യുപിഐ ഇടപാടുകളിലെ ഫീസ്: കേന്ദ്രത്തോടും സുപ്രീംകോടതിയോട് ആർബിഐയോടും വിശദീകരണം തേടി
രണ്ടായിരം രൂപയ്ക്കു മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് വ്യാപാരികളിൽനിന്ന് ഫീസ് ഈടാക്കുന്നത് എന്തിനാണെന്ന് സുപ്രീംകോടതി കേന്ദ്ര സർക്കാരിന്റെ നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയോടും റിസർവ് ബാങ്കിനോടും വിശദീകരണം തേടി. നിയമപരമായ അടിസ്ഥാനം എന്താണ്, ആർക്കാണ് വരുമാനം ലഭിക്കുക, എങ്ങനെയാണ് വിതരണം ചെയ്യുക എന്ന് സുപ്രീംകോടതി ആരാഞ്ഞു. അതേസമയം തീരുമാനം സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു.
സർക്കാർ ആശുപത്രികളിൽ മരുന്നുക്ഷാമമെന്ന് ചോർന്ന ശബ്ദസന്ദേശം; പ്രതിപക്ഷം രംഗത്ത്
സർക്കാർ ആശുപത്രികളിൽ മരുന്നു ക്ഷാമം രൂക്ഷമാകുന്നു. ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റിയുടെ ഫണ്ടിൽ പണമുണ്ടെങ്കിൽ പ്രാദേശികമായി അതുപയോഗിച്ച് സൂപ്രണ്ടുമാർ അടിയന്തരമായി മരുന്നു വാങ്ങണമെന്നും അല്ലാത്തപക്ഷം വലിയ പ്രശ്നമാകുമെന്നും ഡയറക്ടർ മുന്നറിയിപ്പ് നൽകുന്ന ശബ്ദ സന്ദേശം പുറത്തുവന്നു. ഡിഎംഒമാർ ഉൾപ്പെടുന്ന ഔദ്യോഗിക വാട്സാപ് ഗ്രൂപ്പിൽ ആരോഗ്യവകുപ്പ് ഡയറക്ടർ നൽകിയ നിർദ്ദേശമാണു ചോർന്നത്. യുഡിഎഫ് സർക്കാർ ആരോഗ്യ മേഖലയെ തകർത്തെന്നു സമ്മതിക്കുന്ന സന്ദേശമാണു പുറത്തുവന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു.
മരുന്നു ക്ഷാമം ഒക്ടോബർ 15 നകം പരിഹരിക്കും: ആരോഗ്യമന്ത്രി കെ. മുരളിധരൻ
മരുന്നു ക്ഷാമം ഒക്ടോബർ 15 നകം പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളിധരൻ അറിയിച്ചു. ചില മരുന്നുകളുടെ കുറവുണ്ട്. അടിയന്തരമായി വാങ്ങേണ്ട മരുന്നുകൾ റെഡി പർച്ചേഴ്‌സിൽ വാങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. ഡോക്ടർമാരുടെ അഭാവം പരിഹരിക്കുമെന്നും ഡോക്ടർമാരുടെ ശമ്പളം വർധിപ്പിക്കുന്ന കാര്യങ്ങൾ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ജീവൻ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കണമെന്ന് ഹൈക്കോടതി
ജീവൻ രക്ഷാ മരുന്നുകളുടെ അമിതവില സർക്കാർ നിയന്ത്രിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ക്യാൻസർ ഉൾപ്പെടെയുള്ള മരുന്നുകൾക്ക് അമിത വില ഈടാക്കുന്നുവെന്ന ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. പേറ്റന്റ് മരുന്നുകൾക്ക് അമിത വില ഈടാക്കുന്നതിലും ഇടപെടാവുന്നതാണെന്ന് കോടതി നിർദേശം നൽകി.
‘ഓപ്പറേഷൻ തൂഫാൻ തദ്ദേശ’ത്തിന് തുടക്കം; ലഹരി ഉപയോഗം കുറഞ്ഞെന്ന് ആഭ്യന്തരമന്ത്രി
ലഹരിക്കെതിരെ ആരംഭിച്ച ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടമായ ‘തൂഫാൻ തദ്ദേശ’ത്തിന് തുടക്കമായി. മലപ്പുറം വേങ്ങരയിൽ ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരെയുള്ള പോരാട്ടം ഓരോ വാർഡിലേക്കും വ്യാപിപ്പിക്കും. എല്ലാ വാർഡിലും തൂഫാൻ സമിതികൾ രൂപീകരിക്കും. ക്യാമ്പസുകളിലേക്കും തൂഫാൻ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും. സംസ്ഥാനത്ത് ലഹരിയുടെ ഉപയോഗം 30 ശതമാനം വരെ കുറഞ്ഞെന്ന് ആഭ്യന്തരമന്ത്രി അവകാശപ്പെട്ടു.
സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിൽ വോട്ടെണ്ണൽ ഇന്ന്
സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ഇന്ന് നടക്കും. ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ 56.18 ശതമാനം പോളിംഗാണു രേഖപ്പെടുത്തിയത്.
അമിത് ഷായ്‌ക്കെതിരായ കരിങ്കൊടി വീഡിയോ പിൻവലിച്ചതിൽ വിശദീകരണവുമായി മന്ത്രി ഒ.ജെ. ജനീഷ്
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച ദൃശ്യം പിൻവലിച്ചത് ആശയക്കുഴപ്പം ഒഴിവാക്കാനാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും മന്ത്രിയുമായ ഒ.ജെ. ജനീഷ്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്ന നിലയിലാണു തന്റെ സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റു ചെയ്തതെന്നും എന്നാൽ മന്ത്രിയെന്ന നിലയിലാണ് അതു പിൻവലിച്ചതെന്നും ജനീഷ് പറഞ്ഞു.
പോലീസ് കുറ്റപത്രവും അന്തിമ റിപ്പോർട്ടും ഡിജിറ്റലാക്കുന്നു
പോലീസ് കുറ്റപത്രവും അന്തിമ റിപ്പോർട്ടും ഡിജിറ്റൽ ആക്കാൻ തീരുമാനമായി. എഡിജിപിമാരുടെ യോഗത്തിലാണു തീരുമാനം കൈക്കൊണ്ടത്.
വഖഫ് ബോർഡ് പിരിച്ചുവിടാൻ തീരുമാനിച്ചിട്ടില്ല: മന്ത്രി എൻ. ഷംസുദ്ദീൻ
വഖഫ് ബോർഡ് പിരിച്ചുവിടാൻ തീരുമാനമിച്ചില്ലെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി. കോടതിയിൽ കേസ് തീർന്നിട്ടില്ല. വാദങ്ങൾ തുടരുകയാണെന്നും ഷംസുദീൻ അറിയിച്ചു.
പകർച്ചവ്യാധി പ്രതിരോധത്തിന് ജില്ലാ കളക്ടർമാരുടെ അധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി
ഡെങ്കിപ്പനി, ചികുൻഗുനിയ തുടങ്ങിയ പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്താൻ ജില്ലാ കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ. മുരളിധരൻ. ഇതു സംബന്ധിച്ച നടപടികൾ സ്വീകരിക്കാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
തട്ടിപ്പ് കേസിൽ അറസ്റ്റിലായ ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായയ്ക്ക് ജാമ്യം
വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസിൽ അറസ്റ്റിലായ ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായയ്ക്ക് ജാമ്യം ലഭിച്ചു. മൂന്നാമത്തെ കേസിലും പാർവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
നടി അൻസിബയുടെ കേസ്: ‘അമ്മ’യ്ക്ക് സ്പെഷ്യൽ കോടതി വേണ്ടിവരുമെന്ന് ഹൈക്കോടതി
നടി അൻസിബ നൽകിയ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ലക്ഷ്മി പ്രിയ ഹൈക്കോടതിയെ സമീപിച്ചു. ‘അമ്മ’ സംഘടനയ്ക്കു വേണ്ടി സ്പെഷ്യൽ കോടതി വേണ്ടിവരുമല്ലോ എന്ന് ഹൈക്കോടതി ചോദ്യമുന്നയിച്ചു. പാവപ്പെട്ടവരുടെ പ്രശ്നം കിടക്കുമ്പോൾ ഇവരുടെ പ്രശ്നം തീർക്കാനേ സമയമുള്ളൂവെന്നും കോടതി വിമർശിച്ചു.
ജലന്ധറിലെ സംഘർഷം: മലയാളി വിദ്യാർഥിനികളെ വിമാനമാർഗം നാട്ടിലെത്തിച്ചു
പഞ്ചാബ് ജലന്തറിലെ ലവ്‌ലി പ്രൊഫഷണൽ സർവകലാശാലയിലുണ്ടായ സംഘർഷത്തിനിടെ ഡൽഹിയിലെത്തിയ മലയാളി വിദ്യാർഥിനികളെ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇടപെട്ട് രാത്രി വിമാനമാർഗം തിരുവനന്തപുരത്ത് എത്തിച്ചു. ഡൽഹി റെയിൽവേ സ്റ്റേഷനിലെത്തിയ വിദ്യാർഥിനികളെ കേരള ഹൗസിന്റെ വാഹനത്തിൽ ഡൽഹി വിമാനത്താവളത്തിലെത്തിച്ചാണ് യാത്ര ഒരുക്കിയത്.
വിധവാ പെൻഷൻ തട്ടിയ സംഭവം: സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിന് സസ്പെൻഷൻ
വീട്ടമ്മയുടെ വിധവാ പെൻഷൻ തട്ടിയെടുത്തെ സംഭവത്തിൽ ബാങ്ക് ജീവനക്കാരനായ സിപിഎം മങ്കട ഏരിയാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ നേതാവുമായ കെ.ടി. നൗഫലിനു സസ്പെൻഷൻ. പെരിന്തൽമണ്ണ അർബൻ ബാങ്ക് മൂർക്കനാട് ശാഖ ജീവനക്കാരനെയാണ് സസ്പെൻഡ് ചെയ്തത്.
മദ്യപിച്ച് വാഹനാപകടം: യൂട്യൂബർ അശ്വന്ത് കോക്കിന് സ്റ്റേഷൻ ജാമ്യം
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനെ തുടർന്ന് അറസ്റ്റിലായ യൂട്യൂബർ അശ്വന്ത് കോക്കിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. അശ്വന്തിന്റെ വാഹനം കോഴിക്കോട് കാറിലും ബൈക്കിലും ഇടിച്ചാണ് അപകടമുണ്ടായത്.
കിളികൊല്ലൂരിൽ ഗൃഹനാഥൻ സ്വയം ചിതയൊരുക്കി ജീവനൊടുക്കി
വീടിനുപിന്നിൽ സ്വയം ചിതയൊരുക്കി ഗൃഹനാഥൻ ജീവനൊടുക്കി. താഹാമുക്കിൽ പൂജാ സ്റ്റോർ നടത്തിയിരുന്ന കിളികൊല്ലൂർ ചാത്തിനാംകുളം പാരിപ്പള്ളിൽ വീട്ടിൽ ഹരീന്ദ്രൻ പിള്ള (55) ആണ് ജീവനൊടുക്കിയത്. കുടുംബവുമായി അകൽച്ചയിലായിരുന്നു ഇദ്ദേഹം.
തൃശൂർ വെങ്കിടങ്ൽ പശുത്തൊഴുത്തിന് തീയിട്ടു
തൃശൂർ വെങ്കിടങ്ങിൽ പശു തൊഴുത്തിന് തീയിട്ടു. ക്ഷീരകർഷകനായ സുരേന്ദ്രന്റെ വീടിനോട് ചേർന്നുള്ള തൊഴുത്താണ് കത്തി നശിച്ചത്. കഞ്ചാവ് വിൽപനക്കാരാണു തീയിട്ടതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധവുമായി കോൺഗ്രസും യൂത്ത് കോൺഗ്രസും സിപിഎമ്മും. ഡൽഹി, ജയ്പൂർ, ലഖ്നൗ തുടങ്ങിയ പ്രധാന നഗരങ്ങളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച മാർച്ചുകൾ സംഘർഷത്തിൽ കലാശിച്ചു. ജയ്പൂരിൽ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഡൽഹിയിൽ നരേന്ദ്ര മോദിയുടെയും ഗ്യാനേഷ് കുമാറിന്റെയും മുഖമൂടികൾ ധരിച്ചാണ് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബിന്റെ നേതൃത്വത്തിൽ പ്രവർത്തകർ തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ചു നടത്തിയത്. നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഡൽഹിയിൽ ഇടത് നേതാക്കളുടെ പ്രതിഷേധ മാർച്ച്
മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലെ സി പി എം ആസ്ഥാനമായ എ കെ ജി ഭവന് മുന്നിൽനിന്ന് ഭഗത് സിങ് സ്മാരകത്തിലേക്ക് ഇടത് നേതാക്കളുടെ പ്രതിഷേധ മാർച്ച് നടന്നു. സി പി എം ജനറൽ സെക്രട്ടറി എം എ ബേബി മാർച്ച് ഉദ്ഘാടനം ചെയ്തു.
ഗാന്ധി ജയന്തി ദിനത്തിൽ മുംബൈയിൽ ‘ജയിൽ ഭരോ ആന്ദോളൻ’
മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി ദിനത്തിൽ മുംബൈയിലെ ശിവാജി പാർക്കിൽ ‘ജയിൽ ഭരോ ആന്ദോളൻ’ നടത്തുമെന്ന് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്കെ അറിയിച്ചു. ജനാധിപത്യം സംരക്ഷിക്കാനാണു ജയിൽനിറയ്ക്കൽ സമരമെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ വോട്ടു വെട്ടിയെന്ന് രാഹുൽ ഗാന്ധി: വിഡിയോ പങ്കുവെച്ചു
ഡൽഹിയിൽ യമുനാതീരത്തെ ബേല എസ്റ്റേറ്റിലെ 728 പേരിൽ ഒരാളൊഴികെ എല്ലാവരുടെയും വോട്ട് വെട്ടിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. 2024 ലും 2025 ലും വോട്ട് ചെയ്ത തൊഴിലാളികളുടെ വോട്ടാണ് എസ്ഐആറിന്റെ പേരിൽ വെട്ടിയത്. സ്ഥലം സന്ദർശിച്ച് രാഹുൽ എസ്ഡിഎമ്മിനോട് ഫോണിൽ സംസാരിക്കുന്ന വീഡിയോ എക്സിൽ പോസ്റ്റ് ചെയ്തു. ഇത് വോട്ടു മോഷണമാണെന്നും എസ്ഐആറിന് രൂപം നൽകിയവർ മറുപടി പറയണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
ഡൽഹിയിലെ തുടർച്ചയായ ലൈംഗികാതിക്രമങ്ങളിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു
ഡൽഹിയിൽ തുടർച്ചയായുണ്ടാകുന്ന ലൈംഗികാതിക്രമ കേസുകളിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. പാർക്കിൽ നടന്ന കൂട്ടബലാത്സംഗവും, ഗ്രേറ്റർ നോയിഡയിൽ ബസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ലൈംഗികാതിക്രമത്തിനിരയായ സംഭവവും കോടതി പരാമർശിച്ചു. ഇത്തരം സംഭവങ്ങൾ നിയമപാലന സംവിധാനത്തിന്റെയും പൊതുഭരണ സംവിധാനത്തിന്റെയും വീഴ്ചയാണെന്നു കോടതി നിരീക്ഷിച്ചു.
കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം വേണമെന്ന് സുപ്രീംകോടതി
കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം വേണമെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അനുവദിക്കുന്നതിൽ ഇടപെടാൻ കേന്ദ്രസർക്കാർ ഐടി നിയമപ്രകാരമുള്ള ചട്ടങ്ങൾ കൊണ്ടുവരണമെന്ന് കോടതി നിർദേശിച്ചു.
ട്രാഫിക് പിഴ ഈടാക്കാൻ വൈദ്യുതി ബില്ലുമായി ബന്ധിപ്പിക്കാൻ സുപ്രീംകോടതി നിർദേശം
ട്രാഫിക് നിയമലംഘനവുമായി ബന്ധപ്പെട്ട പിഴത്തുക ഈടാക്കാൻ വൈദ്യുതി ബില്ലുമായി ബന്ധിപ്പിക്കുന്ന കാര്യം പരിഗണിക്കണമെന്ന് സുപ്രീംകോടതി സർക്കാരിനോടു നിർദേശിച്ചു.
തൃണമൂൽ കോൺഗ്രസ് ചിഹ്ന തർക്കം: 4 മാസത്തിനകം തീരുമാനമെടുക്കാൻ ഇസിക്ക് നിർദേശം
തൃണമൂൽ കോൺഗ്രസിന്റെ പാർട്ടി ചിഹ്ന തർക്കത്തിൽ നാല് മാസത്തിനകം അന്തിമ തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നിർദേശം നൽകി. മമതാ ബാനർജി, ഋതബ്രത ബാനർജി എന്നിവരുടെ നേതൃത്വത്തിലുള്ള വിഭാഗങ്ങൾ തമ്മിലാണ് തർക്കം. സത്യവാങ്മൂലം സമർപ്പിക്കാൻ നാല് ആഴ്ചത്തെ സമയവും കോടതി അനുവദിച്ചിട്ടുണ്ട്.
മൂന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ സുപ്രീം കോടതി ജഡ്ജിമാരാക്കാൻ ശുപാർശ
മൂന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ സുപ്രീം കോടതി കൊളീജിയം കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്തു. ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുനിത അഗർവാൾ, ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് അപരേശ് കുമാർ സിംഗ് എന്നിവരെ നിയമിക്കാനാണു ശുപാർശ.
വൃന്ദാവനത്തിലെ ആശ്രമത്തിൽ യുവസന്യാസി വീണുമരിച്ചു; ദുരൂഹത
ഉത്തർപ്രദേശിലെ വൃന്ദാവനത്തിലെ ആശ്രമത്തിൽ യുവസന്യാസി കെട്ടിടത്തിൽനിന്ന് വീണുമരിച്ചു. മരിച്ച ദീപക് ലോധി (25)യുടെ ജനേന്ദ്രിയം അടക്കം ശരീരത്തിൽ അസാധാരണ മുറിവുകളുണ്ട്. മുറിയിൽനിന്ന് ടൈൽസ് മുറിക്കുന്ന ഗ്രൈൻഡർ കണ്ടെത്തിയിട്ടുണ്ട്.
ഹൈദരാബാദിൽ ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ കൊലപ്പെടുത്തി
ഹൈദരാബാദിൽ കുടുംബവഴക്കിനെ തുടർന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന ഭർത്താവിനെ ഭാര്യ കൊലപ്പെടുത്തി. സംഭവത്തിൽ ഭാര്യ രമാദേവിയെ പോലീസ് അറസ്റ്റ് ചെയ്തു. 52 കാരനായ ശ്രീനിവാസ് ആണ് കൊല്ലപ്പെട്ടത്.
സിനിമയ്ക്ക് മുൻപ് ദീർഘനേരം പരസ്യം കാണിച്ച തിയേറ്ററിന് 75,000 രൂപ പിഴ
സിനിമയ്ക്ക് മുൻപ് 22 മിനിറ്റോളം നേരം പരസ്യങ്ങൾ പ്രദർശിപ്പിച്ചതിന് തിയേറ്ററിന് 75,000 രൂപ പിഴ ചുമത്തി. ഹൈദരാബാദിലെ ഒരു മൾട്ടിപ്ലക്സ് തിയേറ്ററിനെതിരെയാണ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പിഴ ചുമത്തിയത്.
നേപ്പാളിൽ കനത്ത മഴയും പ്രളയവും: മരണസംഖ്യ 68 ആയി
നേപ്പാളിൽ കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം 68 ആയി. മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയിൽ നദികൾ കരകവിഞ്ഞൊഴുകി. വീടുകൾ, റോഡുകൾ, പാലങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് വൻ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
ഇറാന് ഉപരോധങ്ങളിൽ ഇളവ് നൽകാൻ തയ്യാറെന്ന് ട്രംപ്
ആണവപദ്ധതികളിൽ ഇറാൻ നിയന്ത്രണത്തിനു തയ്യാറായാൽ സാമ്പത്തിക ഉപരോധങ്ങളിൽ ഇളവ് നൽകാമെന്നും മരവിപ്പിച്ചിരിക്കുന്ന ഫണ്ടുകൾ വിട്ടുകൊടുക്കാമെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് തുറക്കൽ, നാവിക ഉപരോധം നീക്കൽ, മേഖലയിലെ സൈനിക നടപടികൾ അവസാനിപ്പിക്കൽ തുടങ്ങിയ വ്യവസ്ഥകൾ ഉൾപ്പെടുത്തി ഇറാൻ മുന്നോട്ടുവെച്ച സമാധാന നിർദ്ദേശം ട്രംപ് നേരത്തെ തള്ളിയിരുന്നു.
യുദ്ധം പുനരാരംഭിച്ചാൽ ശക്തമായി നേരിടുമെന്ന് ഇറാൻ
അമേരിക്ക യുദ്ധം പുനരാരംഭിച്ചാൽ ശക്തമായി നേരിടുമെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനെയിയും വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചിയും വ്യക്തമാക്കി. രാജ്യത്തെ മൂന്നു കോടിയോളം ജനങ്ങൾ ജീവൻ തൃജിക്കാൻ തയ്യാറാണെന്നും സായുധരായി അവർ യുദ്ധത്തെ നേരിടുമെന്നും മുജ്തബ ഖമനെയി പ്രഖ്യാപിച്ചു.
റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ചർച്ച വേണം: ഫ്രാൻസിസ് മാർപാപ്പ
റഷ്യയും യുക്രെയ്‌നും തമ്മിൽ നാല് വർഷത്തോളമായി തുടരുന്ന രക്തരൂക്ഷിതമായ പോരാട്ടം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും അടിയന്തരമായി ചർച്ച നടത്താൻ തയ്യാറാവണമെന്ന് ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തു.
ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യ സെമി ഫൈനലിൽ
കനത്ത മഴയെത്തുടർന്ന് അഫ്ഗാനിസ്ഥാനെതിരെയുള്ള ക്വാർട്ടർ ഫൈനൽ മത്സരം ഉപേക്ഷിച്ചതോടെ, ഇന്ത്യ ഏഷ്യൻ ഗെയിംസ് 2026 പുരുഷ ക്രിക്കറ്റിന്റെ സെമി ഫൈനലിലെത്തി. നിഷിനിലെ കൊറോഗി സ്പോർട്സ് പാർക്ക് ഗ്രൗണ്ടിൽ ടോസിന് 16 മിനിറ്റ് മാത്രം ശേഷിക്കെയാണ് മത്സരം ഉപേക്ഷിക്കാൻ തീരുമാനിച്ചത്.
ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മുരളി ശ്രീശങ്കറിന് വെള്ളി
ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി. 8.07 മീറ്റർ ദൂരം പിന്നിട്ടാണ് ശ്രീശങ്കർ രണ്ടാമതെത്തിയത്. ചൈനയുടെ ഷി യുഹാവുവിനാണ് സ്വർണം. ഉസ്ബെകിസ്താന്റെ അൻവറോവ് വെങ്കലവും സ്വന്തമാക്കി.
പി.ടി. ഉഷയുടെ 42 വർഷത്തെ റെക്കോഡ് തകർത്ത് വിത്യ രാംരാജ്
ഏഷ്യൻ ഗെയിംസ് 400 മീറ്റർ ഹർഡിൽസിൽ ചരിത്രം കുറിച്ച് വിത്യ രാംരാജ്. വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ ദേശീയ റെക്കോഡ് പ്രകടനമാണ് വിത്യ കാഴ്ചവെച്ചത്. മലയാളിതാരം പി.ടി. ഉഷയുടെ 42 വർഷം മുൻപുള്ള റെക്കോഡാണ് വിത്യ മറികടന്നത്. 1984 ലോസ് ആഞ്ചൽസ് ഒളിമ്പിക്സിൽ 55.42 സെക്കൻഡാണ് പി.ടി ഉഷ കുറിച്ച സമയം. വിത്യ 54.75 സെക്കൻഡിൽ ഫിനിഷിങ് ലൈൻ തൊട്ടു.
ഏഷ്യൻ ഗെയിംസ് ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ
ഏഷ്യൻ ഗെയിംസ് ജാവലിൻ ത്രോയിൽ ഇരട്ട മെഡലുമായി ഇന്ത്യ. പരിക്കുമൂലം നീരജ് ചോപ്ര വിട്ടുനിന്ന മത്സരത്തിൽ വെള്ളിയും വെങ്കലവുമാണ് ഇന്ത്യ സ്വന്തമാക്കിയത്. യഷ്വീർ സിങ് വെള്ളിയും രോഹിത് യാദവ് വെങ്കലവും നേടി. ശ്രീലങ്കയുടെ ലോകചാമ്പ്യൻ റുമേഷ് പതിരംഗയ്ക്കാണ് സ്വർണം. 88.55 മീറ്റർ ദൂരം ജാവലിൻ പായിച്ചാണ് റുമേഷ് ഒന്നാമതെത്തിയത്. യഷ്വീർ 85.72 മീറ്ററും രോഹിത് 84.35 മീറ്ററും പിന്നിട്ടു.
വനിതാ പ്രീമിയർ ലീഗ്: നിലനിർത്തിയ കളിക്കാരുടെ പട്ടിക പുറത്തുവിട്ടു
വനിതാ പ്രീമിയർ ലീഗിന്റെ അഞ്ചാം സീസണിന് മുന്നോടിയായി നിലനിർത്തുന്ന കളിക്കാരുടെ പട്ടിക ടീമുകൾ പുറത്തുവിട്ടു. ഗ്രേസ് ഹാരിസിനെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും യുവ വിക്കറ്റ് കീപ്പർ ബാറ്റർ ജി. കമാലിനിയെ മുംബൈ ഇന്ത്യൻസും ഒഴിവാക്കി. ഒക്ടോബർ 28-ന് കൊച്ചിയിലെ ഗ്രാന്റ് ഹയാത്തിൽ വെച്ചാണ് താരലേലം നടക്കുന്നത്. 2027 ജനുവരി 14 മുതൽ ഫെബ്രുവരി 7 വരെയാണ് ടൂർണമെന്റ്.
ഓസ്ട്രേലിയയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ഉജ്ജ്വല ജയം; പരമ്പര സ്വന്തമാക്കി
ഡേവിഡ് മില്ലറുടെയും ക്യാപ്റ്റൻ ടെംബ ബാവുമയുടെയും തകർപ്പൻ സെഞ്ചുറികളുടെ മികവിൽ ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 32 റൺസിന്റെ ഉജ്ജ്വല വിജയം. ഇതോടെ മൂന്നു മത്സരങ്ങളുടെ പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 9 വിക്കറ്റ് നഷ്ടത്തിൽ 365 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ 333 റൺസിന് പുറത്തായി.
മിഥുൻ കെ ചിറ്റിലപ്പിള്ളി വി-ഗാർഡ് സിഎംഡി
വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർപേഴ്‌സണും മാനേജിങ് ഡയറക്ടറുമായി മിഥുൻ കെ ചിറ്റിലപ്പിള്ളിയെ നിയമിച്ചു. 2012 മുതൽ മാനേജിങ് ഡയറക്ടറായി പ്രവർത്തിച്ചുവരികയായിരുന്നു. നിലവിലെ ചെയർപേഴ്‌സൺ രാധാ ഉണ്ണിയുടെ കാലാവധി പൂർത്തിയായതോടെയാണ് നിയമനം.
ഓഹരി വിപണിയിൽ വൻ തകർച്ച: നിക്ഷേപകർക്ക് കോടികളുടെ നഷ്ടം
ഓഹരി വിപണിയിൽ കനത്ത തകർച്ച. സെൻസെക്‌സ് 1124 പോയിന്റ് നഷ്ടത്തോടെയാണ് ക്ലോസ് ചെയ്തത്. നിലവിൽ സെൻസെക്‌സ് ആറുമാസത്തെ താഴ്ന്ന നിലയിലാണ്. നിഫ്റ്റി 22,800 ലെവലിന് താഴെയായി. വിപണി ഇടിഞ്ഞതോടെ നിക്ഷേപകർക്ക് 7.41 ലക്ഷം കോടിയുടെ നഷ്ടമുണ്ടായി. ബ്രെൻഡ് ക്രൂഡ് വില ബാരലിന് 108 ഡോളറിന് മുകളിലെത്തിയതാണ് പ്രധാന തിരിച്ചടിയായത്.
സുരക്ഷാ സേവനമായ ‘ജിയോഷീൽഡ്’ അവതരിപ്പിച്ച് റിലയൻസ് ജിയോ
കുട്ടികളുടെയും മുതിർന്നവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ഡിജിറ്റൽ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനുമായി സബ്‌സ്‌ക്രിപ്ഷൻ അധിഷ്ഠിത സുരക്ഷാ സേവനമായ ‘ജിയോഷീൽഡ്’ അവതരിപ്പിച്ച് റിലയൻസ് ജിയോ. ലൊക്കേഷൻ ട്രാക്കിംഗ്, എസ്.ഒ.എസ് അലേർട്ടുകൾ, പാരന്റൽ കൺട്രോളുകൾ എന്നിവ സമന്വയിപ്പിച്ചാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
വിക്രം പ്രഭു ചിത്രം ‘സിറ്റി ഓഫ് ഗോൾഡ്’ തെലുങ്ക് ഗ്ലിംപ്സ് പുറത്തുവിട്ടു
വിക്രം പ്രഭുവിനെ നായകനാക്കി സിദ്ധാർഥ് രചനയും സംവിധാനവും നിർവ്വഹിച്ച ‘സിറ്റി ഓഫ് ഗോൾഡ്’ ചിത്രത്തിന്റെ തെലുങ്ക് ഗ്ലിംപ്സ് പുറത്തുവിട്ടു. ശിവത്മിക രാജശേഖർ ആണ് നായിക. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന് സംഗീതം നൽകുന്നത്.
‘പ്യൂപ്പ’ ചിത്രത്തിലെ മൂന്നാമത്തെ ഗാനവും പുറത്തിറങ്ങി
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് ടോണി സുകുമാർ സംവിധാനം ചെയ്ത ചിത്രം ‘പ്യൂപ്പ’ യിലെ മൂന്നാമത്തെ ഗാനമായ ‘മൻ മേം’ പുറത്തെത്തി. ഒരു കൊലപാതകത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഒരു പോലീസുദ്യോഗസ്ഥൻ വാരണാസിയിലെത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
‘പ്രണയത്തിന്റെ ഉല്പത്തി പുസ്തകം’: മുരളി ജെ നായരുടെ പുതിയ നോവൽ
ബൈബിളിലെ ആദ്യപ്രണയകഥയായ യാക്കോബിന്റെയും റാഹേലിന്റെയും കഥ ആവിഷ്‌കരിക്കുന്ന മനോഹരമായ നോവൽ ‘പ്രണയത്തിന്റെ ഉല്പത്തി പുസ്തകം’ പുറത്തിറങ്ങി. മുരളി ജെ നായർ രചിച്ച പുസ്തകം ഗ്രീൻ ബുക്സ് ആണ് പ്രസിദ്ധീകരിച്ചത്.
100% എഥനോളിൽ ഓടുന്ന ടൊയോട്ട ഇന്നോവ ഹൈക്രോസ് ഉടൻ വിപണിയിലേക്ക്
പൂർണമായും എഥനോളിൽ ഓടുന്ന പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് ഒക്ടോബറിൽ ഇന്ത്യയിൽ പുറത്തിറക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. പെട്രോളിന്റെ ആവശ്യമില്ലാതെ ഓടുന്ന വാഹനമായിരിക്കും ഇത്. കൂടാതെ ഹൈഡ്രജൻ ബസുകൾ നിരത്തിലിറക്കാനും പദ്ധതിയുണ്ട്.
സവാളയും ചെറിയുള്ളിയും: പോഷകഗുണങ്ങളിലെ വ്യത്യാസങ്ങൾ
സവാളയെ അപേക്ഷിച്ച് ചെറിയുള്ളിയിൽ കലോറി കൂടുതലാണെങ്കിലും കൂടുതൽ നാരുകളും വിറ്റാമിൻ സി, വിറ്റാമിൻ ബി6, മാംഗനീസ്, കോപ്പർ, ഫോലേറ്റ് എന്നിവ അടങ്ങിയിരിക്കുന്നത് ചെറിയുള്ളിയിലാണ്. സവാളയിൽ 100 ഗ്രാമിൽ 40 കലോറിയുള്ളപ്പോൾ ചെറിയുള്ളിയിൽ 72 കലോറിയുണ്ട്.
ശുഭദിന ചിന്ത
മനസ്സ് സൃഷ്ടിക്കുന്ന ഭയങ്ങളെയും ഊഹങ്ങളെയും തിരിച്ചറിഞ്ഞ് നിയന്ത്രിക്കാൻ സാധിച്ചാൽ ജീവിതത്തിലെ ഏത് വലിയ പ്രതിസന്ധികളെയും തരണം ചെയ്ത് സമാധാനവും സന്തോഷവും കണ്ടെത്താൻ കഴിയും. അനാവശ്യ ചിന്തകളെ ഒഴിവാക്കുക.






























