26.6 C
Kollam
Saturday 26th September, 2026 | 09:32:29 AM
Home News Breaking News സഹകരണത്തിലൂടെ വനിതാ ശാക്തീകരണം; അമിത് ഷാ ഇന്ന് കുണ്ടറയില്‍

സഹകരണത്തിലൂടെ വനിതാ ശാക്തീകരണം; അമിത് ഷാ ഇന്ന് കുണ്ടറയില്‍

കൊല്ലം: സഹകരണ മേഖലയിലെ വനിതാ പങ്കാളിത്തം ശക്തിപ്പെടുത്താനും വനിതാ നേതൃത്വത്തിലുള്ള സഹകരണ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനുമായി ദേശീയ സഹകരണ ഉപഭോക്തൃ ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എന്‍സിസിഎഫ്) സംഘടിപ്പിക്കുന്ന സമ്മേളനം ഇന്ന് കുണ്ടറയില്‍ നടക്കും. ‘സഹകരണത്തിലൂടെ സമൃദ്ധി’ (സഹകാര്‍ സെ സമൃദ്ധി) എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം. അന്താരാഷ്ട്ര വനിതാ കര്‍ഷകവര്‍ഷാചരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ മുഖ്യാതിഥിയാകും. കേന്ദ്ര പെട്രോളിയം-പ്രകൃതി വാതക സഹമന്ത്രി സുരേഷ് ഗോപി വിശിഷ്ടാതിഥിയാകും. കേരള സഹകരണ-എക്‌സൈസ് മന്ത്രി എം. ലിജു, കൊല്ലം എം.പി. എന്‍.കെ. പ്രേമചന്ദ്രന്‍, കഴക്കൂട്ടം എംഎല്‍എ വി. മുരളീധരന്‍, നേമം എംഎല്‍എ രാജീവ് ചന്ദ്രശേഖര്‍, ചാത്തന്നൂര്‍ എംഎല്‍എ ബി.ബി. ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കുണ്ടറയിലെ പവിത്രം കണ്‍വന്‍ഷന്‍ സെന്ററില്‍ ഉച്ചയ്ക്ക് 2.45 മുതല്‍ 4.15 വരെയാണ് സമ്മേളനം. സഹകരണ മേഖലയിലെ സ്ത്രീകളുടെ സംഭാവനകള്‍ക്ക് അംഗീകാരം നല്‍കാനും മേഖലയില്‍ അവരുടെ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുമുള്ള വിവിധ പദ്ധതികള്‍ക്കും തുടക്കം കുറിക്കും.
2026-27 കേന്ദ്രബജറ്റിന്റെ ഭാഗമായി വിഭാവനം ചെയ്ത ‘വനിതം ഷീ മാര്‍ട്ട്’ ഷോപ്പുകള്‍ ഉള്‍പ്പെടെ എന്‍സിസിഎഫിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം അമിത് ഷാ നിര്‍വഹിക്കും. ആത്മനിര്‍ഭര്‍ പള്‍സസ് മിഷന്റെ ഭാഗമായി നാല് വനിതാകര്‍ഷകര്‍ക്ക് ഉഴുന്ന്, കടല എന്നിവയുടെ സൗജന്യ വിത്ത് കിറ്റുകളും വിതരണം ചെയ്യും. ബഫര്‍ സ്റ്റോക്കില്‍നിന്ന് കിലോഗ്രാമിന് 35 രൂപ നിരക്കില്‍ സബ്‌സിഡി ഉള്ളി വില്‍ക്കാനുള്ള മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കര്‍മവും അമിത് ഷാ നിര്‍വഹിക്കും.
രാജ്യത്തുടനീളം സ്ത്രീകളുടെ നേതൃത്വത്തിലുള്ള സഹകരണ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനായി കേന്ദ്ര സഹകരണ മന്ത്രാലയം നടപ്പാക്കുന്ന ‘നന്ദിനി സഹകാര്‍’, ‘സ്വയം ശക്തി സഹകാര്‍’ തുടങ്ങിയ പദ്ധതികളുടെ വിപുലീകരണത്തിനും കേരളത്തില്‍ തുടക്കമാകും. എന്‍സിസിഎഫ് മാനേജിങ് ഡയറക്ടര്‍ അനീസ് ജോസഫ് ചന്ദ്ര, ചെയര്‍മാന്‍ വിശാല്‍ സിങ് എന്നിവര്‍ പങ്കെടുക്കും. കുണ്ടറയിലെ ഔദ്യോഗിക പരിപാടികള്‍ക്കുശേഷം അമിത് ഷാ വള്ളിക്കാവിലെ അമൃതപുരിയില്‍ നടക്കുന്ന മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷ ചടങ്ങിലും പങ്കെടുക്കും. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കൊല്ലം ജില്ലയില്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here