27.6 C
Kollam
Saturday 14th November, 2026 | 09:43:46 PM
Home News Breaking News കരുനാഗപ്പള്ളിയില്‍ കാറിനടിയിൽപ്പെട്ട വയോധികനെ ഒന്നര കിലോമീറ്റർ വലിച്ചിഴച്ചു; മരണം; ഡ്രൈവർ അറസ്റ്റിൽ

കരുനാഗപ്പള്ളിയില്‍ കാറിനടിയിൽപ്പെട്ട വയോധികനെ ഒന്നര കിലോമീറ്റർ വലിച്ചിഴച്ചു; മരണം; ഡ്രൈവർ അറസ്റ്റിൽ

Advertisement

കരുനാഗപ്പള്ളി: വാഹനാപകടത്തിൽപ്പെട്ട വയോധികനെ കാറിനടിയിൽ കുടുങ്ങിയ നിലയിൽ ഒന്നര കിലോമീറ്ററോളം വലിച്ചിഴച്ചുകൊണ്ടുപോയി റോഡിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സംഭവത്തിൽ കാർ ഡ്രൈവർ അറസ്റ്റിൽ. കടത്തൂർ സ്വദേശി ഷാജഹാനെയാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.

വവ്വാക്കാവ് ആനന്ദ ജങ്ഷനിൽ ഇന്നലെ രാത്രി 11ഓടെയായിരുന്നു സംഭവം. റോഡിലൂടെ നടന്നുപോവുകയായിരുന്ന വയോധികനെ ഷാജഹാൻ ഓടിച്ച കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വയോധികൻ കാറിനടിയിൽ കുടുങ്ങി. ഇതറിയാതെ കാർ മുന്നോട്ടെടുത്തതോടെ ഒന്നര കിലോമീറ്ററോളം ദൂരം വയോധികൻ വാഹനത്തിനടിയിൽ വലിച്ചിഴയ്ക്കപ്പെട്ടു.

വീടിന് ഏകദേശം 200 മീറ്റർ അകലെ എത്തിയപ്പോഴാണ് കാർ നിർത്തി വയോധികനെ റോഡിൽ ഉപേക്ഷിച്ച് ഡ്രൈവർ കടന്നുകളഞ്ഞത്. കാർ വീട്ടിലെത്തിച്ചശേഷം ഷാജഹാൻ ബൈക്കിൽ സംഭവസ്ഥലത്ത് തിരിച്ചെത്തിയതായും സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

വഴിയിൽ ഗുരുതര പരിക്കുകളോടെ കിടന്ന വയോധികനെ നാട്ടുകാരാണ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

കരുനാഗപ്പള്ളിയിൽ പച്ചക്കറി വ്യാപാരിയായ ഷാജഹാൻ കട അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ഇയാൾ ഉപയോഗിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷാജഹാൻ മദ്യപിച്ചിരുന്നോയെന്ന സംശയത്തിൽ പരിശോധന നടത്തിയിട്ടുണ്ടെന്നും ഫലം ലഭിച്ചശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരൂവെന്നും പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here