കൊല്ലം :കള്ളനോട്ട് കേസിലെ ഒന്നാം പ്രതിയായ സിബിയോണിനെ തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ നൽകിയ കേസിലെ പ്രധാന പ്രതി മനു പ്രസാദിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കോഴിക്കോട് നിന്നാണ് ഇയാളെ അന്വേഷണ സംഘം പിടികൂടിയത്.
കോഴിക്കോട് കൂടരഞ്ഞി പീച്ചിനാരി വീട്ടിൽ മനു പ്രസാദാണ് അറസ്റ്റിലായത്. ഇയാളുടെ മൊബൈൽ ഫോണും ക്രൈംബ്രാഞ്ച് കണ്ടെടുത്തിട്ടുണ്ട്.
അറസ്റ്റ് ഭയന്ന് ഒളിവിൽ പോയിരുന്ന മനു പ്രസാദ് നേരത്തെ മുൻകൂർ ജാമ്യത്തിനായി കൊല്ലം ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചിരുന്നു.
തട്ടിക്കൊണ്ടുപോകൽ കേസിൽ നേരത്തെ അറസ്റ്റിലായ ആദർശ് എന്നയാളെ ചോദ്യം ചെയ്തതിലൂടെയാണ് മനു പ്രസാദിന്റെ പങ്കിനെക്കുറിച്ച് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചത്.
മനു പ്രസാദും സിബിയോണും തമ്മിൽ കോടികളുടെ സാമ്പത്തിക ഇടപാടുകളും ഹവാല ഇടപാടുകളും നടന്നിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
2026 ഒക്ടോബർ അവസാനവാരം കൊല്ലം വെസ്റ്റ് കൈക്കുളങ്ങര സ്വദേശി സിബിയോണിനെ കാണാതായതുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ വീട്ടിൽ നിന്ന് ഏകദേശം രണ്ടരക്കോടി രൂപയുടെ കള്ളനോട്ടുകളും നോട്ട് അച്ചടിക്കുന്ന യന്ത്രങ്ങളും പിടികൂടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നോട്ട് ഇരട്ടിപ്പിക്കൽ, ഹവാല ഇടപാടുകളിലെ തർക്കത്തെ തുടർന്ന് മനു പ്രസാദ് സിബിയോണിനെ തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ നൽകിയതാണെന്ന് വ്യക്തമായത്. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
































