29.4 C
Kollam
Saturday 14th November, 2026 | 06:17:15 PM
Home News Breaking News കൊല്ലത്ത് സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമര്‍ദ്ദനം; ഭര്‍ത്താവ് വിമാനത്താവളത്തില്‍ അറസ്റ്റില്‍

കൊല്ലത്ത് സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമര്‍ദ്ദനം; ഭര്‍ത്താവ് വിമാനത്താവളത്തില്‍ അറസ്റ്റില്‍

Advertisement

കൊല്ലം: സ്ത്രീധനത്തിന്റെ പേരില്‍ വിദേശത്തുവെച്ച് കൊല്ലം സ്വദേശിനിക്ക് ക്രൂരമര്‍ദനമേറ്റ സംഭവത്തില്‍ ഭര്‍ത്താവ് വിമാനത്താവളത്തില്‍ അറസ്റ്റിലായി. നീണ്ടകര പരിമണം സ്വദേശിനിയായ അഞ്ജു(24) വിന്റെ പരാതിയിലാണ് ഭര്‍ത്താവായ നീണ്ടകര പരിമണം മുണ്ടകത്തില്‍ വീട്ടില്‍ നന്ദു പൊലീസിന്റെ പിടിയിലായത്. വിദേശത്തായിരുന്ന ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ദിവസം രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയ നന്ദുവിനെ ഷാഡോ പൊലീസ് തടഞ്ഞുവച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സ്ത്രീധനം കുറഞ്ഞതിന്റെ പേരില്‍ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ക്രൂരമായി പീഡിപ്പിച്ചുവെന്നാരോപിച്ച് കഴിഞ്ഞ മാസം ആദ്യമാണ് അഞ്ജു ചവറ പൊലീസില്‍ പരാതി നല്‍കിയത്. 2026 ജൂണ്‍ 27നായിരുന്നു അഞ്ചുവിന്റെയും, നന്ദുവിന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ സ്ത്രീധനം കുറഞ്ഞുപോയെന്നു പറഞ്ഞ് ഭര്‍തൃവീട്ടുകാര്‍ മാനസിക പീഡനം തുടങ്ങിയതായി അഞ്ജുവിന്റെ പരാതിയില്‍ പറയുന്നു. ശേഷം വിസ്റ്റിങ് വിസയില്‍ ഭര്‍ത്താവിനൊപ്പം സെപ്തംബര്‍ നാലിന് സൗദിയിലെ ജോലിസ്ഥലത്തേയ്ക്ക് പോയി. അവിടെ വെച്ചും ക്രൂരമായ മര്‍ദനമാണ് നേരിട്ടതെന്ന് അഞ്ജു പറയുന്നു.
കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി പറയിപ്പിച്ച കാര്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് ശബ്ദരേഖയായി ബന്ധുക്കള്‍ക്കിടയിലും നാട്ടിലും പ്രചരിപ്പിച്ചതായും പരാതിയില്‍ പറയുന്നു. സംശയ രോഗം ഉണ്ടായിരുന്ന ഇയാള്‍ ഫോണ്‍ പരിശോധിക്കുകയും മറ്റുള്ളവരുടെ നമ്പറുകള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തതായും സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകള്‍ ലൈക്ക് ചെയ്തതിന്റെ പേരിലും മര്‍ദിച്ചിരുന്നെന്നും അക്കൗണ്ടിലുണ്ടായിരുന്ന പണം മുഴുവന്‍ ഇയാളുടെ അക്കൗണ്ടിലേക്ക് മാറ്റിയെന്നും അഞ്ജു പരാതിയില്‍ പറയുന്നു.
ക്രൂരമര്‍ദനമേറ്റ യുവതി സെപ്റ്റംബര്‍ 30നാണ് നാട്ടിലേയ്ക്ക് തിരിച്ചെത്തിയത്. തുടര്‍ന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു. മര്‍ദനത്തില്‍ ദേഹമാസകലം പരുക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നന്ദുവിന്റെ മാതാപിതാക്കളായ ദിനേശ്, ജഗദമ്മയ്ക്കുമെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here