തിരുവനന്തപുരം.പേട്ട സെന്റ് ആൻസ് പള്ളിയിൽ വികാരി ഫാദർ തിയോഡീഷസ് ഡിക്രൂസിനെതിരെ ഒരു വിഭാഗം വിശ്വാസികളുടെ പ്രതിഷേധം. പൊതുസ്ഥലത്ത് മദ്യപിച്ചതിന് വികാരിക്ക് എതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതാണ് പ്രതിഷേധത്തിന് പ്രധാന കാരണം. ആൾ സ്ഥാനത്ത്‌നിന്ന് മാറിനിൽക്കണമെന്നാണ് ആവശ്യം.പള്ളിയിൽ തടിച്ച് കൂടി സംഘർഷത്തിലായ വിശ്വാസികളെ പോലീസ് ഇടപെട്ട് ഒഴിപ്പിച്ചു.
കഴിഞ്ഞ 15-ന് രാത്രി പൊതുസ്ഥലത്ത് മദ്യപിച്ചതിന് വികാരിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത രേഖകൾ ഉയർത്തിക്കാട്ടിയാണ് പ്രതിഷേധിക്കുന്നത്. ബിസിസി കൗൺസിൽ തിരഞ്ഞെടുപ്പ് ജയം ആഘോഷിക്കുന്നതിനായി ലോർഡ്‌സ് ഹോസ്പിറ്റലിന് സമീപം കാറിന്റെ ബോണറ്റിൽ വച്ച് പരസ്യമായി മദ്യപിക്കുകയായിരുന്നുവെന്നും, തുടർന്ന് പോലീസ് പിടികൂടിയെന്നും വിശ്വാസികൾ ആരോപിക്കുന്നു. ഇത്തരം കേസിൽ പ്രതിയായ വികാരി കുർബാന നടത്താനോ ഉപദേശം നൽകാനോ അർഹനല്ലെന്ന് വിശ്വാസികൾ വ്യക്തമാക്കുന്നു. ഈ വികാരിയെ സ്ഥാനത്തുനിന്ന് മാറ്റുകയോ പകരം വേറെ വൈദികനെ കുർബാന നടത്താൻ നിയോഗിക്കുകയോ ചെയ്യുന്നതുവരെ പള്ളിയിലെ പ്രതിഷേധം തുടരുമെന്ന് അവർ അറിയിച്ചു
അതേസമയം ആരോപണങ്ങൾ തീർത്തും വ്യക്തിവൈരാഗ്യം മൂലം ഉന്നയിക്കുന്നതാണെന്നാണ് വികാരിയെ അനുകൂലിക്കുന്നവർ പറയുന്നത്. പള്ളി ഭരണസമിതി തെരഞ്ഞെടുപ്പിൽ തോറ്റ ഒരു വിഭാഗം കരുതിക്കൂട്ടി ആക്രമിക്കുന്നു എന്നാണ് ചിലർ ഉന്നയിക്കുന്നത്. മാത്രമല്ല വികാരി ഇടപെട്ട് പള്ളിയിലെ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതും കണക്കുകൾ ചോദിച്ചതുമാണ് വൈദികനെതിരെ ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചതെന്നാണ് ഇവരുടെ വാദം.സംഭവത്തിൽ പേട്ട പോലീസ് ഇടപെട്ട് സംഘർഷം ഒഴിവാക്കി . പുതിയ വികാരി എത്തുന്നത് വരെ പള്ളി പ്രവർത്തനം നിർത്തിവയ്ക്കണം എന്നാണ് ഒരു കൂട്ടം ആവശ്യപ്പെട്ടത്. വിഷയം പരിശോധിക്കുന്നു എന്ന് ലത്തീൻ സഭ നേതൃത്വം പ്രതികരിച്ചു.



























