മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യാൻ നീക്കം; കോൺഗ്രസ് കൂടിയാലോചനകൾ തുടങ്ങി
മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണർ ഗ്യാനേഷ്‌കുമാറിനെ ഇംപീച്ച് ചെയ്യാൻ രാജ്യസഭയിലും ലോക്സഭയിലും നോട്ടീസ് നൽകാനും രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കാനും കോൺഗ്രസ് പ്രതിപക്ഷ പാർട്ടി നേതാക്കളുമായി കൂടിയാലോചന തുടങ്ങി. രാജ്യസഭയിലെ 73 എംപിമാർ ഒപ്പിട്ട് ഏപ്രിൽ 24 നു നൽകിയ നോട്ടീസിൽ രാജ്യസഭാ അധ്യക്ഷൻ ഇനിയും തീരുമാനെടുത്തിട്ടില്ല. ഗ്യാനേഷിനെതിരേ കോക്റോച്ച് ജനതാ പാർട്ടിയും രംഗത്തുവന്നിട്ടുണ്ട്.
ഗ്യാനേഷ് കുമാർ രാജിവെക്കണം, വോട്ടർപട്ടിക അട്ടിമറിയിൽ അന്വേഷണം വേണം: രാഹുൽ ഗാന്ധി
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പുകൾ അട്ടിമറിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ സമഗ്ര അന്വേഷണം വേണമെന്നും രാഹുൽ ആവശ്യപ്പെട്ടു. വോട്ടർപട്ടികയിൽ നിന്ന് പേരുകൾ നീക്കിയതിനെ രണ്ട് കമ്മീഷണർമാർ എതിർത്തുവെന്നാണ് വാർത്ത. താൻ വോട്ട് ചോരിയിലൂടെ ഉന്നയിച്ചതും ഇതുതന്നെ. ഭരണഘടനാ സ്ഥാപനങ്ങളെ ഇവർ തകർത്തു എന്ന് രാഹുൽ കുറ്റപ്പെടുത്തി.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് സിജെപിയുടെ അന്ത്യശാസനം
മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണർ ഗ്യാനേഷ് കുമാർ 48 മണിക്കൂറിനുള്ളിൽ രാജി വെക്കണമെന്ന അന്ത്യശാസനവുമായി സിജെപി. രാജി വെച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും സിജെപി മുന്നറിയിപ്പ് നൽകി.
മുഖ്യമന്ത്രി വി.ഡി. സതീശന്റെ വിമാനയാത്ര: സ്പോൺസർ ചിപ്സൺ ഏവിയേഷനെന്ന് ആരോപണം
മുഖ്യമന്ത്രി വി.ഡി. സതീശന്റെ വിവാദ വിമാനയാത്രയുടെ സ്പോൺസർ എൽഡിഎഫ് ഭരണകാലത്ത് ഹെലികോപ്റ്റർ വാടകയ്ക്കു നൽകിയ ചിപ്സൺ ഏവിയേഷൻ. വിമാന ഉടമയായ കേളചന്ദ്ര, ചിപ്സണ് നൽകിയ ഇൻവോയിസിന്റെ പകർപ്പ് പുറത്ത്. മലപ്പുറത്തേക്കുള്ള യാത്രയുടെ ചെലവ് 19.88 ലക്ഷം രൂപയാണ്. ഹെലികോപ്റ്റർ കരാർ പുതുക്കാനിരിക്കേയാണ് സൗജന്യയാത്ര സമ്മാനിച്ചത്.
തിരുവനന്തപുരം മൃഗശാലയ്ക്ക് പകരം മാഡിസൺ സ്‌ക്വയർ മാതൃക കൊണ്ടുവരും: മുഖ്യമന്ത്രി
തിരുവനന്തപുരം മൃഗശാല മാറ്റി പകരം അവിടെ മാഡിസൺ സ്‌ക്വയർ മാതൃക സ്ഥാപിക്കുമെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ. കേരള ട്രാവൽ മാർട്ട് ഉദ്ഘാടന വേദിയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. തിരുവനന്തപുരം മൃഗശാല മാറ്റണമെന്ന ആവശ്യം ആദ്യമായി ഉന്നയിച്ചത് മുഖ്യമന്ത്രിയായിരുന്നു.
അമല നാഷണൽ ബുക്ക് ഫെസ്റ്റിവലിന്റെ നാലാം എഡിഷന് തുടക്കമായി
അമല നാഷണൽ ബുക്ക് ഫെസ്റ്റിവലിന്റെ നാലാം എഡിഷന്റെ ഉദ്ഘാടനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അമല മെഡിക്കൽ കോളേജ് കാമ്പസിൽ നിർവഹിച്ചു. വടക്കാഞ്ചേരി എം.എൽ.എ. സേവ്യർ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ദേവമാതാ പ്രൊവിൻഷ്യൽ ഫാ. ഡോ. ജോസ് നന്തിക്കര അനുഗ്രഹ പ്രഭാഷണം നടത്തി. അമല ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ സി.എം.ഐ., കോർപറേഷൻ ഡെപ്യൂട്ടി മേയർ എ. പ്രസാദ് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള അവാർഡ് വിതരണവും പുസ്തക പ്രകാശനവും നടത്തി.
ബുക്ക് ഫെസ്റ്റിവലിൽ ഇന്ന്: രാവിലെ 10ന് വായനയും ആരോഗ്യവും എന്ന വിഷയത്തിൽ പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ സന്തോഷ് ഏച്ചിക്കാനവും പ്രശസ്ത എഴുത്തുകാരൻ ഡോ. മനോജ് വെള്ളനാടും പങ്കെടുക്കുന്ന ടോക്ക് ഷോ. 11.15 ന് ദർശന ക്ലബ്ബിലെ പ്രതിഭാധനരായ കലാകാരന്മാരുടെ പ്രത്യേക പ്രകടനം. 12.30 ന് വെള്ളിത്തിരയിലെ അപ്പോത്തിക്കരി എന്ന വിഷയത്തിൽ പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് മാർട്ടിൻ ജോസഫും പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തുമായ കവിപ്രസാദ് ഗോപിനാഥും സംസാരിക്കുന്നു. ഉച്ചക്ക് 2.30 ന് മെന്റലിസ്റ്റ് മൃദുലിന്റെ ലൈവ് മെന്റലിസം ഷോ. 3.30 ന് പറയാൻ മറന്ന പാട്ടുകൾ എന്ന വിഷയത്തിൽ ഗാനരചയിതാവും കവിയുമായ റഫീഖ് അഹമ്മദ്. വൈകീട്ട് 4.45 ന് നിഴൽ ബാൻഡിന്റെ തത്സമയ സംഗീത പ്രകടനം.
ബുക്ക് ഫെസ്റ്റിവലിൽ നാളെ: രാവിലെ 10 ന് ജെൻസിയും എഴുത്തും എന്ന വിഷയത്തിൽ അവതാരകനും ഏഷ്യാനെറ്റ് ന്യൂസിന്റെ അസിസ്റ്റന്റ് ന്യൂസ് എഡിറ്ററുമായ നിശാന്ത് എം.വിയും നടനും ഗ്രാഫിക് ഡിസൈനറുമായ അനീഷ് ഗോപാലും സഞ്ചാരിയും എഴുത്തുകാരനുമായ എഡ്വിൻ ഹിച്ച്ഹിക്കറുമായി ഒരു സംവേദനാത്മക സെഷൻ. രാവിലെ 11.45 ന് വന്ധ്യതയും സമൂഹവും എന്ന വിഷയത്തിൽ പ്രശസ്ത ചെറുകഥാകൃത്തും നോവലിസ്റ്റും തിരക്കഥാകൃത്തുമായ കെ.വി.മണികണ്ഠൻ സംസാരിക്കുന്നു. ഉച്ചക്ക് 1.45 ന് ഉട്ടോപ്യൻ അജിത്തിന്റെയും ദീപ്തിയുടെയും പ്രചോദനാത്മകമായ സെഷൻ. വൈകീട്ട് 3 ന് മാറുന്ന തലമുറയിലെ മായുന്ന വായന എന്ന വിഷയത്തിലുള്ള ചർച്ചയിൽ കമൽ, ബ്ലെസി, സുന്ദർ ദാസ്, ഹേമന്ത്കുമാർ എന്നിവർ പങ്കെടുക്കുന്നു. പ്രവേശനം സൗജന്യമാണ്.
ശബരിമലയിൽ വെടിവഴിപാട് നിർത്തിവെക്കുന്നു
ശബരിമലയിൽ ഇനി വെടിവഴിപാട് ഇല്ല. ഇത്തവണത്തെ ലേലത്തിൽ വെടിവഴിപാട് ദേവസ്വം ബോർഡ് ഉൾപ്പെടുത്തിയില്ല. ശബരിമല സന്നിധാനത്ത് വെടിമരുന്ന് സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട സുരക്ഷ പ്രശ്നങ്ങൾ വിവിധ വകുപ്പുകൾ ചൂണ്ടികാട്ടിയിരുന്നു. തുടർന്ന് ബോർഡ് തന്ത്രിയോട് അഭിപ്രായം ആരാഞ്ഞു. വെടിവഴിപാട് ശബരിമലയിലെ ആചാരത്തിന്റെ ഭാഗമല്ല എന്ന് തന്ത്രി മറുപടി നൽകി.
ശബരിമല പുരോഗതി റിപ്പോർട്ട് സർക്കാരിന് നൽകും: ദേവസ്വം ബോർഡ് പ്രസിഡന്റ്
സർക്കാരിന് എല്ലാ ആഴ്ചയും ശബരിമലയിലെ പുരോഗതി റിപ്പോർട്ട് നൽകുമെന്നും മന്ത്രി കെ മുരളിധരനെ കണ്ട് കാര്യങ്ങൾ ധരിപ്പിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. ആശയ വിനിമയ പ്രശ്‌നം ഉണ്ടായിരുന്നു. കാര്യങ്ങൾ അറിയിക്കുന്നതിൽ ബോർഡിനും വീഴ്ച പറ്റി എന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.
സർക്കാർ ആശുപത്രികളിൽ മരുന്നുകൾക്കും ഉപകരണങ്ങൾക്കും കടുത്ത ക്ഷാമം
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്നിനും ഉപകരണങ്ങൾക്കും പ്രതിസന്ധി. പേവിഷ പ്രതിരോധ കുത്തിവയ്പ്പ് ഉൾപ്പടെ 209 ഇനം മരുന്നുകളും ഉപകരണങ്ങളും ഉൾപ്പടെയുള്ളവയുടെ ഈ സാമ്പത്തിക വർഷത്തേക്കുള്ള സ്റ്റോക്ക് എത്തിയില്ല. പർച്ചേസ് ഓർഡറുകൾ വൈകിയതാണ് പ്രശ്നത്തിനിടയാക്കിയത്.
പിണറായി വിജയനെതിരായ അന്വേഷണം: പ്രത്യേക സംഘം യോഗം ചേർന്നു
മുൻമുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ അന്വേഷണം നടത്താൻ രൂപീകരിച്ച പ്രത്യേക സംഘം യോഗം ചേർന്നു. ക്രൈം ബ്രാഞ്ച് എഡിജിപിയ്ക്ക് കൈമാറിയ പരാതി ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് രജിസ്റ്റർ ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി പി. വിക്രമൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. തുടർന്നു ഡിജിപിക്ക് റിപ്പോർട്ട് കൈമാറും. പ്രാഥമിക അന്വേഷണം രജിസ്റ്റർ ചെയ്യാത്തതിനാൽ 15 ദിവസത്തിനകം കോടതിയിൽ റിപ്പോർട്ട് നൽകേണ്ടതില്ല.
കേരളത്തെ ഏവിയേഷൻ ഹബ്ബാക്കും: സൗജന്യ വൈദ്യുതി സംവിധാനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള കേരളത്തെ ഏവിയേഷൻ ഹബ്ബാക്കി മാറ്റുക എന്നത് സർക്കാരിന്റെ സ്വപ്ന പദ്ധതിയാണെന്നും കൊച്ചി വിമാനത്താവളത്തിലെ കൺസൾട്ടൻസി സർവീസ് തന്റെ സ്വപ്ന പദ്ധതിയാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇന്ത്യയിലാദ്യമായി വിമാനങ്ങൾക്ക് സൗജന്യ വൈദ്യുതി നൽകുന്ന ‘ബ്രിഡ്ജ് മൗണ്ട് എക്വിപ്‌മെന്റ്’ സംവിധാനം അദ്ദേഹം ഉദ്ഘാടനം ചെയ്തു.
എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ ഇടാത്തതിൽ മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ
എക്‌സാലോജിക് മാസപ്പടി, ഹവാല ആരോപണങ്ങളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. എക്‌സാലോജിക് എന്ന കമ്പനിക്ക് സേവനം നൽകാതെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ മകൾ വീണയ്ക്ക് പണം നൽകിയെന്ന ആരോപണം ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു.
സൗജന്യ വിമാനയാത്രയിൽ മുഖ്യമന്ത്രി നാണംകെടുന്നു: എം.വി. ഗോവിന്ദൻ
മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്ന് പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മുതലാളിമാരുടെ ചെലവിൽ ഇനിയും പോകുമെന്ന് പറയുന്ന മുഖ്യമന്ത്രി നാണക്കേടാണെന്നും അഴിമതിയാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി സഞ്ചരിച്ചത് കള്ളക്കടത്തുകാരുടെ വിമാനത്തിലല്ല: ജി സുധാകരൻ
മുഖ്യമന്ത്രി വിഡി സതീശൻ കള്ളക്കടത്തുകാരുടെ വിമാനത്തിലല്ലല്ലോ യാത്ര ചെയ്തതെന്ന് ജി സുധാകരൻ എംഎൽഎ. അതിലെന്തെങ്കിലും ധാർമിക പ്രശ്നമുണ്ടെങ്കിൽ വിമർശിക്കാം. അതേസമയം, സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപം നടത്തുന്നതിനെതിരെ നടപടിയെടുക്കാത്തതിൽ പൊലീസിനെ വിമർശിക്കുകയും ചെയ്തു.
പുത്തൂരിൽ ഭൂമി പോക്കുവരവിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ പിടിയിൽ
കൊല്ലത്ത് ഭൂമി പോക്കുവരവ് ചെയ്യാൻ അയ്യായിരം രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിൽ. പുത്തൂർ വില്ലേജ് ഓഫീസർ അഭിലാഷ് ആനന്ദാണ് പിടിയിലായത്.
പാലത്തായി പീഡനക്കേസ്: പ്രതിയുടെ ജാമ്യത്തിനെതിരെ സർക്കാർ സുപ്രീം കോടതിയിൽ
കണ്ണൂർ പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ അധ്യാപകനും ബിജെപി നേതാവുമായ പത്മരാജന്റെ ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി ജാമ്യം നൽകിയതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകി.
വണ്ടർ വാട്ടർഫോൾസ് മെഗാ എക്സിബിഷൻ തൃശൂരിൽ ആരംഭിച്ചു
ഡി ജെ അമ്യൂസ്മെന്റ്സ് ഒരുക്കുന്ന കുടുംബാംഗങ്ങൾക്കെല്ലാം ഒരുപോലെ ആസ്വദിക്കാവുന്ന വൈവിധ്യമാർന്ന വിനോദങ്ങളും ദൃശ്യവിസ്മയങ്ങളും ഉൾക്കൊള്ളുന്ന വണ്ടർ വാട്ടർഫോൾസ് എക്സിബിഷൻ തൃശ്ശൂർ ശക്തൻ തമ്പുരാൻ നഗറിൽ ആരംഭിച്ചു. എല്ലാ ദിവസവും വൈകിട്ട് 3 മണി മുതൽ രാത്രി 9.30 വരെയാണ് എക്സിബിഷൻ.
സ്ത്രീകൾക്ക് തൊഴിൽ മേഖലയിലേക്ക് തിരിച്ചെത്താൻ പുതിയ പദ്ധതി
കരിയർ ബ്രേക്കിലുള്ള 10,000 സ്ത്രീകൾക്ക് തൊഴിൽ മേഖലയിലേക്ക് തിരിച്ചെത്താൻ അവസരമൊരുക്കുന്ന ‘ടെൻ തൗസൻഡ് വുമൺ ബാക്ക് ടു കരിയർ’ പദ്ധതിയുടെ വെബ്സൈറ്റ് മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെ തൊഴിൽ മേഖലയിലെ മുന്നേറ്റത്തിന് ഭാവനാപൂർണ്ണമായ ബഹുമുഖ ഇടപെടലുകൾ സർക്കാരിന്റെയും തൊഴിലുടമകളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
ഷിബു മീരാൻ മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി
ഷിബു മീരാനെ മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഡൽഹിയിൽ നടന്ന ദേശീയ നിർവാഹക സമിതി യോഗമാണ് തെരഞ്ഞെടുത്തത്. ടി പി അഷ്‌റഫലി എംഎൽഎ ഒഴിഞ്ഞതോടെയാണ് നിയമനം.
തിരുവോണം ബമ്പർ നറുക്കെടുപ്പ് നാളെ; വിറ്റുപോയത് 89.85 ലക്ഷം ടിക്കറ്റുകൾ
തിരുവോണം ബമ്പറിൽ ആവേശ വിൽപ്പന. അച്ചടിച്ച 90 ലക്ഷം ടിക്കറ്റിൽ 89.85 ലക്ഷവും വിറ്റുപോയി. നറുക്കെടുപ്പ് നാളെ ഒന്നരയ്ക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ മന്ത്രി കെ. മുരളീധരൻ നിർവഹിക്കും. 30 കോടി രൂപയാണ് ഒന്നാം സമ്മാനം.
പീക്ക് സമയത്ത് വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് സർക്കാറ നിർദ്ദേശം
പീക്ക് സമയത്ത് വൈദ്യുതി ഉപയോഗത്തിൽ ഉപഭോക്താക്കളും വ്യവസായ സ്ഥാപനങ്ങളും നിയന്ത്രണം പാലിക്കണമെന്ന് സർക്കാരിന്റെ സർക്കുലർ. വൈകീട്ട് 7 മുതൽ 12 വരെയുള്ള സമയത്ത് ഉപയോഗം കുറയ്ക്കണമെന്നാണ് സർക്കുലർ.
രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കം
രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയ്ക്ക് ഇന്നു തിരുവനന്തപുരത്ത് തുടക്കമാകും. വൈകുന്നേരം ആറിന് കൈരളി തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ സാംസ്‌കാരിക, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് ഉദ്ഘാടനം നിർവ്വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോൺ അധ്യക്ഷത വഹിക്കും.
കെഎസ്ആർടിസി മിന്നൽ, സ്വിഫ്റ്റ് ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം: അബിൻ വർക്കി എംഎൽഎ
കെഎസ്ആർടിസിയുടെ മിന്നൽ, സ്വിഫ്റ്റ് ബസുകളിൽ ഡ്രൈവർക്കും യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കണമെന്ന് അബിൻ വർക്കി എംഎൽഎ ആവശ്യപ്പെട്ടു. ഉയർന്ന വേഗതയിലുള്ള യാത്രയിലെ സുരക്ഷ മുൻനിർത്തിയാണ് കെഎസ്ആർടിസി എംഡിക്ക് കത്ത് നൽകിയത്.
മെഴുവേലി സഹകരണ ബാങ്ക് കവർച്ചക്കേസിൽ അഞ്ച് പ്രതികൾക്ക് ശിക്ഷ വിധിച്ചു
പത്തനംതിട്ട മെഴുവേലി സഹകരണ ബാങ്കിൽനിന്ന് നാലര കിലോ സ്വർണ്ണവും മൂന്നര ലക്ഷത്തിലധികം രൂപയും കവർന്ന കേസിൽ അഞ്ച് പ്രതികളെ കോടതി ശിക്ഷിച്ചു. എട്ടു പ്രതികളിൽ ഒന്നാംപ്രതി വിനു, സുരേഷ്, സുധീഷ്, ഗിരീഷ് എന്നിവർക്ക് രണ്ട് വർഷവും 11 മാസവും കഠിനതടവ് സിജെഎം കോടതി വിധിച്ചു. ഏഴു ലക്ഷം രൂപ ബാങ്കിന് നഷ്ടപരിഹാരം നൽകണം. മൂന്നാം പ്രതി ഇപ്പോഴും ഒളിവിലാണ്. ഏഴാംപ്രതി ബിജുവിനു ഒന്നര വർഷം തടവും പതിനായിരം രൂപയുമാണ് ശിക്ഷ. കേസിലെ ആറും എട്ടും പ്രതികളെ വിട്ടയച്ചു.
വാൽപ്പാറയിൽ കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസ്സുകാരനെ പുലി ആക്രമിച്ചു
വാൽപ്പാറ അപ്പർപറളിയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരനെ പുലി ആക്രമിച്ചു. തോട്ടം തൊഴിലാളികളായ ഗുരുസ്വാമി – നാഗജ്യോതി ദമ്പതികളുടെ മകൻ ഭീഷിതനെയാണ് പുലി ആക്രമിച്ചത്. തലയ്ക്ക് പരുക്കേറ്റ കുട്ടിയെ കോയമ്പത്തൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
പീഡനക്കേസിൽ പ്രതിക്ക് 25 വർഷം തടവും പിഴയും വിധിച്ചു
പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ യുവാവിന് 25 വർഷം തടവും 1,10,000 രൂപ പിഴയും. പനമരത്തിനടുത്ത നടവയൽ നെല്ലിയമ്പം കായക്കുന്ന് കീടക്കാട്ട് വീട്ടിൽ ഹാഷിക്ക് റഹ്‌മാനെ(28)യാണ് കൽപ്പാറ്റ അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ശിക്ഷിച്ചത്.
മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച മധ്യവയസ്കൻ അറസ്റ്റിൽ
മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ച കേസിൽ മധ്യവയസ്‌കനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കരുവശ്ശേരി സ്വദേശി പുഴവക്കത്ത് വീട്ടിൽ പി.കെ റാഷിക്(58) ആണ് ചേവായൂർ പോലീസിന്റെ പിടിയിലായത്.
ഫിസിയോതെറാപ്പിക്ക് എത്തിയ യുവതിയോട് അപമര്യാദയായി പെരുമാറി; ക്ലിനിക്ക് ഉടമ കസ്റ്റഡിയിൽ
പയ്യന്നൂരിൽ ഫിസിയോതെറാപ്പിക്ക് എത്തിയ യുവതിയോട് ക്ലിനിക്ക് ഉടമ മോശമായി പെരുമാറിയെന്ന് പരാതി. കാസർകോട് സ്വദേശിയായ യുവതിയുടെ പരാതിയിൽ ആരോഗ്യ വെൽനസ് ക്ലിനിക് ഉടമ ശരത് നമ്പ്യാരെ പയ്യന്നൂർ പോലീസ് കസ്റ്റഡിയിലെടുത്തു.
നീറ്റ് പിജി പരീക്ഷാഫലം പ്രഖ്യാപിച്ചു
നീറ്റ് പിജി ഫലം പ്രഖ്യാപിച്ചു. ഇത്തവണ 2,63,544 പേരാണ് ഇത്തവണത്തെ നീറ്റ് പിജി പരീക്ഷയെഴുതിയത്.
പഞ്ചാബിൽ ഇഡി ഉദ്യോഗസ്ഥരുടെ വാഹനം ആപ്പ് പ്രവർത്തകർ തകർത്തു
പഞ്ചാബിൽ റെയ്ഡിനെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ ആംആദ്മി പാർട്ടി പ്രവർത്തകർ തകർത്തു. ഗ്രേറ്റർ മൊഹാലി ഏരിയ വികസന അതോറിറ്റിയുമായി ബന്ധപ്പെട്ട് ഇഡി നടത്തിയ പരിശോധനയ്ക്കിടെ മൊഹാലിയിലാണ് അക്രമ സംഭവങ്ങൾ അരങ്ങേറിയത്.
മാധ്യമപ്രവർത്തകൻ രവി നായർക്ക് ജാമ്യം ലഭിച്ചു
അദാനി ഗ്രൂപ്പ് നൽകിയ മാനനഷ്ടക്കേസിൽ ജയിലിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ രവി നായർക്ക് ജാമ്യം. ഗാന്ധിനഗർ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. ഒരു ദിവസം കോടതിയിൽ ഹാജരാകാത്തതിന്റെ പേരിൽ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് രവി നായരെ ജയിലിലടക്കുകയായിരുന്നു.
വേതനപരിധി വർധിപ്പിച്ചു; കൂടുതൽ പേർ ഇനി ഇപിഎഫ് പരിധിയിൽ
വേതനപരിധി പതിനായിരത്തിൽനിന്ന് 25,000 രൂപയാക്കി വർധിപ്പിച്ചതോടെ കൂടുതൽ ജീവനക്കാർ പ്രൊവിഡന്റ് ഫണ്ട് പെൻഷൻ പദ്ധതിയിലേക്ക്. നിലവിൽ 7.89 കോടി ജീവനക്കാരാണ് ഇപിഎഫിലുള്ളത്. 51 ലക്ഷത്തിലധികം ജീവനക്കാർകൂടി ഇപിഎഫ്ഒയുടെ പരിധിയിലാകും.
കംബോഡിയൻ കാമുകിയെ വിവാഹം കഴിക്കാൻ ഗുണ്ടാനേതാവിന് 12 മണിക്കൂർ പരോൾ
കുപ്രസിദ്ധ ഗുണ്ടാനേതാവായ മെയ്ൻപാൽ ധില്ലയ്ക്ക് കംബോഡിയൻ കാമുകിയെ വിവാഹം കഴിക്കാൻ കോടതി 12 മണിക്കൂർ പരോൾ അനുവദിച്ചു. ചണ്ഡീഗഡിലാണ് സംഭവം. കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ധില്ല നിലവിൽ ഝജ്ജറിലെ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ്. 2018 ൽ പരോളിലിറങ്ങി കംബോഡിയയിലേക്ക് മുങ്ങിയ ധില്ല അവിടെ യുവതിയായ മേറ്റ ചാനുമായി അടുപ്പത്തിലായി. ധില്ലയെ കഴിഞ്ഞ വർഷമാണ് ഇന്ത്യയിലെത്തിച്ചത്.
മാധ്യമവിലക്കിൽ ഡൊണാൾഡ് ട്രംപിന് തിരിച്ചടി; കോടതി സ്റ്റേ അനുവദിച്ചു
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മാധ്യമവിലക്കിന് കോടതി സ്റ്റേ. സിഎൻഎൻ, എംഎസ് നൗ, പൊളിറ്റിക്കോ എന്നീ മാധ്യമസ്ഥാപനങ്ങൾക്ക് വൈറ്റ് ഹൗസിൽ ഏർപ്പെടുത്തിയ വിലക്കിനാണ് സ്റ്റേ. ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഒമാൻ തീരത്ത് ചരക്കുകപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു
ഇന്ത്യയിലേക്ക് ചരക്കുമായി വരികയായിരുന്ന കപ്പലിന് നേരെ ഒമാനിലെ മുസന്ദം തീരത്തോട് ചേർന്ന് ആക്രമണം. ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു. ആന്റിഗ്വ ആൻഡ് ബാർബുഡയുടെ പതാകയുമായി സഞ്ചരിച്ച എംവി കേപ് ദാവോ എന്ന ബൾക്ക് കാരിയർ കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്.
ഏഷ്യൻ ഗെയിംസ്: 4×400 മിക്സഡ് റിലേയിൽ ഇന്ത്യയ്ക്ക് വെള്ളി
ഏഷ്യൻ ഗെയിംസിൽ മലയാളി അത്‌ലറ്റ് ടി.എസ്. മനു ഉൾപ്പെട്ട 4 – 400 മീറ്റർ ഇന്ത്യൻ മിക്സഡ് റിലേ ടീമിന് വെള്ളി. വിശാൽ, എം.ആർ പൂവമ്മ, വിദ്യ രാംരാജ് എന്നിവരാണ് മനുവിനൊപ്പം ഫൈനലിൽ ഓടിയത്. ഗെയിംസ് റെക്കോഡോടെ ഒന്നാമതെത്തിയ ബഹ്റൈന് പിന്നിലാണ് ഇന്ത്യൻ ടീം ഫിനിഷ് ചെയ്തത്. വനിതകളുടെ 10,000 മീറ്ററിൽ ഇന്ത്യയുടെ സീമ വെങ്കലം നേടി. പുരുഷന്മാരുടെ 100 മീറ്ററിൽ ഇന്ത്യയുടെ രണ്ട് താരങ്ങൾ സെമിയിൽ പ്രവേശിച്ചു. അനിമേഷ് കുജൂർ, ഗുരിന്ദർവീർ സിങ് എന്നിവരാണ് സെമിയിലെത്തിയത്. വുഷുവിൽ വനിതകളുടെ 60 കിലോഗ്രാം സാൻഡ വിഭാഗത്തിൽ ഇന്ത്യയുടെ റോഷിബിന ദേവി വെള്ളി മെഡൽ സ്വന്തമാക്കി.
ഏഷ്യൻ ഗെയിംസ് ഹോക്കി: ദക്ഷിണ കൊറിയയെ തകർത്ത് ഇന്ത്യ
ഏഷ്യൻ ഗെയിംസിൽ കുതിപ്പുമായി ഇന്ത്യയുടെ പുരുഷ ഹോക്കി ടീം. ഗ്രൂപ്പ് ഘട്ടത്തിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും ഇന്ത്യ വിജയിച്ചു. ദക്ഷിണ കൊറിയയെ രണ്ടിനെതിരേ എട്ടുഗോളുകൾക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.
ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ടീമിൽ മാറ്റം: ശിവം മാവിക്ക് പകരം ആകാശ് ദീപ്
ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വീണ്ടും മാറ്റം. പരിക്കേറ്റ പേസർ ശിവം മാവി ഏഷ്യൻ ഗെയിംസിനുള്ള ടീമിൽ നിന്ന് പുറത്തായി. പുറത്തേറ്റ പരിക്കാണ് ശിവം മാവിക്ക് തിരിച്ചടിയായത്. പകരക്കാരനായി ഉമ്രാൻ മാലിക്കിനെ ഉൾപ്പെടുത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഉമ്രാന് പകരം റോയൽ ചലഞ്ചേഴ്സ് പേസർ അകാശ് ദീപിനാണ് ഏഷ്യൻ ഗെയിംസിനുളള ടി20 ടീമിൽ സെലക്ടർമാർ അവസരം നൽകിയത്.
ഐസിഐസിഐ പ്രൂഡൻഷ്യലിന് കേരളത്തിൽ മികച്ച വളർച്ച
നടപ്പു സാമ്പത്തികവർഷത്തെ ആദ്യ പാദത്തിൽ കേരളത്തിൽ 68.96 ശതമാനം വളർച്ച രേഖപ്പെടുത്തി ഐസിഐസിഐ പ്രൂഡൻഷ്യൽ ലൈഫ് ഇൻഷുറൻസ്. മാർച്ച് 31-ലെ കണക്കനുസരിച്ച് 8,30,274 പേർക്കാണ് കമ്പനി ലൈഫ് ഇൻഷുറൻസ് പരിരക്ഷ നൽകിയിട്ടുള്ളത്. ലിങ്ക്ഡ്, നോൺ ലിങ്ക്ഡ് സമ്പാദ്യ പദ്ധതികൾ, വാർഷിക വരുമാന പദ്ധതികൾ എന്നിവ ഉൾപ്പെടെയുള്ള കേരളത്തിലെ സേവിങ് ബിസിനസിലും കമ്പനിക്ക് ശക്തമായ സാന്നിധ്യമുണ്ട്. കമ്പനി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 12,922 കോടി രൂപയാണ്. ഏഴു വർഷത്തിനിടെ കേരളത്തിലെ ഉപഭോക്താക്കൾക്ക് ആകെ 2,773 കോടി രൂപയുടെ ആനുകൂല്യങ്ങളും കമ്പനി നൽകി. നടപ്പുവർഷം ഒന്നാം പാദത്തിൽ സേവിങ്സ് പോളിസികളിൽ 54 ശതമാനവും അപേക്ഷ നൽകിയ ദിവസം തന്നെ അനുവദിച്ചു. ഇൻഷുറൻസ് പോളിസികളിൽ 58 ശതമാനവും ഡിജിറ്റൽ കെ.വൈ.സി. ഉപയോഗിച്ചാണ് അനുവദിച്ചത്.
സ്മാർട്ട്‌ഫോൺ സ്‌ക്രീൻ പ്രൊട്ടക്ടറുകൾക്ക് ബിഐഎസ് സർട്ടിഫിക്കേഷൻ നിർബന്ധമാക്കി
സ്മാർട്ട്‌ഫോൺ സ്‌ക്രീൻ പ്രൊട്ടക്ടറുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് സർട്ടിഫിക്കേഷൻ നിർബന്ധമാക്കിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. ഇതോടെ, ഇന്ത്യയിൽ ഇത്തരം ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന് മുൻപ് കമ്പനികൾ നിയന്ത്രണപരമായ അനുമതി നേടേണ്ടതുണ്ട്. പുതിയ മാനദണ്ഡപ്രകാരം ഗ്ലാസിന്റെ കനം പ്രഖ്യാപിച്ചിരിക്കുന്ന കനത്തിൽ നിന്ന് 10 ശതമാനത്തിൽ കൂടുതൽ വ്യത്യാസപ്പെടാൻ പാടില്ല. സാധാരണ ഗ്ലാസ് സ്‌ക്രീൻ പ്രൊട്ടക്ടറുകളിൽ പ്രകാശത്തിന്റെ പ്രവേശനം 89 ശതമാനത്തിന് മുകളിലായിരിക്കണം. പ്രൈവസി ഫിലിം ഉപയോഗിക്കുന്നവയിൽ ഇത് കുറഞ്ഞത് 59 ശതമാനമായിരിക്കണം. 300 മൈക്രോമീറ്ററിന് മുകളിലുള്ള പിൻഹോളുകൾ, കുമിളകൾ എന്നിവ അനുവദിക്കില്ല. കണ്ണുകൊണ്ട് വ്യക്തമായി തിരിച്ചറിയാവുന്ന വരകൾ, ലൈനുകൾ തുടങ്ങിയ തകരാറുകളും ഉണ്ടാകാൻ പാടില്ല. മാനദണ്ഡങ്ങൾ പാലിക്കാത്തതും ‘സ്റ്റാൻഡേർഡ്’ മാർക്ക് ഇല്ലാത്തതുമായ സ്‌ക്രീൻ പ്രൊട്ടക്ടറുകൾക്ക് 2027 ഏപ്രിൽ 1 മുതൽ ഇന്ത്യയിൽ വിലക്കേർപ്പെടുത്തും.
വിജയ് സേതുപതി ചിത്രം ‘ബത്ത’യിലെ പുതിയ ഗാനം പുറത്തിറങ്ങി
വിജയ് സേതുപതി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ബത്ത’യിലെ പുതിയ ഗാനം റിലീസ് ചെയ്തു. സായ് അഭ്യങ്കർ ആണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. കെ കെ നഗർ ഗാന ജീവ ആണ് ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്. സായ് അഭ്യങ്കർ, വംഗൽ പുള്ള വിക്കി, തമിഴ് ആധവൻ എന്നിവർ ചേർന്നാണ് ആലാപനം. അച്ഛൻ- മകൾ ബന്ധം പറയുന്നതാണ് ഗാനമെന്നാണ് സൂചന. ബാലാജി തരണീധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബത്ത. പ്രശസ്ത സംവിധായകൻ ആറ്റ്‌ലി അവതരിപ്പിക്കുന്ന ഈ ചിത്രം പ്രിയ ആറ്റ്‌ലി, മുറാദ് ഖേതാനി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. മലയാളി നടി ലിജോമോൾ ജോസാണ് നായികയായി എത്തുന്നത്. ഒക്ടോബർ 1-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.
നയൻതാര-കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു
നയൻതാര നായികയായെത്തിയ പുതിയ ചിത്രമാണ് ‘ഹായ്’. കവിൻ ആണ് ചിത്രത്തിൽ നായകനായെത്തിയത്. സെപ്റ്റംബർ 25 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. സീ ഫൈവ് തമിഴിലൂടെ ചിത്രം കാണാനാകും. റൊമാന്റിക് ചിത്രമായാണ് ‘ഹായ്’ ഒരുക്കിയിരിക്കുന്നത്. ഭാഗ്യരാജ്, പ്രഭു, രാധിക ശരത്കുമാർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. വിഷ്ണു എടവൻ സംവിധാനം ചെയ്ത ചിത്രത്തിന് ജെൻ മാർട്ടിനാണ് സംഗീത സംവിധാനം ഒരുക്കിയിരിക്കുന്നത്. ആഗോളതലത്തിൽ ഏകദേശം 15 കോടി രൂപയാണ് ചിത്രം ബോക്സ് ഓഫീസിൽ കളക്ട് ചെയ്തത്. വീട്ടുകാർ തീരുമാനിച്ച വിവാഹബന്ധത്തിൽ നിന്ന് രക്ഷപ്പെടാൻ വീടുവിട്ടിറങ്ങുന്ന മയിൽസാമിയുടെയും സമാനമായ സാഹചര്യത്തിൽ വിവാഹത്തിൽ നിന്ന് പിന്മാറുന്ന ദേവയാനിയുടെയും കഥയാണ് ഹായ്.
പുതിയ ഇലക്ട്രിക് സ്‌കൂട്ടറുമായി ആതർ എനർജി; ‘ആതർ കൊണാർക്ക്’ വിപണിയിൽ
ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിൽ പുതിയ മോഡലുമായി ആതർ എനർജി. കമ്പനിയുടെ പുതിയ ഇലക്ട്രിക് സ്‌കൂട്ടറായ ആതർ കൊണാർക്ക് ഇന്ത്യയിൽ അവതരിപ്പിച്ചു. കൊണാർക്കിനൊപ്പം ദൈനംദിന ഉപയോഗം ലക്ഷ്യമിട്ട് വികസിപ്പിച്ച പുതിയ ഇഎൽ പ്ലാറ്റ്‌ഫോമും കമ്പനി അവതരിപ്പിച്ചു. ഒറ്റ ചാർജിൽ 161 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്ന മോഡലാണ് കൊണാർക്ക് എസ് 161. ഓട്ടോ ഹോൾഡ്, പാർക്ക് അസിസ്റ്റ്, മാജിക് കീ തുടങ്ങി നിരവധി സവിശേഷതകളും സ്‌കൂട്ടറിലുണ്ട്. നിലവിൽ എസ്, ഇസഡ് വേരിയന്റുകളിലാണ് ആതർ കൊണാർക്ക് എത്തുന്നത്. എസ് സീരീസിലെ മൂന്ന് മോഡലുകളുടെ വിലയാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. കൊണാർക്ക് എസ് 100ന് 99,999 രൂപ മുതലാണ് വില. എസ് 125ന് 1,21,999 രൂപയും എസ് 161ന് 1,44,999 രൂപയുമാണ് വില.
വിജയരാജമല്ലികയുടെ പുസ്തകം ‘വിനയപൂർവം വിജയരാജമല്ലിക’ പുറത്തിറങ്ങി
സ്വയം വേദനകളെ ആവോളം അനുഭവിച്ച്, അതിൽ നിന്നും പൊരുതി, അവിടെ നിന്നും ഈ പറയുന്ന സിസ്-ജെൻഡർ എന്ന് കോൾമയിർ കൊള്ളുന്നവർക്ക് എത്താൻ പറ്റാത്ത ഉയരങ്ങളിൽ മല്ലിക എത്തുമ്പോൾ അത് കേവലം മല്ലികയുടെ വിജയം മാത്രമല്ല. ജെൻഡർ തുറന്നുപറയാൻ കഴിയാതെ ഉരുകി ജീവിക്കുന്ന ആയിരങ്ങൾക്കുള്ള പ്രചോദനമാണ്. മല്ലികയുടെ ചിരിയിൽ പൊഴിഞ്ഞുവീഴുന്ന കണ്ണുനീരിൽ ഇപ്പോൾ ചോരയുടെ ചുവപ്പ് വറ്റിയിരിക്കുന്നു. ഇപ്പോൾ ജീവിതത്തെ കൂടുതൽ ഗാഢമായി പ്രണയിക്കുന്ന മല്ലിക ഇനി പ്രതീക്ഷയുടെ വരമ്പിൽ തന്റെ കാലടികൾ ചേർത്തുവെച്ച് നടക്കുന്നു. ‘വിനയപൂർവം വിജയരാജമല്ലിക’. വിജയരാജമല്ലിക. ഒലീവ് പബ്‌ളിക്കേഷൻസ്. വില 332 രൂപ.
യമുനാ നദീതടങ്ങളിലെ പച്ചക്കറികളിൽ വിഷാംശം; കാൻസർ സാധ്യതയെന്ന് പഠനം
ഡൽഹിയിലെ യമുനാ നദീതടങ്ങളിൽ കൃഷി ചെയ്യുന്ന പച്ചക്കറികൾ കാൻസർ സാധ്യത വർധിപ്പിക്കുമെന്ന ആശങ്ക പങ്കുവെച്ച് പഠനം. ഇവിടെ കൃഷിചെയ്യുന്ന പച്ചക്കറികളിൽ ഉയർന്ന അളവിൽ ഘനലോഹങ്ങളുടെ സാന്നിധ്യമുണ്ടെന്നും ഇത് ഉപഭോക്താക്കളിൽ അർബുദ സാധ്യത വർധിപ്പിക്കുമെന്നുമാണ് പഠനം കണ്ടെത്തിയത്. ‘എനർജി നെക്സസ്’ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഡൽഹി സർവകലാശാലയിലെ ബോട്ടണി വിഭാഗം പ്രൊഫസറായ ദീനബന്ധു സാഹുവിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. സംസ്‌കരിക്കാത്ത യമുനാജലം ഉപയോഗിച്ച് കൃഷിചെയ്യുന്ന പച്ചക്കറികളാണ് അപകടകാരണമാകുന്നതെന്ന് ഗവേഷകർ പറയുന്നു. യമുനാ നദിയിലെ മലിനീകരണത്തിന്റെ ഏകദേശം 70-80 ശതമാനവും ഡൽഹിയിൽ നിന്നാണെന്നും പല കർഷകരും ജലസേചനത്തിനായി ഈ മലിനജലത്തെയാണ് ആശ്രയിക്കുന്നതെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. ഫുഡ് ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷൻ നിശ്ചയിച്ചിട്ടുള്ള സുരക്ഷിത പരിധിക്കപ്പുറം നിക്കൽ, ക്രോമിയം, കാഡ്മിയം, ലെഡ് തുടങ്ങിയ വിഷാംശമുള്ള ലോഹങ്ങൾ പച്ചക്കറികളിൽ അടിഞ്ഞുകൂടുന്നതായും പഠനത്തിൽ കണ്ടെത്തി. ചീരയിലും ഉള്ളിയിലും അനുവദനീയമായ അളവിനേക്കാൾ 97 ഉം 65 ഉം മടങ്ങ് അധികം നിക്കലിന്റെ സാന്നിധ്യം കണ്ടെത്തി. കടുകിൽ ക്രോമിയത്തിന്റെ അളവ് 22 മടങ്ങ് കൂടുതലായിരുന്നു. ഉരുളക്കിഴങ്ങിലും സവാളയിലും ലെഡിന്റെ അളവ് 10 മടങ്ങും ചീരയിൽ 7 മടങ്ങും അധികമാണെന്ന് കണ്ടെത്തി. സാധാരണയായി ആളുകൾ കഴിക്കുന്ന പച്ചക്കറികളിലെല്ലാം വിഷാംശമുള്ള ലോഹങ്ങളുടെ സാന്നിധ്യം കണ്ടെത്തി.





























