18-–ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വ ചലച്ചിത്രമേള ഇന്ന് കൊടിയിറങ്ങും. മേളയുടെ സമാപന സമ്മേളനം വൈകിട്ട് ആറിന് കൈരളി തിയറ്ററിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ചലച്ചിത്രപ്രവർത്തക നിന സബ്നാനിക്ക് ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് സമ്മാനിക്കും.
ഫിക്ഷൻ ജൂറി ചെയർപേഴ്സൺ സഞ്ജു സുരേന്ദ്രൻ ഫിക്ഷൻ വിഭാഗത്തിലെ ജൂറി റിപ്പോർട്ടും അവാർഡ് പ്രഖ്യാപനവും നടത്തും. ഫിക്ഷൻ വിഭാഗത്തിലെ അവാർഡ് മുഖ്യമന്ത്രി സമ്മാനിക്കും. മന്ത്രി സി പി ജോൺ ജൂറി അംഗങ്ങൾക്ക് ഉപഹാരം നൽകും. നോൺ ഫിക്ഷൻ വിഭാഗത്തിലെ ജൂറി റിപ്പോർട്ടും അവാർഡ് പ്രഖ്യാപനവും ജൂറി ചെയർപേഴ്സൺ റുചിർ ജോഷി നിർവഹിക്കും. നോൺ ഫിക്ഷൻ വിഭാഗത്തിലെ അവാർഡ്, ലോങ് ഡോക്യുമെന്ററി എഡിറ്റിങ്ങിനുള്ള കുമാർ ടാക്കീസ് അവാർഡ്, ഡോക്യുമെന്ററി ഛായാഗ്രഹണത്തിനുള്ള ശശി ആനന്ദ് മെമ്മോറിയൽ അവാർഡ് എന്നിവയും സമ്മാനിക്കും.





























