ഉത്തരാഖണ്ഡ്: നൈനിറ്റാൾ ജില്ലയിലുള്ള ഹൽദ്വാനിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ എബിവിപി നേതാവടക്കം നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. നവംബർ 12 രാത്രി ഹൽദ്വാനിയിലെ മുഖാനിയിലുള്ള ഒരു ഹോട്ടലിൽ വെച്ചാണ് സംഭവം നടന്നത്.
എംബിപിജി കോളേജ് വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ എബിവിപി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്ന ധീരജ് ബിഷ്ട്, കൂട്ടാളികളായ നിതിൻ പാൽ, അൻഷ് ഖത്രി, ഹിമാൻഷു ഗൗണി എന്നിവരാണ് അറസ്റ്റിലായത്. ഇവർ പ്രദേശത്തെ ‘ഐടിഐ ഗാങ്’ എന്ന സംഘത്തിൽ ഉൾപ്പെട്ടവരാണെന്ന് പോലീസ് അറിയിച്ചു.
പെൺകുട്ടിയെ ഭീഷണിപ്പെടുത്തി മുഖാനിയിലെ ഹോട്ടലിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് കുടുംബം നൽകിയ പരാതിയിൽ പറയുന്നു. ശാരീരിക അസ്വസ്ഥതകളോടെ വീട്ടിലെത്തിയ പെൺകുട്ടിയോട് വീട്ടുകാർ വിവരം തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.
പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ മുഖാനി പോലീസ് പോക്സോ നിയമപ്രകാരവും ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരവും കേസെടുത്തു. അന്വേഷണം ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ നാല് പ്രതികളെയും പിടികൂടിയതായി നൈനിറ്റാൾ സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് മഞ്ജുനാഥ് ടി.സി. വ്യക്തമാക്കി. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പ്രാഥമിക തെളിവുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്.
സംഭവത്തെ ശക്തമായി അപലപിക്കുന്നതായും പ്രതികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും എബിവിപി ഉത്തരാഖണ്ഡ് ഘടകം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. കുറ്റാരോപിതനായ നേതാവിനെ സംഘടനയിൽ നിന്ന് സസ്പെൻഡ് ചെയ്തതായും റിപ്പോർട്ടുകളുണ്ട്.
































