ഓയൂര്‍: അമ്പലംകുന്നില്‍ വയോധികനെ കാറില്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച നാല് പേരെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. അമ്പലംകുന്ന് ചെങ്കൂര്‍ സ്വദേശി ജോണി (59)നാണ് മര്‍ദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചല്‍ കോടുക്കല്‍ നെടുമ്പാച്ചേരിയില്‍ വീട്ടില്‍ ആസിഫ്, കടയ്ക്കല്‍ കല്ലിമുക്ക് ചരുവിള വീട്ടില്‍ വിഷ്ണു. ടി. (28), കടയ്ക്കല്‍ കുമ്മിള്‍ പുലിപ്പാറ ശ്രീലയത്തില്‍ ആദര്‍ശ് ബാബു (29), പുലിപ്പാറ സ്വാമിമുക്ക് വൈഷ്ണവത്തില്‍ അര്‍ജുന്‍ (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ജോണിയുടെ മകന്‍ ജാക്‌സണ്‍ അമ്പലംകുന്ന് സ്വദേശിനി വിസ്മയ എന്ന പെണ്‍കുട്ടിയുമായി പ്രണയത്തിലാവുകയും 3 ദിവസം മുന്‍പ് ഇരുവരും രജിസ്റ്റര്‍ വിവാഹം കഴിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ പെണ്‍കുട്ടിയുടെ ബന്ധു അര്‍ജുന്‍ ജാക്‌സണുമായി ഫോണില്‍ക്കൂടി പരസ്പരം അസഭ്യം പറയുകയും ചെയ്തു. തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി അര്‍ജുന്‍ കൂട്ടുകാരുമായി ജാക്‌സന്റെ വീട്ടില്‍ അതിക്രമിച്ച് കയറുകയും വീട്ടിലുണ്ടായിരുന ജാക്‌സന്റെ അച്ഛന്‍ ജോണിയെ ബലമായി കാറില്‍ പിടിച്ച് കയറ്റിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
ജോണിയുടെ നിലവിളി കേട്ട നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് സംഘം കാര്‍ പിന്തുടര്‍ന്ന് പ്രതികളെ പിടികൂടുകയായിരുന്നു. പൂയപ്പള്ളി സിഐ മനോജിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ എഫ്.ആര്‍. മനോജ്, രമേശ്, സിപിഒ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
മകന്റെ പ്രണയവിവാഹത്തിന്റെ പേരില്‍ പിതാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച യുവാക്കള്‍ പിടിയില്‍
Advertisement



























