26.1 C
Kollam
Thursday 24th September, 2026 | 07:14:33 AM
Home News Breaking News പത്രം മലയാള ദിനപത്രങ്ങളിലൂടെ 2026 സെപ്റ്റംബർ 24 | വ്യാഴം (1202 കന്നി 8 |...

പത്രം മലയാള ദിനപത്രങ്ങളിലൂടെ 2026 സെപ്റ്റംബർ 24 | വ്യാഴം (1202 കന്നി 8 | അവിട്ടം

വാർത്തകൾ തയ്യാറാക്കിയത് : രജനീഷ് മൈനാഗപ്പള്ളി, നിഷ തടത്തിൽ, സഞ്ജയ്‌

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഏകപക്ഷീയ നിലപാടുകളിൽ സഹകമ്മീഷണർമാർക്ക് വിയോജിപ്പ്

എസ്.ഐ.ആർ ഉൾപ്പെടെയുള്ള നിർണായക വിഷയങ്ങളിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ ഏകപക്ഷീയ നിലപാടുകളിൽ വിയോജിപ്പ് രേഖപ്പെടുത്തി സഹകമ്മീഷണർമാർ. സുഖ്ബീർ സിംഗ് സന്ധു, വിവേക് ജോഷി എന്നിവരാണ് വിയോജിപ്പ് പ്രകടിപ്പിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ 14 വിയോജിപ്പുകൾ ഇവർ രേഖപ്പെടുത്തിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം: സുപ്രീംകോടതിയിൽ ഭിന്നവിധി

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെയും തിരഞ്ഞെടുപ്പ് കമ്മിഷണർമാരെയും നിയമിക്കുന്നതിനുള്ള 2023-ലെ നിയമത്തെ ചോദ്യംചെയ്തുള്ള ഹർജികൾ വിശാല ബെഞ്ചിന് വിടണമെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യത്തിൽ സുപ്രീംകോടതിയിൽ ഭിന്നവിധി. സെലക്ഷൻ പാനലിൽനിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി പകരം കേന്ദ്ര മന്ത്രിയെ ഉൾപ്പെടുത്തിയ നിയമമാണ് ചോദ്യം ചെയ്യപ്പെടുന്നത്.

ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. വിശാല ബെഞ്ചിന് വിടണമെന്ന സർക്കാരിന്റെ ആവശ്യം ജസ്റ്റിസ് ദീപാങ്കർ ദത്ത തള്ളി. എന്നാൽ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതുപോലെ വിശാല ബഞ്ചിന് വിടണമെന്നാണ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമയുടെ നിലപാട്.

മാസപ്പടി-ഹവാല കേസ്: അന്വേഷണത്തിന് പ്രത്യേക എസ്‌.ഐ.ടി രൂപീകരിച്ചു

മാസപ്പടി, ഹവാല കേസിൽ പിണറായി വിജയനും മകൾ വീണയ്ക്കും മുൻമന്ത്രി മുഹമ്മദ് റിയാസിനുമെതിരായ അന്വേഷണത്തിന് എസ്‌.ഐ.ടി രൂപീകരിച്ചു. ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി എച്ച്. വെങ്കിടേഷിനാണ് മേൽനോട്ടം. എസ്.പി വിക്രമനാണ് അന്വേഷണ ഉദ്യോഗസ്ഥൻ. മൂന്ന് ഡി.വൈ.എസ്.പിമാരും അഞ്ച് ഇൻസ്പെക്ടർമാരും സൈബർ ഡിവിഷനിലെ ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്.

അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ള കേസിൽ കുറ്റപത്രം സമർപ്പിച്ചു

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള കേസിൽ ജയിലിലുള്ള 8 പ്രതികൾക്കെതിരെ പ്രത്യേക അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കൊള്ളയുടെ 105 സംഭവങ്ങൾ സി.സി.ടി.വി ദൃശ്യങ്ങളിലുണ്ടെന്നും 80 ലക്ഷത്തോളം രൂപ വീണ്ടെടുത്തെന്നും ഏഴായിരത്തോളം പേജുള്ള കുറ്റപത്രത്തിൽ പറയുന്നു. സംശയ നിഴലിലായിരുന്ന ട്രസ്റ്റ് മുൻ ഭാരവാഹികളായ ചമ്പത് റായ്, അനിൽ മിശ്ര തുടങ്ങിയവർക്കെതിരെ കുറ്റപത്രത്തിൽ പരാമർശമില്ല.

സൂര്യ കൃഷ്ണമൂർത്തി വിടവാങ്ങി

‘കലയുടെ സൂര്യൻ’ സൂര്യ കൃഷ്ണമൂർത്തി (78) വിടവാങ്ങി. ഏറ്റവും വലിയ സാംസ്കാരിക കലാമേളയായ സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വമാണ് വിടപറഞ്ഞത്. ഒക്ടോബർ 1-ന് സൂര്യ മേളയുടെ 49-ാം എഡിഷൻ തുടങ്ങാനിരിക്കെയാണ് അന്ത്യം.

അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരികതയെ നയിച്ച അദ്ദേഹം സംഗീത നാടക അക്കാദമി ചെയർമാനായിരുന്നു. ‘കേരള പ്രഭാ’ പുരസ്കാരം, തമിഴ്നാട് സർക്കാരിന്റെ ‘കലൈമാമണി’ പുരസ്കാരം തുടങ്ങിയവ നേടിയിട്ടുണ്ട്. ഭൗതികശരീരം തൈക്കാട്ടെ വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം വൈകീട്ട് ശാന്തികവാടത്തിൽ സംസ്കാരം നടക്കും.

അമല നാഷണൽ ബുക്ക് ഫെസ്റ്റിവൽ നാലാം എഡിഷൻ ആരംഭിക്കുന്നു

തൃശൂർ അമല മെഡിക്കൽ കോളേജ് കാമ്പസിൽ നാലാം അമല നാഷണൽ ബുക്ക് ഫെസ്റ്റിവൽ ആരംഭിക്കുന്നു. സംസ്ഥാന ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല ഉദ്ഘാടനം നിർവഹിക്കും. മികച്ച സ്കൂൾ ലൈബ്രറിക്കും കൈയെഴുത്ത് മാഗസിനും ചടങ്ങിൽ അവാർഡ് നൽകും. ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ.എം. വിജയൻ, നടി ശ്രുതി ജയൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

സെപ്റ്റംബർ 25, 26 തീയതികളിൽ സന്തോഷ് ഏച്ചിക്കാനം, ഡോ. മനോജ് വെള്ളനാട്, മാർട്ടിൻ ജോസഫ്, കവിപ്രസാദ് ഗോപിനാഥ്, മെന്റലിസ്റ്റ് മൃദുൽ, റഫീഖ് അഹമ്മദ്, നിശാന്ത് എം.വി, അനീഷ് ഗോപാൽ, എഡ്വിൻ ഹിച്ച്ഹിക്കർ, കെ.വി. മണികണ്ഠൻ, കമൽ, ബ്ലെസി, സുന്ദർ ദാസ്, ഹേമന്ത്കുമാർ തുടങ്ങിയ പ്രമുഖർ വിവിധ സെഷനുകളിൽ പങ്കെടുക്കും.

വൈദ്യുതി പ്രതിസന്ധി മറികടക്കാൻ അടിയന്തര ആസൂത്രണം: മുഖ്യമന്ത്രി വി.ഡി. സതീശൻ

ഇന്ത്യയിലുടനീളം പവർകട്ടുണ്ടെന്നും പുറത്തുനിന്ന് വൈദ്യുതി ലഭ്യത കുറവാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. ഈ മാസം ഉപഭോഗം ഉയരുമെന്ന് മുൻകൂട്ടി കണ്ട് ആസൂത്രണം നടന്നില്ല. അടുത്ത മാസം മുതൽ വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ വിപുലമായ യോഗം ചേരും. വൈദ്യുതി പ്രതിസന്ധിയിൽ മുൻ സർക്കാരിനെ പഴിക്കുന്നത് മുഖ്യമന്ത്രി ആവർത്തിച്ചു.

പുതിയ വൈദ്യുതി കണക്ഷൻ ഫീസ് കുത്തനെ കൂട്ടി

പുതിയ വൈദ്യുതി കണക്ഷനുള്ള ഫീസ് റെഗുലേറ്ററി കമ്മീഷൻ കുത്തനെ കൂട്ടി. വർധന അടുത്ത മാസം 12-ന് നിലവിൽ വരും:

  • 2 കിലോവാട്ട് വരെ സിംഗിൾ ഫെയ്സ് ഗാർഹിക കണക്ഷൻ: ₹1,740-ൽ നിന്ന് ₹2,000 ആക്കി.
  • 2 മുതൽ 5 കിലോവാട്ട് വരെ: ₹1,740-ൽ നിന്ന് ₹5,000 ആക്കി.
  • ഗാർഹികേതര കണക്ഷൻ (1 കിലോവാട്ട് വരെ): ₹2,500.
  • ഗാർഹികേതര കണക്ഷൻ (2 കിലോവാട്ട് വരെ): ₹3,000.
  • ത്രീഫെയ്സ് (5 മുതൽ 7 കിലോവാട്ട് വരെ): ₹8,000.
  • ത്രീഫെയ്സ് (7 മുതൽ 10 കിലോവാട്ട് വരെ): ₹10,000.

ലൈനിൽനിന്ന് 200 മീറ്ററിനുള്ളിൽ പോസ്റ്റും മറ്റ് സാധനങ്ങളും വേണ്ട കണക്ഷനും വേണ്ടാത്തതിനും ഒരേ നിരക്കായിരിക്കും.

‘ഫെസ്റ്റിവൽ കേരളം’ സംഘടിപ്പിക്കും: മുഖ്യമന്ത്രി

കേരള പിറവിയുടെ 70-ാം വാർഷികത്തോടനുബന്ധിച്ച് രാജ്യത്തെ പ്രധാന നഗരങ്ങളിൽ ‘ഫെസ്റ്റിവൽ കേരളം’ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യം, നിക്ഷേപ സാധ്യതകൾ, ടൂറിസം മേഖലയുടെ സാധ്യതകൾ എന്നിവ ദേശീയ-അന്തർദേശീയ തലത്തിൽ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം.

ആശുപത്രികളിൽ ഡോക്ടർമാരുടെ വിവരങ്ങൾ പരസ്യപ്പെടുത്തണം

ഡോക്ടർമാരുടെ വിവരങ്ങളും പരിശോധനാ സമയവും ആശുപത്രികളിൽ പരസ്യപ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പിന്റെ ഉത്തരവ്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ മുതൽ താലൂക്ക് ആശുപത്രികളിൽ വരെ തസ്തികകൾ, നിലവിലെ ഡോക്ടർമാരുടെ എണ്ണം, ഒഴിവുകൾ, പരിശോധനാ സമയം എന്നിവ വ്യക്തമായി പ്രദർശിപ്പിക്കണം.

അന്ധവിശ്വാസ ചൂഷണം തടയാൻ നിയമനിർമാണം: വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു

മന്ത്രവാദവും അന്ധവിശ്വാസ ചൂഷണവും തടയാൻ നിയമനിർമാണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി അന്തിമ റിപ്പോർട്ടും ‘കേരള പ്രിവൻഷൻ ഓഫ് ബ്ലാക്ക് മാജിക് ബിൽ 2026’ കരട് ബില്ലും സർക്കാരിന് സമർപ്പിച്ചു. ഹൈക്കോടതി നിർദേശപ്രകാരമാണ് സമിതി രൂപീകരിച്ചത്.

മാതാ അമൃതാനന്ദമയിയുടെ 73-ാം ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും

മാതാ അമൃതാനന്ദമയിയുടെ 73-ാം ജന്മദിനം സെപ്റ്റംബർ 26, 27 തീയതികളിൽ അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാമ്പസിൽ വിശ്വസേവാ ദിനമായി ആചരിക്കും. 26-ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. 27-ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ മുഖ്യാതിഥിയാകും. 50 കോടി രൂപയുടെ ജീവകാരുണ്യ പദ്ധതികൾക്ക് മഠം തുടക്കം കുറിക്കും.

വണ്ടർ വാട്ടർഫോൾസ് എക്സിബിഷൻ തൃശൂരിൽ

ഡി.ജെ. അമ്യൂസ്മെന്റ്സ് ഒരുക്കുന്ന ‘വണ്ടർ വാട്ടർഫോൾസ് എക്സിബിഷൻ’ തൃശ്ശൂർ ശക്തൻ തമ്പുരാൻ നഗറിൽ ആരംഭിച്ചു. കുടുംബാംഗങ്ങൾക്കായി വൈവിധ്യമാർന്ന വിനോദങ്ങളും ജലവിസ്മയങ്ങളും ഉൾപ്പെടുത്തിയ പ്രദർശനം എല്ലാ ദിവസവും വൈകിട്ട് 3 മണി മുതൽ രാത്രി 9.30 വരെ പ്രവർത്തിക്കും.

സുരക്ഷാ സന്നാഹത്തിൽ അതൃപ്തി അറിയിച്ച് പ്രിയങ്ക ഗാന്ധി എം.പി

സ്വന്തം മണ്ഡലമായ വയനാട്ടിൽ സന്ദർശനത്തിനെത്തിയ തനിക്ക് ഒരുക്കിയ വൻ സുരക്ഷാ സന്നാഹത്തിൽ അതൃപ്തി രേഖപ്പെടുത്തി പ്രിയങ്ക ഗാന്ധി എം.പി. ഇത്രയധികം സുരക്ഷാ ഉദ്യോഗസ്ഥരുടെ ആവശ്യമില്ലെന്നും സുരക്ഷാ ജീവനക്കാരുടെ എണ്ണക്കൂടുതൽ സാധാരണക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും സി.ആർ.പി.എഫ് ഉദ്യോഗസ്ഥരെ അവർ അറിയിച്ചു.

അർജുൻ പാണ്ഡ്യൻ ഐ.എ.എസ് കാർഷിക വികസന വകുപ്പ് ഡയറക്ടറായി ചുമതലയേറ്റു

കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ഡയറക്ടറായി അർജുൻ പാണ്ഡ്യൻ ഐ.എ.എസ് ചുമതലയേറ്റു. കേര പദ്ധതിയുടെ അഡീഷണൽ പ്രൊജക്ട് ഡയറക്ടർ, സഹകരണ സംഘം രജിസ്ട്രാർ, സഹകരണ ഓഡിറ്റ് ഡയറക്ടർ എന്നീ ചുമതലകളും അദ്ദേഹത്തിനുണ്ട്.

ബി.ജെ.പി സംസ്ഥാന പ്രഭാരിമാരെ പ്രഖ്യാപിച്ചു

ബി.ജെ.പി പുതിയ സംസ്ഥാന ചുമതലക്കാരെ (പ്രഭാരിമാർ) നിയമിച്ചു. കേരളത്തിന്റെ ചുമതലയിൽനിന്ന് പ്രകാശ് ജാവ്ദേക്കറെ മാറ്റി. പ്രൊഫ. എം. നാഗരാജുവാണ് പുതിയ പ്രഭാരി. എം. വെങ്കിടേഷിനെ സഹപ്രഭാരിയായും നിയമിച്ചു. തമിഴ്നാടിന്റെയും ഉത്തരാഖണ്ഡിന്റെയും ചുമതല റാം മാധവിനും, പുതുച്ചേരിയുടെ ചുമതല കെ. സുരേന്ദ്രനും, ലക്ഷദ്വീപിന്റെ ചുമതല ജോർജ് കുര്യനും നൽകി. അനിൽ ആന്റണിക്ക് നാഗാലാൻഡിന്റെ ചുമതലയും ഗോവയുടെ സഹപ്രഭാരി സ്ഥാനവും നൽകി.

പിണറായി വിജയനെതിരായ അന്വേഷണം ഉന്നത ഗൂഢാലോചന: സി.പി.എം

മാസപ്പടി കേസിൽ ഇ.ഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണം പ്രഖ്യാപിച്ച നടപടിക്ക് പിന്നിൽ മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തരമന്ത്രി രമേഷ് ചെന്നിത്തലയും ബി.ജെ.പിയുമായി ചേർന്ന് നടത്തിയ ഗൂഢാലോചനയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ ആരോപിച്ചു.

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി ബിനോയ് വിശ്വം

പേരുവെളിപ്പെടുത്താനാകാത്തവിധം അതിസമ്പന്നന്മാരുടെ കൈയിലെ കളിപ്പാവയായി മുഖ്യമന്ത്രി വി.ഡി. സതീശൻ മാറിയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സാമ്പത്തിക ശക്തികൾ സ്പോൺസർ ചെയ്യുന്ന ഹെലികോപ്റ്ററിലും ആഡംബര കാറുകളിലും സഞ്ചരിക്കുന്നത് നാണക്കേടാണെന്ന് അദ്ദേഹം ആരോപിച്ചു.

മോദി-ഇ.ഡി-വി.ഡി കൂട്ടുകെട്ടാണ് പ്രവർത്തിക്കുന്നത്: എം.വി. ഗോവിന്ദൻ

മുഖ്യമന്ത്രി വി.ഡി. സതീശൻ ആരുടെ വിമാനത്തിലാണ് യാത്ര ചെയ്തതെന്നും സ്പോൺസർ ആരാണെന്നും വെളിപ്പെടുത്തണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സംസ്ഥാനത്ത് മോദി-ഇ.ഡി-വി.ഡി കൂട്ടുകെട്ടാണ് പ്രവർത്തിക്കുന്നതെന്നും പാർട്ടിയെ തകർക്കാനുള്ള നീക്കങ്ങളെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

മെസി തട്ടിപ്പ് കേസ്: ആന്റോ അഗസ്റ്റിൻ മുൻകൂർ ജാമ്യാപേക്ഷ നൽകി

മെസിയുടെ പേരിലെ തട്ടിപ്പിൽ എസ്‌.ഐ.ടി അന്വേഷണത്തിനിടെ ആന്റോ അഗസ്റ്റിൻ എറണാകുളം സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു.

സമസ്ത ജനറൽ സെക്രട്ടറിയായി കൊയ്യോട് ഉമർ മുസ്ലിയാർ

സമസ്തയുടെ ജനറൽ സെക്രട്ടറിയായി കൊയ്യോട് ഉമർ മുസ്ലിയാരെയും ട്രഷററായി എം.ടി. അബ്ദുള്ള മുസ്ലിയാരെയും തിരഞ്ഞെടുത്തു. നേതാക്കൾക്കെതിരായ വിവാദ പരാതികൾ അന്വേഷിക്കാൻ എട്ടംഗ ഉന്നതാധികാര സമിതി രൂപീകരിച്ചു.

സന്തോഷം പകുത്തു തരുന്നുവെന്ന് മമ്മൂട്ടി

ദേശീയ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം കൊച്ചിയിലെത്തിയ നടൻ മമ്മൂട്ടി “എന്റെ സന്തോഷം ഞാൻ പകുത്തു തരുന്നു” എന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു.

വടകര എം.ഡി.എം.എ കേസ്: രണ്ടാമത്തെ അധ്യാപികയ്ക്കും ജാമ്യം

വടകരയിലെ അധ്യാപികമാർ ഉൾപ്പെട്ട എം.ഡി.എം.എ കേസിൽ മൂന്നാം പ്രതിയായ കാവ്യയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിൽ പ്രതിയായ മറ്റൊരു അധ്യാപിക കീർത്തനയ്ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

ചേന്നം പള്ളിപ്പുറം പഞ്ചായത്തിൽ കോൺഗ്രസിന് വിജയം

ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്തി കോൺഗ്രസിലെ ജ്യോതിശ്രീ പ്രസിഡന്റായും അഗസ്റ്റിൻ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ സി.പി.എം പിന്തുണച്ചതോടെയാണ് ബി.ജെ.പിക്ക് ഭരണം നഷ്ടമായത്.

മേഘാലയയിൽ യു.ഡി.പി എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നു

മേഘാലയയിൽ ഭരണ മുന്നണിയിലെ യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടിയിലെ എട്ട് എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നു. ഇതോടെ 60 അംഗ നിയമസഭയിൽ ബി.ജെ.പിയുടെ അംഗസംഖ്യ എട്ടായി ഉയർന്നു.

സിഗരറ്റ് വില വർധിപ്പിച്ചു

ഐ.ടി.സിയുടെ ഗോൾഡ് ഫ്ലേക്ക് പ്രീമിയം 10 സിഗരറ്റുകൾ അടങ്ങിയ പാക്കറ്റിന്റെ വില 125 രൂപയിൽനിന്ന് 135 രൂപയായി വർധിപ്പിച്ചു.

ബാങ്ക് പണിമുടക്ക് ദിനങ്ങളിലും ബാങ്കുകൾ തുറ പ്രവർത്തിക്കാൻ നിർദേശം

സെപ്റ്റംബർ 28 തിങ്കൾ മുതൽ 30 ബുധൻ വരെ ബാങ്ക് സംഘടനകൾ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കെ, സെപ്റ്റംബർ 27 ഞായറാഴ്ച എല്ലാ പൊതുമേഖലാ ബാങ്കുകളും ആർ.ആർ.ബികളും തുറന്നു പ്രവർത്തിക്കണമെന്ന് കേന്ദ്ര ധനമന്ത്രാലയം നിർദേശിച്ചു.

തൃണമൂൽ വിമത എം.പിമാരുടെ അയോഗ്യത: തീരുമാനത്തിൽ വൈകരുതെന്ന് സുപ്രീംകോടതി

തൃണമൂൽ കോൺഗ്രസ് വിട്ട് എൻ.സി.പിയിൽ ചേർന്ന 20 എം.പിമാരെ അയോഗ്യരാക്കണമെന്ന ഹർജിയിൽ സ്പീക്കറുടെ തീരുമാനം വൈകുന്നതിൽ സുപ്രീംകോടതി ആശങ്ക രേഖപ്പെടുത്തി. വിമത എം.പിമാർക്ക് മറുപടി നൽകാൻ നാലാഴ്ച കൂടി സമയം അനുവദിച്ചു.

എസ്.ഐ.ആറിന് മുമ്പുള്ള വോട്ടർ പട്ടിക ഉപയോഗിച്ച് ബംഗാളിൽ തെരഞ്ഞെടുപ്പ് നടത്തണം: മമത ബാനർജി

തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നതകളുടെ പശ്ചാത്തലത്തിൽ, പഴയ വോട്ടർ പട്ടിക ഉപയോഗിച്ച് പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് മുൻ മുഖ്യമന്ത്രി മമത ബാനർജി ആവശ്യപ്പെട്ടു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അവർ പ്രഖ്യാപിച്ചു.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ ആശങ്ക രേഖപ്പെടുത്തി പ്രിയങ്ക ഗാന്ധി

ഡൽഹിയിലെ കൂട്ടബലാത്സംഗ സംഭവം ഉൾപ്പെടെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി പ്രിയങ്ക ഗാന്ധി എം.പി. നിയമവാഴ്ചയുടെ തകർച്ചയാണ് ഇത് കാണിക്കുന്നതെന്ന് അവർ പറഞ്ഞു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണം: സി.പി.എം

തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഏകപക്ഷീയ നടപടികളിൽ പ്രതിഷേധിച്ച് മുഖ്യ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് സി.പി.എം നേതാവ് എം.എ. ബേബി ആവശ്യപ്പെട്ടു.

ടീസ്ത നദിയിലെ കുത്തൊഴുക്കിൽപ്പെട്ട ആനക്കുട്ടിയെ രക്ഷപ്പെടുത്തി

ബംഗാളിലെ ജൽപായ്ഗുരിയിൽ ടീസ്ത നദിയിലെ ശക്തമായ ഒഴുക്കിൽപ്പെട്ട ആനക്കുട്ടിയെ മത്സ്യത്തൊഴിലാളികൾ വള്ളത്തിലേക്ക് വലിച്ചുകയറ്റി രക്ഷപ്പെടുത്തി.

ശമ്പള കുടിശ്ശിക നൽകാത്തതിന് സ്ഥാപനത്തിന് തീയിട്ട മുൻ ജീവനക്കാരൻ പിടിയിൽ

ഗുജറാത്തിലെ സൂറത്തിൽ, രാജിവെച്ച ശേഷം കിട്ടാനുള്ള 10,000 രൂപ നൽകാത്തതിൽ പ്രകോപിതനായി വസ്ത്രവ്യാപാരശാലയ്ക്ക് തീയിട്ട് 25 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ ധുലെ സ്വദേശി വിനോദ് സാൽവെ അറസ്റ്റിലായി.

ഹോർമുസിൽ കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു. കപ്പലിൽ 19 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്.

ഹമാസ് സാമ്പത്തിക വിഭാഗം തലവനെ വധിച്ചെന്ന് ഇസ്രായേൽ

തെക്കൻ ഗാസയിലെ ഖാൻ യൂനുസിൽ നടത്തിയ ആക്രമണത്തിൽ ഹമാസിന്റെ സാമ്പത്തിക വിഭാഗം തലവൻ മുഹമ്മദ് അബു അൽവാനെ വധിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു.

ഡയാന രാജകുമാരിയുടെ മരണം: പുതിയ വെളിപ്പെടുത്തൽ

ഡയാന രാജകുമാരിയുടെ അപകടമരണത്തിൽ ചാൾസ് രാജകുമാരൻ സന്തോഷിച്ചതായി ഡയാനയുടെ സഹോദരൻ ഏൾ സ്പെൻസറിന്റെ ‘സ്വാൻ സോംഗ്: ഡയാന മൈ സിസ്റ്റർ’ എന്ന പുസ്തകത്തിൽ ആരോപണം.

യു.എൻ സമ്മേളനത്തിനിടെ യു.എസ് – ഇറാൻ ചർച്ച

ഐക്യരാഷ്ട്ര സഭാ സമ്മേളനത്തിനിടെ ഖത്താറിന്റെ മധ്യസ്ഥതയിൽ അമേരിക്കയും ഇറാനും തമ്മിൽ സമാധാന ചർച്ചകൾ നടന്നു.

യു.എന്നിനും ഇസ്രയേലിനുമെതിരെ വിമർശനവുമായി ഇറാൻ പ്രസിഡന്റ്

യു.എൻ പൊതുസഭയിൽ അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ രൂക്ഷ വിമർശനവുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ രംഗത്തെത്തി.

കാനഡയുമായും ഇ.യു വുമായും വ്യാപാര കരാറിന് ഇന്ത്യ

ഇന്ത്യ – യു.എസ് വ്യാപാര കരാർ നീളുന്നതിനിടെ കാനഡ, യൂറോപ്യൻ യൂണിയൻ എന്നിവയുമായുള്ള വ്യാപാര കരാറുകൾ ഈ വർഷം നടപ്പിലാക്കാൻ ഇന്ത്യ നീക്കം നടത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബറിൽ കാനഡ സന്ദർശിക്കും.

ബ്രസീൽ ലെജൻഡ്സ് വിജയിച്ചു

കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബ്രസീൽ ലെജൻഡ്സ് 4-3 ന് ഇന്ത്യൻ ഓൾ സ്റ്റാർസിനെ പരാജയപ്പെടുത്തി. ബ്രസീലിനായി ഫെർണാണ്ടിന്യോ ഹാട്രിക്കും ഇന്ത്യക്കായി സി.കെ. വിനീത് രണ്ട് ഗോളുകളും നേടി. റൊണാൾഡീന്യോ, ഐ.എം. വിജയൻ തുടങ്ങിയവർ പങ്കെടുത്തു.

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിനം: ടീം തിരുവനന്തപുരത്തെത്തി

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിലെ ഒന്നാം മത്സരത്തിനായി വിരാട് കോലി അടക്കമുള്ള താരങ്ങൾ തിരുവനന്തപുരത്ത് എത്തി. ഞായറാഴ്ച കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരം.

ഏഷ്യൻ ഗെയിംസ് ബാഡ്മിന്റൺ: ഇന്ത്യക്ക് വെങ്കലം

ഏഷ്യൻ ഗെയിംസ് പുരുഷ ടീം ബാഡ്മിന്റൺ സെമി ഫൈനലിൽ ചൈനയോട് 3-1 ന് പരാജയപ്പെട്ടതോടെ ഇന്ത്യ വെങ്കലം നേടി.

ക്വാൽകോമിന്റെ പുതിയ ഫ്ലാഗ്ഷിപ്പ് ചിപ്പുകൾ പുറത്തിറക്കി

സ്നാപ്ഡ്രാഗൺ 8 എലൈറ്റ് എക്സ്ട്രീം ജെൻ 6, സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 6 എന്നീ പ്രോസസറുകൾ ക്വാൽകോം പുറത്തിറക്കി. മികച്ച പ്രകടനവും ഓൺ-ഡിവൈസ് എ.ഐ ശേഷിയും ഇവ വാഗ്ദാനം ചെയ്യുന്നു.

‘മൈസ’ ട്രെയിലർ പുറത്തിറങ്ങി

രശ്മിക മന്ദാന പ്രധാന വേഷത്തിലെത്തുന്ന മാസ് ആക്ഷൻ ചിത്രം ‘മൈസ’യുടെ ട്രെയിലർ പുറത്തിറങ്ങി. ചിത്രം നവംബർ 27-ന് തിയേറ്ററുകളിലെത്തും.

‘ഡോണ്ട് ട്രബിൾ ദ് ട്രബിൾ’ ട്രെയിലർ പുറത്ത്

ഫഹദ് ഫാസിൽ നായകനാകുന്ന ഫാന്റസി ഫാമിലി എന്റർടെയ്നർ ‘ഡോണ്ട് ട്രബിൾ ദ് ട്രബിൾ’ ട്രെയിലർ പുറത്തിറങ്ങി. ഒക്ടോബർ 2-ന് ചിത്രം തിയേറ്ററുകളിലെത്തും.

ഹോണ്ട QC3 ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ

ഹോണ്ടയുടെ പുതിയ ഇലക്ട്രിക് സ്കൂട്ടർ QC3 വിപണിയിലെത്തി. ₹1.35 ലക്ഷമാണ് എക്സ്-ഷോറൂം വില. single ചാർജിൽ 145 കിലോമീറ്റർ റേഞ്ച് കമ്പനി വാഗ്ദാനം ചെയ്യുന്നു.

പുസ്തക പരിചയം: കഥയഴക്

വിവിധ ഭാരതീയ ഭാഷകളിൽ രചിക്കപ്പെട്ട 20 ചെറുകഥകളുടെ സമാഹാരമായ ‘കഥയഴക്’ ഡോ. ഒ. വാസവൻ പരിഭാഷപ്പെടുത്തി ഇന്ത്യ ബുക്സ് പ്രസിദ്ധീകരിച്ചു. വില: ₹190.

പ്രോട്ടീൻ ബാറുകളുടെ അമിത ഉപയോഗം ആരോഗ്യത്തിന് ഹാനികരം

സ്ഥിരമായി പ്രോട്ടീൻ ബാറുകൾ കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്കും, വയറുവീർക്കലിനും, വൃക്ക സംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകാമെന്ന് പഠനങ്ങൾ. പ്രകൃതിദത്ത പ്രോട്ടീൻ ഉറവിടങ്ങൾ തിരഞ്ഞെടുക്കുന്നതാണ് ഉചിതം.

LEAVE A REPLY

Please enter your comment!
Please enter your name here