ സേവനനിലവാരം മെച്ചപ്പെടുത്തണം

രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ സേവനനിലവാരം മെച്ചപ്പെടുത്തണമെന്ന ആവശ്യവുമായി സിജെപി പുതിയ പ്രചാരണം ആരംഭിച്ചു. പൊതുജനാരോഗ്യ രംഗത്ത് സമഗ്രമായ മാറ്റം ആവശ്യമാണെന്നും ചികിത്സാ സൗകര്യങ്ങളുടെ അഭാവം ജനങ്ങളെ ദുരിതത്തിലാക്കുന്നുവെന്നും അഭിജിത് ദീപ്കെ ചൂണ്ടിക്കാണിച്ചു.

മഹുവാ മൊയ്ത്രയോട് സര്‍ക്യൂട്ട് ഹൗസ് ഒഴിയാന്‍ ആവശ്യം

ബംഗാളിലെ നാദിയയിലെ സര്‍ക്കാര്‍ സര്‍ക്യൂട്ട് ഹൗസില്‍നിന്ന് ഒഴിയണമെന്ന് അര്‍ധരാത്രി സര്‍ക്കാര്‍ ആവശ്യപ്പെട്ടെന്ന് ബിജെപി പ്രവര്‍ത്തകരുടെ ഭീഷണി നേരിടുന്ന തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവാ മൊയ്ത്ര. അക്രമാസക്തരായ ജനക്കൂട്ടത്തില്‍നിന്ന് അവരെ സംരക്ഷിക്കേണ്ട സര്‍ക്കാര്‍ ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടത് മനുഷ്യത്വരഹിതമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി.

ഉത്തരാഖണ്ഡ് തുരങ്ക അപകടം

ഉത്തരാഖണ്ഡ് ചമോലിയിലെ ജലവൈദ്യുത പദ്ധതി തുരങ്കത്തിലുണ്ടായ അപകടത്തില്‍ മരണസംഖ്യ എട്ടായി. ടണലിനുള്ളില്‍ രണ്ടു തൊഴിലാളികള്‍ കൂടി കിടക്കുന്നുണ്ട്. വ്യാഴാഴ്ച വൈകുന്നേരം മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് വെള്ളവും ചെളിയും ഇരച്ചുകയറിയാണ് തൊഴിലാളികള്‍ തുരങ്കത്തില്‍ കുടുങ്ങിയത്.

സംഭലില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു

ഉത്തര്‍പ്രദേശിലെ സംഭലില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് വീണ് എട്ടു വയസ്സുകാരന്‍ മരിച്ചു. നിരവധി വിദ്യര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.

റെയില്‍വേ ഉദ്യോഗസ്ഥര്‍ സിബിഐ അറസ്റ്റില്‍

രാജസ്ഥാനിലും ഛത്തീസ്ഗഡിലുമായി രജിസ്റ്റര്‍ ചെയ്ത മൂന്ന് കൈക്കൂലി കേസുകളില്‍ ആറ് റെയില്‍വേ ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റു ചെയ്തു. പ്രതികളുടെ ഓഫീസുകളിലും വസതികളിലും നടത്തിയ പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപയുടെ പണവും മറ്റ് രേഖകളും സിബിഐ പിടിച്ചെടുത്തു.

ബംഗാള്‍ സ്വദേശി ബെംഗളൂരുവില്‍ അറസ്റ്റില്‍

പാക് താലിബാനുമായി ബന്ധമുള്ള പശ്ചിമബംഗാള്‍ സ്വദേശിയായ 25-കാരനെ ബെംഗളൂരുവില്‍ പോലീസ് അറസ്റ്റ് ചെയ്തു. സോഷ്യല്‍ മീഡിയ വഴി തെഹ്രീകെ താലിബാന്‍ പാകിസ്ഥാന്‍ അംഗവുമായി ബന്ധപ്പെട്ട ഇയാള്‍, അഫ്ഗാനിസ്ഥാനിലേക്ക് പോകാന്‍ ശ്രമിച്ചിരുന്നു.

ജമ്മു കാശ്മീര്‍ പ്രത്യേക പദവി സംബന്ധിച്ച് ഒമര്‍ അബ്ദുള്ള

ജമ്മു കാശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി റദ്ദാക്കിയിരുന്നില്ലെങ്കില്‍ പാക് അധീന കാശ്മീരിലെ ജനങ്ങള്‍ ഇന്ത്യക്കൊപ്പം ചേരാന്‍ സമരം ചെയ്യുമായിരുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. സംസ്ഥാന പദവിയും ഭരണഘടനാപരമായ സംരക്ഷണങ്ങളും തിരികെ നല്‍കാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

അരുണാചലില്‍ മിന്നല്‍പ്രളയവും ഉരുള്‍പൊട്ടലും

അരുണാചലിലെ ദിബാങ് താഴ്വരയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തിലും ഉരുള്‍പൊട്ടലിലും നാല് പേര്‍ മരിച്ചു അഞ്ച് സൈനികരെ കാണാതായി. സൈനിക ക്യാമ്പ് ഒലിച്ചുപോയതാണു ദുരന്തത്തിനു കാരണം.

ഹോര്‍മുസ് കടലിടുക്ക് സംബന്ധിച്ച് ഡോണള്‍ഡ് ട്രംപ്

ഇറാനെ തോല്‍പിച്ചാലുടന്‍ ഹോര്‍മുസ് കടലിടുക്ക് അമേരിക്കന്‍ പ്രദേശമായി പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍ ട്വീറ്റ് കൊണ്ടോ വിമാനവാഹിനിക്കപ്പല്‍ കൊണ്ടോ ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുക്കാന്‍ കഴിയില്ലെന്ന് ഇറാന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗരീബാബാദി തിരിച്ചടിച്ചു.

പാകിസ്ഥാന്‍ വ്യോമാക്രമണം

പാക്കിസ്ഥാന്‍ സൈന്യം സ്വന്തം രാജ്യത്തെ ബലൂചിസ്ഥാനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. ഗിദാര്‍ ഗോന്ധന്‍ പ്രദേശത്തു പാക്ക് വ്യോമസേന മിസൈലാക്രമണം നടത്തിയെന്നാണു ബലൂചിസ്ഥാനിലെ നേതാക്കള്‍ ആരോപിക്കുന്നത്.

ഇന്തോനേഷ്യയില്‍ ഭൂചലനങ്ങള്‍

ഇന്തോനേഷ്യയില്‍ തുടര്‍ ഭൂചലനങ്ങള്‍. റിക്ടര്‍ സ്‌കെയിലില്‍ 7.7 രേഖപ്പെടുത്തി. 38 പേര്‍ മരിച്ചു. ഇന്നലെ രാത്രി പത്തോടെ റിക്ടര്‍ സ്‌കെയില്‍ ആറ് രേഖപ്പെടുത്തിയ മൂന്നാമത്തെ ഭൂചലനമുണ്ടായി. കിഴക്കന്‍ ഇന്തോനേഷ്യയിലെ ഫ്ലോറസ് ദ്വീപിലാണ് ഭൂകമ്പമുണ്ടായത്.

ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ പ്രസ്താവന

ശാശ്വത സമാധാന ഉടമ്പടിക്കായി ഉത്തര കൊറിയയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ ജെയ് മ്യുങ്. കൊറിയയുടെ ദേശീയ വിമോചന ദിനാഘോഷ ചടങ്ങില്‍ സംസാരിക്കവെയാണ് ഇങ്ങനെ പറഞ്ഞത്.


കായികരംഗം

കേരള ക്രിക്കറ്റ് ലീഗ് സീസണ്‍-3 ടീം ലോഞ്ച്

മലയാളികളുടെ സ്വന്തം ക്രിക്കറ്റായ കെസിഎല്‍ സീസണ്‍-3യുടെ ഔദ്യോഗിക ടീം ലോഞ്ച് നാളെ തിരുവനന്തപുരത്ത് നടക്കും. കോവളം ഹോട്ടല്‍ ലീല റാവിസില്‍ വൈകുന്നേരം 5.30 ന് നടക്കുന്ന ചടങ്ങില്‍ ടൂറിസം-സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥും ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണും മുഖ്യാതിഥികളാകും.

ഇന്ത്യ – ശ്രീലങ്ക ക്രിക്കറ്റ് ടെസ്റ്റ്

ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 288 ന് 2 എന്ന ശക്തമായ നിലയില്‍. കെ എല്‍ രാഹുല്‍ പരിക്കേറ്റ് മടങ്ങിയപ്പോള്‍ നായകന്‍ ശുഭ്മാന്‍ ഗില്‍ നിരാശപ്പെടുത്തി. ദേവ്ദത്ത് പടിക്കലിന്റെ സെഞ്ചുറിയാണ് ഇന്ത്യയെ മികച്ച നിലയിലെത്തിച്ചത്. 131 റണ്‍സെടുത്ത ദേവ്ദത്ത് പടിക്കലും 27 റണ്‍സെടുത്ത റിഷഭ് പന്തുമാണ് ക്രീസില്‍.


സാമ്പത്തികവും ബിസിനസ്സും

ഇന്ത്യയുടെ ഇലക്ട്രോണിക്‌സ് ഉപകരണ കയറ്റുമതി

ഇന്ത്യയുടെ ഇലക്ട്രോണിക്‌സ് ഉപകരണ കയറ്റുമതിയില്‍ സമാനതകളില്ലാത്ത മുന്നേറ്റം. 2025 – 26 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ഇലക്ട്രോണിക്‌സ് കയറ്റുമതി 11 മടങ്ങിലധികം വര്‍ധിച്ച് 4.24 ലക്ഷം കോടി രൂപയിലെത്തി. സര്‍ക്കാര്‍ നല്‍കിയ ആനുകൂല്യങ്ങളും പ്രാദേശിക നിര്‍മാതാക്കളുടെ പങ്കാളിത്തവുമാണ് ഈ ചരിത്ര വളര്‍ച്ചയ്ക്ക് കാരണമായത്. ഇതോടെ ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നാമത്തെ കയറ്റുമതി വിഭാഗമായി ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ മാറി. മുന്‍പ് 38,000 കോടി രൂപയായിരുന്ന സ്ഥാനത്തുനിന്നാണ് ഈ വമ്പന്‍ കുതിച്ചുചാട്ടം. ഇന്ത്യന്‍ ഇലക്ട്രോണിക്സ് മേഖലയുടെ പ്രധാന ചാലകശക്തി മൊബൈല്‍ ഫോണ്‍ നിര്‍മാണമാണ്. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായി ഇന്ത്യ മാറിയിട്ടുണ്ട്. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ കയറ്റുമതി ഉല്‍പ്പന്നങ്ങളില്‍ 153-ാം സ്ഥാനത്തുണ്ടായിരുന്ന മൊബൈല്‍ ഫോണുകള്‍, 2025-26 സാമ്പത്തിക വര്‍ഷത്തോടെ 165 മടങ്ങ് വര്‍ധിച്ചു.

ബിഎസ്എന്‍എല്‍ പുതിയ ഓഫറുകള്‍

സ്വകാര്യ ടെലികോം കമ്പനികള്‍ നിരക്ക് കൂട്ടി വരുമാനം വര്‍ധിപ്പിക്കുമ്പോള്‍ ബിഎസ്എന്‍എല്‍ വലിയ ഓഫറുമായി രംഗത്ത്. ഒരു രൂപയ്ക്ക് സിംകാര്‍ഡ് വാങ്ങുന്നവര്‍ക്ക് 24 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് കോളും ദിവസം ഒരു ജിബി വീതം 24 ജിബി ഇന്റര്‍നെറ്റും 100 എസ്എംഎസും ഉള്‍പ്പെടുന്ന പാക്കേജാണ് ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചത്. ജനപ്രിയമായ 2,399 രൂപയുടെ പ്ലാന്‍ വൗച്ചര്‍ റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് വാലിഡിറ്റി 365 ദിവസത്തില്‍ നിന്ന് 412 ദിവസമായി വര്‍ധിക്കും. ഇതോടെ 47 ദിവസം അധിക വാലിഡിറ്റി ലഭിക്കും. ഈ ആനുകൂല്യം സെപ്തംബര്‍ 12 വരെയാണ്. ഗ്രാമീണ മേഖലകളില്‍ മാസം 259 രൂപ മുതലും നഗര മേഖലകളില്‍ 449 രൂപ മുതലുമുള്ള വൈഫൈ പ്ലാനുകളും ആറു മാസ കാലാവധിയുള്ള 1,999 രൂപയുടെ ഫൈബര്‍ എന്‍ട്രി പ്ലാനും ഓണത്തിന് പുറത്തിറക്കി. 200 എംബിപിഎസ് വേഗതയും 27 പ്രമുഖ ഒടിടി ചാനലുകളും ഉള്‍പ്പെടുന്ന എഫ്.ടി.ടി.എച്ച് 1199 രൂപയുടെ പ്ലാന്‍ ആദ്യ ആറു മാസം പ്രതിമാസം 1,111 രൂപയ്ക്ക് ലഭിക്കും.


സിനിമയും വിനോദവും

‘ഫൗസി’ സിനിമയുടെ പുത്തന്‍ പോസ്റ്റര്‍

തെലുങ്ക് സൂപ്പര്‍താരം പ്രഭാസിനെ നായകനാക്കി ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ‘ഫൗസി’യുടെ പുത്തന്‍ പോസ്റ്റര്‍ എത്തി. സ്വാതന്ത്ര്യ ദിനം പ്രമാണിച്ചാണ് ചിത്രത്തിന്റെ സ്പെഷ്യല്‍ പോസ്റ്റര്‍ പുറത്ത് വിട്ടത്. ചിത്രം 2026 ഡിസംബര്‍ 3 ന് ലോകമെമ്പാടും ഉള്ള തിയേറ്ററുകളിലെത്തും. ബ്രഹ്‌മാണ്ഡ കാന്‍വാസില്‍ ഒരുക്കുന്ന ഈ വമ്പന്‍ പാന്‍ ഇന്ത്യന്‍ ചിത്രം നിര്‍മ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സാണ്. ‘എ ബറ്റാലിയന്‍ ഹു ഫൈറ്റ്സ് എലോണ്‍’ എന്നതാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ്ലൈന്‍. ‘സീതാ രാമം’ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം ഹനു രാഘവപുടി രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫൗസി. ബോളിവുഡ് താരം അനുപം ഖേര്‍ ആണ് ചിത്രത്തില്‍ ഗാന്ധിജിയുടെ വേഷം ചെയ്യുന്നത് എന്നാണ് സൂചന. ഇമാന്‍വി ആണ് ചിത്രത്തിലെ നായികാവേഷം ചെയ്യുന്നത്. ബോളിവുഡ് താരം അനുപം ഖേര്‍, മിഥുന്‍ ചക്രവര്‍ത്തി, ജയപ്രദ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

‘കാട്ടാളന്‍’ ഒടിടി സ്ട്രീമിങ്

ആന്റണി വര്‍ഗീസ് പെപ്പെ നായകനായെത്തിയ ‘കാട്ടാളന്‍’ ഒടിടിയില്‍ സ്ട്രീമിങ് ആരംഭിച്ചു. മനോരമ മാക്സിലൂടെ പ്രേക്ഷകര്‍ക്ക് ചിത്രം കാണാനാകും. മനോരമ മാക്സിന്റെ തമിഴ്, കന്നഡ ഭാഷകളിലേക്കുള്ള ആദ്യ ഡബ്ബിങ്- റിലീസ് കൂടിയാണിത്. ‘കാട്ടാളന്റെ’ തമിഴ്, കന്നഡ റിലീസിലൂടെ ഈ സമീപനത്തിന് തുടക്കമിടുകയാണ് പ്ലാറ്റ്‌ഫോം. ഐവറി കാര്‍ട്ടല്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ‘കാട്ടാളന്‍’, അധികാരത്തിനും നിയന്ത്രണത്തിനും പ്രതികാരത്തിനും അതിജീവനത്തിനുമായി ഏറ്റുമുട്ടുന്ന ശക്തികളുടെ കഥയാണ്. ആന്റണി വര്‍ഗീസിനൊപ്പം സുനില്‍, കബീര്‍ ദുഹാന്‍ സിങ്, ദുഷാര വിജയന്‍, ജ?ഗദീഷ്, സിദ്ദിഖ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നവാഗതനായ പോള്‍ ജോര്‍ജ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.


വാഹനലോകം

പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 440

പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 440 സെപ്റ്റംബര്‍ നാലിന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. പുതിയ ഹിമാലയന്‍ 440, സ്‌ക്രാം 440 മോഡലിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതില്‍ അതേ 443 സിസി, എയര്‍/ഓയില്‍- കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എല്‍എസ് 440 എന്‍ജിനാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് 25.4 ബിഎച്ച്പി കരുത്തും 34 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. കൂടാതെ ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായി എന്‍ജിനെ ബന്ധിപ്പിച്ചിട്ടുണ്ട്. ഓഫ് റോഡ് ഡ്രൈവിന് പറ്റിയ വാഹനമായാണ് ഇതിനെ വിലയിരുത്തുന്നത്. സ്റ്റീല്‍ ഫ്രെയിം ടെലിസ്‌കോപ്പിക് ഫോര്‍ക്കിലും മോണോഷോക്കിലും സസ്‌പെന്‍ഡ് ചെയ്ത് നിര്‍ത്തിയിരിക്കുന്നു. ഹിമാലയന്‍ 440ല്‍ 21 ഇഞ്ച് ഫ്രണ്ട് വീലാണ് പ്രതീക്ഷിക്കുന്നത്. നിര്‍ത്തലാക്കിയ ഹിമാലയന്‍ 411ന് സമാനമായ ഡിസൈന്‍ തന്നെയായിരിക്കും പുതിയ ഹിമാലയന്‍ 440ലും പ്രതീക്ഷിക്കുന്നത്. ഏകദേശം 2.50 ലക്ഷം രൂപയാണ് വില പ്രതീക്ഷിക്കുന്നത്.


ആരോഗ്യവും ജീവിതശൈലിയും

മുട്ട കഴിച്ചാല്‍ കൊളസ്ട്രോള്‍ കൂടുമോ?

മുട്ട കഴിച്ചാല്‍ കൊളസ്ട്രോള്‍ കൂടുമോ? ഈ സംശയം മിക്കവാറും ആളുകളില്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ഭക്ഷണത്തിലൂടെയുള്ള കൊളസ്ട്രോള്‍ രക്തത്തിലെ കൊളസ്ട്രോളിനെ കാര്യമായി ബാധിക്കുന്നില്ലെന്ന് ഹാര്‍വാര്‍ഡ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് നടത്തിയ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. രക്തത്തിലെ ചീത്ത കൊളസ്ട്രോള്‍ കൂട്ടുന്നത് പ്രധാനമായും പൂരിത കൊഴുപ്പുകളും ട്രാന്‍സ് ഫാറ്റുകളുമാണെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. മുട്ട ദിവസവും കഴിക്കുന്നത് കൊളസ്ട്രോള്‍ കൂട്ടാന്‍ കാരണമാകുന്നില്ല. മാത്രമല്ല, മുട്ടയുടെ മഞ്ഞക്കരുവില്‍ മാത്രം കാണപ്പെടുന്ന കോളിന്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് അത്യാവശ്യമാണ്. കൂടാതെ കണ്ണിന്റെ കാഴ്ചശക്തി മെച്ചപ്പെടുത്തുന്ന ലൂട്ടീന്‍, സിയാക്സാന്തിന്‍ എന്നീ ആന്റിഓക്സിഡന്റുകളുമുണ്ട്. മുട്ടയുടെ വെള്ളയാകട്ടെ കൊഴുപ്പില്ലാത്ത ശുദ്ധമായ പ്രോട്ടീന്‍ സ്രോതസ്സാണ്. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ നല്‍കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം, ആരോഗ്യവാനായ ഒരാള്‍ക്ക് ദിവസവും ഒരു മുട്ട വീതം കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് ദോഷകരമല്ല. അമിതവണ്ണമുള്ളവരും ഉയര്‍ന്ന കൊളസ്ട്രോളും ഉള്ളവര്‍ മുട്ട കഴിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഡയറ്റീഷ്യന്മാര്‍ പറയുന്നു. ഉയര്‍ന്ന കൊളസ്ട്രോള്‍ ഉള്ളവര്‍ ആഴ്ചയില്‍ 3 മുതല്‍ 6 വരെ മുഴുവന്‍ മുട്ട കഴിക്കുന്നതാണ് സുരക്ഷിതം. അതായത് ദിവസവും ശരാശരി ഒരെണ്ണം വീതം ഇവര്‍ക്ക് കഴിക്കാം. മുട്ടയുടെ വെള്ളയില്‍ കൊളസ്ട്രോള്‍ ഇല്ലാത്തതിനാല്‍ ഇത് എത്ര വേണമെങ്കിലും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.


പുസ്തക പരിചയം

നാല്പത് പ്രണയ നിയമങ്ങള്‍

എലിഫ് ഷഫാക്കിന്റെ ഈ ആഗോള ബെസ്റ്റ് സെല്ലര്‍ നോവല്‍, രണ്ടു വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ വികസിക്കുന്ന മനോഹരമായ ഒരു പ്രണയ-ആത്മീയ കാവ്യമാണ്. 21-ാം നൂറ്റാണ്ടില്‍ അമേരിക്കയില്‍ ജീവിക്കുന്ന ഏല്ല എന്ന വീട്ടമ്മയുടെ വിരസമായ ജീവിതം, 13-ാം നൂറ്റാണ്ടിലെ സൂഫി കവിയായ ജലാലുദ്ദീന്‍ റൂമിയുടെയും അലഞ്ഞുതിരിയുന്ന തത്ത്വചിന്തകനായ ഷംസ് തബ്രീസിന്റെയും അപൂര്‍വ്വ സൗഹൃദത്തെക്കുറിച്ചുള്ള കഥ വായിക്കുന്നതിലൂടെ മാറിമറിയുന്നതാണ് പുസ്തകത്തിന്റെ ഇതിവൃത്തം. ഷംസിന്റെ 40 ആത്മീയ നിയമങ്ങളിലൂടെയും റൂമിയുടെ പരിവര്‍ത്തനത്തിലൂടെയും പ്രണയം, സഹിഷ്ണുത, ആന്തരിക സ്വാതന്ത്ര്യം എന്നിവയുടെ ആഴം നോവല്‍ ലളിതമായി വരച്ചുകാട്ടുന്നു. ‘നാല്പത് പ്രണയ നിയമങ്ങള്‍’. എലിഫ് ഷഫാക്ക്. വിവര്‍ത്തനം – ഉമ രാജീവ്. ഡിസി ബുക്സ്. വില 549 രൂപ.


LEAVE A REPLY

Please enter your comment!
Please enter your name here