തൃശൂർ. പാലപ്പിള്ളി കുണ്ടായി ഹാരിസൺ മലയാളം എസ്റ്റേറ്റിൽ വനിതാ വാച്ചർ ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ടാളുടെ പേരിൽ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി. തോട്ടം തൊഴിലാളിയായ ചെമ്പുച്ചിറ സ്വദേശി മഞ്ജുഷയുടെ ആത്മഹത്യക്കുറിപ്പിൽ പറയുന്ന മാനേജ്മെൻറ് ജീവനക്കാരായ രണ്ടുപേരുടെ പേരിലാണ് കേസെടുത്തത്.
വരന്തരപ്പിള്ളി പോലീസ് ഇരിങ്ങാലക്കുട സബ് ഡിവിഷണൽ മജിട്രേറ്റ് കോടതിയിൽ വകുപ്പ് മാറ്റുന്നതിനുള്ള അപേക്ഷ നൽകി.
തിങ്കളാഴ്ച വൈകീട്ട് ഫാക്ടറിക്ക് 500 മീറ്റർ മാറിയുള്ള വൈദ്യുത ടവറിലാണ് മഞ്ജുഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
ഫാക്ടറിയിലെ വാച്ചർ ആയിരുന്ന മഞ്ജുഷയെ 20 ദിവസമായി പുറമേയുള്ള തോട്ടത്തിലേക്ക് തനിച്ചാണ് ജോലിക്ക് അയച്ചിരുന്നത്. ആനയും പുലിയും ഇറങ്ങുന്ന പ്രദേശത്ത് തനിച്ച് ജോലിക്ക് പോകുന്നതുമൂലമുള്ള പ്രയാസത്തിലായിരുന്നു മഞ്ജുഷ. കഴിഞ്ഞ ജൂലായിൽ ഒരു മാനേജ്മെൻ്റ് ജീവനക്കാരൻ മഞ്ജുഷയുടെ ഫോണിലേക്ക് അസഭ്യ സന്ദേശം അയച്ച സംഭവം ഉണ്ടായിരുന്നു. ഇതിൽ പരാതി നൽകുമെന്ന് മഞ്ജുഷ പറഞ്ഞതിന് ശേഷം മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് ആത്മഹത്യക്കുറിപ്പിൽ പറയുന്നു.
മൂന്ന് വർഷം മുൻപ് ജോലിക്കിടെ സോളാർ വേലിയിൽ നിന്ന് ഷോക്കേറ്റ് മഞ്ജുഷയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് ഫാക്ടറി കോമ്പൗണ്ടിൽ വാച്ചറായി ജോലി ചെയ്തു വരികയായിരുന്നു.
അസുഖബാധിതയായ മഞ്ജുഷക്ക് ഒറ്റയ്ക്ക് പുറത്തുപോയി ജോലിചെയ്യാൻ കഴിയാത്ത സ്ഥിതിയാണെന്ന് അറിയാവുന്ന മാനേജ്മെന്റ് ജീവനക്കാർ ഇവരെ ഒറ്റക്ക് കാടിന് സമീപത്തുള്ള തോട്ടത്തിലേക്ക് ജോലിക്കയക്കുകയായിരുന്നു. മാനസികമായി പീഡിപ്പിക്കുന്നതിനാണ് പുറമേയുള്ള ജോലിക്ക് അയച്ചതെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. സംഭവത്തിൽ ആ സ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നെങ്കിലും ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയിരുന്നില്ല. ഇതിനെതിരെ കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള സംഘടനകൾ ഹാരിസൺ മലയാളം കമ്പനി ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസിന്റെ നടപടി.


































