ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ പട്രോളിങ്ങിനിടെ കാണാതായ രണ്ട് സ്പെഷല്‍ പൊലീസ് ഓഫീസര്‍മാരെ മരിച്ച നിലയില്‍ കണ്ടെത്തി. ദച്ചാന്‍ സ്വദേശികളായ രഷ്പാല്‍ കുമാര്‍ (40), ബാബി ചന്ദ് (54) എന്നിവരുടെ മൃതദേഹങ്ങളാണ് വ്യാഴാഴ്ച രാവിലെ കണ്ടെത്തിയത്. വെടിയേറ്റ നിലയിലാണ് മൃതദേഹങ്ങള്‍. ഇവരുടെ സര്‍വീസ് ആയുധങ്ങള്‍ കാണാതായിട്ടുണ്ട്.
കിയാര്‍ ഗ്രാമത്തിലെ പ്രാദേശിക പൊലീസിന്റെ സ്പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ചക്കുശേഷമാണ് ഇരുവരെയും കാണാതായത്. ഇന്ദര്‍വാളിലെ ബസ്നാന്‍ മേഖലയിലുള്ള 17 രാഷ്ട്രീയ റൈഫിള്‍സിന്റെ താല്‍ക്കാലിക ക്യാമ്പിലേക്ക് പോകുന്നതിനിടെയാണ് കാണാതാകുന്നത്. പൊലീസും സെന്‍ട്രല്‍ റിസര്‍വ് പൊലീസ് സേനയും (സിആര്‍പിഎഫ്) സംയുക്തമായി തിരച്ചില്‍ നടത്തിയെങ്കിലും രാത്രിയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
ഇന്നു രാവിലെ 8 മണിയോടെയാണ് ഒരു മൃതദേഹം കണ്ടെത്തിയത്. രാവിലെ 9 മണിയോടെ രണ്ടാമത്തെ പൊലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹവും കണ്ടെത്തിയെന്ന് കിഷ്ത്വാര്‍ എംഎല്‍എ ഷാഗുണ്‍ പരിഹാര്‍ പറഞ്ഞു. സംഭവത്തിന് പിന്നില്‍ ഭീകരര്‍ ആകാമെന്ന സംശയമുണ്ടെന്ന് സൈനിക ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. കിയാറിനും ഡെറാനക്കും ഇടയിലുള്ള പ്രദേശത്ത് വെടിയൊച്ചകള്‍ കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ വധത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.




































