കുന്നത്തൂർ:കൊല്ലം,പത്തനംതിട്ട ജില്ലകളുടെ അതിർത്തി കേന്ദ്രമായ ഏഴാംമൈലിൽ തുടർന്നുവരുന്ന അപകട പരമ്പരകളുടെ പരിഹാരത്തിന് ട്രാഫിക് സിഗ്നൽ വേണമെന്ന വർഷങ്ങളായുള്ള ആവശ്യം നടപ്പാക്കാത്തതിനെതിരെ ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മക ട്രാഫിക് സിഗ്നലും സമര സംഗമവും നടത്തി.ഭരണിക്കാവിൽ നിന്നും അടൂരിലേക്ക് പോകുന്ന പ്രധാന പാതയ്ക്ക് കുറുകെ ഇടയ്ക്കാട് നിന്നും നെടിയവിളക്ക് പോകുന്ന വഴിയും വീതി കൂട്ടി പുതുക്കി പണിഞ്ഞതിനുശേഷമാണ് അപകടങ്ങൾ പരമ്പരയാകുന്നത്.അതിവേഗതയിൽ എത്തുന്ന വാഹനങ്ങൾ നിയന്ത്രണങ്ങൾ ഇല്ലാത്തതിനാൽ പരസ്പരം കൂട്ടിയിടിക്കുന്നത് പതിവാണ്.അപകടത്തിൽപ്പെട്ട ഒരു യുവാവിന്റെ മരണവും അടുത്തിടെ ഉണ്ടായിട്ടുണ്ട്.ട്രാഫിക് സിഗ്നൽ സ്ഥാപിക്കുക മാത്രമാണ് ഇതിനുള്ള ഏക പോംവഴി.അടൂർ,കുന്നത്തൂർ എംഎൽഎമാരുടെയോ മാവേലിക്കര,പത്തനംതിട്ട എം.പിമാരുടെയോ ഇടപെടൽ ആവശ്യപ്പെട്ടാണ് സമരം സംഘടിപ്പിച്ചത്.സമരത്തിൽ ഏഴാംമൈൽ ജംഗ്ഷനിലെ ഓട്ടോ ടാക്സി തൊഴിലാളികളും വ്യാപാരികളും പങ്കെടുത്തു.നാലുപാതയിലേക്കും അടയാള ബോർഡുകൾ സ്ഥാപിച്ച് നടത്തിയ സമരം ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.ടി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.ഇടത്തറ ഷാജഹാൻ അധ്യക്ഷത വഹിച്ചു.കെ.പി ചന്ദ്രൻ,തോമസ് വൈദ്യൻ, പറമ്പിൽ സുബൈർ,ശ്രീരാജ് ചിറ്റക്കാട്ട് ചിറ്റക്കാട്ട്,സുധാകരൻ കുന്നത്തൂർ, ബഷീർ ഒല്ലായി,ബി.കൃഷ്ണകുമാർ ഹരിദാസ് പാടകശ്ശേരി എന്നിവർ സംസാരിച്ചു.




































