29.4 C
Kollam
Saturday 14th November, 2026 | 06:59:14 PM
Home News Breaking News അവസാന പന്തിൽ പാക്കിസ്ഥാനെ വീഴ്ത്തി; അണ്ടർ 19 ഏഷ്യകപ്പ് കിരീടം ഇന്ത്യയ്ക്ക്

അവസാന പന്തിൽ പാക്കിസ്ഥാനെ വീഴ്ത്തി; അണ്ടർ 19 ഏഷ്യകപ്പ് കിരീടം ഇന്ത്യയ്ക്ക്

Advertisement

അണ്ടർ 19 ഏഷ്യകപ്പ് ഫൈനലിൽ പാക്കിസ്ഥാനെ ഒരു വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ ചാമ്പ്യന്മാരായി. അവസാന പന്തുവരെ ആവേശം നീണ്ട മത്സരത്തിൽ 338 റൺസ് വിജയലക്ഷ്യം ഇന്ത്യ മറികടന്നു. മധ്യനിര തകർന്നപ്പോൾ വാലറ്റത്ത് മനൽ ചൗഹാനും മോഹിത് ഉൽവും നടത്തിയ പോരാട്ടമാണ് ഇന്ത്യയ്ക്ക് കിരീടം സമ്മാനിച്ചത്.

ഏഴാമനായി ഇറങ്ങിയ മനൽ ചൗഹാൻ പത്താമനായി ക്രീസിലെത്തിയ മോഹിത് ഉൽവിനൊപ്പം 57 റൺസിന്റെ നിർണായക കൂട്ടുകെട്ടുണ്ടാക്കി. പിന്നീട് അവസാന വിക്കറ്റിൽ വെങ്കടേഷിനൊപ്പം മോഹിത് 30 റൺസ് കൂടി കൂട്ടിച്ചേർത്തതോടെ ഇന്ത്യ വിജയതീരത്തെത്തി.

വലിയ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്. ലക്ഷ്യ റായ്ചന്ദിനിയും ആര്യവീർ സെവാഗും ചേർന്ന് ഒന്നാം വിക്കറ്റിൽ 95 റൺസ് കൂട്ടിച്ചേർത്തു. ആര്യവീർ 58 റൺസെടുത്ത് പുറത്തായി. ലക്ഷ്യ 80 റൺസും നേടി. എന്നാൽ വികെ വിനീത് (24), അർജുൻ രജ്പുത് (16), അൻവയ് ദ്രാവിഡ് (119) എന്നിവരുടെ വിക്കറ്റുകൾ തുടർച്ചയായി നഷ്ടമായതോടെ ഇന്ത്യ സമ്മർദത്തിലായി.

ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 337 റൺസെടുത്തു. ഉസ്മാൻ ഖാൻ 107 റൺസുമായി സെഞ്ചുറി നേടി. അബ്ദുൾ ഖാദർ 80 റൺസും ക്യാപ്റ്റൻ ഫർഹാൻ യൂസഫ് 63 റൺസും നേടി. ഉസ്മാൻ ഖാനും ഖാദറും ചേർന്ന 135 റൺസിന്റെ കൂട്ടുകെട്ടാണ് പാക്കിസ്ഥാന് മികച്ച സ്കോർ സമ്മാനിച്ചത്.

തുടക്കത്തിൽ റൺസ് വിട്ടുകൊടുത്തെങ്കിലും പിന്നീട് ഇന്ത്യൻ ബൗളർമാർ തിരിച്ചടിച്ചു. കാവ്യ പട്ടേൽ നാല് വിക്കറ്റും ചിഗുരുപാട്ടി വെങ്കട മൂന്ന് വിക്കറ്റും വീഴ്ത്തി പാക്കിസ്ഥാനെ 337 റൺസിൽ ഒതുക്കി. മറുപടി ബാറ്റിങ്ങിൽ അവസാന പന്തിൽ വിജയം പിടിച്ചെടുത്ത ഇന്ത്യ ഏഷ്യകപ്പ് കിരീടം സ്വന്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here