ഫൈനലിലും തിളങ്ങി ആര്യവീർ; ഇന്ത്യയ്ക്ക് മികച്ച തുടക്കം
അൽ അമിറാത്ത്: അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിലും ബാറ്റിങ് മികവ് ആവർത്തിച്ച് വീരേന്ദർ സെവാഗിന്റെ മകൻ ആര്യവീർ സെവാഗ്. പാകിസ്ഥാനെതിരായ ഫൈനലിൽ 338 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചാണ് താരം മടങ്ങിയത്. 61 പന്തിൽ ഒൻപത് ഫോറുകൾ സഹിതം 58 റൺസാണ് ആര്യവീർ നേടിയത്. 51 പന്തിൽ അർധസെഞ്ച്വറി പൂർത്തിയാക്കിയ താരം ഇന്ത്യയുടെ സ്കോർ 95ൽ എത്തിയപ്പോഴാണ് പുറത്തായത്.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്ഥാൻ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 337 റൺസെടുത്തു. സെഞ്ച്വറി നേടിയ ഉസ്മാൻ ഖാൻ (107), അബ്ദുൽ ഖാദിർ (80), നായകൻ ഫർഹാൻ യൂസഫ് (63) എന്നിവരുടെ മികവിലാണ് പാകിസ്ഥാൻ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
ആദ്യ വിക്കറ്റിൽ ഉസ്മാൻ ഖാനും ഹയാം ഖാനും ചേർന്ന് 78 റൺസ് കൂട്ടിച്ചേർത്തു. ഒൻപതാം ഓവറിൽ ഹയാം ഖാനെ പുറത്താക്കി കവ്യ പട്ടേൽ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു. തുടർന്ന് ഉസ്മാനും ഖാദിറും ചേർന്ന് ഇന്ത്യൻ ബൗളർമാരെ പരീക്ഷിച്ചു. ഇരുവരുടെയും കൂട്ടുകെട്ട് പാകിസ്ഥാനെ 200 കടത്തി. 204 റൺസിൽ ഖാദിറിനെ അർജുൻ രജ്പുത് പുറത്താക്കി.
36-ാം ഓവറിൽ ഉസ്മാൻ ഖാൻ സെഞ്ച്വറി പൂർത്തിയാക്കി. പിന്നീട് ഫർഹാൻ യൂസഫിനൊപ്പം ചേർന്ന് സ്കോർ ഉയർത്തി. എന്നാൽ ഉസ്മാനെ കവ്യ പട്ടേലും ഫർഹാനെ ചിഗുരുപതി വെങ്കടയും പുറത്താക്കിയതോടെ പാകിസ്ഥാന്റെ മുന്നേറ്റത്തിന് തിരിച്ചടിയായി. അവസാന ഓവറുകളിൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യ പാകിസ്ഥാനെ 350 കടക്കാതെ പിടിച്ചുനിർത്തി.



























