Home Blog Page 98

കെവിൻ പീറ്റേഴ്സൻ വീണ്ടും ഇംഗ്ലണ്ട് ടീമിൽ

മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ Kevin Pietersen വീണ്ടും ഇംഗ്ലണ്ട് ടീമിന്റെ ഭാഗമാകുന്നു. ഇത്തവണ കളിക്കാരനായല്ല, വൈറ്റ് ബോൾ ക്രിക്കറ്റിൽ ടീമിന്റെ സ്പെഷലിസ്റ്റ് മെന്ററായാണ് പീറ്റേഴ്സന്റെ തിരിച്ചുവരവ്.
2014ൽ ഇംഗ്ലണ്ട് അധികൃതരുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് അന്താരാഷ്ട്ര കരിയറിന് വിരാമമിട്ട പീറ്റേഴ്സൻ 12 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ദേശീയ ടീമിന്റെ കോച്ചിങ് സംഘത്തിലേക്ക് മടങ്ങിയെത്തുന്നത്. Brendon McCullum നയിക്കുന്ന കോച്ചിങ് സ്റ്റാഫിലാണ് പീറ്റേഴ്സനും ചേരുന്നത്.
ഈ മാസം അവസാനം ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന വൈറ്റ് ബോൾ മത്സരങ്ങളിലൂടെയാകും പീറ്റേഴ്സന്റെ പുതിയ ദൗത്യം ആരംഭിക്കുക. ഇംഗ്ലണ്ട് ടീമിനൊപ്പം പ്രവർത്തിക്കാനും ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ലോകകപ്പ് സ്വന്തമാക്കാനുള്ള ടീമിന്റെ ശ്രമങ്ങൾക്ക് സഹായിക്കാനും അവസരം ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് പീറ്റേഴ്സൻ പ്രതികരിച്ചു.
നിലവിൽ ബ്രണ്ടൻ മക്കെല്ലമാണ് ഇംഗ്ലണ്ടിന്റെ വൈറ്റ് ബോൾ ടീമിന്റെ മുഖ്യ പരിശീലകൻ. മാർക്കസ് ട്രസ്കോത്തിക് ബാറ്റിങ് കോച്ചും ടിം സൗത്തി ഫാസ്റ്റ് ബൗളിങ് കോച്ചും ജീതൻ പട്ടേൽ സ്പിൻ ബൗളിങ് കോച്ചും സാറ ടെയ്‌ലർ ഫീൽഡിങ് കോച്ചുമാണ്. ഈ സംഘത്തിലേക്കാണ് കെവിൻ പീറ്റേഴ്സനും പുതുതായി എത്തുന്നത്.

സൈബര്‍ സാമ്പത്തിക കുറ്റവാളികളെ ലക്ഷ്യമിട്ട് ഓപ്പറേഷന്‍ ‘CY HUNT’-ന്റെ ഭാഗമായി പാലക്കാട് വ്യാപക റെയ്ഡ് 26 അറസ്റ്റ്

പാലക്കാട്: സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനും സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പങ്കാളികളായി രാജ്യവ്യാപകമായി തട്ടിപ്പ് നടത്തിയവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിനുമായി കേരളത്തിലുടനീളം നടത്തിയ ഓപ്പറേഷന്‍ ‘CY HUNT’-ന്റെ ഭാഗമായി പാലക്കാട് ജില്ലയിലും വ്യാപക റെയ്ഡ്. സൈബര്‍ തട്ടിപ്പിനുപയോഗിച്ച ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്കെതിരെയാണ് നടപടി.

സാധാരണക്കാരെയും സ്ത്രീകളെയും സൈബര്‍ മാഫിയ സംഘങ്ങള്‍ സമീപിച്ച് ചെറിയ തുക കമ്മീഷന്‍ വാഗ്ദാനം ചെയ്ത് വിവിധ ബാങ്ക് അക്കൗണ്ടുകള്‍ രാജ്യവ്യാപകമായി സൈബര്‍ തട്ടിപ്പിന് ഉപയോഗിക്കുകയും പണം കൈമാറ്റം ചെയ്യുകയും ചെയ്യുന്ന പ്രവണത പാലക്കാട് ജില്ലയിലും നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.

പാലക്കാട് ജില്ലാ പൊലീസ് മേധാവി എ. അബ്ദുള്‍ റഷി ഐപിഎസിന്റെ നേതൃത്വത്തിലും ഡി സി ആര്‍ ബി ഡിവൈഎസ്പി വിശ്വംഭരന്‍ എം-ന്റെ നിര്‍ദേശത്തിലും ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി അതീവ രഹസ്യമായി 70 റെയ്ഡുകള്‍ നടത്തി. സൈബര്‍ സെല്‍ പൊലീസ് സ്റ്റേഷന്‍ സി വൈ ഹണ്ട് കണ്‍ട്രോള്‍ റൂം (CY HUNT Control Room ) ആയി പ്രവര്‍ത്തിക്കുകയും ചെയ്തു.

രാജ്യവ്യാപകമായി സൈബര്‍ സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പങ്കാളികളാവുകയും സൈബര്‍ തട്ടിപ്പിലൂടെ ലഭിക്കുന്ന പണം സ്വന്തം അക്കൗണ്ടുകളില്‍ സ്വീകരിക്കുകയും എ.ടി.എം., ചെക്കുകള്‍ എന്നിവ ഉപയോഗിച്ച് പണമിടപാടുകള്‍ നടത്തി അനധികൃത സാമ്പത്തിക നേട്ടം ഉണ്ടാക്കുകയും ചെയ്തവരെയും ബാങ്ക് അക്കൗണ്ടുകള്‍ വാടകയ്ക്ക് നല്‍കി കമ്മീഷന്‍ കൈപ്പറ്റിയവരെയുമാണ് ഓപ്പറേഷന്‍ ‘CY HUNT’-ന്റെ ഭാഗമായി നിരീക്ഷിച്ചത്.

വ്യാപകമായി നടത്തിയ റെയ്ഡില്‍ 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 26 പേരെ അറസ്റ്റ് ചെയ്യുകയും 14 മൊബൈല്‍ ഫോണുകളും 45 ബാങ്ക് രേഖകളും പിടിച്ചെടുക്കുകയും ചെയ്തു. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെട്ടതായി കണ്ടെത്തിയ അക്കൗണ്ടുകളുടെ ഉടമകള്‍, ഹവാല ഇടപാടുകളിലൂടെയും മറ്റും അക്കൗണ്ടുകളില്‍ പണം അയച്ചുകിട്ടിയവര്‍, സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടതായി ബോധ്യപ്പെട്ടവര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പങ്കാളികളായ ഇവര്‍ രാജ്യവ്യാപകമായി നടത്തിയിട്ടുള്ള തട്ടിപ്പുകളെപ്പറ്റി വരും ദിവസങ്ങളില്‍ കൂടുതല്‍ അന്വേഷണം നടത്തും. മറ്റ് സംസ്ഥാനങ്ങളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരെ അതത് സംസ്ഥാനങ്ങളുടെ സഹകരണത്തോടെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികളും തുടരും.

സ്വന്തം ബാങ്ക് അക്കൗണ്ടുകള്‍ സാമ്പത്തിക നേട്ടത്തിനായി മറ്റുള്ളവര്‍ക്ക് കൈമാറുന്നത് ഗുരുതരമായ ക്രിമിനല്‍ കുറ്റകൃത്യമാണെന്ന് പൊലീസ് അറിയിച്ചു. കമ്മീഷന്‍ വാഗ്ദാനത്തില്‍ വീണ് ബാങ്ക് അക്കൗണ്ടുകള്‍ തട്ടിപ്പുകാര്‍ക്ക് കൈമാറുന്ന പ്രവണത വര്‍ധിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരക്കാരെ നിരീക്ഷിച്ച് ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും പാലക്കാട് ജില്ലാ പൊലീസ് മേധാവി A. അബ്ദുള്‍ റഷി IPS അറിയിച്ചു.

സൈബര്‍ തട്ടിപ്പിനിരയായാല്‍ ഉടന്‍ തന്നെ ടോള്‍ഫ്രീ നമ്പര്‍ 1930-ല്‍ വിളിക്കുകയോ cybercrime.gov.in എന്ന വെബ്‌സൈറ്റില്‍ പരാതി രജിസ്റ്റര്‍ ചെയ്യുകയോ വേണമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

രണ്ട് യുവാക്കൾ മരിച്ച NH 66 ലെ വാഹനാപകടം:ലോറി ഡ്രൈവർ അറസ്റ്റിൽ

മലപ്പുറം. ഇടിമുഴിക്കലിലെ NH 66 ലെ വാഹനാപകടം:ലോറി ഡ്രൈവർ അറസ്റ്റിൽ.മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി സിദ്ദീഖ് (36) ആണ് അറസ്റ്റിലായത്.ഇടിമുഴിക്കലിൽ ആറുവരിപ്പാതയിൽ ദിശ തെറ്റിച്ചെത്തിയ ചെങ്കൽ ലോറി കാറിലിടിച്ച് രണ്ട് യുവാക്കൾ മരിച്ച സംഭവത്തിലാണ് അറസ്റ്റ്

ഡ്രൈവർക്കെതിരെ കുറ്റകരമായ നരഹത്യാശ്രമത്തിന് കേസെടുത്തു.ഞായറാഴ്ച പുലർച്ചെ 2:30-ഓടെ ആയിരുന്നു അപകടം.പൂവത്തുമാട് സ്വദേശി കാവുളക്കണ്ടി ഹാരിസ് (27), കഴുങ്ങുംതോട്ടത്തിൽ കെ.ടി. ജംഷീർ (31) എന്നിവരാണ് മരിച്ചത്

ഗുരുതരമായി പരിക്കേറ്റ മൂന്ന് പേർ ചികിത്സയിലാണ്.തെറ്റായ ദിശയിൽ മൂന്നാം ട്രാക്കിലൂടെ വന്ന ലോറി U TURN അടിക്കാൻ ശ്രമിക്കുന്നതിനിടെ അതേ ട്രാക്കിലൂടെ വന്ന കാറുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു

കൊച്ചിയിലെ ഒ ജി ബാറിലെ ജീവനക്കാരുടെ മർദ്ദനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

കൊച്ചി. ഒ ജി ബാറിലെ ജീവനക്കാരുടെ മർദ്ദനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു.
എറണാകുളം നെട്ടൂർ സ്വദേശി പുഷ്പനാണ് മരിച്ചത്.സംഭവത്തിൽ ഒരു മലയാളി ഉൾപ്പെടെ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് മദ്യപിക്കാൻ എത്തിയ പുഷ്പനും OG ബാറിലെ ജീവനക്കാരും തമ്മിൽ തർക്കമുണ്ടാകുന്നത്.നൽകിയ മദ്യത്തിന്റെ അളവ് കുറഞ്ഞത് സംബന്ധിച്ചായിരുന്നു തർക്കം.തർക്കത്തിന് ഒടുവിൽ ബാർ ജീവനക്കാരും സെക്യൂരിറ്റിയും ചേർന്ന് പുഷ്പ്പനെ മർദിച്ചു.ബാറിന് പുറത്തുവെച്ചായിരുന്നു മർദ്ദനം.
മർദ്ധനത്തിൽ പുഷ്പന്റെ തലയ്ക്ക്‌ ഗുരുതരമായി പരിക്കേറ്റു.പിന്നാലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഇന്ന് വൈകീട്ടാണ് മരണം സ്ഥിരീകരിച്ചത്.സംഭവത്തിൽ മൂന്ന് പേരെ പോലിസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.കൊല്ലം പത്തനാപുരം സ്വദേശി സുരേഷ് കുമാർ, ഹൈദരാബാദ് സ്വദേശി റോസ് ലയണൽ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം.

സംസ്ഥാനത്ത് ഇന്നും കനത്ത ചൂടിന് സാധ്യത,സാധാരണ നിലയില്‍നിന്നും 4 ഡിഗ്രി വരെ താപനില ഉയരും

സംസ്ഥാനത്ത് ഇന്നും കനത്ത ചൂടിന് സാധ്യത. സാധാരണ നിലയിൽ നിന്ന് 4 ഡിഗ്രി വരെ താപനില ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. കൊല്ലം ജില്ലയിലെ പുനലൂരിലാണ് കഴിഞ്ഞ ദിവസം ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. കോട്ടയം ജില്ലയിൽ 35 ഡിഗ്രിക്ക് മുകളിലേക്കും താപനില ഉയർന്നു.

ചൂട് കൂടുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശം. പകൽ 11 മുതൽ 3 വരെയുള്ള സമയത്ത് കൂടുതൽ ജാഗ്രത വേണം. സ്കൂളുകളിലെ അസംബ്ലിയും പൊതു പരിപാടികളും ഒഴിവാക്കാനും നിർദേശമുണ്ട്. അതേസമയം വ്യാഴാഴ്ച രണ്ട് ജില്ലകളിലും വെള്ളിയാഴ്ച നാല് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.

കാട്ടൂരിൽ 5 കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികൾ പിടിയിൽ

തൃശൂര്‍.ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി കാട്ടൂരിൽ 5 കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികൾ പിടിയിൽ. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ പി എസ് ന്റെ നേതൃത്വത്തിൽ ഡാൻസാഫ് സംഘവും കാട്ടൂർ പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

കാട്ടൂരിൽ വിൽപ്പനക്കായി എത്തിച്ച 5 കിലോയോളം കഞ്ചാവുമായാണ് മൂന്ന് പ്രതികളെയാണ് ഡാൻസാഫ് സംഘവും കാട്ടൂർ പോലീസും ചേർന്ന് പിടികൂടിയത്. എടതിരിത്തി പറയൻകടവ് സ്വദേശി തുരുത്തി വീട്ടിൽ ജിതിക് (31), താണിശ്ശേരി കുറുപ്പത്തിപടി സ്വദേശി തുണ്ട്പറമ്പിൽ വീട്ടിൽ മഹേഷ് (33), ഒറീസ സ്വദേശി ഫിരാജ് നായക് (26) എന്നിവരാണ് അറസ്റ്റിലായത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കാട്ടൂർ അശോക ബാറിനു സമീപമുള്ള നേരം ഹോട്ടലിന് പുറകുവശത്ത് നിന്നാണ് പ്രതികൾ പിടിയിലായത്. ഫിരാജ് നായക് ഒറീസയിൽ നിന്ന് കടത്തിക്കൊണ്ട് വന്ന കഞ്ചാവ് കൈമാറുന്നതിനിടെയാണ് ഡാൻസാഫ് സംഘവും കാട്ടൂർ പോലീസും ചേർന്ന് ഇവരെ പിടികൂടിയത്.ജിതിക് കയ്പമംഗലം മതിലകം പോലീസ് സ്റ്റേഷൻ പരിധികളിലായി ഒരു വധശ്രമക്കേസിലും രണ്ട് അടിപിടിക്കേസിലും ഏതെങ്കിലും കുറ്റകൃത്യത്തിൽ ഏർപ്പെടാതിരിക്കാൻ അറസ്റ്റ് ചെയ്ത് നീക്കിയ മൂന്ന് കേസിലും അടക്കം ആറ് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.

തൃശ്ശൂർ റൂറൽ ഡാൻസാഫ് അംഗങ്ങളായ എസ് ഐ മാരായ ജയകൃഷ്ണൻ, പ്രദീപ്, ജി എ എസ് ഐ ലിജു, ജി എസ് സി പി ഒ സോണി, ജി എ എസ് ഐ സിൽജോ വി യു, സി പി ഒ മിഥുൻ, കാട്ടൂർ പോലീസ് സ്റ്റേഷൻ എസ് ഐ എസ് എച്ച് ഒ ഹാഷിഷ്, എസ് ഐ മാരായ ബാബു, തുളസിദാസ്, ജി എസ് സി പി ഒ മാരായ രജീഷ്, സിജു, ഡ്രൈവർ എ എസ് ഐ മുസ്തഫ ഷൗക്കർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്

ആളൊഴിഞ്ഞ  വീട്ടിൽ മോഷണം നടത്തുന്നതിനിടയിൽ അന്തർസംസ്ഥാന മോഷ്ടാവ് പിടിയിൽ

കൊടുങ്ങല്ലൂര്‍.  ആളൊഴിഞ്ഞ  വീട്ടിൽ മോഷണം നടത്തുന്നതിനിടയിൽ അന്തർസംസ്ഥാന മോഷ്ടാവ് പിടിയിൽ. 
സ്പൈഡർ സാബു എന്ന സ്ഥിരം കുറ്റവാളിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. താമസമില്ലാത്ത വീടുകൾ നോക്കിവച്ച് മോഷണം നടത്തുന്നതാണ് സ്പൈഡർ സാബുവിൻ്റെ രീതി.


ഞായറാഴ്ച്ച രാത്രിയിലായിരുന്നു സംഭവം. തെക്കെ നടയിൽ പൂട്ടിയിട്ട വീട്ടിലാണ്  മോഷണശ്രമം നടന്നത്.  സിസിടിവി ക്യാമറയുമായി ബന്ധിപ്പിച്ച മൊബൈൽ ഫോണിൽ മോഷ്ടാവിൻ്റെ ദൃശ്യങ്ങൾ കണ്ട വീട്ടുടമ കൊടുങ്ങല്ലൂർ പോലീസ് വിവരം അറിയിച്ചു. ഉടൻ തന്നെ എസ്.ഐ അതുൽ മോഹൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു. 
മെയിൻ ഗേറ്റ് താഴിട്ട് പൂട്ടിയിരുന്നതിനാൽ പോലീസ് സംഘം മതിൽ ചാടിക്കടന്ന് വീട് വളഞ്ഞാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.  ആളൊഴിഞ്ഞ വീടുകൾ നോട്ടമിട്ട് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. 

കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിൽ  കവർച്ചക്കിടെ ഒരാളെ കൊലപ്പെടുത്തിയ കേസിലും,  തൃശ്ശൂർ ഗുരുവായൂർ, ഗുരുവായൂർ ടെമ്പിൾ, കുന്നംകുളം, വയനാട് ബത്തേരി, കോഴിക്കോട് ഫറോഖ്, പന്നിയങ്കര, നല്ലളം, ചെമ്പോല, എറണാംകുളം കുന്നത്ത്നാട് പോലീസ് സ്റ്റേഷൻ പരിധികളിലായി പന്ത്രണ്ട് മോഷണക്കേസുകളിലും  പ്രതിയാണ് ഇയാൾ.
ഗ്രേഡ് എസ്.ഐ സജീവ്,  സി.പി.ഒമാരായ അമൽദേവ്,ജാബിർ, മുഹീബ് റഹ്മാൻ എന്നിവരും പ്രതിയെ പിടികൂടിയ  പോലീസ് സംഘത്തിലുണ്ടായിരുന്നു.

മധ്യകേരളത്തിലെ വിവിധ ജില്ലകളിലെ ക്ഷേത്രങ്ങളില്‍ മോഷണം പതിവാക്കിയ കവര്‍ച്ചാസംഘത്തിലെ അംഗങ്ങള്‍ തൊടുപുഴ പൊലീസിന്റെ പിടിയില്‍

തൊടുപുഴ . ഇടുക്കിയിലടക്കം മധ്യകേരളത്തിലെ വിവിധ ജില്ലകളിലെ ക്ഷേത്രങ്ങളില്‍ മോഷണം പതിവാക്കിയ കവര്‍ച്ചാസംഘത്തിലെ അംഗങ്ങള്‍ തൊടുപുഴ പൊലീസിന്റെ പിടിയില്‍. മലയാളികള്‍ക്കൊപ്പം ഇതര സംസ്ഥാന തൊഴിലാളികളും ഉള്‍പ്പെട്ട കവര്‍ച്ചാ സംഘത്തിലെ മൂന്ന് പേരാണ് പിടിയിലായത്. പല ക്ഷേത്രങ്ങളില്‍ നിന്നായി കവര്‍ന്ന ലക്ഷങ്ങള്‍ വിലയുള്ള വസ്തുക്കളും പൊലീസ് കണ്ടെത്തി.


അസം സ്വദേശി അമീര്‍ ഹംസ, ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറായ കണ്ണൂര്‍ സ്വദേശി ഉബൈദ്, മോഷണമുതലുകള്‍ വാങ്ങിയ എറണാകുളം തമ്മനം സ്വദേശി അനസ് എന്ന റസാഖ് എന്നിവരാണ് തൊടുപുഴ പോലീസിന്റെ പിടിയിലായത്. തൊടുപുഴ കോലാനിയിലെ അമരംകാവ് ദേവി ക്ഷേത്രത്തില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. അമരംകാവില്‍ മെയ് മുപ്പത്തിയൊന്നിനും ഈ മാസം മൂന്നിനായിരുന്നു കവര്‍ച്ച. ക്ഷേത്രത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് സിസിടിവികളടക്കം തകര്‍ത്തായിരുന്നു കവര്‍ച്ച. ലക്ഷങ്ങള്‍ മൂല്്യമുള്ള വിളക്കുകളും ഭണ്ഡാരത്തിലെ പണവുമാണ് സംഘം കവര്‍ന്നത്. ഈ കാലയളവില്‍ മറ്റ് ജില്ലകളിലെ ക്ഷേത്രങ്ങളിലും സമാനമായ കവര്‍ച്ച നടന്നു. എഡിജിപിയുടെ നിര്‍ദേശപ്രകാരം ഇടുക്കി ജില്ലാ പൊലീസ് മേധാവി മോഷ്ടാക്കളെ പിടികൂടാന്‍ പ്രത്യേക സംഘത്തിന് രൂപം നല്കി. നൂറിലേറെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.

കവര്‍ച്ചാസംഘത്തില്‍ കൂടുതല്‍ പേര്‍ അംഗങ്ങളാണ്. ബംഗാള്‍ സ്വദേശി സുമീര്‍ അടക്കമുള്ളവര്‍ക്കായി അന്വേഷണം തുടരുകയാണ്. മോഷണമുതലുകള്‍ എറണാകുളം തമ്മനത്തെ അനസിന്റെ കടയില്‍ നിന്ന കണ്ടെത്തി. മോഷണം പതിവായിട്ടും പ്രതികളെ പിടിക്കാത്തതില്‍ നാട്ടുകാരും വിശ്വാസികളും പ്രതിഷേധത്തിലായിരുന്നു.

ഏതെല്ലാം ക്ഷേത്രത്തിലാണ് മോഷണം നടത്തിയതെന്ന് പ്രതികള്‍ക്ക് വിശദീകരിക്കാനായില്ല. അത്രയധികം ക്ഷേത്രങ്ങളിലാണ് സംഘം കവര്‍ച്ച നടത്തിയത്.
പ്രതികളെ അടുത്ത ദിവസം ക്സ്റ്റ്ഡി ചോദ്യം ചെയ്യുന്നതോടെ മോഷണം നടന്ന ക്ഷേത്രങ്ങല്‍ സംഘത്തിലെ മറ്റംഗങള്‍ എന്നിവരെ കുറിച്ച് വ്യക്തത വരുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

കാര്‍ തടഞ്ഞ യാത്രക്കാരെ ഭീഷണിപ്പെടുത്തിയ സ്വകാര്യ ബസ് ജീവനക്കാരന്‍ വീണ്ടും അറസ്റ്റിലായി, റിമാന്‍ഡില്‍

കൊച്ചി. കാര്‍ തടഞ്ഞ യാത്രക്കാരെ ഭീഷണിപ്പെടുത്തിയ സ്വകാര്യ ബസ് ജീവനക്കാരന്‍ വീണ്ടും അറസ്റ്റില്‍. മോഷണക്കേസ് പ്രതിയായ കണ്ണൂര്‍ സ്വദേശി മുഹമ്മദ് അന്‍സാറിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസുകാരെ ആക്രമിച്ചതിലടക്കം പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തതിന് പിന്നാലെയാണ് അറസ്റ്റ്.


സിനിമ സ്‌റ്റൈലില്‍ കാര്‍ തടഞ്ഞിട്ട് മുന്നില്‍ കയറിയുള്ള നില്‍പ്പ് മുഹമ്മദ് അന്‍സാറിന് പതിവാണ്. നിരത്തിലൂടെ ലക്കും ലഗാനുമില്ലാതെ അമിത വേഗതയില്‍ പായുന്ന ബസിനെതിരെ ആരെങ്കിലും പ്രതികരിച്ചാല്‍ മുഹമ്മദ് അന്‍സാറിന്റെ രീതി ഇതാണ്. സിഗരറ്റും കത്തിച്ച് കാറ് തടഞ്ഞിട്ട് അസഭ്യവര്‍ഷവും ഭീഷണിയും. കുടുംബവുമായി സഞ്ചരിച്ച പ്രവാസിയുടെ കാര്‍ തടഞ്ഞിട്ട് കാട്ടിയ അതിക്രമം കഴിഞ്ഞ ദിവസം ദൃശ്യങ്ങള്‍ സഹിതം പുറത്തുവന്നിരുന്നു. ഓഗസ്റ്റ് ഒന്‍പതിന് നടന്ന അതിക്രമത്തില്‍ ശനിയാഴ്ച നോര്‍ത്ത് പൊലീസ് മുഹ്‌മ്മദ് അന്‍സാറിനെ അറസ്റ്റ് ചെയ്തു. ബസില്‍ നിന്ന് പിടികൂടാനുള്ള ശ്രമത്തിനിടെ എസ്‌ഐയുടെ മുഖത്തിടിച്ച പ്രതി പുറത്തേക്ക് തള്ളിയിടുകയും ചെയ്തു.പണിപ്പെട്ട് പിടികൂടി സ്റ്റേഷനിലെത്തിച്ചെങ്കിലും എസ്എച്ച്ഒ സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചു. പൊലീസിന്റെ കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിനും മര്‍ദിച്ചതിനും കേസെടുക്കാമെന്നിരിക്കെ പ്രതിയോട് കാട്ടിയത് മൃദുസമീപനം. നോര്‍ത്ത് പൊലീസിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് മുഹമ്മദ് അന്‍സാറിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. ഇതിന് പുറമെ കാര്‍ തടഞ്ഞ് ഭീഷണിപ്പെടുത്തിയതിന് മറ്റൊരു പരാതി കൂടി ലഭിച്ചു.

കഴിഞ്ഞ മാസം 22ന് പടമുഗളിലും സമാനമായി ഇയാള്‍ കാര്‍ തടഞ്ഞ് യാത്രക്കാരെ ഭീഷണിപ്പെടുത്തി. ഇതിന്റെ ദൃശ്യങ്ങള്‍ സഹിതം ലഭിച്ച പരാതിയില്‍ തൃക്കാക്കര പൊലീസാണ് കേസെടുത്തത്. വഴി തടഞ്ഞതിനും അസഭ്യം വിളിച്ചതിനുമാണ് കേസ്. മുഹ്‌മ്മദ് അന്‍സാര്‍ ചില്ലറക്കാരനല്ലെന്ന് കൊച്ചി സിറ്റി പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി. 2024ല്‍ ചേവായൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് സ്‌കൂട്ടര്‍ മോഷ്ടിച്ച കേസില്‍ മുഹമ്മദ് അന്‍സാര്‍ പ്രതിയാണ്. ഇതേ കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ പ്രാര്‍ഥിക്കാന്‍ കയറിയ യാത്രക്കാരന്റെ ബാഗ മോഷ്ടിച്ചതിനും ഇയാള്‍ പിടിയിലായി. 2023ല്‍ ട്രെയിനിനുള്ളില്‍വെച്ച് യാത്രക്കാരന്റ മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസിലും മുഹമ്മദ് അന്‍സാര്‍ പ്രതിയാണ്. ഇത്തരത്തില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ് കൊച്ചിയിലെ സ്വകാര്യ ബസ് ജീവനക്കാരിലേറെയും. സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമവും ഗുണ്ടായിസവും പതിവായിട്ടും പൊലീസിന്റെ അയഞ്ഞ സമീപനത്തില്‍ വ്യാപക അമര്‍ഷമുണ്ട്.

റിട്ട. പഞ്ചായത്ത് സെക്രട്ടറി രാധാകൃഷ്ണപിള്ളയുടെ മാതാവ് സരസ്വതി അമ്മ അന്തരിച്ചു

ശാസ്താംകോട്ട
മൈനാഗപ്പള്ളി വേങ്ങ പതിനൊന്നാം വാർഡിൽ അഖിൽ ഭവനിൽ ജെ രാധാക്യഷ്ണപിള്ളയുടെ [ റിട്ട. പഞ്ചായത്ത് സെക്രട്ടറി ] അമ്മയും പരേതനായ ജനാർദനൻ പിള്ളയുടെ ഭാര്യയുമായ സരസ്വതി അമ്മ [95] അന്തരിച്ചു. സംസ്ക്കാരം ചൊവ്വ വൈകിട്ട് 4.30 ന് വേങ്ങ [ മാമ്പുഴ മുക്ക് ]  അഖിൽ ഭവനിൽ. മറ്റ് മക്കൾ: വാസുദേവൻ പിള്ള, രവീന്ദ്രൻ പിള്ള, വിജയമ്മ. മരുമക്കൾ:  ജയകുമാരി, രമാദേവി അമ്മ, പരേതനായ സോമരാജൻ പിള്ള, വിമല അമ്മ.