28 C
Kollam
Wednesday 30th September, 2026 | 08:14:12 AM
Home News National പണമിടപാടിനെച്ചൊല്ലി തർക്കം; യുവതിയെ കഴുത്തറുത്ത് കൊന്ന് കഷ്ണങ്ങളാക്കി കനാലിൽ തള്ളി

പണമിടപാടിനെച്ചൊല്ലി തർക്കം; യുവതിയെ കഴുത്തറുത്ത് കൊന്ന് കഷ്ണങ്ങളാക്കി കനാലിൽ തള്ളി

വിജയവാഡ: പണമിടപാടിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സുഹൃത്തായ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി കനാലിൽ തള്ളിയ കേസിൽ ഇറച്ചിവെട്ടുകാരൻ അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ നടന്ന സംഭവത്തിൽ 35കാരനായ മുഹമ്മദ് ഷാഫിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഷാഫിയുടെ സുഹൃത്തായ കല്യാണിയാണ് കൊല്ലപ്പെട്ടത്.
സെപ്റ്റംബർ 18ന് ഇബ്രാഹിംപട്ടണത്തെ കൂളിങ് കനാലിന് സമീപം തലയില്ലാത്ത മൃതദേഹഭാഗം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. എൻഡിആർഎഫ് ഉദ്യോഗസ്ഥരുടെയും ഡ്രോണുകളുടെയും സഹായത്തോടെ കനാലിൽ നടത്തിയ തിരച്ചിലിൽ തല, കാലുകൾ എന്നിവയുൾപ്പെടെയുള്ള മറ്റ് ശരീരഭാഗങ്ങൾ കണ്ടെത്തി. ഒരു കൈ മാത്രം കണ്ടെത്താനായിട്ടില്ല. മൃതദേഹാവശിഷ്ടങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു.
മൃതശരീരത്തിലുണ്ടായിരുന്ന ടാറ്റൂവാണ് കൊല്ലപ്പെട്ടത് കല്യാണിയാണെന്ന് തിരിച്ചറിയാൻ സഹായിച്ചത്. കല്യാണിയുടെ സഹോദരൻ ടാറ്റൂ തിരിച്ചറിഞ്ഞതോടെയാണ് വ്യക്തമായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഷാഫി പിടിയിലായത്. ഇരുവരും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
സെപ്റ്റംബർ 17നാണ് കൊലപാതകം നടന്നത്. ഇറച്ചിക്കട നടത്തുന്ന ഷാഫി ഭാര്യയെയും കുട്ടികളെയും ഗുണ്ടൂരിലേക്ക് അയച്ചശേഷം കല്യാണിയെ ഭവാനിപുരത്തെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പണത്തെക്കുറിച്ചും ഷാഫിയുടെ കുടുംബത്തിന്റെ സംരക്ഷണത്തിലായിരുന്ന കല്യാണിയുടെ കുട്ടിയെക്കുറിച്ചും ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് പ്രകോപിതനായ ഷാഫി കത്തി ഉപയോഗിച്ച് കല്യാണിയെ ആക്രമിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
കുട്ടിയെ സംരക്ഷിക്കുന്നതിന് കല്യാണി ഓരോ തവണയും 5,000 മുതൽ 10,000 രൂപ വരെ ആവശ്യപ്പെട്ടിരുന്നതായും ഷാഫി പകരമായി ചെറിയ സ്വർണാഭരണങ്ങൾ വാങ്ങിനൽകിയിരുന്നതായും എ.സി.പി. ദുർഗ റാലു പറഞ്ഞു.
കൊലയ്ക്കുശേഷം ആളെ തിരിച്ചറിയുന്നത് തടയാനും മൃതദേഹം മറവ് ചെയ്യുന്നത് എളുപ്പമാക്കാനുമാണ് ശരീരം കഷ്ണങ്ങളാക്കിയതെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് ശരീരഭാഗങ്ങൾ കനാലിൽ തള്ളി. സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഷാഫിയിലേക്ക് പൊലീസ് എത്തിയത്. കൊലപാതകത്തിന് ഉപയോഗിച്ചതായി കരുതുന്ന കത്തിയും കണ്ടെടുത്തു.
അതേസമയം, കൃത്യത്തിൽ പങ്കാളിയായെന്ന് കരുതുന്ന ഷാഫിയുടെ സഹായി ഗുരുവുലു ഒളിവിലാണ്. ഇയാളെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
കല്യാണിയുടെ മകൻ നിലവിൽ ഷാഫിയുടെ ഭാര്യയുടെ സംരക്ഷണയിലാണ്. കുട്ടിയുടെ സംരക്ഷണാവകാശവുമായി ബന്ധപ്പെട്ട് അധികൃതർ നിയമോപദേശം തേടുകയാണ്. കുട്ടിയെ ഐസിഡിഎസ് വകുപ്പിന് കൈമാറുന്നതും പരിഗണനയിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here