പ്രസിഡന്റ്സ് ട്രോഫി 12-ാം എഡിഷനും ചാമ്പ്യൻസ് ബോട്ട് ലീഗ് ഫൈനലിനുമുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. നവംബർ 21ന് ഉച്ചയ്ക്ക് 2 മണിക്ക് കൊല്ലം അഷ്ടമുടി കായലിൽ നടക്കുന്ന ആവേശപ്പോരാട്ടങ്ങൾക്കുള്ള തയ്യാറെടുപ്പ് മന്ത്രിമാരായ പി സി വിഷ്ണുുനാഥ്, ഷിബു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിൽ കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം വിലയിരുത്തി. വെപ്പ് എ ഗ്രേഡ്, ഇരുട്ടുകുത്തി എ ഗ്രേഡ്, ഇരുട്ടുകുത്തി ബി ഗ്രേഡ്, വനിതകൾ തുഴയുന്ന തെക്കനോടി എന്നീ ഇനങ്ങളിലായി 3 വള്ളങ്ങൾ വീതം 12 വള്ളങ്ങളാകും പ്രസിഡന്റ്സ് ട്രോഫി ജലമേളയിൽ പങ്കെടുക്കുകയെന്ന് മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു. ചാമ്പ്യൻസ് ബോട്ട് ലീഗ് ഫൈനലിൽ 9 ചുണ്ടൻ വള്ളങ്ങളും ആവേശത്തുഴയെറിയും.
പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തോടനുബന്ധിച്ച് 19ന് നാല് മണിക്ക് കെ എസ് ആർ ടി സി സ്റ്റാൻഡ് മുതൽ ചിന്നക്കട വരെ വിളംബര ഘോഷയാത്ര സംഘടിപ്പിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു. മന്ത്രിമാരും മറ്റ് ജനപ്രതിനിധികളും കലാകായിക സാംസ്കാരിക രംഗത്തെ പ്രമുഖരും കുടുംബശ്രീ അംഗങ്ങളും വിദ്യാർഥികളും ഘോഷയാത്രയിൽ അണിചേരും. കൂടാതെ കോർപ്പറേഷന്റെ വിവിധ മേഖലകളിൽ വിളംബര ജാഥകൾ സംഘടിപ്പിക്കുമെന്നും മന്ത്രി ഷിബു ബേബി ജോൺ അറിയിച്ചു. കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന് എതിർവശത്തുള്ള പ്രസിഡന്റ്സ് ട്രോഫി സ്വാഗതസംഘം ഓഫീസ് മന്ത്രി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ്സ് ട്രോഫിയുടെ പ്രചാരണാർഥം ഇന്ന് (15ന്) വൈകീട്ട് നാലരയ്ക്ക് കൊല്ലം ബീച്ചിൽ വടംവലി, കബഡി മത്സരങ്ങൾ നടക്കും. സർവീസ് ടീമുകളും ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും പ്രത്യേക ടീമുകളും മത്സരത്തിൽ പങ്കെടുക്കും. വള്ളംകളിയോടനുബന്ധിച്ച് 18,19,20 തീയതികളിൽ കലാസംസ്കാരിക പരിപാടികളും അരങ്ങേറും. 18നും 20നും പ്രസിഡന്റ്സ് ട്രോഫി സ്വാഗതസംഘം ഓഫീസിൽ വച്ചുള്ള പരിപാടികൾക്ക് പുറമെ 19ന് വൈകീട്ട് ആശ്രാമം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ ഗായകൻ ജോബ് കുര്യനും സംഘവും നയിക്കുന്ന സംഗീതനിശയും നടക്കും.
ജില്ലാ കലക്ടർ ആനി ജൂല തോമസ് അധ്യക്ഷയായ അവലോകന യോഗത്തിൽ വിഷ്ണു മോഹൻ എംഎൽഎ, സിറ്റി പൊലീസ് കമ്മീഷണർ അശ്വതി ജിജി, എ സി പി എസ്.ഷാജി, ഡെപ്യൂട്ടി കലക്ടർ എസ് സനോബ്, എ ഡി എം എസ് സജീദ്, ടൂറിസം ജോയിന്റ് ഡയറക്ടർ പി ഐ സുബൈർ കുട്ടി, ഡി റ്റി പി സി സെക്രട്ടറി ജ്യോതിഷ് കേശവൻ, സംഘാടക സമിതി പ്രതിനിധികൾ, വിവിധ സബ് കമ്മിറ്റി പ്രതിനിധികൾ പങ്കെടുത്തു.



























