26.6 C
Kollam
Saturday 26th September, 2026 | 09:29:32 AM
Home News Breaking News 30 കോടി നേടുന്ന ഭാഗ്യവാൻ ആരായിരിക്കും…? തിരുവോണം ബമ്പർ ഫലം ഇന്നറിയാം

30 കോടി നേടുന്ന ഭാഗ്യവാൻ ആരായിരിക്കും…? തിരുവോണം ബമ്പർ ഫലം ഇന്നറിയാം

തിരുവോണം ബമ്പർ ഫലം ഇന്നറിയാം. 30 കോടി നേടുന്ന ഭാഗ്യവാൻ ആരായിരിക്കും എന്നറിയാനുള്ള കാത്തിരിപ്പിലാണ് കേരളം. ഇത്തവണ അച്ചടിച്ച 90 ലക്ഷം ലോട്ടറി ടിക്കറ്റുകളും വിറ്റഴിഞ്ഞിരുന്നു. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ റെക്കോഡ് വില്പനയാണിത്.
അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും വിറ്റഴിച്ചതായി ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അഞ്ജു കെഎസ് അറിയിച്ചു. ഏറ്റവും കൂടുതൽ വില്പന നടന്നത് പാലക്കാട് ജില്ലയിലാണ് 20,95,300 ടിക്കറ്റുകൾ പാലക്കാട് നിന്ന് ഭാഗ്യാന്വേഷികൾ സ്വന്തമാക്കി. തൃശൂർ ജില്ലയാണ് വില്പനയിൽ രണ്ടാം സ്ഥാനത്ത്. 10,62,000 ടിക്കറ്റുകളാണ് ഇവിടെ വിറ്റഴിഞ്ഞത്., തിരുവനന്തപുരം ജില്ലയിൽ 8,64,100 ടിക്കറ്റുകൾ വിറ്റു. വിൽപ്പനയിൽ മൂന്നാം സ്ഥാനത്താണ് തലസ്ഥാന നഗരി. ഏറ്റവും കുറവ് വില്പന കാസർകോട് ജില്ലയിലാണ്. 2,71,400 ടിക്കറ്റുകൾ.

ജില്ലാ ലോട്ടറി ഓഫീസുകളും സബ്ഓഫീസുകളും മുഖേന അംഗീകൃത ഏജൻസികളും വില്പനക്കാരും വില്പന നടത്തിയ ടിക്കറ്റുകളാണ് നറുക്കെടുപ്പിൽ ഉൾപ്പെടുത്തുക. ഇന്ന് ഉച്ചയ്ക്ക് 1:30ന് ഗോർഖി ഭവനിൽ നടക്കുന്ന നറുക്കെടുപ്പിൻ്റെ ഉദ്ഘാടനം ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ നിർവഹിക്കും. പൂജ ബമ്പർ 2026 ഭാഗ്യക്കുറി ടിക്കറ്റിൻ്റെ പ്രകാശനവും ചടങ്ങിൽ നിർവഹിക്കും.

30 കോടി രൂപയാണ് ഓണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം. കേരള ഭാഗ്യക്കുറി ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണിത്. കഴിഞ്ഞ വര്‍ഷം വരെ 25 കോടി രൂപയായിരുന്നു ഓണം ബമ്പറിൻ്റെ ഒന്നാം സമ്മാനം. ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വില്‍ക്കുന്ന ലോട്ടറി ഏജൻ്റിന് സമ്മാനത്തുകയുടെ 10 ശതമാനം കമ്മീഷനായി ലഭിക്കും. ഇത് 3 കോടി രൂപയോളം വരും.


രണ്ടാം സമ്മാനമായ ഒരു കോടി രൂപ 20 പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനമായി 20 പേര്‍ക്ക് 25 ലക്ഷം രൂപ ലഭിക്കും. നാലാം സമ്മാനമായി 5 ലക്ഷം രൂപ 10 പേര്‍ക്ക് ലഭിക്കും. അഞ്ചാം സമ്മാനം 2 ലക്ഷം രൂപ 10 പേര്‍ക്ക് നൽകും. സമാശ്വാസ സമ്മാനം 5 ലക്ഷം രൂപ ഒൻപത് പേർക്ക് ലഭിക്കും. 5,000, 2,000, 1,000, 500 രൂപയുടെ സമ്മാനങ്ങളുമുണ്ട്. 500 രൂപയാണ് ടിക്കറ്റ് വില. ആർക്കാണ് തിരുവോണം ബമ്പർ ഒന്നാം സമ്മാനമെന്ന് മണിക്കൂറുകൾക്കുള്ളിൽ അറിയാൻ കഴിയും.

LEAVE A REPLY

Please enter your comment!
Please enter your name here