Home Blog Page 245

ജോസഫിനും മുനീറിനും കാപ്പനും മുൻഗണന; ക്യാബിനറ്റ് റാങ്ക് പദവികളിൽ മുഖ്യമന്ത്രിയുടെ തീരുമാനം ഉടൻ

തിരുവനന്തപുരം: ക്യാബിനറ്റ് റാങ്കുള്ള പദവി വേണമെന്ന യുഡിഎഫ് ഘടക കക്ഷികളുടെ ആവശ്യത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ്റെ തീരുമാനം ഉടൻ. ഘടക കക്ഷി നേതാക്കളുമായി ചർച്ച നടത്തിയ ശേഷമാകും മുഖ്യമന്ത്രി തീരുമാനമെടുക്കുക. എം കെ മുനീറിനായി മുസ്ലീം ലീഗും പി ജെ ജോസഫിനായി കേരള കോൺഗ്രസുമാണ് രംഗത്തുള്ളത്. സമ്മർദവുമായി ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറിയായ ജി ദേവരാജനും കേരള ഡെമോക്രാറ്റിക് പാർട്ടി നേതാവും എംഎൽഎയുമായ മാണി സി കാപ്പനും രംഗത്ത് എത്തിയിട്ടുണ്ട്. അതേസമയം മാണി സി കാപ്പനും എം കെ മുനീറിനും പി ജെ ജോസഫിനുമാണ് മുൻഗണന.

Also Read: പ്രതിശ്രുത വധു വിഡിയോകോള്‍ വിളിച്ച് ആത്മഹത്യ ചെയ്തതിന് പിന്നാലെ വരനും ജീവനൊടുക്കി

പി ജെ ജോസഫിനായി കേരള കോൺഗ്രസ് നേതാവും മന്ത്രിയുമായ മോൻസ് ജോസഫ് ആണ് രംഗത്തെത്തിയിരുന്നത്. മുന്നണിയിലെ മുതിർന്ന നേതാവായ ജോസഫിന് ക്യാബിനറ്റ് റാങ്കുള്ള പദവി സ്വാഭാവികമായും അവകാശപ്പെട്ടതാണെന്നായിരുന്നു മോൻസ് ജോസഫ് പറഞ്ഞിരുന്നത്. ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ പദവിയാണ് എം കെ മുനീറിനായി മുസ്ലീം ലീഗ് ആവശ്യപ്പെട്ടിരിക്കുന്നത്. നോർക്ക വൈസ് ചെയർമാൻ പദവിയോടാണ് മാണി സി കാപ്പന് താൽപര്യം.

ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ സ്ഥാനം എം കെ മുനീറിന് നൽകിയാൽ പി ജെ ജോസഫിനെ വയോജനക്ഷേമം, കൃഷി എന്നിവയുമായി ബന്ധപ്പെട്ട കമ്മീഷനുകളിലേക്ക് പരിഗണിച്ചേക്കും. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ഇക്കാര്യം ചർച്ച ചെയ്തേക്കും. മന്ത്രിസഭ കൂടി അംഗീകാരം നൽകിയ ശേഷമാകും മുഖ്യമന്ത്രി വി ഡി സതീശൻ തീരുമാനം പ്രഖ്യാപിക്കുക. രണ്ടാം പിണറായി സർക്കാരിൽ സംസ്ഥാന സർക്കാരിൻ്റെ ഡൽഹിയിലി പ്രത്യേക പ്രതിനിധിയായിരുന്ന കെ വി തോമസ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന കെ എം ഏബ്രഹാം എന്നിവർക്കായിരുന്നു ക്യാബിനെറ്റ് പദവി നൽകിയിരുന്നത്.

കെഎസ്ആർടിസി ബസിൽ സീറോ ടിക്കറ്റ് നൽകി തട്ടിപ്പ്; കണ്ടക്ടർക്കെതിരെ നടപടി

കൊച്ചി: കെഎസ്ആർടിസി പ്രിയദർശിനി ബസിൽ യാത്ര ചെയ്ത അഞ്ച് പുരുഷ യാത്രക്കാർക്ക് സീറോ ടിക്കറ്റ് നൽകി പണം വെട്ടിച്ച കണ്ടക്ടറെ പരിശോധനയ്ക്കിടെ പിടികൂടി. പെരുമ്പാവൂർ ഡിപ്പോയിൽനിന്ന് മൂവാറ്റുപുഴ–ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടർ വിജയനെതിരെയാണ് നടപടി ശുപാർശ ചെയ്തിരിക്കുന്നത്. സംഭവത്തിൽ കെഎസ്ആർടിസി വിജിലൻസ് വിഭാഗത്തിന് റിപ്പോർട്ട് നൽകി.
വാഴക്കുളം പഞ്ചായത്തിലെ മഞ്ഞപ്പെട്ടി സ്റ്റോപ്പിൽ ഇറങ്ങിയ രണ്ട് പുരുഷ യാത്രക്കാരുടെ ടിക്കറ്റ് ഇൻസ്പെക്ടർ പ്രിയേഷ് പോൾ പരിശോധിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. ഇരുവരുടെയും കൈവശമുണ്ടായിരുന്നത് സീറോ ടിക്കറ്റുകളായിരുന്നു. ടിക്കറ്റ് ചാർജ് നൽകിയതായി യാത്രക്കാർ വ്യക്തമാക്കിയതോടെ ഇൻസ്പെക്ടർ ബസിനുള്ളിൽ പരിശോധന നടത്തി.
തുടർന്നുള്ള പരിശോധനയിൽ മൂന്ന് പുരുഷ യാത്രക്കാർക്ക് കൂടി സീറോ ടിക്കറ്റ് നൽകിയതായി കണ്ടെത്തി. ഇവരും ടിക്കറ്റ് ചാർജ് കണ്ടക്ടർക്ക് നൽകിയതായി മൊഴി നൽകി. ഇതോടെയാണ് കണ്ടക്ടർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്ത് വിജിലൻസ് വിഭാഗത്തിന് റിപ്പോർട്ട് നൽകിയത്.

പ്രതിശ്രുത വധു വിഡിയോകോള്‍ വിളിച്ച് ആത്മഹത്യ ചെയ്തതിന് പിന്നാലെ വരനും ജീവനൊടുക്കി

കാസര്‍കോട്: പ്രതിശ്രുത വധു ആത്മഹത്യ ചെയ്തതിന് പിന്നാലെ വരനും ജീവനൊടുക്കി. കാസര്‍കോട് പൂച്ചക്കാട് കിഴക്കേകര സ്വദേശി പി അനുശ്രീ (25), പ്രതിശ്രുത വരനായ കണ്ണൂര്‍ ഇരിട്ടി വിളമന അമ്പലത്തട്ട് സ്വദേശി അമല്‍ (27) എന്നിവരാണ് ജീവനൊടുക്കിയത്. ഇരുവരും ബാങ്ക് ജീവനക്കാരാണ്.

ഡിസംബര്‍ 26 ന് ഇവരുടെ വിവാഹം ഉറപ്പിച്ചിരിക്കുകയായിരുന്നു. കര്‍ണാടകയിലെ ഹുന്‍സൂരില്‍ എസ്ബിഐയില്‍ ജോലി ചെയ്തു വരികയായിരുന്നു അനുശ്രീ. കര്‍ണാടകയിലെ താമസസ്ഥലത്താണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഡിയോ കോള്‍ വിളിച്ചശേഷമായിരുന്നു യുവതി ആത്മഹത്യ ചെയ്തത്.

ഇതിനു പിന്നാലെയാണ് പ്രതിശ്രുത വരനായ അമല്‍ ജീവനൊടുക്കിയത്. എറണാകുളം നോര്‍ത്ത് റെയില്‍വെ സ്റ്റേഷന് സമീപത്തുള്ള ഹോട്ടല്‍ മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇവര്‍ ജീവനൊടുക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. അനുശ്രീയുടെ മൃതദേഹം വൈകീട്ട് സംസ്‌കരിച്ചു.

45കാരനെ ചവിട്ടിക്കൊന്നു, സഹോദര പുത്രന്‍ കസ്റ്റഡിയില്‍

പത്തനംതിട്ട: കോന്നി കുളത്തുമണ്ണിലെ അംബേദ്കര്‍ ഉന്നതിയില്‍ ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടു. അടിപിടിക്കിടെ ചവിട്ടേറ്റ അനില്‍ (45) ആണ് മരിച്ചത്. അനിലിന്റെ സഹോദരന്റെ മകന്‍ സുധീഷിനെ (27) പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രിയാണ് സംഭവം.

അനിലിന്റെ വീട്ടില്‍ സുധീഷ് താമസിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മദ്യപിച്ചെത്തിയ പ്രതി പിതൃസഹോദരനായ അനിലിനെ ആക്രമിക്കുകയായിരുന്നു. സുധീഷിന്റെ ചവിട്ടേറ്റാണ് അനില്‍ കൊല്ലപ്പെട്ടത്. മുന്‍പും ഇരുവരും തമ്മില്‍ വാക്കേറ്റവും തമ്മിലടിയും ഉണ്ടായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പോക്സോ കേസില്‍ ഉള്‍പ്പെടെ മുന്‍പും പ്രതിയായിട്ടുള്ള ആളാണ് സുധീഷ്.

പത്തനംതിട്ടയിൽ ബന്ധുവിനെ യുവാവ് ചവിട്ടിക്കൊന്നു

കോന്നി: ‌പത്തനംതിട്ട കോന്നിയിൽ കുടുംബവഴക്കിനിടെ മധ്യവയസ്കൻ ബന്ധുവിന്റെ ചവിട്ടേറ്റ് മരിച്ചു. കുളത്തുമൺ അംബേദ്കർ ഉന്നതിയിലെ അനിൽ (കണ്ണൻ -45) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതോടെയാണ് ബന്ധുക്കൾ തമ്മിൽ തർക്കമുണ്ടാകുന്നത്. തുടർന്നായിരുന്നു കൊലപാതകം. സംഭവത്തിൽ അനിലിന്റെ മൂത്ത സഹോദരൻ സുനിലിന്റെ മകൻ സുധീഷി(27)നെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ചെങ്ങറയിലാണ് അനിൽ തമസിച്ചിരുന്നത്. കുളത്തുമണ്ണിലുള്ള കുടുംബവീടിനോട് ചേർന്ന് വീട് വച്ചിരുന്നു. ഈ വീടിന്റെ അവകാശത്തെ തുടർന്നുള്ള തർക്കമാണ് സംഘട്ടനത്തിൽ കലാശിച്ചത്. സുധീഷ് അനിലിനെ ചവിട്ടിവീഴ്ത്തുകയായിരുന്നുവെന്നാണ് വിവരം. അനിലിന്റെ മൃതദേഹം കോന്നി ആശുപത്രിയിലേക്ക് മാറ്റി. അറസ്റ്റിലായ സുധീഷ് പോക്സോ കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

മുട്ടിൽ മരംമുറി , ജാമ്യമില്ല ,ഒന്നാംപ്രതി റോജി അഗസ്റ്റിൻ ഇന്ന് കോടതിയിൽ ഹാജരായേക്കും

കൊച്ചി.മുട്ടിൽ മരംമുറി കേസിൽ ജാമ്യമില്ല വാറന്റിന്റെ അടിസ്ഥാനത്തിൽ ഒന്നാംപ്രതി റോജി അഗസ്റ്റിൻ ഇന്ന് കോടതിയിൽ ഹാജരായേക്കും. എറണാകുളം അമ്പലമേട് പൊലീസ് എടുത്ത വിശ്വാസ വഞ്ചനാ കേസിലാണ് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിൽ റോജി അഗസ്റ്റിൻ ഹാജരാവുക. ജാമ്യമില്ല വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെ രണ്ടും മൂന്നും പ്രതികളായ ജോസുകുട്ടി അഗസ്റ്റിനും, ആൻ്റോ അഗസ്റ്റിനും ചൊവ്വാഴ്ച്ച കോടതിയിൽ ഹാജരായിരുന്നു. ഇതോടെ ഇവർക്കെതിരെയുള്ള ജാമ്യമില്ല വാറൻ്റ് കോടതി പിൻവലിച്ചു.

കേസ് റദ്ദാക്കണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. തിങ്കളാഴ്ച്ച കേസ് പരിഗണിച്ചപ്പോൾ പ്രതികൾ ഹാജരായിരുന്നില്ല. ഇതേതുടർന്നാണ് വാറൻ്റ് പുറപ്പെടുവിച്ചത്. അനധികൃതമായി മുറിച്ച് കടത്തിയ മരങ്ങൾ വനംവകുപ്പ് പാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് എറണാകുളത്തെ മരകമ്പനി ഉടമയ്ക്ക് വിൽപ്പന നടത്തി വിശ്വാസ വഞ്ചന കാണിച്ചെന്നാണ് അമ്പലമേട് പൊലീസ് രജിസ്റ്റർ ചെയ്ത കേസ്

ട്രെയിൻ തട്ടി പിടിയാനയും കുട്ടിയാനയും ചരിഞ്ഞു,ട്രെയിൻ ആനകളുടെ ജഡം 50 മീറ്ററോളം വലിച്ചിഴച്ചു

പാലക്കാട്.കേരള- തമിഴ്നാട് അതിർത്തിയിൽ ട്രെയിൻ തട്ടി പിടിയാനയും കുട്ടിയാനയും ചരിഞ്ഞു.അർധരാത്രി പുതുപ്പതി റെയിൽവേ ട്രാക്കിൽ ആണ് ദാരുണ അപകടം.മംഗളുരു–ചെന്നൈ എക്സ്പ്രസ് ഇടിച്ചാണ് അപകടം.ട്രെയിൻ ഇടിച്ച് ആനകളുടെ ജഡം 50 മീറ്ററോളം വലിച്ചിഴച്ചു

ചാവടിപ്പാറ ജനവാസമേഖലയിൽ നിന്ന് മടങ്ങുന്നതിനിടെയാണ് അപകടം.അപകടത്തിന് പിന്നാലെ ട്രെയിൻ 20 മിനിറ്റോളം വനമേഖലയിൽ നിർത്തിയിട്ടു.കേരള–തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത്.റെയിൽ ഫെൻസിങ് നിർമാണം പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും അപകടം. മേഖലയിൽ ആനകൾമുൻപും ട്രെയിൻ ഇടിച്ച് ചരിഞ്ഞിട്ടുണ്ട്

റെയിൽവേ ഉന്നത ഉദ്യോഗസ്ഥ സംഘവും സ്ഥലത്ത്

പയ്യോളി അരിക്കുളത്ത് ഗർഭിണിയുടെ മരണം,മകളും ക്രൂര മര്‍ദ്ദനം നേരിട്ടു

കോഴിക്കോട്. പയ്യോളി അരിക്കുളത്ത് ഗർഭിണിയായ യുവതിയുടെ മരണം മകളും ആക്രമിക്കപ്പെട്ടു. ഗർഭിണി ഷമീമ മാത്രമല്ല ഭർത്താവ് നവാസിന്റെ മർദനത്തിരയായത് എന്ന് മാതാവ്. ഏഴ് വയസുകാരി മകളും നേരിട്ടത് ക്രൂര മർദനം. നവാസ് പെൺകുട്ടിയെ സിഗരറ്റ് കുറ്റികൊണ്ട് കുത്തി പരിക്കേൽപ്പിച്ചിരുന്നു എന്ന് ഷമീമയുടെ മാതാവ്. അനാവശ്യമായി മരുന്ന് ബലമായി കുട്ടിയുടെ മൂക്കിൽ ഒഴിച്ചു. പെൺകുട്ടി കരഞ്ഞു തളർന്നു എന്ന് വെളിപ്പെടുത്തൽ. ഷമീമയുടെ ആദ്യ ഭർത്താവിലുള്ള മകളാണ് മർദനമേറ്റ ഏഴ് വയസുകാരി

പെൺകുട്ടി ഭാവിയിൽ ബുദ്ധിമുട്ട് ആവുമെന്ന് പറഞ്ഞായിരുന്നു മർദനം. നവാസ് ലഹരിക്ക് അടിമയെന്നും ആരോപണം. ലഹരിക്ക് പണം ഇല്ലാതെ വരുമ്പോഴായിരുന്നു അതിക്രമം. കഴിഞ്ഞ ശനിയാഴ്ചയാണ് ഷമീമയെ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊയിലാണ്ടി പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്

പത്രം മലയാള ദിനപത്രങ്ങളിലൂടെ | 2026 ഓഗസ്റ്റ് 13, വ്യാഴം 1201 കര്‍ക്കടകം 28, മകം

മേസ്തിര വഞ്ചനയും കലൂര്‍ സ്റ്റേഡിയം നവീകരണവും: അന്വേഷണം നടത്തുമെന്ന് കെ. മുരളീധരന്‍

വരാത്ത മെസ്സി വരുമെന്ന് പ്രചരിപ്പിച്ച് കലൂര്‍ സ്റ്റേഡിയം നവീകരിച്ചതടക്കമുള്ള ക്രമക്കേടുകള്‍ക്ക് മുന്‍ മുഖ്യമന്ത്രിയും ഉത്തരം പറയേണ്ടിവരുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന്‍. ക്രമക്കേട് നടത്തിയവര്‍ കുറ്റം സമ്മതിക്കുമോ? അന്വേഷണം നടത്തി കബളിപ്പിച്ചവരെ പുറത്തുകൊണ്ടവരുമെന്നും മുരളീധരന്‍ പറഞ്ഞു.

സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള ബില്ല് രാജ്യസഭ പാസാക്കി

സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള ബില്ല് രാജ്യസഭയും പാസാക്കി. തുടരെത്തുടരെയുള്ള ബഹളങ്ങള്‍ക്കിടയിലായിരുന്നു രാജ്യസഭ ഇന്നലെ ബില്‍ പാസാക്കിയത്. അമിത് ഷാ എവിടെയെന്ന ജെബി മേത്തറുടെ ചോദ്യം, സി. സദാനന്ദന്റെ പ്രസംഗത്തിലെ സവര്‍ക്കര്‍ പരാമർശം, കേരളത്തില്‍ ജിന്നയുടെ ലീഗ് ഭരണത്തിന്റെ ഭാഗമാണെന്ന ബിജെപി അംഗം സുധാംശു ത്രിവേദിയുടെ പരമാര്‍ശം എന്നിവ വന്‍ പ്രതിഷേധത്തിനിടയാക്കി. ബിജെപി എംപി സുഷ്മിത ദേവ് ലുങ്കി വാലാ എന്ന് വിളിച്ചത് ജോണ്‍ ബ്രിട്ടാസ് രാജ്യസഭയിലുന്നയിച്ചതും നാടകീയ രംഗങ്ങള്‍ക്കിടയാക്കി.

വിഴിഞ്ഞം സമര ഫണ്ട് ആരോപണം: എഫ്സിആര്‍എ ലൈസന്‍സ് പുതുക്കല്‍ നിഷേധിച്ച കേന്ദ്ര നടപടി റദ്ദാക്കി ഹൈക്കോടതി

വിഴിഞ്ഞം സമരത്തിന് പണം നല്‍കിയെന്ന് ആരോപിച്ച് എഫ്സിആര്‍എ ലൈസന്‍സ് പുതുക്കല്‍ നിഷേധിച്ച കേന്ദ്ര നടപടി റദ്ദാക്കി ഹൈക്കോടതി. കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെ ഹര്‍ജിയിലാണ് വിധി. മൂന്നു മാസത്തിനകം പുതിയ തീരുമാനം എടുക്കാന്‍ കേന്ദ്രത്തിന് കോടതി നിര്‍ദേശം നല്‍കി.

മുഖ്യമന്ത്രിക്കെതിരെയുള്ള സിപിഎം സൈബര്‍ പ്രചാരണ കാര്‍ഡുകള്‍ നീക്കം ചെയ്തു

സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രി വി.ഡി. സതീശനുമെതിരേ സാമൂഹ്യ മാധ്യമങ്ങളിലൂടെ സിപിഎം സൈബര്‍ ടീം നടത്തുന്ന പ്രചാരണങ്ങള്‍ നീക്കം ചെയ്തെന്ന് സിപിഎം. അമ്പതോളം ഇനം കാര്‍ഡുകളാണ് നീക്കം ചെയ്തത്. കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെയാണ് സെന്‍സര്‍ഷിപ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ആരോപിച്ചു.

‘ഓപ്പറേഷന്‍ സൗന്ദര്യ’: 10 ലക്ഷത്തോളം രൂപയുടെ വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ പിടികൂടി

സംസ്ഥാനത്ത് ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് നടത്തിയ ‘ഓപ്പറേഷന്‍ സൗന്ദര്യ’യില്‍ 10 ലക്ഷത്തോളം രൂപയുടെ വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ പിടികൂടി. പാകിസ്ഥാന്‍ നിര്‍മ്മിത ക്രീമുകളില്‍ ഉള്‍പ്പെടെ അനുവദനീയമായതിലും കൂടുതല്‍ മെര്‍ക്കുറിയുടെ അംശം കണ്ടെത്തിയതായും, ഇവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

പ്രിയദര്‍ശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബസുടമ സിസിഐയെ സമീപിച്ചു

പ്രിയദര്‍ശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബസുടമ കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയെ സമീപിച്ചു. ഹര്‍ജി സിസിഐ ഫയലില്‍ സ്വീകരിച്ചു. ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ തൃശൂര്‍ ജില്ലാ പ്രസിഡന്റും ബസ് ഉടമകളുടെ കോഓര്‍ഡിനേഷന്‍ കമ്മിറ്റി സംസ്ഥാന പ്രസിഡന്റുമായ ബിബിന്‍ ടി. ആലപ്പാട്ടാണ് ഹര്‍ജി നല്‍കിയത്.

മെസ്സി വിവാദം: സമഗ്ര അന്വേഷണം വേണമെന്ന് രാജീവ് ചന്ദ്രശേഖര്‍

മെസിയെ കേരളത്തില്‍ എത്തിക്കാനെന്ന പേരില്‍ നടന്ന അനധികൃത ഇടപാടുകളില്‍ സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സ്പോണ്‍സറുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വാളയാറില്‍ ട്രെയിനിടിച്ച് കാട്ടാനയും കുട്ടിയും ചരിഞ്ഞു

വാളയാറില്‍ ചാവടിപ്പാറ പുതുപ്പതിയില്‍ ട്രെയിനിടിച്ച് കാട്ടാനയും കുട്ടിയും ചരിഞ്ഞു. ഇന്നു പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് അപകടം. മംഗളൂരു-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് തീവണ്ടിയാണ് തട്ടിയത്. അപകടത്തെ തുടര്‍ന്ന് മണിക്കൂറുകളോളം തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു.

‘ഓപ്പറേഷന്‍ തൂഫാന്‍’ നോഡല്‍ ഓഫീസറായി ഐജി ആര്‍. നിശാന്തിനിയെ നിയമിച്ചു

ലഹരി മാഫിയക്കെതിരേ ആരംഭിച്ച ഓപ്പറേഷന്‍ തൂഫാന്റെ സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍. നിശാന്തിനിക്ക്. ഓപ്പറേഷന്‍ തൂഫാന്‍ നോഡല്‍ ഓഫീസറായിരുന്ന ഐജി പുട്ടവിമലാദിത്യ അവധിയില്‍ പോയതിനെത്തുടര്‍ന്നാണ് നിശാന്തിനിക്ക് താല്‍ക്കാലിക ചുമതല നല്‍കിയത്.

ബിജെപി പ്രാദേശിക നേതാവിന്റെ ആത്മഹത്യ: യൂത്ത് കോണ്‍ഗ്രസ് നേതാവ് സസ്‌പെൻഡില്‍

ബിജെപി പ്രാദേശിക നേതാവ് ജീവനൊടുക്കിയ കേസില്‍ അറസ്റ്റിലായ വൈശാഖ് എസ് ദര്‍ശനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നു സസ്‌പെന്‍ഡ് ചെയ്തു. ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയാണ് ദര്‍ശനെ അറസ്റ്റു ചെയ്തത്.

സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്

കരയിലും കടലിലും ന്യൂന മര്‍ദ്ദങ്ങള്‍ രൂപപ്പെട്ടതിനാല്‍ സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍കടലിനു മുകളില്‍ പശ്ചിമ ബംഗാള്‍ ബംഗ്ലാദേശ് തീരത്തിനു സമീപം ന്യൂന മര്‍ദ്ദമുണ്ട്. വരും ദിവസങ്ങളില്‍ തീവ്ര ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നാണ് പ്രവചനം.

എസ്‌എന്‍ഡിപി യോഗം: കേന്ദ്ര അതോറിറ്റിയുടെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി സാവകാശം അനുവദിച്ചു

എസ്എന്‍ഡിപി യോഗത്തിന് ബാധകമാകുന്നത് കേന്ദ്ര കമ്പനി നിയമമാണോയെന്ന് പരിശോധിക്കുന്ന കേന്ദ്ര അതോറിറ്റിയുടെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ആറാഴ്ചത്തെ സാവകാശംകൂടി സുപ്രീം കോടതി അനുവദിച്ചു. അഡീഷണല്‍ സോളിസിറ്റര്‍ ജനറൽ ഐശ്വര്യ ഭട്ടിയുടെ ആവശ്യം പരിഗണിച്ചാണ് സുപ്രീം കോടതിയുടെ തീരുമാനം.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കും. യാത്രക്കാര്‍ നേരത്തെ എത്തണം. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും 20 വരെ ഏര്‍പ്പെടുത്തുന്ന പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് കൊച്ചിയിലും സുരക്ഷ വര്‍ധിപ്പിക്കുന്നത്.

കാണാതായ മലപ്പുറം സ്വദേശിയെ നാഗ്പൂരില്‍ നിന്ന് കണ്ടെത്തി

കാണാതായ മലപ്പുറം താനൂര്‍ സ്വദേശി ഇംതിയാസിനെ മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നിന്ന് കണ്ടെത്തി. നാഗ്പൂരില്‍ നിന്ന് 16 കിലോ മീറ്റര്‍ അകലെയുള്ള അപ്പാര്‍ട്ട്മെന്റില്‍ നിന്നാണ് ഇംതിയാസിനെ കണ്ടെത്തിയത്.

കൊല്ലം തുറമുഖത്ത് വിദേശ കപ്പലില്‍ വെൽഡിങ്ങിനിടെ പൊട്ടിത്തെറി

കൊല്ലം തുറമുഖത്തെത്തിയ വിദേശ കപ്പലില്‍ അറ്റകുറ്റപ്പണിക്കിടെ സ്ഫോടനം. വെല്‍ഡിങ്ങിനിടെ ജനറേറ്റര്‍ റൂമിലാണ് പൊട്ടിത്തെറി ഉണ്ടായത്. കപ്പലിലെ എന്‍ജിനീയറായ ഉത്തര്‍പ്രദേശ് സ്വദേശി സത്യപ്രകാശി(40)ന് പരിക്കേറ്റു.

പോക്‌സോ കേസില്‍ 82 ദിവസം ജയിലില്‍ കഴിഞ്ഞയാളെ വെറുതെവിട്ടു

പത്തുവയസുകാരിയെ തുടര്‍ച്ചയായി പീഡനത്തിനിരയാക്കിയെന്ന പോക്‌സോ കേസില്‍ പ്രതിചേര്‍ത്ത് 82 ദിവസം ജയിലിലിട്ടയാളെ തെളിവുകളില്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. പരാതിയില്‍ ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്ത ബാലുശ്ശേരി പൂനത്ത് സ്വദേശി ഇ.കെ മമ്മദിനെയാണ് കൊയിലാണ്ടി കോടതി വെറുതെവിട്ടത്.

ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു

ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ മേഥാ പൃഥ്വിരാജ്(30) ആണ് മരിച്ചത്. ബെംഗളൂരുവിലെ പ്രൊവിഡന്റ് ഫണ്ട് ഓഫീസ് ജീവനക്കാരിയായിരുന്നു.

ഇടുക്കി ഇടമലക്കുടിയില്‍ നിന്ന് രോഗിയെ കിലോമീറ്ററുകള്‍ ചുമന്ന് ആശുപത്രിയിലെത്തിച്ചു

ഇടുക്കി ഇടമലക്കുടിയില്‍ നിന്ന് രോഗിയെ കിലോ മീറ്ററുകള്‍ ചുമന്ന് ആശുപത്രിയിലെത്തിച്ചു. പനി ബാധിച്ച് അവശനിലയിലായ 75കാരന്‍ മാലയപ്പനെ ആണ് കൂടലാര്‍കുടിയില്‍ നിന്ന് നാലു കിലോ മീറ്ററിലേറെ ദൂരം കാട്ടിലൂടെ ചുമന്ന് ആശുപത്രിയിലേക്കെത്തിച്ചത്.

എഫ്സിആര്‍എ ബില്‍ ജെപിസിക്ക് വിട്ടതില്‍ സന്തോഷമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ്

എഫ്സിആര്‍എ ബില്‍ പൂര്‍ണമായി പിന്‍വലിക്കണമെന്നാണ് ആവശ്യമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ഡയറക്ടര്‍ ഫാ. മാത്യു കോയിക്കല്‍. ബില്‍ ജെപിസിക്ക് വിട്ടതില്‍ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷം ചര്‍ച്ചകളില്‍നിന്ന് ഒളിച്ചോടുന്നുവെന്ന് കിരണ്‍ റിജിജു

പാര്‍ലമെന്റിലെ ചര്‍ച്ചയില്‍നിന്ന് പ്രതിപക്ഷം ഒളിച്ചോടുകയാണെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു. ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാകുകയും പ്രതിപക്ഷം തയ്യാറാകാതിരിക്കുകയും ചെയ്യുന്നത് ചിന്തിക്കാന്‍ പോലുമാകാത്ത കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

മുന്‍ ജഡ്ജി യശ്വന്ത് വര്‍മയ്ക്കെതിരായ കുറ്റങ്ങള്‍ തെളിഞ്ഞതായി അന്വേഷണ സമിതി

കള്ളപ്പണക്കേസില്‍ ഡല്‍ഹി ഹൈക്കോടതിയിലെ മുന്‍ ജഡ്ജി യശ്വന്ത് വര്‍മയ്ക്കെതിരേ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി അന്വേഷണ സമിതി. ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള നിയോഗിച്ച മൂന്നംഗ അന്വേഷണ സമിതിയാണ് മുന്‍ ജഡ്ജിക്കെതിരായ കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടതായി കണ്ടെത്തിയത്.

ജന്തര്‍മന്തറിലെ പ്രക്ഷോഭങ്ങളുടെ രണ്ടാംഘട്ടം ഉടനുണ്ടാകുമെന്ന് അഭിജീത് ദിപ്കെ

ജന്തര്‍മന്തറിലെ പ്രക്ഷോഭങ്ങളുടെ രണ്ടാംഘട്ടം ഉടനുണ്ടാകുമെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദിപ്കെ. ജന്തര്‍മന്തര്‍ സീസണ്‍-2 എപ്പോള്‍ തുടങ്ങുമെന്ന് നിരവധിപേര്‍ ഇന്‍സ്റ്റഗ്രാം കമന്റുകളിലൂടെ ചോദിക്കുന്നുണ്ടെന്നും അഭിജീത് ദിപ്കെ പറഞ്ഞു.

കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവിന്റെ വീട്ടില്‍ പോലീസ് പരിശോധന

തന്റെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസ്. കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലെ വീട്ടിലാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം പോലീസ് റെയ്ഡ് നടത്തിയതെന്ന് അദ്ദേഹം സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചു.

എയര്‍ ഇന്ത്യ വിമാന അപകടം: പൈലറ്റ് കഞ്ചാവും ഉറക്ക ഗുളികകളും ഉപയോഗിച്ചതായി കണ്ടെത്തല്‍

യാത്രാമദ്ധ്യേ എയര്‍ ഇന്ത്യ വിമാനം 300 അടി താഴ്ചയിലേക്ക് പതിച്ച സംഭവത്തില്‍ പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചതിനുപുറമേ ഉറക്ക ഗുളികകളും കഴിച്ചിരുന്നു. രക്തത്തില്‍ ഇതിന്റെ സാന്നിദ്ധ്യം കണ്ടെത്തി.

കര്‍ണാടക മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം

കര്‍ണാടകത്തിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം. വകുപ്പിനെച്ചൊല്ലി ഇടഞ്ഞ മുതിര്‍ന്ന നേതാവായ മന്ത്രി രാമലിംഗ റെഡ്ഡിക്ക് വകുപ്പ് മാറ്റിനല്‍കി. ജലവിഭവ വകുപ്പു മാറ്റി വനം, പരിസ്ഥിതി വകുപ്പുകളാണ് നല്‍കിയത്.

പ്രധാനമന്ത്രി ദക്ഷിണേന്ത്യക്കാരനാകണമെന്ന് തമിഴ്നാട് മന്ത്രി ആഥവ് അര്‍ജുന

പ്രധാനമന്ത്രി ദക്ഷിണേന്ത്യക്കാരനാകണമെന്ന് തമിഴ്നാട് കായികവകുപ്പ് മന്ത്രി ആഥവ് അര്‍ജുന. തമിഴ്നാട്ടുകാരന്‍ പ്രധാനമന്ത്രിയാകണമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. അഞ്ചോ ആറോ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ തീരുമാനിക്കുന്ന രീതി മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എയര്‍കണ്ടീഷന്‍ തകരാര്‍: സ്പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാര്‍ പ്രതിഷേധിച്ചു പുറത്തിറങ്ങി

വിമാനത്തിലെ എയര്‍കണ്ടീഷന്‍ സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതുമൂലമുണ്ടായ അസഹ്യമായ ചൂടിനെത്തുടര്‍ന്ന് യാത്രക്കാരുടെ പ്രതിഷേധം. ഡല്‍ഹിയില്‍നിന്ന് പൂണെയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനത്തിലാണ് ചൂടുമൂലം യാത്രക്കാര്‍ ടേക്ക് ഓഫിന് മുമ്പ് പുറത്തിറങ്ങി പ്രതിഷേധിച്ചത്. ഇതോടെ വിമാനത്തിന്റെ യാത്ര റദ്ദാക്കി.

സൊമാറ്റോയുടെ ഹൈപ്പര്‍ പ്യൂവര്‍ യൂണിറ്റില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന

ബെംഗളൂരുവിലെ സൊമാറ്റോ ഗോഡൗണില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന. സൊമാറ്റോയുടെ സബ്സിഡറി കമ്പനിയായ സൊമാറ്റോ ഹൈപ്പര്‍ പ്യൂവര്‍ യൂണിറ്റിലെ പരിശോധനയില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി.

സൗദി അറേബ്യയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു

സൗദി അറേബ്യയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു. റിയാദ് ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറിലെ ഇന്ത്യന്‍ എംബസിയിലെത്തിയാണ് ചുമതലയേറ്റെടുത്തത്.

നാറ്റോ ഉച്ചകോടിക്കിടെ ട്രംപിനെ ട്രക്കില്‍ ഒളിച്ചുകടത്തിയെന്ന് റിപ്പോര്‍ട്ട്

കഴിഞ്ഞ മാസം തുര്‍ക്കിയിലെ അങ്കറയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്രക്കില്‍ ഒളിച്ചു കടന്നതിന്റെ വിശദാംശങ്ങള്‍ പുറത്ത്. നാറ്റോ ഉച്ചകോടിക്ക് എത്തിയ ട്രംപ് തങ്ങിയിരുന്ന കൃത്യമായ സ്ഥലം ഇറാന്റെ റഡാറില്‍ പതിഞ്ഞെന്നു കണ്ടതോടെയാണ് യുഎസ് ട്രംപിനെ ട്രക്കില്‍ കടത്തിയതെന്നു ന്യൂയോര്‍ക്ക് ടൈംസ്. ട്രംപിന്റെ വിമാനത്തെ ലക്ഷ്യമിടാന്‍ ശേഷിയുള്ള മിസൈല്‍ ഭീഷണിയുണ്ടായിരുന്നു.

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് സ്ഥാനമൊഴിയുന്നു

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് ഈ മാസം അവസാനം സ്ഥാനമൊഴിയുന്നു. കരോലിന്‍ മുതിര്‍ന്ന ഉപദേഷ്ടാവായി തുടരുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. മെയ് മാസത്തിലാണ് കരോലിന് രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്.

ഹോര്‍മുസ് കടലിടുക്ക്: അമേരിക്കയും ഇറാനും ഉടനെ ധാരണയിലെത്തുമെന്ന് പാക് പ്രതിരോധമന്ത്രി

ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട് അമേരിക്കയും ഇറാനും ഉടനേ ധാരണയിലെത്തുമെന്ന് പാകിസ്താന്‍ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. യുദ്ധനഷ്ടപരിഹാരം വേണമെന്ന ഇറാന്റെ ആവശ്യത്തിന് മറുപടിയായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിരിച്ചും നഷ്ടപരിഹാരം ആവശ്യപ്പെട്ടത് ചര്‍ച്ചകളെ വഴിമുട്ടിച്ചിരിക്കേയാണ് ഈ വെളിപ്പെടുത്തല്‍.

സിംബാബ്വെയില്‍ ബോട്ട് മുങ്ങി 44 പേര്‍ മരിച്ചു

ആഫ്രിക്കന്‍ രാജ്യമായ സിംബാബ്വെയില്‍ ബോട്ട് മുങ്ങി 44 പേര്‍ മരിച്ചു. ബോട്ടിലുണ്ടായിരുന്ന 77 പേരെ രക്ഷിച്ചു. സാംബിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള കരിബ തടാകത്തിലാണ് അപകടം.

ഇറാന്‍ സൈനിക-സുരക്ഷാ സംവിധാനത്തില്‍ വലിയ അഴിച്ചുപണി

മധ്യപൂര്‍വേഷ്യയില്‍ യുദ്ധഭീതി ശക്തമായി തുടരുന്നതിനിടെ, ഇറാന്‍ സൈനിക-സുരക്ഷാ സംവിധാനത്തില്‍ വലിയ അഴിച്ചുപണി. റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ്, ബസിജ് സുരക്ഷാ സേന, ആംഡ് ഫോഴ്സസ് ജനറല്‍ സ്റ്റാഫ് എന്നിവയില്‍ ആറ് മുതിര്‍ന്ന കമാന്‍ഡര്‍മാരെയാണ് പരമോന്നത നേതാവ് മുജ്തബ ഖമേനി നിയമിച്ചത്.

ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ സൂചന നല്‍കി ലിയോണല്‍ മെസ്സി

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന നായകനും ഫുട്‌ബോള്‍ ഇതിഹാസവുമായ ലിയോണല്‍ മെസ്സി. ഫുട്ബോളില്‍ കൂടുതല്‍കാലം തുടരുമോയെന്ന് സംശയമാണ്. അച്ഛനില്ലാതെ മുന്നോട്ട് പോവുക പ്രയാസമാണെന്നും മെസ്സി സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. പിതാവ് ഹോര്‍ഹെ മെസ്സിയുടെ വേര്‍പാടുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വൈകാരികമായ കുറിപ്പിലാണ് അദ്ദേഹം തന്റെ ഫുട്ബോള്‍ കരിയര്‍ ദീർഘകാലം തുടര്‍ന്നേക്കില്ലെന്ന സൂചന നല്‍കിയത്.

ഇന്ത്യയിലെ മുന്‍നിര കുടുംബ ബിസിനസുകളുടെ ആകെ മൂല്യം 1.46 ട്രില്യണ്‍ ഡോളറായി ഉയര്‍ന്നു

ഇന്ത്യയിലെ 300 മുന്‍നിര കുടുംബ ബിസിനസുകളുടെ ആകെ മൂല്യം 1.46 ട്രില്യണ്‍ ഡോളറായി (ഏകദേശം 138 ലക്ഷം കോടി രൂപ) ഉയര്‍ന്നു. ഈ 300 ബിസിനസുകളെ മാത്രം ഒരു രാജ്യമായി കണക്കാക്കിയാല്‍ ലോകത്തിലെ 18-ാമത്തെ വലിയ സാമ്പത്തിക ശക്തിയായി അത് മാറും. സൗദി അറേബ്യ, സ്വിറ്റ്‌സര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ്, പോളണ്ട് എന്നീ പ്രമുഖ രാജ്യങ്ങളുടെ ജിഡിപിയെക്കാള്‍ കൂടുതലാണ് ഈ ബിസിനസുകളുടെ മൂല്യം.

‘എക്സി’ല്‍ പുതിയ ഒറിജിനല്‍ കണ്ടന്റ് റിവാഡ്സ് പ്രോഗ്രാം വരുന്നു

‘എക്സി’ല്‍നിന്ന് ഇനി എളുപ്പം പണമുണ്ടാക്കാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കില്ല. മൂന്ന് വര്‍ഷമായി തുടരുന്ന റെവന്യൂ ഷെയറിങ് പ്രോഗ്രാം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ഈ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം. പകരം സെപ്റ്റംബര്‍ എട്ട് മുതല്‍ പുതിയ ഒറിജിനല്‍ കണ്ടന്റ് റിവാഡ്സ് പ്രോഗ്രാം ആരംഭിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു.

ബിജു മേനോന്റെ ‘അവറാച്ചന്‍ ആന്‍ഡ് സണ്‍സ്’ സെപ്റ്റംബറില്‍ തിയറ്ററുകളിലേക്ക്

ബിജു മേനോനും നിര്‍മ്മാതാവായ ലിസ്റ്റിന്‍ സ്റ്റീഫനും ഒന്നിക്കുന്ന ‘അവറാച്ചന്‍ ആന്‍ഡ് സണ്‍സ്’ തിയറ്ററുകളിലേക്ക്. സിനിമ സെപ്റ്റംബര്‍ മാസം റിലീസ് ചെയ്യും. നവാഗതനായ തമ്പി സംവിധാനം ചെയ്യുന്ന അവറാച്ചന്‍ ആന്‍ഡ് സണ്‍സ് എന്ന ചിത്രമാണ് അത്. അവറാച്ചനും മക്കളും അവരുടെ കുടുംബ ബന്ധങ്ങളും സാമൂഹിക ബന്ധങ്ങളും ഇഴചേരുന്ന നര്‍മ്മത്തില്‍ ചാലിച്ച രസകരമായ ഫാമിലി ഡ്രാമയാണിത്.

ഫഹദ് ഫാസിലിന്റെ വെഡ്ഡിംഗ് എന്‍ട്രി വീഡിയോയുമായി ‘ഇദയം മുരളി’ ഒടിടിയില്‍

അഥര്‍വ നായകനായി എത്തിയ റൊമാന്റിക് എന്റെര്‍ടെയ്നര്‍ ‘ഇദയം മുരളി’ കഴിഞ്ഞ ദിവസം ഒടിടിയില്‍ എത്തിയിരുന്നു. ചിത്രത്തില്‍ ഫഹദ് ഫാസില്‍ അതിഥി വേഷത്തില്‍ എത്തിയത് ഏറെ ശ്രദ്ധിക്കപ്പെടുകയാണ്. ഫഹദിന്റെ വെഡ്ഡിംഗ് എന്‍ട്രി വീഡിയോയും പുറത്തുവന്നു. നെറ്റ്ഫ്ലിക്സിനാണ് സ്ട്രീമിംഗ്.

ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ എയ്‌റോ ബ്ലാക്ക് എഡിഷന്‍ വിപണിയില്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ഇന്ത്യ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ എയ്‌റോ ബ്ലാക്ക് എഡിഷന്‍ പുറത്തിറക്കി. പരിമിതമായ കാലയളവിലേക്ക് വേണ്ടി മാത്രമാണ് പുതിയ പതിപ്പ്. ഇതിന് കൂടുതല്‍ സ്‌പോര്‍ട്ടി, പ്രീമിയം ലുക്ക് ലഭിക്കുന്നതിനായി എക്സ്റ്റീരിയറില്‍ ബ്ലാക്ക് നിറവുമായി ബന്ധപ്പെട്ട് നിരവധി ആകര്‍ഷണീയമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

കെ.സി. വേണുഗോപാലിന്റെ രാഷ്ട്രീയപോരാട്ടങ്ങള്‍ വിശകലനം ചെയ്യുന്ന പുസ്തകം പുറത്തിറങ്ങി

കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍, കേരള ടൂറിസം-ദേവസ്വം മന്ത്രി, കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി, വ്യോമയാന സഹമന്ത്രി, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പൊതു പ്രവര്‍ത്തനരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കെ.സി. വേണുഗോപാലിന്റെ നിലപാടുകളും രാഷ്ട്രീയപോരാട്ടങ്ങളും വിശകലനം ചെയ്യുന്ന പുസ്തകം. ലോക് സഭ, രാജ്യസഭ, നിയമസഭ എന്നിങ്ങനെ വിവിധ വേദികളില്‍ നടത്തിയ പ്രസംഗങ്ങളുടെ ലിഖിതരൂപമാണിത്.

പ്രായാകുന്നതിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

പ്രായാകുന്നതിന്റെ പുറമെയുള്ള ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ ചില ഭക്ഷണങ്ങള്‍ നമ്മുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് സഹായിക്കുമെന്ന് വെല്‍നസ് ഇന്‍ഫ്ലുവന്‍സറായ സറീന മനെന്‍കോവ പറയുന്നു. ആരോഗ്യകരമായ ചര്‍മം, ഊര്‍ജ്ജം, പ്രതിരോധശേഷി എന്നിവ വാര്‍ദ്ധക്യത്തിലും നമ്മെ ചെറുപ്പമായിരിക്കാന്‍ സഹായിക്കും.

കുതിപ്പ് തുടർന്ന് ‘തുടക്കം’

തിരുവനന്തപുരം : ബോക്‌സ് ഓഫീസിൽ വിസ്മയ മോഹൻലാൽ ചിത്രം ‘തുടക്കം’  കുതിപ്പ് തുടരുന്നു. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന് തീയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. റിലീസ് ചെയ്ത് അഞ്ച് ദിവസത്തിനുള്ളിൽ ചിത്രം ആഗോള തലത്തിൽ 28.69 കോടി രൂപ കളക്ഷൻ നേടി.


റിലീസിന്റെ അഞ്ചാം ദിനത്തിൽ ഇന്ത്യയിലുടനീളം 1,136 ഷോകളാണ് ചിത്രം പൂർത്തിയാക്കിയത്. ചൊവ്വാഴ്ച മാത്രം ഇന്ത്യയിൽ നിന്ന് 1.61 കോടി രൂപ കളക്ഷൻ നേടി. തിങ്കളാഴ്ചത്തെ കളക്ഷനേക്കാൾ വർധനവാണ് അഞ്ചാം ദിവസം രേഖപ്പെടുത്തിയത്. നിലവിൽ ചിത്രത്തിന്റെ ഇന്ത്യൻ ഗ്രോസ് 15.79 കോടി രൂപയും വിദേശ ഗ്രോസ് കളക്ഷൻ 12.90 കോടിയുമാണ്. കൊച്ചി ഉൾപ്പെടെയുള്ള പ്രമുഖ കേന്ദ്രങ്ങളിൽ മികച്ച ഒക്യുപെൻസിയോടെയാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.


ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ചിത്രത്തിൽ അദ്ദേഹത്തിന്റെ മകൻ ആശിഷ് ജോ ആന്റണിയും പ്രധാന വേഷത്തിലുണ്ട്. മോഹൻലാലിന്റെ കാമിയോ റോൾ പ്രേക്ഷകർക്ക് സർപ്രൈസ് നൽകുന്നു. കുടുംബ പ്രേക്ഷകരെ ഒന്നടങ്കം ആകർഷിക്കുന്ന കഥാപശ്ചാത്തലമാണ് ചിത്രത്തിന്റെ വിജയത്തിന് പിന്നിലെ പ്രധാന ഘടകം.