26.8 C
Kollam
Thursday 12th November, 2026 | 03:53:34 AM
Home News Breaking News പരീക്ഷാ തട്ടിപ്പിന് കൂട്ടുനിൽക്കാത്തതിലുള്ള വിരോധം; യോഗ്യതയുള്ളവരെ ‘സംഘി’യാക്കുന്ന സ്ഥിരം പരിപാടി അവസാനിപ്പിക്കണം: റോജി എം. ജോൺ

പരീക്ഷാ തട്ടിപ്പിന് കൂട്ടുനിൽക്കാത്തതിലുള്ള വിരോധം; യോഗ്യതയുള്ളവരെ ‘സംഘി’യാക്കുന്ന സ്ഥിരം പരിപാടി അവസാനിപ്പിക്കണം: റോജി എം. ജോൺ

Advertisement

തിരുവനന്തപുരം. കേരള ചരിത്ര ഗവേഷണ കൗൺസിൽ ചെയർപേഴ്‌സണായി ഡോ. വിനോദ് കുമാർ കല്ലോലിക്കലിനെ നിയമിച്ചതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾക്ക് മറുപടിയായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോൺ

ഉയർന്ന അക്കാദമിക് യോഗ്യതയുള്ള വ്യക്തിയെയാണ് ചെയർമാനായി നിയമിച്ചിരിക്കുന്നത്.

ഇടത് അധ്യാപക സംഘടനയിൽ സജീവമായി പ്രവർത്തിച്ച കാലത്തൊന്നും ഡോ. വിനോദ് കുമാറിന് ‘സംഘപരിവാർ ബന്ധം’ കാണാതിരുന്ന പ്രതിപക്ഷ നേതാവിനും അദ്ദേഹത്തിന്റെ പാർട്ടിക്കും വിനോദ് കുമാർ അനഭിമതനായി മാറിയത് എന്തുകൊണ്ടാണെന്ന് രാഷ്ട്രീയ കേരളത്തിന് നന്നായി അറിയാമെന്നും മന്ത്രി ഫേസ് ബുക്കിൽ കുറിച്ചു.

മഹാരാജാസ് കോളേജിൽ പ്രമുഖ വിദ്യാർത്ഥി സംഘടനയുടെ പ്രമുഖ നേതാവ് എഴുതാത്ത പരീക്ഷയ്ക്ക് പാസാകാൻ ശ്രമിച്ചപ്പോൾ, അതിന് കൂട്ടുനിൽക്കാതെ അക്കാദമിക സത്യസന്ധത ഉയർത്തിപ്പിടിച്ചതായിരുന്നു അദ്ദേഹം ചെയ്ത “കുറ്റം”. അന്ന് തുടങ്ങിയ രാഷ്ട്രീയ പകപോക്കലാണ് ഇപ്പോൾ KCHR നിയമനത്തിൽ അദ്ദേഹത്തിന് സംഘിച്ചാപ്പയടിച്ചു നൽകുന്നതിലേക്ക് എത്തിനിൽക്കുന്നതെന്നും മന്ത്രി റോജി.എം.ജോൺ മറുപടി നൽകി

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോണിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം

കേരള ചരിത്ര ഗവേഷണ കൗൺസിൽ (KCHR) ചെയർപേഴ്‌സണായി ഡോ. വിനോദ് കുമാർ കല്ലോലിക്കലിനെ നിയമിച്ചതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ തീർത്തും വസ്തുതാവിരുദ്ധമാണ്. ഈ നിയമനത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പിന് മറ്റ് യാതൊരുവിധ സ്ഥാപിത താല്പര്യങ്ങളുമില്ല. ഉയർന്ന അക്കാദമിക് യോഗ്യതകളും നിസ്തുലമായ ഗവേഷണ പരിചയവുമുള്ള ഒരു ചരിത്ര അധ്യാപകനെ മെറിറ്റിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് ഈ പദവിയിലേക്ക് നിയോഗിച്ചിട്ടുള്ളത്. ഡോ. വിനോദ് കുമാറിന് ‘യോഗ്യതയില്ല’ എന്ന് മുറവിളി കൂട്ടുന്നവർ അദ്ദേഹത്തിന്റെ ബൃഹത്തായ അക്കാദമിക് പ്രവർത്തനങ്ങൾ ബോധപൂർവ്വം കണ്ടില്ലെന്ന് നടിക്കുകയാണ്.

അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ നിന്ന് ചരിത്രത്തിൽ PhD നേടിയ അദ്ദേഹം, ബാംഗ്ലൂരിലെ ട്രാൻസ്-ഡിസിപ്ലിനറി യൂണിവേഴ്സിറ്റിയിൽ നിന്ന് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പും കരസ്ഥമാക്കിയിട്ടുള്ള, UGC, ICHR തുടങ്ങി വിദേശ ഏജൻസികളുടേതടക്കം സുപ്രധാന ഗവേഷണ പ്രോജക്ടുകൾ വിജയകരമായി പൂർത്തിയാക്കിയിട്ടുള്ള മികച്ചൊരു ചരിത്ര ഗവേഷകനാണ്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടെ പ്രസിദ്ധീകരിച്ച 21 ഗ്രന്ഥങ്ങളുടെ രചനയും എഡിറ്റിംഗും നിർവഹിച്ച അദ്ദേഹം, ദേശീയ-അന്താരാഷ്ട്ര ജേണലുകളിൽ നിരവധി ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദേശ അധ്യാപന പരിചയവും മഹാരാജാസ് കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് ചുമതലകളും MG യൂണിവേഴ്സിറ്റി അടക്കമുള്ള സ്ഥാപനങ്ങളിലെ ബോർഡ് ഓഫ് സ്റ്റഡീസ് അംഗത്വവും അദ്ദേഹത്തിന്റെ മികവിന് തെളിവാണ്. കീഴാള-ഗോത്ര ജനവിഭാഗങ്ങളുടെ ചരിത്രവും പാരമ്പര്യ വൈദ്യവും മുഖ്യവിഷയമാക്കി ആഴത്തിൽ പഠനം നടത്തുന്ന ഇത്തരം ഒരു ചരിത്രകാരനെയാണ് യോഗ്യതയില്ലാത്തയാൾ എന്ന് ആക്ഷേപിക്കുന്നത്.

ഇടത് അധ്യാപക സംഘടനയിൽ സജീവമായി പ്രവർത്തിച്ച കാലത്തൊന്നും ഡോ. വിനോദ് കുമാറിന് ‘സംഘപരിവാർ ബന്ധം’ കാണാതിരുന്ന പ്രതിപക്ഷ നേതാവിനും അദ്ദേഹത്തിന്റെ പാർട്ടിക്കും വിനോദ് കുമാർ അനഭിമതനായി മാറിയത് എന്തുകൊണ്ടാണെന്ന് രാഷ്ട്രീയ കേരളത്തിന് നന്നായി അറിയാം. മഹാരാജാസ് കോളേജിൽ പ്രമുഖ വിദ്യാർത്ഥി സംഘടനയുടെ പ്രമുഖ നേതാവ് എഴുതാത്ത പരീക്ഷയ്ക്ക് പാസാകാൻ ശ്രമിച്ചപ്പോൾ, അതിന് കൂട്ടുനിൽക്കാതെ അക്കാദമിക സത്യസന്ധത ഉയർത്തിപ്പിടിച്ചതായിരുന്നു അദ്ദേഹം ചെയ്ത “കുറ്റം”. അന്ന് തുടങ്ങിയ രാഷ്ട്രീയ പകപോക്കലാണ് ഇപ്പോൾ KCHR നിയമനത്തിൽ അദ്ദേഹത്തിന് സംഘിച്ചാപ്പയടിച്ചു നൽകുന്നതിലേക്ക് എത്തിനിൽക്കുന്നത്. രാഷ്ട്രീയമായി തങ്ങൾക്ക് വഴങ്ങാത്തവർക്കും ഇഷ്ടമില്ലാത്തവർക്കും സംഘിച്ചാപ്പയടിച്ച് നൽകുന്ന CPMന്റെ സ്ഥിരം ഏർപ്പാട് ഇനിയെങ്കിലും പ്രതിപക്ഷ നേതാവ് അവസാനിപ്പിക്കണം.

KCHR ഉൾപ്പെടെ കേരളത്തിലെ ഒരു അക്കാദമിക സ്ഥാപനത്തെയും രാഷ്ട്രീയവൽക്കരിക്കേണ്ടുന്ന യാതൊരു അജണ്ടയും സർക്കാരിനില്ല എന്നുമാത്രമല്ല, അത്തരത്തിലുള്ള യാതൊരു ശ്രമങ്ങൾക്കും ഞങ്ങൾ കൂട്ട് നിൽക്കുകയുമില്ല. അർഹതയും യോഗ്യതയുമുള്ളവർ തന്നെയാണ് ഇത്തരം സ്ഥാപനങ്ങളുടെ അമരത്തുണ്ടാവുക. രാഷ്ട്രീയ വിരോധം തീർക്കാൻ അക്കാദമിക് സമൂഹത്തെ അധിക്ഷേപിക്കുന്ന നിലപാടിൽ നിന്ന് പ്രതിപക്ഷം പിന്മാറുകയാണ് വേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here