Home Blog Page 788

20 നിർണായക മണ്ഡലങ്ങൾ ശ്രദ്ധാകേന്ദ്രം; കേരളത്തിന്റെ രാഷ്ട്രീയ ഭാവി നിർണയിക്കാൻ ഈ സീറ്റുകൾ നിർണായകം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാനിരിക്കെ സംസ്ഥാന രാഷ്ട്രീയത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത് 20 നിർണായക മണ്ഡലങ്ങളാണ്. കേരളത്തിലെ ഭരണവും പ്രതിപക്ഷ സമവാക്യവും നിർണയിക്കാൻ ഈ സീറ്റുകൾ നിർണായകമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

വട്ടിയൂർക്കാവ്, നേമം, പുതുപ്പള്ളി, തൃശൂർ, പാലക്കാട് എന്നിവയോടൊപ്പം കോഴിക്കോട്, കണ്ണൂർ, ആലപ്പുഴ, കൊല്ലം, കാസർകോട് ജില്ലകളിലെ ചില മണ്ഡലങ്ങളും കടുത്ത മത്സരത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഈ മണ്ഡലങ്ങളിലെ ഫലങ്ങൾ മുന്നണികളുടെ ഭാവി നിർണയിക്കുമെന്ന് രാഷ്ട്രീയ വിലയിരുത്തലുകൾ വ്യക്തമാക്കുന്നു.

തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവും നേമവും എപ്പോഴും ശക്തമായ മത്സരങ്ങൾക്ക് വേദിയായിട്ടുള്ള മണ്ഡലങ്ങളാണ്. പ്രത്യേകിച്ച് നേമത്തിൽ എൻ ഡി എ യുടെ പ്രകടനവും യു ഡി എഫ്– എൽ ഡി എഫ് നേരിട്ടുള്ള പോരാട്ടവും സംസ്ഥാനതലത്തിൽ ശ്രദ്ധ നേടുന്നു.

പുതുപ്പള്ളി മണ്ഡലം ചരിത്രപരമായ രാഷ്ട്രീയ പ്രാധാന്യമുള്ളതിനാൽ ഇത്തവണയും ശ്രദ്ധാകേന്ദ്രമായി തുടരുന്നു. തൃശൂർ, പാലക്കാട് മണ്ഡലങ്ങളിലും കടുത്ത മത്സരം മുന്നണികൾ തമ്മിലുള്ള ശക്തി പരിശോധനയായി മാറിയിരിക്കുകയാണ്.

വടക്കൻ കേരളത്തിൽ കണ്ണൂർ, കാസർകോട്, കോഴിക്കോട് മേഖലകളിലെ ചില മണ്ഡലങ്ങളിൽ എൽ ഡി എഫ്– യു ഡി എഫ് മത്സരത്തിനൊപ്പം എൻ ഡി എ യുടെ വോട്ട് വർധനയും രാഷ്ട്രീയ നിരീക്ഷകർ ശ്രദ്ധയോടെ വിലയിരുത്തുന്നു.

എക്സിറ്റ് പോൾ ഫലങ്ങൾ വ്യത്യസ്ത സൂചനകൾ നൽകിയിട്ടുണ്ടെങ്കിലും യഥാർത്ഥ രാഷ്ട്രീയ ചിത്രം മെയ് 4-ലെ വോട്ടെണ്ണലിന് ശേഷമേ വ്യക്തമാകൂ. ഈ 20 മണ്ഡലങ്ങളിലെ ഫലങ്ങളാകും സംസ്ഥാനത്തിന്റെ അടുത്ത രാഷ്ട്രീയ ദിശ നിർണയിക്കുകയെന്നതാണ് പൊതുവിലയിരുത്തൽ.

പാർട്ടി കണക്കിൽ 6000 വോട്ടിന് തോൽക്കുമെന്ന് പി വി ശ്രീനിജിൻ,​ വ്യക്തിപരമായ വോട്ടുകൾ കിട്ടിയാൽ ജയിക്കുമെന്നും പ്രതികരണം

കൊച്ചി : നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കുന്നത്തുനാട്ടിൽ പാർട്ടികണക്കിൽ തോൽക്കുമെന്ന് സമ്മതിച്ച് സിറ്റിംഗ് എം.എൽ.എ പി.വി. ശ്രീനിജിൻ. 6000 വോട്ടിന് പിന്നിലെന്നാണ് പാർട്ടികണക്കെന്ന് ശ്രീനിജിൻ സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. അതേസമയം വ്യക്തിപരമായ വോട്ടുകൾ ലഭിച്ചാൽ 554 വോട്ടിന് ജയിക്കുമെന്നും ശ്രീനിജിൻ കൂട്ടിച്ചേർത്തു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഫേസ്ബുക്കിലും അദ്ദേഹം കുറിപ്പ് പങ്കുവച്ചു.

തനിക്ക് വ്യക്തിപരമായി ലഭിച്ച വോട്ടുകൾ കൊണ്ടും മണ്ഡലത്തിൽ കഴിഞ്ഞ അഞ്ചു വർഷം ചെയ്ത വികസന പ്രവർത്തനങ്ങൾ കൊണ്ടും വിളിച്ചാൽ വിളിപ്പുറത്തുള്ള എം.എൽ.എ എന്ന നിലയിലും കുന്നത്തുനാട് തന്നെ വിജയിപ്പിക്കുമെന്നും ശ്രീനിജിൻ പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞ സമയത്ത് കോൺഗ്രസ് മാത്രമാണ് എതിരാളി ,​ ട്വന്റി ട്വന്റി എതിരാളി അല്ല എന്നാണ് കരുതിയത്.
എന്നാൽ ഇവിടെ ത്രികോണ മത്സരം നടന്നുവെന്ന് ശ്രീനിജിൻ സമ്മതിക്കുന്നു. എൻ.ഡി,​എയ്ക്കൊപ്പം ചേർന്ന് ട്വന്റിട്വന്റിയും യു.ഡി.എഫും സി.പി.എമ്മും ശക്തമായ മത്സരം നടന്നിട്ടുണ്ട്. എൻ.ഡി.എയിൽ ചേർന്നതോടെ ട്വന്റി ട്വന്റി നശിച്ചുവെന്നും സാബുവിന് ഗുണമുണ്ടായെന്നും ശ്രീനിജിൻ പറഞ്ഞു.

കുന്നത്തുനാട്ടിൽ എൽ.ഡി.എഫിന് വേണ്ടി പി.വി. ശ്രീനിജിനും യു.ഡി.എഫിന് വേണ്ടി വി.പി. സജീന്ദ്രനും എൻ.ഡി.എയ്ക്ക് വേണ്ടി ട്വന്റിട്വന്റി പാർട്ടി സ്ഥാനാർത്ഥിയായി ബാബു ദിവാകരനുമാണ് മത്സരിച്ചത്. 83.83 ശതമാനം പോളിംഗാണ് മണ്ഡലത്തിൽ രേഖപ്പെടുത്തിയത്.

മന്ത്രിമാർക്ക് വിജയാശംസയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം.മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർക്ക് വിജയാശംസയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം പിണറായി സർക്കാരിന്റെ അവസാന മന്ത്രിസഭാ യോഗമായിരുന്നു ഇന്നത്തേത്. വാൽപ്പാറ ദുരന്തത്തിൽപ്പെട്ട ജീവൻ നഷ്ടപ്പെട്ടവരിൽ ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തവർക്ക് 10 ലക്ഷം രൂപ സർക്കാർ പ്രഖ്യാപിച്ചു…

ഇന്ന് 10 മണിക്ക് ഓൺലൈനായി ചേർന്ന കാബിനറ്റ് യോഗം പത്തുമിനിട്ടുമാത്രമാണ് നീണ്ടുനിന്നത്.
വാൽപ്പാറ ദുരന്തത്തിൽപ്പെട്ട ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതർക്ക് ധനസഹായം നൽകുക പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷന് ആവശ്യമായ തസ്തിക സൃഷ്ടിക്കുക എന്നിവയായിരുന്നു പ്രധാനപ്പെട്ട അജണ്ട..മരണമടഞ്ഞ സ്കൂൾ ബസ് ഡ്രൈവർ നൗഷാദ് അലി, പാചകത്തൊഴിലാളി സാജിദ, റുഖിയ, ഷക്കീല, വിദ്യാർത്ഥിയായ മുഹമ്മദ് ഹിഷാം എന്നിവരുടെ ബന്ധുകൾക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷം രൂപ അനുവദിച്ചത്… ബാക്കിയുള്ളവർക്ക് ഇൻഷുറൻസ് പരിരക്ഷയിൽ ധനസഹായം ലഭിക്കും.. ചികിത്സയിൽ കഴിയുന്ന മൂന്നുപേർക്കും മുഴുവൻ സഹായവും സർക്കാർ നൽകും…

ശമ്പള കമ്മീഷന്റെ പ്രവർത്തനത്തിനായി 14 അധിക തസ്‌തികൾ സൃഷ്ടിക്കാനും മന്ത്രി സഭ യോഗം തീരുമാനിച്ചു.. ഇതിനുശേഷമാണ് യോഗം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് മന്ത്രിമാർക്ക് ആശംസകൾ നേർന്നത്..
. അടുത്ത കാബിനറ്റ് യോഗം തിരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ പിറ്റേദിവസമായ മേയ് അഞ്ചിന് ചേരാനും തീരുമാനിച്ചിട്ടുണ്ട്. ഭരണത്തുടർച്ചയോ ഭരണമാറ്റമോ ഉണ്ടായാലും നിലവിലെ സർക്കാരിനെ പിരിച്ചുവിട്ട് പുതിയ സർക്കാരിനെ അധികാരമേൽപ്പിക്കാൻ ശുപാർശ ചെയ്യുന്നത് ഈ മന്ത്രിസഭാ യോഗത്തിലായിരിക്കും

കുന്നത്തൂരിന്‍റെ വോട്ട് വിനിമയം എങ്ങനെ, കണക്ക് നോക്കാം

കുന്നത്തൂർ മണ്ഡലത്തിലെ ജനമനസ് ഇങ്ങനെ, കണക്കുകള്‍ പറയുന്നതിങ്ങനെ വോട്ട് വിനിമയം കണക്കുകള്‍ വായിക്കാം.

  1. കുന്നത്തൂർ
  2. കോവൂർ കുഞ്ഞുമോൻ (ആർഎസ്പി ലെനിനിസ്റ്റ് മാർകിസ്റ്റ്)
  3. ഉല്ലാസ് കോവൂർ (ആർഎസ്പി)
  4. രാജി പ്രസാദ് (ബിജെപി)
  5. ശശിധരൻ (എസ്‌യുസിഐ)
  6. മാന്തറ വേലായുധൻ (സ്വതന്ത്രൻ)
  7. നോട്ട

2011 നിയമസഭ പോളിങ് – 74.09 %
2016 നിയമസഭ പോളിങ് – 76.64 %
2021 നിയമസഭ പോളിങ് – 77.69 %

2026
വോട്ട് ചെയ്ത പുരുഷന്മാർ – 73,819
സ്ത്രീകൾ – 86,240
ട്രാൻസ്ജെൻഡേഴ്സ് – 1
ആകെ വോട്ട് ചെയ്തത് – 1,60,060
ആകെ വോട്ടർമാർ – 2,05,694
ആകെ പോളിങ് ശതമാനം – 77.81 %

∙ തദ്ദേശം 2025

യുഡിഎഫ്: 64,504
എൽഡിഎഫ്: 63,910
എൻഡിഎ: 32,918
യുഡിഎഫ് ഭൂരിപക്ഷം: 594

(യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ എന്ന ക്രമത്തിൽ)

ഈസ്റ്റ് കല്ലട: 5671, 5462, 2404
മൺറോതുരുത്ത്: 2412, 2624, 1320
കുന്നത്തൂർ: 4778, 5671, 4140
മൈനാഗപ്പള്ളി: 9954, 11185, 3950
പോരുവഴി: 5949, 5971, 4480
ശാസ്താംകോട്ട: 9053, 7827, 3691
ശൂരനാട് നോർത്ത്: 7361, 7285, 2915
ശൂരനാട് സൗത്ത്: 6633, 6069, 3232
വെസ്റ്റ് കല്ലട: 4820, 4457, 2255
പവിത്രേശ്വരം: 7873, 7359, 4531

കുന്നത്തൂർ നിയമസഭാ മണ്ഡലത്തിലെ 10 ഗ്രാമപ്പഞ്ചായത്തുകളിൽ 6 ഗ്രാമപ്പഞ്ചായത്തുകൾ നേടി കുന്നത്തൂർ ഇടതുപക്ഷത്തിനൊപ്പം നിന്നു. വെസ്റ്റ് കല്ലട, മൺറോതുരുത്ത്, കുന്നത്തൂർ, മൈനാഗപ്പള്ളി, പോരുവഴി, ശാസ്താംകോട്ട എന്നീ പഞ്ചായത്തുകളിലാണ് എൽഡിഎഫ് ജയിച്ചത്. ശൂരനാട് നോർത്ത്, ശൂരനാട് സൗത്ത്, ഈസ്റ്റ് കല്ലട, പവിത്രേശ്വരം പഞ്ചായത്തുകളിൽ യുഡിഎഫ് വിജയിച്ചു.

∙ ലോക്സഭ 2024

കൊടിക്കുന്നിൽ സുരേഷ് എംപി ഹാട്രിക് വിജയം നേടിയ ലോക്സഭ തിരഞ്ഞെടുപ്പിൽ കുന്നത്തൂരിൽ ഇതാദ്യമായി എൽഡിഎഫ് ലീഡ് നേടി. എങ്കിലും ഇരുമുന്നണികൾക്കും വോട്ടുകൾ ചോർന്നിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനെക്കാൾ 8,934 വോട്ടുകളാണ് ഇടതുമുന്നണിക്ക് നഷ്ടമായത്. 43.13 ശതമാനം വോട്ട് 41.47 ശതമാനമായി കുറഞ്ഞു. യുഡിഎഫിനു 7,491 വോട്ടുകൾ നഷ്ടമാവുകയും വോട്ട് ശതമാനം 41.40 ശതമാനത്തിൽ നിന്ന് 40.55 ആയി കുറയുകയും ചെയ്തു. എന്നാൽ എൻഡിഎ നില മെച്ചപ്പെടുത്തി. 713 വോട്ടുകൾ അധികമായി നേടിയ ബിഡിജെഎസ് പ്രതിനിധി ബൈജു കലാശാല എൻഡിഎ വോട്ട് ശതമാനം 13.52 നിന്നും 15.4 ആക്കി ഉയർത്തി. എൽഡിഎഫ് 1,347 വോട്ടിന്റെ ലീഡ് നേടിയെങ്കിലും കുന്നത്തൂരിൽ വലിയ ലീഡ് ഉയർത്തി എൽഡിഎഫിന്റെ വിജയം ഉറപ്പാക്കാമെന്ന ഇടതുമുന്നണിയുടെ കണക്കുകൂട്ടൽ വിഫലമാവുകയായിരുന്നു. പ്രതീക്ഷിച്ച ലീഡിന്റെ 10 % പോലും നേടാൻ സാധിച്ചില്ല.

അതിരപ്പിള്ളി-മലക്കപ്പാറ വനപാതയിൽ വാച്ചുമരം ആനക്കല്ലിന് സമീപം മരം കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു

അതിരപ്പിള്ളി-മലക്കപ്പാറ വനപാതയിൽ വാച്ചുമരം ആനക്കല്ലിന് സമീപം മരം കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു.മരം വീണതിനെത്തുടർന്ന് പാതയോരത്തെ വൈദ്യുത പോസ്റ്റുകൾ തകരുകയും ചെയ്തു.റോഡിന് കുറുകെ വീണ മരം കാരണം അന്തർസംസ്ഥാന പാതയിൽ ഇരുവശത്തേക്കുമുള്ള വാഹനഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.

മലക്കപ്പാറ ഭാഗത്തുനിന്നുള്ള കെ.എസ്.ആർ.ടി.സി ബസുകളും വിനോദസഞ്ചാരികളുടെ വാഹനങ്ങളും വനപാതയിൽ കുടുങ്ങി.അപകടവിവരമറിഞ്ഞ് വനപാലകരും കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ഉടൻതന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു.മരം മുറിച്ചുനീക്കിയും തകർന്ന വൈദ്യുത ലൈനുകൾ ക്രമീകരിച്ചും ഗതാഗതം പുനഃസ്ഥാപിച്ചു.

തകർന്ന വൈദ്യുത പോസ്റ്റുകൾ മാറ്റിസ്ഥാപിക്കാനുള്ള നടപടികൾ കെ.എസ്.ഇ.ബി. അധികൃതർ സ്വീകരിച്ചുവരികയാണ്.

പൊലീസ് ട്രെയിനിങ് കോളജിലേക്കുള്ള ഉദ്യോഗസ്ഥരെ സേനയിൽ നിന്ന്  തെരഞ്ഞെടുക്കുന്നതിനായി നടത്തിയ പരീക്ഷയിൽ വ്യാപകമായ തിരിമറി ,പരാതി

തിരുവനന്തപുരം: പൊലീസ് ട്രെയിനിങ് കോളജിലേക്കുള്ള ഉദ്യോഗസ്ഥരെ സേനയിൽ നിന്ന്  തെരഞ്ഞെടുക്കുന്നതിനായി നടത്തിയ പരീക്ഷയിൽ വ്യാപകമായ തിരിമറി നടന്നതായി ആക്ഷേപം. സർക്കാർ മാറാനുള്ള സാധ്യത മുന്നിൽകണ്ട് വേണ്ടപ്പെട്ടവരെ ട്രെയിനിങ് കോളജിൽ നിയമിക്കാനാണ് തിരക്കിട്ട് പരീക്ഷ നടത്തിയതെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആരോപിക്കുന്നു.

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കെയാണ് ഈ നിയമനം നടത്തിയത്. സംഭവത്തിൽ ഗവർണർക്കും മുഖമന്ത്രിക്കും ഡിജിപിക്കും തെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകിയതായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി വ്യക്തമാക്കി.

സാധാരണ എഴുത്ത് പരീക്ഷയുടെ നടത്തിപ്പിന് എൽബിഎസ്, മാനേജ്മെന്റ്, സർവകലാശാല തുടങ്ങിയ സർക്കാർ ഏജൻസികളെ ഏൽപ്പിക്കുകയാണ് പതിവ്. ഇതിന് പകരം പൊലീസ് ട്രെയിനിങ് കോളജിലെ ഉദ്യോഗസ്ഥരെയാണ് പരീക്ഷയുടെ നടത്തിപ്പ് ചുമതല ഏൽപ്പിച്ചത്. ഇത് എഴുത്ത് പരീക്ഷയിൽ കൃത്രിമം നടത്തുന്നതിന്റെ ഭാഗമായാണെന്ന് ആരോപണം.

കൊലപാതക ശ്രമം: പ്രതിയെ ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തു

ശാസ്താംകോട്ട: ശാസ്താംകോട്ട പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന പടിഞ്ഞാറേ കല്ലട വിളന്തറ ജീന ഭവനത്തില്‍ പ്രിന്‍സ് (സാനു-26) എന്നയാളെയാണ് ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഏപ്രില്‍ 4ന് രാത്രി കോട്ടക്കുഴി ജംഗ്ഷനില്‍ കല്യാണ വീട്ടില്‍ കയറി അക്രമം ഉണ്ടാക്കുകയും നാശനഷ്ടം വരുത്തിയതിനും ബൈക്കിന് സൈഡ് കൊടുക്കാത്തത് ചോദ്യം ചെയ്ത യുവാക്കളെ ക്രൂരമായി മര്‍ദിച്ചതിന് കൊലപാതക ശ്രമത്തിനും ഉള്‍പ്പെടെ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതറിഞ്ഞ് ഒളിവില്‍ പോയ പ്രതി നാടുവിടാന്‍ ശ്രമിക്കുന്നുണ്ടെന്ന് പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടികൂടിയത്.
നാഗാലാന്‍ഡിലെ ബീമാപൂര്‍ എന്ന സ്ഥലത്തേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു പ്രതി. കൊലപാതക ശ്രമം, മയക്കുമരുന്ന് കടത്തല്‍ ഉള്‍പ്പെടെ 17-ഓളം കേസുകളില്‍ പ്രതിയാണ് പ്രിന്‍സ്. ശാസ്താംകോട്ട പോലീസ് സ്റ്റേഷന് പുറമെ ശൂരനാട്, കരുനാഗപ്പള്ളി, പാലക്കാട് വടക്കഞ്ചേരി തമിഴ്‌നാട് തിരുവള്ളുവര്‍ ആര്‍കെ പെട്ട് പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കുണ്ടറയില്‍ നിര്‍മ്മാണത്തിലിരുന്ന കിണറ്റില്‍ ചെളിയിടിഞ്ഞ് ഉള്ളില്‍ കുടുങ്ങിയ തൊഴിലാളിയെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി

കുണ്ടറ: വെള്ളിമണ്ണില്‍ നിര്‍മ്മാണത്തിലിരുന്ന കിണറ്റില്‍ ചെളിയിടിഞ്ഞ് ഉള്ളില്‍ കുടുങ്ങിയ തൊഴിലാളിയെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. കണ്ണനല്ലൂര്‍ വടക്കേമുക്ക് ചതുരവിള വീട്ടില്‍ ദാവൂദ് (40) ആണ് അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച രാവിലെ 10.45 ഓടെ വെള്ളിമണ്ണിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലായിരുന്നു സംഭവം.

ദിവസങ്ങളായി ഇവിടെ കിണര്‍ നിര്‍മ്മാണം നടന്നുവരികയായിരുന്നു. 120 അടിയോളം താഴ്ചയില്‍ റിംഗിറക്കി ആഴം കൂട്ടുന്നതിനിടെ ദാവൂദിന്റെ ദേഹത്തേക്ക് മുകളില്‍ നിന്നും ചെളി ഇടിഞ്ഞു വീഴുകയായിരുന്നു. അപകടമുണ്ടായ ഉടന്‍ തന്നെ കൂടെയുണ്ടായിരുന്ന മറ്റൊരു തൊഴിലാളി കിണറ്റിലിറങ്ങി ചെളി നീക്കം ചെയ്തത് വലിയ ദുരന്തം ഒഴിവാക്കി. വിവരമറിഞ്ഞ് പതിനൊന്ന് മണിയോടെ സ്ഥലത്തെത്തിയ കുണ്ടറ ഫയര്‍ഫോഴ്‌സ് സംഘം വലയിറക്കി ദാവൂദിനെ സുരക്ഷിതമായി പുറത്തെത്തിച്ചു.

ഉടന്‍ തന്നെ കുണ്ടറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദാവൂദിന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്. കുണ്ടറ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ ദിലീപ്കുമാര്‍, അസി. സ്റ്റേഷന്‍ ഓഫീസര്‍ ആര്‍. പ്രസേന്ദ്രന്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ അജീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. ജില്ലാ ഫയര്‍ ഓഫീസര്‍ രാംകുമാറും സ്ഥലം സന്ദര്‍ശിച്ചു.

പൂനെയില്‍ ബാലികയെ ബലാത്സംഗം ചെയ്ത് കൊന്നു

പൂനെ: പൂനെയില്‍ നാല് വയസുകാരിയെ 64കാരന്‍ ബലാത്സംഗം ചെയ്ത് കൊന്നു. വെള്ളിയാഴ്ച്ച ഭോറില്‍ നടന്ന സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പ്രതി പെണ്‍കുട്ടിയെ കന്നുകാലികളുടെ ഷെഡ്ഡിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രതിക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ പോലീസ് സ്‌റ്റേഷനിലേക്കെത്തി. തുടര്‍ന്ന് മുംബൈ-ബെംഗളൂരു ഹൈവേ ഉപരോധിച്ചു. കേസില്‍ 15 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ജനങ്ങള്‍ക്ക് പോലീസ് ഉറപ്പ് നല്‍കി.

ഏഴാംമൈലിൽ അപകട പരമ്പര:പ്രതീകാത്മക ട്രാഫിക് സിഗ്നൽ നിർമ്മിച്ച് ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ



കുന്നത്തൂർ:കൊല്ലം,പത്തനംതിട്ട ജില്ലകളുടെ അതിർത്തി കേന്ദ്രമായ ഏഴാംമൈലിൽ തുടർന്നുവരുന്ന അപകട പരമ്പരകളുടെ പരിഹാരത്തിന് ട്രാഫിക് സിഗ്നൽ വേണമെന്ന വർഷങ്ങളായുള്ള ആവശ്യം നടപ്പാക്കാത്തതിനെതിരെ ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ  കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മക ട്രാഫിക് സിഗ്നലും സമര സംഗമവും നടത്തി.ഭരണിക്കാവിൽ നിന്നും അടൂരിലേക്ക് പോകുന്ന പ്രധാന പാതയ്ക്ക് കുറുകെ ഇടയ്ക്കാട് നിന്നും നെടിയവിളക്ക് പോകുന്ന വഴിയും വീതി കൂട്ടി പുതുക്കി പണിഞ്ഞതിനുശേഷമാണ് അപകടങ്ങൾ പരമ്പരയാകുന്നത്.അതിവേഗതയിൽ എത്തുന്ന വാഹനങ്ങൾ നിയന്ത്രണങ്ങൾ ഇല്ലാത്തതിനാൽ പരസ്പരം കൂട്ടിയിടിക്കുന്നത് പതിവാണ്.അപകടത്തിൽപ്പെട്ട ഒരു യുവാവിന്റെ മരണവും അടുത്തിടെ ഉണ്ടായിട്ടുണ്ട്.ട്രാഫിക് സിഗ്നൽ സ്ഥാപിക്കുക മാത്രമാണ് ഇതിനുള്ള ഏക പോംവഴി.അടൂർ,കുന്നത്തൂർ എംഎൽഎമാരുടെയോ മാവേലിക്കര,പത്തനംതിട്ട എം.പിമാരുടെയോ ഇടപെടൽ ആവശ്യപ്പെട്ടാണ് സമരം സംഘടിപ്പിച്ചത്.സമരത്തിൽ ഏഴാംമൈൽ ജംഗ്ഷനിലെ ഓട്ടോ ടാക്സി തൊഴിലാളികളും വ്യാപാരികളും പങ്കെടുത്തു.നാലുപാതയിലേക്കും അടയാള ബോർഡുകൾ സ്ഥാപിച്ച് നടത്തിയ സമരം ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ  സംസ്ഥാന ജനറൽ സെക്രട്ടറി പി.ടി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.ഇടത്തറ ഷാജഹാൻ അധ്യക്ഷത വഹിച്ചു.കെ.പി ചന്ദ്രൻ,തോമസ് വൈദ്യൻ, പറമ്പിൽ സുബൈർ,ശ്രീരാജ് ചിറ്റക്കാട്ട് ചിറ്റക്കാട്ട്,സുധാകരൻ കുന്നത്തൂർ, ബഷീർ ഒല്ലായി,ബി.കൃഷ്ണകുമാർ ഹരിദാസ് പാടകശ്ശേരി എന്നിവർ സംസാരിച്ചു.