26.6 C
Kollam
Saturday 26th September, 2026 | 08:08:59 AM
Home News Breaking News പത്രം മലയാള ദിനപത്രങ്ങളിലൂടെ 2026 | സെപ്റ്റംബർ 26 | ശനി (1202 കന്നി 10...

പത്രം മലയാള ദിനപത്രങ്ങളിലൂടെ 2026 | സെപ്റ്റംബർ 26 | ശനി (1202 കന്നി 10 | പൂരോരുട്ടാതി


മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം; ഡൽഹിയിലും ജമ്മുകശ്മീരിലും തടസ്സങ്ങൾ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പു കമ്മീഷൻ ആസ്ഥാനത്തേക്ക് കോൺഗ്രസ്, എസ്എഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ച് പൊലീസ് തടഞ്ഞതോടെ അക്രമാസക്തമായി. മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഉദയ് ഭാനു ചിബ് അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കി. എസ്എഫ്ഐ സമരത്തിനിടെ വിദ്യാർത്ഥി നേതാക്കൾക്കൊപ്പമുണ്ടായിരുന്ന എംപിമാരായ വി. ശിവദാസൻ, എ.എ. റഹിം എന്നിവരെ കസ്റ്റഡിയിലെടുത്തു. 48 മണിക്കൂറിനുള്ളിൽ ജ്ഞാനേഷ് കുമാർ രാജിവച്ചില്ലെങ്കിൽ ഗാന്ധി ജയന്തി ദിനത്തിൽ രാജ്യവ്യാപക സമരം തുടങ്ങുമെന്ന് സിജെപി പ്രഖ്യാപിച്ചു. ജ്ഞാനേഷ് കുമാർ രാജി വെക്കണമെന്ന ബാനർ ഉയർത്തി ജമ്മുകശ്മീർ നിയമസഭയിൽ കോൺഗ്രസ് എംഎൽഎമാർ നടപടികൾ തടസ്സപ്പെടുത്തി. അതേസമയം, യോജിച്ചുള്ള പ്രതിഷേധത്തിന് ഇന്ത്യ സഖ്യത്തിൽ ധാരണയായില്ല.

ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി: ഡിപിആർ തയ്യാറാക്കാൻ സാങ്കേതിക സമിതി രൂപീകരിച്ചു

സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ഡിപിആർ തയ്യാറാക്കാൻ ഇൻഷുറൻസ് രംഗത്തെ വിദഗ്ദ്ധരെ ഉൾപ്പെടുത്തി സാങ്കേതിക സമിതി രൂപീകരിച്ചു. യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ മുൻ സിഎംഡി ഗിരീഷ് രാധാകൃഷ്ണൻ, ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ മുൻ അംഗം പി.ജെ. ജോസഫ്, നാഷണൽ ഇൻഷുറൻസ് കമ്പനിയുടെ മുൻ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കെ. സനത് കുമാർ എന്നിവരാണ് സമിതിയിലെ വിദഗ്ദ്ധർ.

വിജിലൻസ് ഉദ്യോഗസ്ഥർക്ക് പുതിയ യൂണിഫോം പുറത്തിറക്കി

വിജിലൻസ് ഉദ്യോഗസ്ഥർക്ക് പുതിയ യൂണിഫോം ഏർപ്പെടുത്തി. വിജിലൻസ് റെയ്ഡ് സമയത്തും ചില ഔദ്യോഗിക പരിപാടികളിലും കേന്ദ്ര ഏജൻസികളുടെ മാതൃകയിൽ ജാക്കറ്റ് ധരിക്കണം. പുതിയ യൂണിഫോം വിജിലൻസ് ഉദ്യോഗസ്ഥന് ധരിപ്പിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം, ഡിജിപി റവാഡ ചന്ദ്രശേഖർ, പൊലിസ് ഉപദേഷ്ടാവ് എ. ഹേമചന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനായി നടൻ രവീന്ദ്രനെ നിയമിച്ചു

സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി നടൻ രവീന്ദ്രനെ സർക്കാർ നിയോഗിച്ചു. പ്രശസ്ത നടിയും സാംസ്‌കാരിക പ്രവർത്തകയുമായ പ്രിയങ്ക നായരാണ് വൈസ് ചെയർമാൻ. കേരള ചിത്രങ്ങൾ അന്താരാഷ്ട്ര തലത്തിൽ എത്തിക്കുമെന്നു രവീന്ദ്രൻ പറഞ്ഞു. നടൻ സലിം ഹസ്സൻ, യുവ സംവിധായകൻ ജോഫിൻ ടി. ചാക്കോ എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാവും. ദീപു കരുണാകരൻ, വൈക്കം വിജയലക്ഷ്മി, എം.വി. ഗിരീഷ്‌കുമാർ, സലിം ഹസ്സൻ, ബി. രാകേഷ്, സജീവൻ അന്തിക്കാട്, ജോഫിൻ ടി. ചാക്കോ, സക്കരിയ, ആർ.എസ്. പണിക്കർ, ധർമ്മജൻ ബോൾഗാട്ടി, വാഴൂർ ജോസ്, എ. കബീർ, സാബു ശങ്കർ ഷെർഗ സന്ദീപ്, അബ്ദുൾ ഹനാൻ എന്നിവരാണ് ജനറൽ കൗൺസിൽ അംഗങ്ങൾ.

മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷം: കൊല്ലത്ത് ഇന്ന് അമിത് ഷാ എത്തും; ഗതാഗത നിയന്ത്രണം

മാതാ അമൃതാനന്ദമയിയുടെ പിറന്നാളാഘോഷത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നെത്തും. ഇതോടനുബന്ധിച്ച് കൊല്ലത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കൊല്ലം റൂറൽ ജില്ലയിൽ ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിമുതൽ വൈകുന്നേരം അഞ്ചുമണി വരെയായിരിക്കും നിയന്ത്രണം. ചിന്നക്കട മുതൽ ആറുമുറിക്കട വരെ നിയന്ത്രണം ഉണ്ടായിരിക്കും. വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്.

അമല നാഷണൽ ബുക്ക് ഫെസ്റ്റിവലിന്റെ നാലാം എഡിഷന് ഇന്ന് സമാപനം

അമല നാഷണൽ ബുക്ക് ഫെസ്റ്റിവലിന് ഇന്ന് സമാപനമാകും. ഫെസ്റ്റിവൽ വേദിയിൽ ഇന്ന് രാവിലെ 10 ന് ‘ജെൻസിയും എഴുത്തും’ എന്ന വിഷയത്തിൽ അവതാരകനും ഏഷ്യാനെറ്റ് ന്യൂസിന്റെ അസിസ്റ്റന്റ് ന്യൂസ് എഡിറ്ററുമായ നിശാന്ത് എം.വിയും നടനും ഗ്രാഫിക് ഡിസൈനറുമായ അനീഷ് ഗോപാലും സഞ്ചാരിയും എഴുത്തുകാരനുമായ എഡ്വിൻ ഹിച്ച്ഹിക്കറുമായി ഒരു സംവേദാത്മക സെഷൻ നടക്കും. രാവിലെ 11.45 ന് ‘വന്ധ്യതയും സമൂഹവും’ എന്ന വിഷയത്തിൽ പ്രശസ്ത ചെറുകഥാകൃത്തും നോവലിസ്റ്റും തിരക്കഥാകൃത്തുമായ കെ.വി. മണികണ്ഠൻ സംസാരിക്കും. ഉച്ചയ്ക്ക് 1.45 ന് ഉട്ടോപ്യൻ അജിത്തിന്റെയും ദീപ്തിയുടെയും പ്രചോദനാത്മകമായ സെഷൻ. വൈകീട്ട് 3 ന് ‘മാറുന്ന തലമുറയിലെ മായുന്ന വായന’ എന്ന വിഷയത്തിലുള്ള ചർച്ചയിൽ കമൽ, ബ്ലെസി, സുന്ദർ ദാസ്, ഹേമന്ത്കുമാർ എന്നിവർ പങ്കെടുക്കും. പ്രവേശനം സൗജന്യമാണ്.

മുട്ടിൽ മരംമുറി കേസ്: തിരുത്തിയ കുറ്റപത്രം വനം വകുപ്പ് വീണ്ടും കോടതിയിൽ സമർപ്പിച്ചു

മുട്ടിൽ മരംമുറി കേസിൽ പിഴവുകൾ തിരുത്തി വനം വകുപ്പ് സുൽത്താൻ ബത്തേരി മജിസ്‌ട്രേറ്റ് കോടതിയിൽ വീണ്ടും കുറ്റപത്രം സമർപ്പിച്ചു. ഹൈക്കോടതി സ്റ്റേ ഉള്ളതിനാലാണ് കുറ്റപത്രം വൈകിയതെന്നാണ് വിശദീകരണം. മുൻപ് സമർപ്പിച്ച കുറ്റപത്രത്തോടൊപ്പം ആവശ്യമായ രേഖകൾ നൽകിയില്ലെന്നതും ഗുരുതര സാങ്കേതിക പിഴവുകളും ചൂണ്ടിക്കാട്ടി കോടതി മടക്കിയിരുന്നു.

കോടതി കുറ്റപത്രം മടക്കിയ സംഭവം: വീഴ്ച പരിശോധിക്കുമെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ

മുട്ടിൽ മരംമുറി കേസിൽ കോടതി കുറ്റപത്രം മടക്കിയതിന്റെ നിജസ്ഥിതി പരിശോധിക്കുമെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ വ്യക്തമാക്കി. കുറ്റപത്രത്തിൽ ചില പിശകുകളുണ്ടെന്നും ഇത് ബോധപൂർവം ചെയ്തതാണോയെന്ന് പരിശോധിക്കുമെന്നും, വിഷയത്തിൽ പി.സി.സി.എഫിനോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇടുക്കിയിൽ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് ഫ്രണ്ട് എം പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഇടുക്കിയിൽ മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് ഫ്രണ്ട് എം പ്രവർത്തകർ രംഗത്തെത്തി. ആനത്താരകളിലെ അനധികൃത ഫെൻസിങ്ങും കെട്ടിടങ്ങളും പൊളിക്കണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെയാണ് ഇടുക്കി വാഴവരയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടിയുമായി പ്രവർത്തകർ ചാടിവീണെങ്കിലും വാഹനം നിർത്താതെ കടന്നുപോയി.

ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ

ഇടുക്കിയിൽ മൂന്നു മാസത്തിനുള്ളിൽ അയ്യായിരം പേർക്ക് പട്ടയം നൽകുമെന്നും 60 ശതമാനം ഭൂപ്രശ്നങ്ങൾക്കും പരിഹാരമുണ്ടായെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. പട്ടയ ഭൂമിയിൽ പണിത കെട്ടിടങ്ങൾ ക്രമവത്ക്കരിക്കാൻ ഫീസ് ഒഴിവാക്കാൻ നടപടി സ്വീകരിക്കും. അതിനുള്ള നിയമം അടുത്ത നിയമസഭ സമ്മേളനത്തിൽ പാസ്സാക്കും. വനം-റവന്യൂ വകുപ്പുകൾ തർക്കമുള്ള സ്ഥലങ്ങളിൽ മൂന്നു മാസത്തിനകം പരിശോധന നടത്തി പരിഹാരമുണ്ടാക്കും. ആനത്താരയിൽ കയ്യേറ്റം നടത്തി നിർമിച്ചവ പൊളിക്കും. കർഷകർക്ക് ഒരു പ്രശ്നവും ഉണ്ടാകില്ലെന്നും ജനവാസമേഖല ഇഎസ്എയിൽ ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്ര: ലോകായുക്തയിൽ പരാതി നൽകി കെ.എം. ഷാജഹാൻ

മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചാർട്ടേഡ് വിമാനയാത്ര അഴിമതിയും സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവുമാണെന്ന് ആരോപിച്ച് പൊതുപ്രവർത്തകനായ കെ.എം. ഷാജഹാൻ ലോകായുക്തയിൽ പരാതി നൽകി. സർക്കാരുമായുള്ള ഹെലികോപ്റ്റർ കരാർ നീട്ടാൻ കാത്തിരിക്കുന്ന ചിപ്‌സൺ എയർവേയ്‌സ് ആണ് മുഖ്യമന്ത്രിയുടെ യാത്ര സൗകര്യപ്പെടുത്തിയതെന്ന് പരാതിയിൽ ആരോപിക്കുന്നു.

കെപിസിസിയുടെ ലോക്ഭവൻ മാർച്ചിൽ മന്ത്രിമാരുടെ പങ്കാളിത്തം

മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കെപിസിസിയുടെ നേതൃത്വത്തിൽ ലോക്ഭവനിലേക്ക് നടത്തിയ മാർച്ചിൽ മന്ത്രിമാർ പങ്കെടുത്തു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫ്, മന്ത്രി എം. ലിജു, എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി തുടങ്ങിയവർ പങ്കെടുത്തു. ജ്ഞാനേഷ് കുമാർ കേരള കേഡർ ഉദ്യോഗസ്ഥൻ ആയതിൽ ലജ്ജ തോന്നുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

കൊച്ചിയിൽ 3.14 കോടി രൂപയുടെ വൻ വൈദ്യുതി ക്രമക്കേട് കണ്ടെത്തി

കൊച്ചിയിൽ 3.14 കോടിരൂപയുടെ വൈദ്യുതി ക്രമക്കേടുകൾ കണ്ടെത്തി. മരട് ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ 50 കിലോവാട്ട് കണക്റ്റഡ് ലോഡിന്റെ അനുമതി മാത്രം ഉണ്ടായിരുന്ന ഉപഭോക്താവ് 260 കിലോവാട്ട് അനധികൃത ലോഡ് ഘടിപ്പിച്ച് ഉപയോഗിക്കുന്നതായി കണ്ടെത്തി. ഈ കണക്ഷനിൽ നിന്നും അനുമതിയില്ലാതെ 145 കടമുറികളിലേക്ക് വൈദ്യുതി നൽകിയാണ് ദുരുപയോഗം നടത്തിയിരുന്നത്.

പെരിയ കേന്ദ്ര സർവകലാശാലയിൽ പ്രധാന തസ്തികകളിലേക്ക് നിയമന നടപടി തുടങ്ങി

പെരിയ കേന്ദ്ര സർവകലാശാലയിലെ രജിസ്ട്രാർ, ലൈബ്രേറിയൻ തസ്തികകളിൽ അഭിമുഖം നടത്താൻ തീരുമാനിച്ചു. ഒക്ടോബർ ആറ്, ഏഴ്, എട്ട് തീയതികളിലാണ് അഭിമുഖം. രജിസ്ട്രാർ തസ്തികയിലേക്ക് 32 പേരെയും ലൈബ്രേറിയൻ തസ്തികയിലേക്ക് 22 പേരെയും അഭിമുഖത്തിനായി ക്ഷണിച്ചിട്ടുണ്ട്.

നടി ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം

സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ചെന്ന അൻസിബ ഹസന്റെ പരാതിയിൽ നടി ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാൻ പൊലീസിന് എറണാകുളം മജിസ്ട്രേറ്റ് കോടതി നിർദേശം നൽകി.

പ്രളയ ധനസഹായ വിതരണം ഇനി താലൂക്ക് തലത്തിൽ

സംസ്ഥാനത്തെ പ്രളയ ധനസഹായ വിതരണം താലൂക്ക് തലത്തിലാക്കി. ജില്ലാ കളക്ടറേറ്റുകൾ മുഖേന ധനസഹായം വിതരണം ചെയ്യുന്നത് കാലതാമസമുണ്ടാക്കുന്നതിനാലാണ് ഈ നടപടി. ദുരന്ത നിവാരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം ധനസഹായ വിതരണത്തിന്റെ പൂർണ ചുമതല തഹസിൽദാർമാർക്കാണ്.

മുഖ്യമന്ത്രിമാരുടെ വിമാനയാത്ര വിവാദമാക്കേണ്ടതില്ലെന്ന് ശശി തരൂർ എം.പി.

എല്ലാ സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാർ വിമാനത്തിലും ഹെലികോപ്റ്ററിലും യാത്ര നടത്താറുണ്ടെന്ന് കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ. ഇതിനെ എന്തിനാണ് ഇത്ര വലിയ വിവാദമാക്കുന്നതെന്നും യാത്രയ്ക്കായി സർക്കാരോ പാർട്ടിയോ പണം ചെലവാക്കുന്നില്ലല്ലോ എന്നും തരൂർ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയും കെ.എം. ഷാജിയും രാജിവെക്കണം: പി. ജയരാജൻ

സ്വകാര്യ വിമാന യാത്ര നടത്തിയ മുഖ്യമന്ത്രിയും സ്വകാര്യ വാഹന വിവാദത്തിൽ പെട്ട മന്ത്രി കെ.എം. ഷാജിയും സത്യപ്രതിജ്ഞാ ലംഘനം നടത്തിയതിനാൽ രാജിവെക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ ആവശ്യപ്പെട്ടു.

കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ട: മൂന്ന് പേർ പിടിയിൽ

കൊച്ചിയിൽ രണ്ടു വ്യത്യസ്ത കേന്ദ്രങ്ങളിൽ നിന്നായി 306.468 ഗ്രാം എം.ഡി.എം.എയുമായി യുവതിയടക്കം മൂന്ന് പേരെ കൊച്ചി സിറ്റി പോലീസ് പിടികൂടി. കളപ്പുരയ്ക്കൽ റോഡിന് സമീപമുള്ള ലോഡ്ജിൽ നിന്ന് ചേർത്തല അഫ്സൽ (23), ചെങ്ങന്നൂർ ജസ്‌ന സൂസൻ ജൂബി (20) എന്നിവരിൽ നിന്ന് 199.038 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് കൊച്ചി പാണ്ടിക്കുടി സ്വദേശിയായ വിഷ്ണു ബി. പൈ (34) എന്നയാളെ 107.430 ഗ്രാം എംഡിഎംഎയുമായി കസ്റ്റഡിയിലെടുത്തു.

വിസ തട്ടിപ്പ് കേസ്: ‘ആംസ്റ്റർ’ സിഇഒ പാർവതി മായക്കെതിരെ പരാതിപ്രളയം

ആംസ്റ്റർ സിഇഒ പാർവതി മായ ഉൾപ്പെട്ട വിസ തട്ടിപ്പു കേസിൽ പൊലീസിൽ പരാതിപ്രളയം. ഇന്നലെ മാത്രം 25 പുതിയ പരാതികളാണ് ലഭിച്ചത്. അറസ്റ്റിലായ പാർവതി മായയെ കോടതി ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. വിദേശത്തുള്ള മറ്റു പ്രതികളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

വയോധികയുടെ സ്വർണമാല കവർന്ന ദമ്പതിമാർ പരിയാരത്ത് പിടിയിൽ

കണ്ണൂർ പരിയാരത്ത് ബൈക്കിലെത്തി വയോധികയുടെ സ്വർണമാല കവർന്ന ദമ്പതിമാർ പിടിയിലായി. പയ്യന്നൂർ തായനേരി സ്വദേശി തറമ്മൽ അർജുൻ, ഭാര്യ ഹെലോയ്സ് എന്നിവരെയാണ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പൊലീസ് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.

വ്യാജ ഇ-ചെല്ലാൻ എസ്.എം.എസ് തട്ടിപ്പ്: ജാഗ്രതാ നിർദേശവുമായി കേരള പോലീസ്

വാഹന ഉടമകളെ ലക്ഷ്യമിട്ട് വ്യാജ ഇ-ചെല്ലാൻ എസ്.എം.എസ് അയച്ച് പണം തട്ടുന്ന പുതിയ രീതിക്കെതിരെ കേരള പോലീസ് മുന്നറിയിപ്പ് നൽകി. സന്ദേശത്തിലെ ലിങ്ക് വഴി ഫോണിൽ എ.പി.കെ ഫയൽ ഡൗൺലോഡ് ചെയ്യിപ്പിച്ചാണ് തട്ടിപ്പുകാർ വിവരങ്ങൾ ചോർത്തുന്നത്.

പറവൂർ താലൂക്ക് ആശുപത്രിയിലെ മൃതദേഹം അഴുകിയ സംഭവം: ആരോഗ്യമന്ത്രിയുടെ ഇടപെടൽ

പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം അഴുകിയ സംഭവത്തിൽ ആരോഗ്യമന്ത്രി ഇടപെട്ടു. ആശുപത്രിയിലേക്ക് ആറ് പുതിയ ഫ്രീസറുകൾ വാങ്ങാൻ ഡി.എം.ഒയ്ക്ക് മന്ത്രി നിർദ്ദേശം നൽകി. എന്നാൽ മൃതദേഹം സൂക്ഷിച്ചതിൽ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

ഹോൺ മുഴക്കിയതിന് കാർ അടിച്ചുതകർത്തു; എറണാകുളത്ത് രണ്ടുപേർക്കെതിരെ കേസ്

എറണാകുളത്ത് ഹോൺ മുഴക്കിയതിന് കാർ അടിച്ചു തകർത്തു. ഫോണിൽ സംസാരിച്ച് അശ്രദ്ധമായി റോഡ് മുറിച്ചു കടന്നയാളാണ് ആക്രമണം നടത്തിയത്. എറണാകുളം ടൗൺഹാളിന് സമീപം കലാഭവൻ റോഡിൽ നടന്ന സംഭവത്തിൽ സാധാക് എന്നയാളടക്കം രണ്ടുപേർക്കെതിരെ പോലീസ് കേസെടുത്തു. കണ്ണൂർ ഇരിട്ടി സ്വദേശിയായ അഫ്നാസിന്റെ കാറാണ് തകർത്തത്.

കടന്നൽ കുത്തേറ്റ് ആലപ്പുഴയിൽ വയോധികൻ മരിച്ചു

ആലപ്പുഴ പൂച്ചാക്കലിൽ പച്ചമരുന്ന് ശേഖരിക്കുന്നതിനിടയിൽ കടന്നൽ കുത്തേറ്റ വയോധികൻ മരിച്ചു. പാണാവള്ളി പഞ്ചായത്ത് പതിനേഴാം വാർഡ് കോളവേലി ഉന്നതിയിൽ പൊന്നനാണ് (68) മരിച്ചത്.

ഇടുക്കിയിൽ കാർ പുഴയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു

ഇടുക്കി എലപ്പാറയ്ക്കു സമീപം നാലാം മൈലിൽ കാർ പുഴയിലേക്കു മറിഞ്ഞ് വിനോദസഞ്ചാരിയായ യുവാവ് മരിച്ചു. അടൂർ സ്വദേശി അഭിഷേക് എസ്. നായർ (28) ആണ് മരിച്ചത്. അഭിഷേകിന്റെ ഭാര്യ കാവ്യ, സുഹൃത്തുക്കളായ അഭിറാം, അപ്സ എന്നിവർക്കു പരുക്കേറ്റു.

പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട് ഒളിവിൽ പോയ പ്രതി പിടിയിൽ

പീഡനക്കേസിൽ കോടതി 20 വർഷം കഠിനതടവിന് ശിക്ഷിച്ച ശേഷം ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതി പിടിയിലായി. കണ്ണൂർ പരിയാരം താന്നൂക്കര വീട്ടിൽ മുഹമ്മദ് ഷാഫി (42) യെയാണ് വെൺമണി പൊലീസ് അറസ്റ്റ് ചെയ്തത്. 2017 ൽ വെൺമണി സ്വദേശിനിയായ ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ച കേസിലാണ് ഇയാൾക്ക് ശിക്ഷ ലഭിച്ചിരുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷനിലെ വിയോജിപ്പുകളിൽ മറുപടി വേണം: ചിരാഗ് പാസ്വാൻ

തെരഞ്ഞെടുപ്പ് കമ്മീഷനിൽ 14 വിയോജിപ്പുകളുണ്ടായെന്ന റിപ്പോർട്ടിൽ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ വ്യക്തമായ മറുപടി നൽകണമെന്ന് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള ജനങ്ങളുടെ വിശ്വാസം നിലനിർത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

യൂട്ട്യൂബർ ദമ്പതിമാരുടെ വസതിയിൽ വൻ കവർച്ച: 118 പവനും പണവും കവർന്നു

വീട്ടിലെ സ്വർണാഭരണങ്ങളും പണവും യൂട്യൂബിലൂടെ പ്രദർശിപ്പിച്ച ദമ്പതിമാരുടെ വസതിയിൽ മോഷണം. കന്യാകുമാരിക്കടുത്ത് നാഗർകോവിൽ തമ്മട്ടുകോണത്ത് താമസക്കാരായ പ്രശസ്ത യൂട്യൂബർ ദമ്പതിമാരായ വിനോദ് കുമാറിന്റെയും മധുമിതയുടെയും വീട്ടിൽ നിന്ന് 118 പവനും നോട്ടുകെട്ടുകളും കവർന്നു.

ഗ്യാനേഷ് കുമാറിന്റെ മകൾ നൽകിയ ഹർജിക്ക് മുൻഗണന നൽകിയതിനെതിരെ പ്രതിഷേധം

തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിന്റെ മകൾ നോയിഡ ജില്ലാ മജിസ്‌ട്രേറ്റ് മേധാ രൂപം നൽകിയ ഹർജിക്ക് സുപ്രീംകോടതി മുൻഗണന നൽകിയത് വിവാദമായി. സാധാരണ ബെഞ്ചിലേക്ക് വിടുന്നതിന് പകരം പ്രത്യേക ബെഞ്ചിന് കേസ് നൽകിയതിൽ അഭിഭാഷക സംഘടനയും സിജെപിയും പ്രതിഷേധമറിയിച്ചു.

മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ എന്നിവിടങ്ങളിൽ അഫ്‌സ്പ (AFSPA) നീട്ടി

മണിപ്പൂരിൽ വിവിധ ഭാഗങ്ങളിൽ സായുധ സേന പ്രത്യേക അധികാര നിയമം (AFSPA) കേന്ദ്ര സർക്കാർ നീട്ടി. നാഗാലാന്റ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും നിയമം നീട്ടിയിട്ടുണ്ട്. ഒക്ടോബർ ഒന്നുമുതൽ ആറ് മാസത്തേക്കാണ് ക്രമസമാധാനനില അവലോകനം ചെയ്ത ശേഷം സമയം നീട്ടിയത്.

ഡിഎംകെ സർക്കാരിനെതിരെ വിജയ് രൂക്ഷവിമർശനം ഉന്നയിച്ചു

തമിഴ്‌നാട്ടിൽ ഗ്രാനൈറ്റ് വ്യവസായി ആർ. വീരമണി പ്രതിയായ പോക്‌സോ കേസിൽ ഡിഎംകെ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി തമിഴഗ വെട്രി കഴകം അധ്യക്ഷൻ വിജയ്. വർഷങ്ങളായി കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടന്നിട്ടും സർക്കാർ നടപടിയെടുത്തില്ലെന്ന് വിജയ് ആരോപിച്ചു.

മദ്യപിച്ച പൈലറ്റിനെ എയർ ഇന്ത്യ സസ്പെൻഡ് ചെയ്തു

സൂറിച്ച്-ഡൽഹി എയർ ഇന്ത്യ വിമാനം പറത്തുന്നതിന് തൊട്ടുമുമ്പ് പൈലറ്റ് മദ്യപിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് എയർ ഇന്ത്യ പൈലറ്റിനെ സസ്പെൻഡ് ചെയ്തു. സെപ്റ്റംബർ ആറിന് സ്വിറ്റ്‌സർലൻഡിലെ സൂറിച്ച് വിമാനത്താവളത്തിലാണ് സംഭവം നടന്നത്.

പാക് മാധ്യമപ്രവർത്തകന് രൂക്ഷമായ മറുപടി നൽകി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ

ഭീകരവാദത്തെ ഇന്ത്യയുമായി ബന്ധപ്പെടുത്തി ചോദ്യം ചോദിച്ച പാകിസ്ഥാൻ മാധ്യമ പ്രവർത്തകന് ശക്തമായ ഭാഷയിൽ മറുപടി നൽകി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ‘ഇന്ത്യ എപ്പോഴാണ് പാക്കിസ്ഥാനിൽ ഭീകരവാദം സ്പോൺസർ ചെയ്യുന്നത് അവസാനിപ്പിക്കുക?’ എന്ന ചോദ്യത്തിന് ‘ഒരു ഭീകരവാദ രാജ്യമാണോ എന്നോട് ഈ ചോദ്യം ചോദിക്കുന്നത്?’ എന്ന് ജയശങ്കർ തിരിച്ചടിച്ചു. ഐക്യരാഷ്ട്ര സംഘടന പൊതുസഭയുടെ 81-ാം സമ്മേളനത്തോടനുബന്ധിച്ചായിരുന്നു സംഭവം.

ഏഷ്യൻ ഗെയിംസ് ബാഡ്മിന്റൺ: സാത്വിക്-ചിരാഗ് ജോഡി പുറത്തായി

ഏഷ്യൻ ഗെയിംസ് ബാഡ്മിന്റണിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുടെ സാത്വിക് സായിരാജ് റാങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യത്തിന് അപ്രതീക്ഷിത തോൽവി. പുരുഷ ഡബിൾസ് ആദ്യ റൗണ്ടിൽ തായ്‌ലൻഡ് സഖ്യത്തോടാണ് ഇന്ത്യൻ ജോഡി പരാജയപ്പെട്ടത്.

സൂപ്പർ ലീഗ് കേരള: കണ്ണൂർ വാരിയേഴ്‌സിന് വിജയം

സൂപ്പർ ലീഗ് കേരള മൂന്നാം സീസൺ ഉദ്ഘാടനമത്സരത്തിൽ കണ്ണൂർ വാരിയേഴ്‌സിന് ജയം. തൃശ്ശൂർ മാജിക് എഫ്.സി.യെ ഏകപക്ഷീയമായ ഒരു ഗോളിനാണ് കണ്ണൂർ കീഴടക്കിയത്.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കടബാധ്യത 14,490 കോടിയായി ഉയർന്നതായി റിപ്പോർട്ട്

ഇംഗ്ലീഷ് ഫുട്‌ബോൾ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സാമ്പത്തിക പ്രതിസന്ധി വർദ്ധിക്കുന്നു. ജൂൺ 30-നു ശേഷം 1,134 കോടി രൂപ കൂടി ക്ലബ് വായ്പയെടുത്തു. പുതിയ കളിക്കാരെ സ്വന്തമാക്കാനായി 2,415.42 കോടി രൂപ ചെലവഴിച്ചതോടെ ആകെ കടബാധ്യത 14,490 കോടി രൂപയായി ഉയർന്നു.

ഡച്ച് കമ്പനി കോണോഷിപ്പിൽ 23% ഓഹരി സ്വന്തമാക്കി കൊച്ചിൻ ഷിപ്പ്‌യാർഡ്

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് നെതർലൻഡ്‌സ് ആസ്ഥാനമായ കപ്പൽ രൂപകൽപ്പന കമ്പനിയായ കോണോഷിപ്പ് ഇന്റർനാഷണൽ ഹോൾഡിംഗ് ബി.വിയിൽ 23 ശതമാനം ഓഹരി സ്വന്തമാക്കുന്നു. 23 ലക്ഷം യൂറോ (25 കോടി ഇന്ത്യൻ രൂപ) നൽകിയാണ് ഈ ഏറ്റെടുക്കൽ. യൂറോപ്യൻ തീരദേശ കപ്പൽഗതാഗത മേഖലയിലേക്ക് സാന്നിധ്യം വിപുലീകരിക്കുകയാണ് കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ലക്ഷ്യം.

ബഹിരാകാശത്ത് എ.ഐ ഡാറ്റ സെന്ററുകൾ: പരീക്ഷണ വിക്ഷേപണത്തിനൊരുങ്ങി ഗൂഗിൾ

ബഹിരാകാശത്ത് സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന എ.ഐ ഡാറ്റ സെന്ററുകൾ സ്ഥാപിക്കാൻ ലക്ഷ്യമിട്ട് ഗൂഗിൾ. ‘പ്രോജക്ട് സൺക്യാച്ചർ’ എന്ന ഗവേഷണ പദ്ധതിയുടെ ആദ്യ പരീക്ഷണ ഉപഗ്രഹം 2026 ഒക്ടോബർ 1-ന് വിക്ഷേപിക്കും. ബഹിരാകാശത്തെ നിരന്തര സൂര്യപ്രകാശം ഉപയോഗിച്ച് ഊർജ്ജ ആവശ്യകത പരിഹരിക്കാനാവുമോ എന്നാണ് ഗൂഗിൾ പരിശോധിക്കുന്നത്.

‘ലവ് ആൻഡ് വാർ’ സെക്കൻഡ് പോസ്റ്റർ പുറത്തിറങ്ങി

സഞ്ജയ് ലീലാ ബൻസാലി സംവിധാനം ചെയ്യുന്ന ‘ലവ് ആൻഡ് വാർ’ ചിത്രത്തിലെ ആലിയ ഭട്ടിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവന്നു. റൺബീർ കപൂറും പ്രധാന വേഷത്തിലെത്തുന്ന ചിത്രം 2027 ജനുവരിയിലാണ് തിയറ്ററുകളിലെത്തുക.

വിസ്മയ മോഹൻലാലിന്റെ രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ചു

അരങ്ങേറ്റ ചിത്രത്തിന് ശേഷം വിസ്മയ മോഹൻലാൽ നായികയാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. എസ് ക്യൂബ് ഫിലിംസിന്റെ ബാനറിൽ അരുൺ ബോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റത്തീന, സുഹാസ്, ഷറഫു എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കുന്നത്.

ടാറ്റ ഏരീസ് വിപണിയിലെത്തി; വില 5.29 ലക്ഷം രൂപ മുതൽ

ടിഗോറിന്റെ പരിഷ്‌കരിച്ച പതിപ്പായ ‘ഏരീസ്’ ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കി. 5.29 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. പെട്രോൾ, ഐ-സിഎൻജി പതിപ്പുകളിൽ ലഭ്യമായ വാഹനത്തിന്റെ വിതരണം ഒക്ടോബർ 11 മുതൽ ആരംഭിക്കും.

പുസ്തക പരിചയം: ‘ചിറ്റിലശ്ശേരിയിലെ ചുളംവിളിക്കാർ’

പ്രകൃതി മുഖ്യകഥാപാത്രമാകുന്ന വ്യത്യസ്തമായ ദേശകഥാഖ്യാനവുമായി സന്തോഷ് നാരായണന്റെ ‘ചിറ്റിലശ്ശേരിയിലെ ചുളംവിളിക്കാർ’ അഞ്ചാം പതിപ്പ് പുറത്തിറങ്ങി. കേരള ബുക് സ്റ്റോർ പബ്ളിഷേഴ്സ് പുറത്തിറക്കിയ പുസ്തകത്തിന്റെ വില 522 രൂപയാണ്.

ആർത്തവസമയത്തെ വയറുവീർക്കൽ തടയാൻ ചില ഭക്ഷണശീലങ്ങൾ

ആർത്തവ സമയത്തെ കഠിനമായ വേദനയും വയറുവീർക്കുന്ന പ്രശ്നവും ഒഴിവാക്കാൻ വാഴപ്പഴം, അവക്കാഡോ, ചീര, മധുരക്കിഴങ്ങ് തുടങ്ങിയ പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതാണ്. തണ്ണിമത്തൻ, വെള്ളരിക്ക തുടങ്ങിയ ജലാംശം കൂടുതലടങ്ങിയ ഭക്ഷണങ്ങളും ഇഞ്ചി, പെപ്പർമിന്റ് ടീ എന്നിവയും ദഹനം മെച്ചപ്പെടുത്താനും ഗ്യാസ് കുറയ്ക്കാനും സഹായിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here