Home News Local ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് മുകളിലേക്ക് റോഡരികിലെ മരം പിഴുത് വീണു

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് മുകളിലേക്ക് റോഡരികിലെ മരം പിഴുത് വീണു

കൊല്ലം: കേരളപുരത്ത് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന് മുകളിലേക്ക് റോഡരികിലെ മരം പിഴുത് വീണു. ഇന്ന് ഉച്ചയോടെ കരുനാഗപ്പള്ളിയില്‍ നിന്നും കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന ബസിന് മുകളിലേക്കാണ് അപകടഭീഷണിയുയര്‍ത്തി നിന്നിരുന്ന ഉണങ്ങിയ മരം വീണത്. മരം വീണതിനെ തുടര്‍ന്ന് ബസിന്റെ മുകള്‍ഭാഗം തകര്‍ന്നു.  ബസിലുണ്ടായിരുന്ന യാത്രക്കാരെല്ലാം പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
മഴ പെയ്തു തോര്‍ന്ന സമയത്താണ് അപകടം സംഭവിച്ചത്. റോഡരികില്‍ ഉണങ്ങി നിന്നിരുന്ന മരം വലിയ അപകടഭീഷണിയാണെന്നും ഇത് അടിയന്തരമായി മുറിച്ചു മാറ്റണമെന്നും പ്രദേശവാസികളും വ്യാപാരികളും പലതവണ അധികൃതരോട് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് ഇപ്പോള്‍ വലിയൊരു അപകടത്തിലേക്ക് വഴിതുറന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.