കൊല്ലം: മലയാള സിനിമയുടെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ–പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ പുതിയ സാങ്കേതിക മികവോടെ വീണ്ടും തിയേറ്ററുകളിൽ. റീ റിലീസിന് വൻ വരവേൽപ്പാണ് പ്രേക്ഷകരിൽനിന്ന് ലഭിക്കുന്നത്. മൂന്ന് പതിറ്റാണ്ടിലേറെ പിന്നിട്ടിട്ടും മാണിക്യനും കാർത്തുമ്പിയും ശ്രീകൃഷ്ണൻ തമ്പുരാനും ഉൾപ്പെടെയുള്ള കഥാപാത്രങ്ങൾ ഇന്നും മലയാളിയുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നതിന്റെ തെളിവാണ് പുതിയ വരവിനോടുള്ള പ്രതികരണം.
1994ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഗ്രാമീണ പശ്ചാത്തലവും പ്രണയവും നർമ്മവും സംഗീതവും കഥാപാത്രങ്ങളുടെ രസകരമായ മുഹൂർത്തങ്ങളുമാണ് ഇന്നും ചിത്രത്തെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവയുടെ പട്ടികയിൽ നിലനിർത്തുന്നത്. മോഹൻലാലിന്റെ മാണിക്യനും ശോഭനയുടെ കാർത്തുമ്പിയും നെടുമുടി വേണുവിന്റെ ശ്രീകൃഷ്ണൻ തമ്പുരാനും അടക്കമുള്ള കഥാപാത്രങ്ങളെ ബിഗ് സ്ക്രീനിൽ വീണ്ടും കാണാനാകുന്നത് പഴയ തലമുറയ്ക്കും പുതിയ തലമുറയ്ക്കും ഒരുപോലെ ആവേശമാണ്.
4കെ ദൃശ്യ മികവിൽ
പുതിയ പതിപ്പ് 4കെ ദൃശ്യ മികവിലാണ് തിയേറ്ററുകളിലെത്തിയിരിക്കുന്നത്. ഒറിജിനൽ 35 എം.എം. നെഗറ്റീവ് 4കെ നിലവാരത്തിൽ സ്കാൻ ചെയ്ത് സൂപ്പർ 4കെ നിലവാരത്തിലേക്ക് ഡിജിറ്റൽ റീസ്റ്റോർ ചെയ്താണ് ചിത്രം പുനഃസജ്ജമാക്കിയത്. ഛായാഗ്രാഹകൻ കെ.വി. ആനന്ദിന്റെ മനോഹരമായ ഫ്രെയിമുകൾ കൂടുതൽ മികവോടെ ബിഗ് സ്ക്രീനിൽ ആസ്വദിക്കാനാകുമെന്നതാണ് റീ റിലീസിന്റെ പ്രധാന പ്രത്യേകത. ഒറിജിനൽ ചിത്രത്തിന്റെ ദൃശ്യഭാവവും സ്വഭാവവും നിലനിർത്തിയാണ് റീമാസ്റ്ററിങ് പൂർത്തിയാക്കിയിരിക്കുന്നത്.
ദൃശ്യ മികവിനൊപ്പം ഡോൾബി അറ്റ്മോസ് ശബ്ദസാങ്കേതികവിദ്യയും പുതിയ പതിപ്പിന് പുതുമ നൽകുന്നു. കാലത്തിനൊപ്പം സാങ്കേതികമായി പുതുക്കിയെങ്കിലും മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള ചിത്രത്തിന്റെ ആത്മാവ് അതേപടി നിലനിർത്തിയെന്നതാണ് റീ റിലീസിന്റെ പ്രത്യേകത.
മോഹൻലാൽ, ശോഭന, നെടുമുടി വേണു എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന്റെ രചനയും സംവിധാനവും പ്രിയദർശനാണ് നിർവഹിച്ചത്. ശ്രീനിവാസൻ, കവിയൂർ പൊന്നമ്മ, കെ.പി.എ.സി. ലളിത, സുകുമാരി, കുതിരവട്ടം പപ്പു, ശങ്കരാടി, ഗീത വിജയൻ, സോണിയ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ ഛായാഗ്രഹണത്തിന് കെ.വി. ആനന്ദിനും പ്രൊഡക്ഷൻ ഡിസൈനിന് സാബു സിറിലിനും അംഗീകാരം ലഭിച്ച ചിത്രം അഞ്ച് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും സ്വന്തമാക്കിയിരുന്നു. കാലം മാറിയിട്ടും മങ്ങാത്ത ആ സിനിമാനുഭവം പുതിയ സാങ്കേതിക മികവോടെ വീണ്ടും ബിഗ് സ്ക്രീനിലെത്തുമ്പോൾ ‘തേന്മാവിൻ കൊമ്പത്ത്’ വീണ്ടും മലയാളികളുടെ ആഘോഷമാവുകയാണ്





























