കുട്ടികളുടെ മാനസികോല്ലാസത്തിന് ആവശ്യമായ പദ്ധതികൾ ഈ സർക്കാർ നടപ്പിലാക്കുമെന്ന് സാംസ്കാരിക, വിനോദസഞ്ചാര, സിനിമാ മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു. ജില്ലാ ഭരണകൂടത്തിൻ്റെയും ജില്ലാ ശിശുക്ഷേമ സമിതിയുടെയും ആഭിമുഖ്യത്തിൽ നടന്ന ശിശുദിനാഘോഷം ‘വർണോത്സവം 2026’ൻ്റെ ഭാഗമായ കുട്ടികളുടെ മഹാസംഗമത്തിൽ ശിശുദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. മന്ത്രിയുടെ പ്രഖ്യാപനം കയ്യടികളോടെയാണ് കുരുന്നുകൾ സ്വീകരിച്ചത്. കുട്ടികളുടെ ആശയങ്ങൾ നാടിന്റെ മുന്നോട്ടുള്ള യാത്രയിൽ കരുത്താകുമെന്ന് മന്ത്രി പറഞ്ഞു.
സംഗമത്തിൽ സംസാരിച്ച കുട്ടികളുടെ പ്രധാനമന്ത്രി, പ്രസിഡന്റ് ,സ്പീക്കർ തുടങ്ങിയവരുടെ വാക്കുകൾ നാടിന്റെ ഭാവി വരുംതലമുറയിൽ സുരക്ഷിതമാണെന്ന് തെളിയിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യ പോരാട്ടത്തിൽ ജവഹർലാൽ നെഹ്റു വഹിച്ച പങ്കും അദ്ദേഹത്തിൻ്റെ ത്യാഗവും പുതുതലമുറയ്ക്ക് മനസ്സിലാക്കാൻ ഇത്തരം ആഘോഷങ്ങളിലൂടെ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യയെന്ന ആശയത്തെ വളർത്തേണ്ടത് ഓരോ കുട്ടിയുടെയും ഉത്തരവാദിത്തമാണെന്ന് സംഗമം ഉദ്ഘാടനം ചെയ്ത കുട്ടികളുടെ പ്രധാനമന്ത്രി കുമാരി ബെറ്റി സാർത്രെ പറഞ്ഞു. ഓരോ വിദ്യാർഥിയും ഭാവിയുടെ ശിൽപികളാണ്. കുട്ടികൾക്ക് അവരുടെ അവകാശങ്ങൾ അനുഭവിക്കാൻ കഴിയുന്ന സുരക്ഷിത ബാല്യം പ്രദാനം ചെയ്യുന്ന സമൂഹമാണ് ഉണ്ടാകേണ്ടതെന്നും ബെറ്റി സാർത്രെ പറഞ്ഞു. മാനവികതയുടെ മഹത്തായ സന്ദേശമാണ് ചാച്ചാജി നമുക്ക് പകർന്നുനൽകിയത് എന്ന് കുട്ടികളുടെ പ്രസിഡന്റ് കുമാരി ആയിഷ ബഹ്ജ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. നാളത്തെ ഇന്ത്യയുടെ ശില്പികളായി മാറാൻ നമുക്ക് കഴിയണം എന്നും ആയിഷ കൂട്ടിച്ചേർത്തു. കുട്ടികളുടെ സ്പീക്കർ ഭവിക ലക്ഷ്മി എ എസ് ശിശുദിന പ്രഭാഷണം നടത്തി. കുമാരി നന്ദന നവീൻ ചടങ്ങിൽ സ്വാഗതമാശംസിച്ചു. കുട്ടികളുടെ പ്രധാനമന്ത്രി, പ്രസിഡൻ്റ്, സ്പീക്കർ എന്നിവർക്ക് മന്ത്രി പി സി വിഷ്ണുനാഥ് പുരസ്കാരങ്ങൾ നൽകി. ഇത്തവണ കുട്ടികളുടെ പ്രസിഡന്റും പ്രധാനമന്ത്രിയും സ്പീക്കറും പെൺകുട്ടികളായത് പെൺകരുത്തിന്റെ പ്രതീകമാണെന്നും സ്ത്രീകളും പുരുഷൻമാരും ഒന്നിച്ച് നിന്ന് നയിക്കുമ്പോഴാണ് മികച്ച സമൂഹത്തെ വാർത്തെടുക്കാനാവുകയെന്നും ചടങ്ങിൽ വിവിധ പുരസ്കാരങ്ങൾ വിതരണം ചെയ്ത ജില്ലാ കലക്ടർ ആനി ജൂല തോമസ് പറഞ്ഞു. ശിശുക്ഷേമ സമിതി സംഘടിപ്പിച്ച ശിശുദിന കലോത്സവമായ വർണോത്സവത്തിലെ വിജയികൾക്കുള്ള സമ്മാനദാനം ചടങ്ങിൽ വച്ച് നടന്നു.
ചിന്നക്കട ക്രേവൻ എൽ എം എസ് ഹൈസ്കൂളിൽ നിന്ന് ആരംഭിച്ച ശിശുദിന റാലി ജില്ലാ കലക്ടർ ആനി ജൂല തോമസ് ഫ്ലാഗ് ഓഫ് ചെയ്തു.
തുറന്ന വാഹനത്തിൽ കുട്ടികളുടെ പ്രധാനമന്ത്രി, പ്രസിഡൻ്റ്, സ്പീക്കർ എന്നിവർ റാലി നയിച്ചു. സ്കൂൾ ബാൻഡ്, സ്കൗട്ട് ആൻഡ് ഗൈഡ്, എൻ എസ് എസ്, എൻ സി സി, ജെ ആർ സി, എസ് പി സി, കളരിപ്പയറ്റ്, സ്കേറ്റിങ് ,പഞ്ചവാദ്യ സംഘങ്ങൾ ഉൾപ്പെടെ വിവിധ സ്കൂളുകളിൽ നിന്ന് എത്തിച്ചേർന്ന നൂറുകണക്കിന് കുരുന്നുകൾ വർണാഭമായ റാലിയിൽ അണിനിരന്നു. എസ് എൻ കോളേജിൽ റാലി അവസാനിച്ചതിന് പിന്നാലെയായിരുന്നു കുട്ടികളുടെ മഹാസംഗമവും പൊതുസമ്മേളനവും. റാലി ആരംഭിക്കുന്നതിന് മുൻപ് ജില്ലാ കലക്ടറും സിറ്റി പൊലീസ് കമ്മീഷണർ അശ്വതി ജിജിയും സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളിൽ നിന്ന് സല്യൂട്ട് സ്വീകരിച്ചു.
കുട്ടികളുടെ മഹാസംഗമത്തിൽ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ ലതാദേവി, വൈസ് പ്രസിഡന്റ് എസ് ആർ അരുൺ ബാബു, കൊല്ലം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ഉദയ സുകുമാരൻ, കൌൺസിലർ ഷൈനി ടി, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ് സജീദ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എസ് ഷാജി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ എല്‍ ഷീജ, ആർടിഒ ജോയി വി, സി ഡബ്ല്യു സി അധ്യക്ഷ പ്രസന്ന കുമാരി,
ജില്ലാ വനിതാ ശിശു വികസന ഓഫീസർ റ്റിജു റേച്ചൽ തോമസ്, ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി അഡ്വ. ഡി ഷൈന്‍ദേവ്, വൈസ് ചെയര്‍പേഴ്‌സണ്‍ ഷീബ ആന്റണി, സംഘാടകസമിതി അംഗങ്ങളായ സുവർണൻ പരവൂർ, എന്‍ അജിത് പ്രസാദ്, കറവൂര്‍ എല്‍ വര്‍ഗീസ്, ആര്‍ മനോജ്, പി അനീഷ്, ജി ആനന്ദൻ, ശ്രീനാരായണ കോളേജ് പ്രിൻസിപ്പൽ ഡോ. ലൈജു എസ് തുടങ്ങിയവർ കുട്ടികൾക്കൊപ്പം പങ്കെടുത്തു



























