തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ കടന്നുകയറി എസ്എഫ്ഐ വിദ്യാർഥികൾക്ക് നേരെ ഏകപക്ഷീയവും അതിക്രൂരവുമായ ആക്രമണമാണ് ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എസ്എഫ്ഐക്കാരുടെ ഭാഗത്ത് നിന്ന് യാതൊരു പ്രകോപനവുമുണ്ടായില്ല. ഹോസ്റ്റലിനുള്ളിലുള്ള വിദ്യാർഥികൾക്ക് നേരെ യൂത്ത് കോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായ ആക്രമണം ആസൂത്രിതമാണ്. പല ഘട്ടങ്ങളിലും കോൺഗ്രസും യൂത്ത് കോൺഗ്രസും കെഎസ്‍യുവുയുമെല്ലാം യൂണിവേഴ്സിറ്റി ഹോസ്റ്റൽ ലക്ഷ്യമിട്ടിട്ടുണ്ട്. അതിന്റെ തുടർച്ചയായുള്ള ആക്രമണമാണ് ഇവിടെ നടന്നത്. അക്രമികളുടെ കയ്യിലുണ്ടായിരുന്ന തീപ്പന്തം ഹോസ്റ്റലിനുള്ളിലേക്ക് എറിയുകയായിരുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു.
ലാത്തിച്ചാർജിൽ പരിക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ യൂത്ത് കോൺഗ്രസുകാർ ആംബുലൻസ് തടഞ്ഞു. തികഞ്ഞ കാടത്തമാണ് യൂത്ത് കോൺഗ്രസ് കാണിച്ചത്. വിദ്യാർഥികൾക്ക് നേരെയുള്ള അതിക്രൂര ആക്രമണത്തിനെതിരെ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധം ഉയരുമെന്ന് പിണറായി വിജയൻ കൂട്ടിച്ചേർത്തു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിലേക്ക് കടന്നുകയറിയാണ് വിദ്യാർഥികളെ പൊലീസ് തല്ലിച്ചതച്ചത്. യൂത്ത് കോൺഗ്രസ് മാർച്ചിലുണ്ടായ സംഘർഷത്തിൽ തർക്കപരിഹാരത്തിനായെന്ന പേരിൽ ഹോസ്റ്റൽ കോമ്പൗണ്ടിനുള്ളിലേക്കെത്തിയ പൊലീസ് വിദ്യാർഥികൾക്ക് നേരെ പ്രകോപനമില്ലാതെ ലാത്തി ചാർജ് ചെയ്യുകയായിരുന്നു. അതിക്രൂര മർദനത്തിൽ മൂന്ന് വിദ്യർഥികളുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
ഷാഫി പറമ്പിൽ എം പി യുടെ നേതൃത്വത്തിൽ നടന്ന മാർച്ചിലാണ് വ്യാപക അക്രമം നടന്നത്. മാർച്ച് യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിന് മുന്നിലെത്തിയപ്പോഴേക്കും പ്രവർത്തകർ തീപ്പന്തം ഹോസ്റ്റലിന് അകത്തേക്ക് എറിയുകയായിരുന്നു. തുടർന്നാണ് ഇരുവിഭാഗവും തമ്മിൽ സംഘർഷമുണ്ടാവുകയായിരുന്നു. തുടർന്ന് യൂണിവേഴ്സിറ്റി ഹോസ്റ്റൽ കോമ്പൗണ്ടിനുള്ളിലേക്ക് തീപ്പന്തമെറിയുകയും തീപടരുകയും ചെയ്തു.
പൊലീസും എസ്എഫ്ഐ പ്രവർത്തകരും ചേർന്നാണ് ആദ്യഘട്ടത്തിൽ തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയത്. തുടർന്ന് അഗ്നിരക്ഷാ സേനയെത്തി പൂർണമായും തീയണയ്ക്കുകയായിരുന്നു.പിന്നാലെ യൂത്ത് കോൺഗ്രസ്, കെഎസ്‍യു പ്രവർത്തകർ എസ്എഫ്ഐ പ്രവർത്തകർക്കും ഹോസറ്റലിലുള്ള മറ്റ് വിദ്യാർഥികൾക്കും നേരെ കല്ലെറിയുകയായിരുന്നു



































