Home Blog Page 715

ഓടുന്ന ട്രെയിനില്‍ നിന്ന് കുഞ്ഞിനെ പുറത്തേക്ക് എറിഞ്ഞു കൊന്ന കേസില്‍ അമ്മ അറസ്റ്റില്‍

റാഞ്ചി: ഓടുന്ന ട്രെയിനില്‍ നിന്ന് കുഞ്ഞിനെ പുറത്തേക്ക് എറിഞ്ഞു കൊന്ന കേസില്‍ അമ്മ അറസ്റ്റില്‍. ഝാര്‍ഖണ്ഡിലെ പശ്ചിമ സിംഗ്ഭും ജില്ലയിലെ മജ്ഗാവ് സ്വദേശിനിയായ മുദ്രാവതി ഗോപെയാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി ഹൗറ-ബാര്‍ബില്‍ ജന്‍ ശതാബ്ദി എക്‌സ്പ്രസില്‍ ഖര്‍സവാന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രാജ്ഖര്‍സവാന്‍, മഹാലിമരുപ് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലായിരുന്നു സംഭവം. റെയില്‍വേ ട്രാക്കിന് സമീപത്ത് നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

ഒന്നര മാസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് ഓടുന്ന ട്രെയിനില്‍ നിന്ന് ഇവര്‍ പുറത്തേക്ക് എറിഞ്ഞത്. മൂന്ന് വയസ് പ്രായമുള്ള മറ്റൊരു കുട്ടിയെക്കൂടി ട്രെയിനില്‍ നിന്ന് പുറത്തേക്ക് എറിയാന്‍ ശ്രമിച്ചപ്പോള്‍ സഹയാത്രക്കാര്‍ തടഞ്ഞു. തുടര്‍ന്ന് ഇവരെ റെയില്‍വേ സംരക്ഷണ സേനയ്ക്ക് കൈമാറി. ഖര്‍സവാന്‍ പൊലീസ് സ്റ്റേഷന്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഗൗരവ് കുമാര്‍ പിടിഐയോട് പറഞ്ഞു.

പശ്ചിമ ബംഗാള്‍ സ്വദേശിയായ മുഹമ്മദ് ഷഹാബുദ്ദീന്‍ എന്നയാള്‍ക്കൊപ്പമാണ് ഇവര്‍ 4 വര്‍ഷമായി താമസിച്ചിരുന്നത്. എന്നാല്‍ പശ്ചിമ സിംഗ്ഭുമിലുള്ള സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചതിന് പിന്നാലെ ഇവര്‍ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

മുഖ്യമന്ത്രി വി ഡി സതീശന്റെ ഗുരുവായൂർ ക്ഷേത്ര സന്ദർശനം, ജനങ്ങളുടെ ദർശനം തടസ്സപ്പെടുത്തിയെന്ന് പരാതി

തൃശൂര്‍. മുഖ്യമന്ത്രി വി ഡി സതീശന്റെ ഗുരുവായൂർ ക്ഷേത്ര സന്ദർശനത്തിനായി ജനങ്ങളുടെ ദർശനം തടസ്സപ്പെടുത്തിയെന്ന് പരാതി. വി ഡി സതീശനും അനുയായികൾക്കും വി ഐ പി ദർശനം അനുവദിച്ചുവെന്ന്കാട്ടി ബി ഗോപാലകൃഷ്ണൻ പരാതി നൽകി. വീഡിയോ ചിത്രീകരണത്തിന് വിലക്കുള്ള മേഖലയിൽ ഹൈബി ഈഡൻ എംപി വീഡിയോ ചിത്രീകരിച്ചതായും അഡ്മിനിസ്ട്രേറ്റർ നൽകിയ പരാതിയിൽ ബിജെപി ചൂണ്ടിക്കാട്ടുന്നു.

ഞായറാഴ്ച ദിവസങ്ങളിൽ രാവിലെ ആറ് മുതൽ ഉച്ചയ്ക്ക് 12 വരെ വിഐപി ദർശനം പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് മുഖ്യമന്ത്രിയും അനുയായികളും ഗുരുവായൂർ ക്ഷേത്ര സന്ദർശനം നടത്തിയത് എന്നാണ് ബിഗോപാലകൃഷ്ണന്റെ പരാതി. നെയ്യ് വിളക്ക് ചീട്ടാക്കിയാൽ ക്യൂവിൽ നിൽക്കാതെ തൊഴാനാകും. എന്നാൽ നെയ് വിളക്ക് വഴിപാടായി കഴിച്ചിരുന്നില്ല എന്നാണ് ബിജെപിയുടെ ആരോപണം. റവന്യൂ മന്ത്രി എ പി അനിൽകുമാറിന്റെ മകൻറെ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രിക്കൊപ്പം നിരവധി മന്ത്രിമാരും ഗുരുവായൂരിൽ എത്തിയിരുന്നു. വീഡിയോ ചിത്രീകരണത്തിന് വിലക്കുള്ള മേഖലയിൽ ഹൈബി ഈഡൻ എംപി വീഡിയോ ചിത്രീകരിച്ചതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. അഡ്മിനിസ്ട്രേറ്റർ നൽകിയ പരാതിയിൽ തുടർനടപടി ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് ഗോപാലകൃഷ്ണന്റെ നീക്കം. അതിനിടെ രാത്രി 11 മണി മുതൽ ക്യു നിന്ന ഭക്തർക്ക് മുഖ്യമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് ദർശനം ലഭ്യമാകാതെ മടങ്ങേണ്ടിവന്നുവെന്ന പരാതിയും ഉയർന്നു.

ഗുരുവായൂരപ്പന് വെണ്ണകൊണ്ട് തുലാഭാരം സമർപ്പിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്. പിന്നാലെ നടത്തിയ തൃപ്രയാർ ക്ഷേത്ര സന്ദർശനത്തിലും ആചാരലംഘനം നടന്നതായി ബിജെപി ആരോപിച്ചു.

പാളയം മാർക്കറ്റിലെ അനധികൃത നിർമ്മാണം ഒഴിപ്പിച്ച് നഗരസഭ

തിരുവനന്തപുരം. പാളയം മാർക്കറ്റിലെ അനധികൃത നിർമ്മാണം ഒഴിപ്പിച്ച് നഗരസഭ. പൊതുവഴി അടച്ചും റോഡ് കയ്യേറിയുംഅനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങളാണ് ജെസിബി കൊണ്ട് നഗരസഭ പൊളിച്ച് മാറ്റിയത്. പാളയം മാർക്കറ്റിലെ അനധികൃത പണപ്പിരിവും പൊതുവഴി കയ്യേറിയുള്ള കെട്ടിടനിർമ്മാണവും നിരന്തരം പരാതികളായി എത്തുന്നു എന്ന് മേയർ വി വി രാജേഷ് പറഞ്ഞു

നഗരസഭയുടെ അനുമതിയില്ലാതെ പലരും സ്വാധീനമുപയോഗിച്ച് കൈയടക്കിയ കടകൾ റോഡ് കയ്യേറി നിർമ്മിച്ച കെട്ടിടങ്ങൾ എന്നിവയാണ് തിരുവനന്തപുരം നഗരസഭ ജെസിബി ഉപയോഗിച്ച് പൊളിച്ച് മാറ്റിയത്.
പൊതുവഴികൾ അടച്ച് ഇഷ്ടാനുസരണം കെട്ടിയ കടകളാണ് പൊളിച്ച് മാറ്റിയത് എന്നും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കഴിഞ്ഞ് ഈ നടപടികൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു എന്നും മേയർ വിവി രാജേഷ് പറഞ്ഞു. മാത്രമല്ല കഴിഞ്ഞ ദിവസം അനധികൃതമായി പാളയം മാർക്കറ്റിൽ നടത്തുന്ന പണപ്പിരിവും പരാതി ലഭിച്ചത് അനുസരിച്ച് നേരിട്ടെത്തി നോട്ടീസ് നൽകി നിർത്തലാക്കി എന്നും മേയർ പറഞ്ഞു.

വരും ദിവസങ്ങളിൽ മുന്നറിയിപ്പില്ലാതെ കൂടുതൽ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് മേയർ

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് മുകളിലേക്ക് റോഡരികിലെ മരം പിഴുത് വീണു

കൊല്ലം: കേരളപുരത്ത് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന് മുകളിലേക്ക് റോഡരികിലെ മരം പിഴുത് വീണു. ഇന്ന് ഉച്ചയോടെ കരുനാഗപ്പള്ളിയില്‍ നിന്നും കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന ബസിന് മുകളിലേക്കാണ് അപകടഭീഷണിയുയര്‍ത്തി നിന്നിരുന്ന ഉണങ്ങിയ മരം വീണത്. മരം വീണതിനെ തുടര്‍ന്ന് ബസിന്റെ മുകള്‍ഭാഗം തകര്‍ന്നു.  ബസിലുണ്ടായിരുന്ന യാത്രക്കാരെല്ലാം പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
മഴ പെയ്തു തോര്‍ന്ന സമയത്താണ് അപകടം സംഭവിച്ചത്. റോഡരികില്‍ ഉണങ്ങി നിന്നിരുന്ന മരം വലിയ അപകടഭീഷണിയാണെന്നും ഇത് അടിയന്തരമായി മുറിച്ചു മാറ്റണമെന്നും പ്രദേശവാസികളും വ്യാപാരികളും പലതവണ അധികൃതരോട് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് ഇപ്പോള്‍ വലിയൊരു അപകടത്തിലേക്ക് വഴിതുറന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

നിയമസഭയില്‍ രണ്ടു ഭരണപക്ഷ എംഎല്‍എമാരുടെ സത്യപ്രതിജ്ഞയില്‍ ചട്ടലംഘനം നടന്നിട്ടുണ്ടെന്ന് വിമര്‍ശനം

തിരുവനന്തപുരം. നിയമസഭയില്‍ രണ്ടു ഭരണപക്ഷ എംഎല്‍എമാരുടെ സത്യപ്രതിജ്ഞയില്‍ ചട്ടലംഘനം നടന്നിട്ടുണ്ടെന്ന്് വിമര്‍ശനം. ഇതിനു പുറമെ, സത്യപ്രതിജ്ഞാ ചടങ്ങിനിടെ സന്ദര്‍ശക ഗാലറിയില്‍ ആര്‍പ്പുവിളിയും കൈയടിയും ഉയര്‍ന്നത് അച്ചടക്കലംഘനമായി നിയമസഭാ സമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടും.

ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് പ്രതിജ്ഞയ്ക്കിടെ സത്യവാചകത്തിനു പുറമേ, ‘എന്റെ പ്രിയപ്പെട്ട ആലുവക്കാര്‍ക്കുള്ള നന്ദിയും രേഖപ്പെടുത്തുന്നു’ എന്ന് പറഞ്ഞതിലാണ് തര്‍ക്കം. ഭരണഘടനയനുസരിച്ച് പ്രതിജ്ഞാവാക്യത്തില്‍ ഒന്നും കൂട്ടിച്ചേര്‍ക്കാന്‍ പാടില്ല. അതിനാല്‍, അന്‍വര്‍ സാദത്തിന്റെ സത്യപ്രതിജ്ഞ അസാധുവാണെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്.

രക്തസാക്ഷിഫണ്ടിലെ ക്രമക്കേട് ചോദ്യം ചെയ്തതിന്റെ പേരില്‍ സിപിഎമ്മില്‍ നിന്നും പുറത്താക്കപ്പെട്ട പയ്യന്നൂര്‍ എംഎല്‍എ വി കുഞ്ഞികൃഷ്ണന്‍ പ്രതിജ്ഞ ചെയ്യുമ്പോള്‍ പ്രോടെം സ്പീക്കര്‍ ജി സുധാകരന്‍ ചെയറില്‍ ഉണ്ടായിരുന്നില്ലെന്നാണ് ആരോപണം.പ്രോടെം സ്പീക്കര്‍ക്കു മുമ്പാകെയാണ് ശപഥമെടുത്ത് എംഎല്‍എമാര്‍ അധികാരമേറേണ്ടെന്നിരിക്കേ, അദ്ദേഹത്തിന്റെ അസാന്നിധ്യത്തിലുള്ള പ്രതിജ്ഞയ്ക്കു നിയമസാധുത ഇല്ലെന്നാണ് വാദം.

താൽക്കാലിക അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമാക്കി

തിരുവനന്തപുരം: ഹൈസ്‌കൂൾ വരെയുള്ള പൊതുവിദ്യാലയങ്ങളിലെ താൽക്കാലിക അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമാക്കി. അധ്യാപക യോഗ്യത പരീക്ഷയായ കെ-ടെറ്റ് എല്ലാവരും പാസാകണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഈ പുതിയ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.

ഇതിനോടൊപ്പം, താൽക്കാലിക നിയമനങ്ങളിൽ സംവരണ വ്യവസ്ഥകളും കൃത്യമായി പാലിക്കണമെന്നും സർക്കാർ ഉത്തരവിൽ നിർദ്ദേശമുണ്ട്. താൽക്കാലിക നിയമനങ്ങളിൽ 1:1 എന്ന അനുപാതത്തിൽ രണ്ടാമത്തെ ഒഴിവ് പട്ടികവിഭാഗങ്ങൾക്കും പിന്നാക്കവിഭാഗങ്ങൾക്കും ക്രമമനുസരിച്ച് നൽകണം. സംവരണ ഒഴിവിൽ അർഹരായ അപേക്ഷകരില്ലെങ്കിൽ മാത്രമേ പൊതുവിഭാഗത്തിൽ നിന്ന് നിയമനം നടത്താൻ അനുവാദമുള്ളൂ.

ഇതിന് പകരമായി തൊട്ടടുത്ത വരാനിരിക്കുന്ന ഒഴിവ് സംവരണ വിഭാഗത്തിനായി മാറ്റിവെക്കണമെന്നും വിദ്യാലയങ്ങളിൽ പരിശോധന നടത്തുമ്പോൾ വിദ്യാഭ്യാസ ഓഫീസർമാർ ഈ സംവരണക്രമം ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു.

പൂർണ്ണ യോഗ്യതയുള്ളവരെ മാത്രമേ താൽക്കാലിക അധ്യാപകരായി നിയമിക്കാവൂ. കൂടാതെ താൽക്കാലിക നിയമനങ്ങൾക്കായുള്ള അഭിമുഖ പാനലിൽ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷന്റെയോ അല്ലെങ്കിൽ അവരുടെ പ്രതിനിധിയുടെയോ സാന്നിധ്യം ഇനി മുതൽ നിർബന്ധമായിരിക്കും എന്നും ഉത്തരവിലൂടെ സർക്കാർ അറിയിച്ചു.

UPSC റിക്രൂട്ട്മെന്റ്: വിവിധ സർക്കാർ തസ്തികകളിലേക്ക് അപേക്ഷ ആരംഭിച്ചു, ജൂൺ 12 വരെ അപേക്ഷിക്കാം

കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിലെ തസ്തികകളിലേക്കുള്ള നേരിട്ടുള്ള റിക്രൂട്ട്മെന്റിനായി അപേക്ഷ ക്ഷണിച്ച് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2026 ജൂൺ 12 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം.

മെയ് 23 മുതൽ upsc.gov.in വഴിയാണ് അപേക്ഷ ആരംഭിച്ചത്. തസ്തികകൾ, യോഗ്യതാ മാനദണ്ഡങ്ങൾ, പ്രായപരിധി, വിദ്യാഭ്യാസ യോഗ്യതകൾ, അപേക്ഷാ മാർഗനിർദേശങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ അടങ്ങിയ വിശദമായ വിവരങ്ങൾ (നമ്പർ 05/2026) കമ്മീഷന്റെ ഔദ്യോഗിക പോർട്ടലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

യുപിഎസ്സി റിക്രൂട്ട്മെന്റ് 2026- എങ്ങനെ അപേക്ഷിക്കാം

ഔദ്യോഗിക റിക്രൂട്ട്മെന്റ് പോർട്ടൽ സന്ദർശിക്കുക.
ആവശ്യമായ രേഖകൾക്കും യോഗ്യതാ വിശദാംശങ്ങൾക്കുമുള്ള നിർദേശങ്ങൾ ശ്രദ്ധാപൂർവം വായിക്കുക.
രജിസ്‌ട്രേഷൻ പൂർത്തിയാക്കി യൂണിവേഴ്‌സൽ രജിസ്‌ട്രേഷൻ നമ്പർ (URN) നേടുക.
കോമൺ അപ്ലിക്കേഷൻ ഫോം (CAF) പൂരിപ്പിക്കുക.
തസ്തിക തിരഞ്ഞെടുത്ത് ഒഴിവ് സംബന്ധിച്ചുള്ള ഭാഗം പൂർത്തിയാക്കുക.
ജനനത്തീയതി തെളിവ്, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, കാറ്റഗറി സർട്ടിഫിക്കറ്റ് (ബാധകമാണെങ്കിൽ) എന്നിവയുൾപ്പെടെ ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യുക.
ആവശ്യമായ അപേക്ഷാ ഫീസ് അടയ്ക്കുക.
എല്ലാ വിശദാംശങ്ങളും ശ്രദ്ധാപൂർവ്വം അവലോകനം ചെയ്ത് ഫോം സമർപ്പിക്കുക.
സമർപ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.
ഓൺലൈൻ അപേക്ഷാ ഫോം സമർപ്പിക്കുമ്പോൾ ഉദ്യോഗാർത്ഥികൾക്ക് അവരുടെ വിശദാംശങ്ങൾ ശ്രദ്ധാപൂർവം പൂരിപ്പിക്കാൻ യുപിഎസ്സി നിർദേശിച്ചിട്ടുണ്ട്. കമ്മീഷന്റെ അഭിപ്രായത്തിൽ, തെറ്റായ വിവരങ്ങൾ അല്ലെങ്കിൽ അപൂർണമായ രേഖകൾ കമ്പ്യൂട്ടർ അധിഷ്ഠിത ഷോർട്ട്ലിസ്റ്റിങ് പ്രക്രിയയിൽ നിരസിക്കപ്പെടാൻ ഇടയാക്കിയേക്കാം. ചില സാഹചര്യങ്ങളിൽ, തെറ്റായ വിവരങ്ങൾ നൽകിയാൽ ഉദ്യോഗാർത്ഥികൾക്ക് വിലക്ക് നേരിടേണ്ടി വരാം.

വിവിധ മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും കീഴിലുള്ള നിരവധി സർക്കാർ തസ്തികകളിലേക്ക് അപേക്ഷിക്കാൻ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അവസരം നൽകുന്നതാണ് ഈ റിക്രൂട്ട്മെന്റ്. ഓൺലൈനായി മാത്രമേ അപേക്ഷകൾ സ്വീകരിക്കൂ എന്നതിനാൽ, അവസാന നിമിഷത്തിലെ സാങ്കേതിക പ്രശ്‌നങ്ങൾ ഒഴിവാക്കാൻ സമയപരിധിക്കുള്ളിൽ നടപടി പൂർത്തിയാക്കാൻ ഉദ്യോഗാർത്ഥികൾക്ക് നിർദേശമുണ്ട്.

50 വയസിന് ശേഷം സ്ത്രീകളിൽ ഉണ്ടാകുന്ന 4 പ്രധാന പോഷക കുറവുകൾ, ശ്രദ്ധിക്കാം

50 കഴിഞ്ഞ സ്ത്രീകൾ പലതരം ആരോഗ്യ പ്രശ്നങ്ങളാണ് നേരിടുന്നത്. ഹോർമോൺ പ്രശ്നങ്ങൾ, ജീവിതശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, പ്രതിരോധ ശേഷി കുറവ് തുടങ്ങി എല്ലാ കാര്യങ്ങളിലും മാറ്റങ്ങൾ സംഭവിക്കുന്നു. 50ന് ശേഷം സ്ത്രീകളിൽ ഉണ്ടാകുന്ന പ്രധാന പോഷക കുറവുകൾ ഇതാണ്.

വിറ്റാമിൻ ഡി

പ്രായം കൂടുന്നതിന് അനുസരിച്ച് ചർമ്മത്തിൽ മാറ്റങ്ങൾ ഉണ്ടാവുകയും, വൃക്കകളുടെയും കരളിന്റെയും പ്രവർത്തനം കുറയുകയും ചെയ്യുന്നു. വിറ്റാമിൻ ഡിയുടെ കുറവ് മൂലമാണ് ഇത് സംഭവിക്കുന്നത്. ബലമുള്ള എല്ലുകൾക്കും രോഗ പ്രതിരോധ ശേഷി കൂട്ടുന്നതിനും വിറ്റാമിൻ ഡി ആവശ്യമാണ്.

കാൽസ്യം

ശരീരത്തിൽ കാൽസ്യം ആഗിരണം ചെയ്യുന്നതിന് ഈസ്ട്രജൻ പ്രധാന പങ്കുവഹിക്കുന്നു. എന്നാൽ ആർത്തവ വിരാമത്തിന് ശേഷം സ്ത്രീകളിൽ ഈസ്ട്രജന്റെ അളവ് കുറയുന്നു. ഇത് എല്ലുകളുടെ ബലം നഷ്ടപ്പെടാൻ കാരണമാകും.

വിറ്റാമിൻ ബി12

പ്രായമായ സ്ത്രീകളിൽ വിറ്റാമിൻ ബി12ന്റെ ആഗിരണം കുറയുന്നു. ഇത് വിട്ടുമാറാത്ത ക്ഷീണത്തിനും ശ്രദ്ധക്കുറവിനും ഓർമ്മക്കുറവിനും കാരണമാകും.

അയൺ

ആർത്തവ വിരാമത്തിന് ശേഷം സ്ത്രീകളിൽ അയൺ കുറയുന്നു. കൃത്യമല്ലാത്ത ഭക്ഷണ രീതികൾ, ചായ, കോഫീ എന്നിവ നിരന്തരമായി കുടിക്കുന്നതും ആരോഗ്യം കൂടുതൽ വഷളാവാൻ കാരണമാകുന്നു.

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണ്ണയ പ്രതിസന്ധി, സിബിഎസ്ഇയെ സഹായിക്കാൻ പ്രത്യേകസംഘത്തെ നിയോഗിച്ചു

ന്യൂഡൽഹി : സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണ്ണയ പ്രതിസന്ധിയിൽ സാങ്കേതിക തകരാറുകൾ ഒഴിവാക്കുവാനും സിബിഎസ്ഇയെ സഹായിക്കാനും പ്രത്യേകസംഘം. ഐഐടി മദ്രാസിലെ പ്രൊഫസർ അടക്കമുള്ള സംഘത്തെ വിദ്യാഭ്യാസ മന്ത്രാലയം നിയോഗിച്ചു. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണ്ണയ പ്രതിസന്ധിയിൽ ഇടപെട്ട കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ സാങ്കേതിക പിഴവിനെ കുറിച്ചും വിദ്യാർത്ഥികളുടെ പരാതിയെക്കുറിച്ചും വിദ്യാഭ്യാസ മന്ത്രി സിബിഎസ്ഇയിൽനിന്ന് വിശദമായ റിപ്പോർട്ട് തേടി.

Also Read: കനത്ത മഴയും കാറ്റും; കൊല്ലം മൺറോതുരുത്തിൽ ഹൗസ് ബോട്ട് മുങ്ങി അപകടം, യാത്രക്കാർ സുരക്ഷിതർ

ഉയരുന്ന പരാതികളിൽ സിബിഎസ്ഇയിൽ നിന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ വിശദീകരണം തേടി. വെബ്സൈറ്റ് കൈകാര്യം ചെയ്യുന്ന ഏജൻസിയെ സംബന്ധിച്ചും പരിിശോധന നടക്കും. നിലവിലെ വീഴ്ചയ്ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് വിവരം. പുനർമൂല്യനിർണ്ണയനടപടികൾ ഇപ്പോഴും അവതാളത്തിലാണ്. ഉത്തരക്കടലാസ് കിട്ടാൻ അപേക്ഷ നൽകാനുള്ള അവസാനതീയതി ഇന്ന് അവസാനിക്കും. അപ്പോഴും വെബ്സെറ്റിലെ പ്രശ്നങ്ങൾ തുടരുകയാണ്. ഫീസ് അടക്കുന്നതിലെ സാങ്കേതിക പ്രശ്നവും ഇപ്പോഴും പരിഹരിച്ചിട്ടില്ല. അതേസമയം ഫീസടച്ചിട്ടും ഉത്തരക്കടലാസിന്റെ പകർപ്പ് നിരവധി വിദ്യാർത്ഥികൾക്ക് കിട്ടിയിട്ടില്ല.

സാങ്കേതിക പ്രശ്നം പരിഹരിക്കാനാണ് ഐഐടി മദ്രാസിലെ പ്രത്യേക സംഘത്തെ നിയോഗിച്ചത്. സാങ്കേതിക തകരാറുകൾ ഒഴിവാക്കുവാനും സിബിഎസ്ഇ സഹായിക്കാനുമാണ് നടപടി. പണമിടപാടിലെ പ്രശ്നം അടക്കം സംഘം പരിശോധിച്ച് പരിഹരിക്കും, അപേക്ഷിച്ച എല്ലാവർക്കും ഉത്തരക്കടലാസുകൾ കിട്ടുമെന്നും കൂടുതൽ ഫീസിടാക്കിയവർക്ക് റീഫണ്ട് നൽകും എന്നും സിബിഎസ് ഇ അറിയിച്ചു. പുതിയതായി അപേക്ഷ നൽകേണ്ടതില്ലെന്നും സിബിഎസ്ഇ വിശദീകരിച്ചു. ശരിയുത്തരം എഴുതിയിട്ടും പൂജ്യം മാർക്ക് നൽകിയിരിക്കുന്ന നിരവധി ഉത്തരക്കടലാസുകൾ വീണ്ടും പുറത്തുവന്നു. ഇത് എന്ത് മൂല്യനിർണ്ണയം എന്ന് ചോദ്യം വിദ്യാർത്ഥികൾ ഉയർത്തുകയാണ്. ഇപ്പോഴത്തെ ഫലം റദ്ദാക്കി പരീക്ഷ പേപ്പർ നേരിട്ട് പരിശോധിച്ച് വീണ്ടും ഫലം പ്രഖ്യാപിക്കണമെന്ന് ആവശ്യം ഉയർത്തി സാമൂഹിക മാധ്യമങ്ങളിൽ അടക്കം വലിയ പ്രചാരണവും വിദ്യാർത്ഥികൾ തുടങ്ങി.

കനത്ത മഴയും കാറ്റും; കൊല്ലം മൺറോതുരുത്തിൽ ഹൗസ് ബോട്ട് മുങ്ങി അപകടം, യാത്രക്കാർ സുരക്ഷിതർ

കൊല്ലം: കൊല്ലം മൺറോതുരുത്തിൽ ഹൗസ് ബോട്ട് മുങ്ങി അപകടം. ഹൗസ് ബോട്ട് ഭാഗികമായാണ് മുങ്ങിയത്. പ്രദേശത്ത് ശക്തമായ മഴയും കാറ്റും ഉണ്ടായിരുന്നു. തുടർന്ന് ബോട്ട് മുങ്ങുകയായിരുന്നു.

Also Read: കളത്തൂരിൽ 30 അടി താഴ്ചയുള്ള കിണറിൽ വീണ നായയെ ഫയർഫോഴ്സ് സംഘം രക്ഷപ്പെടുത്തി

ബോട്ട് മുങ്ങുന്നത് കണ്ട് സമീപത്തുണ്ടായിരുന്ന വള്ളക്കാരും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. ബോട്ടിലുള്ള യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്നും ബോട്ടിന്റെ താഴ്ഭാഗത്തുനിന്ന് വെള്ളം ഉള്ളിലേക്ക് കയറിയതാകാം അപകട കാരണമെന്നും പൊലീസ് പറയുന്നു.