ഡൽഹിയിൽ പ്രതിപക്ഷ പ്രതിഷേധം ശക്തം; രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കസ്റ്റഡിയിൽ
വോട്ടവകാശത്തേയും ജനാധിപത്യത്തേയും കശാപ്പു ചെയ്തതിനെതിരായ സമരാഗ്നിയിൽ വിറച്ച് ഡൽഹി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർമന്തറിൽ എംപിമാരുടെ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയേയും റോഡിൽ കിടന്നു പ്രതിഷേധിച്ച പ്രിയങ്ക ഗാന്ധിയേയും പോലീസ് കസ്റ്റഡിയിലെടുത്തു. ബലംപ്രയോഗിച്ചും വലിച്ചിഴച്ചുമാണ് ഇരുവരേയും വാഹനത്തിൽ കയറ്റിയത്. ഇരുവരേയും കസ്റ്റിഡിയിലെടുത്ത ബസ്സിനു മുകളിൽ പ്രവർത്തകർ കയറി. നേതാക്കളെ കൊണ്ടുപോകാൻ അനുവദിക്കാതെ തടഞ്ഞു. തന്നെ ക്രൂരമായി മർദിച്ചെന്ന് പ്രിയങ്ക പ്രതികരിച്ചു. മുഖ്യമന്ത്രി വിഡി സതീശനും സമരരംഗത്തെത്തി.
ഇന്ത്യ സഖ്യം എംപിമാരുടെ മിന്നൽ സമരം; സാഗർ രത്ന ഹോട്ടലിന് മുന്നിൽ സംഘർഷം
തുടർച്ചയായി നാലാംദിവസം ഇന്ത്യ സഖ്യം എംപിമാരുടെ നേതൃത്വത്തിലുണ്ടായ മിന്നൽ സമരം ഡൽഹി പൊലീസിനെ അമ്പരപ്പിച്ചു. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ നൽകിയ ഉച്ചഭക്ഷണ വിരുന്നിനുശേഷം പ്രതിപക്ഷ എംപിമാർ സാഗർ രത്ന ഹോട്ടലിൽനിന്ന് ബസിൽ കയറി ജന്തർ മന്തറിലേക്കു സമരത്തിനു തിരിക്കുകയായിരുന്നു. ബസുകൾ പോലീസ് തടഞ്ഞതോടെ സംഘർഷമായി. പ്രിയങ്ക അടക്കമുള്ള എംപിമാർ നടുറോഡിൽ കിടന്നു പ്രതിഷേധിച്ചു.
കസ്റ്റഡിയിലായ നേതാക്കളെ പോലീസ് വിട്ടയച്ചു; പോലീസ് സ്റ്റേഷന് മുന്നിൽ നാടകീയ രംഗങ്ങൾ
അറസ്റ്റു ചെയ്ത രാഹുൽ ഗാന്ധിയെയും പ്രിയങ്കയേയും പോലീസ് രാത്രിയോടെ വിട്ടയച്ചു. രാഹുലിനെ കസ്റ്റഡിയിലാക്കിയ ബാരകമ്പ സ്റ്റേഷന് മുന്നിൽ സംഘർഷമുണ്ടായി. രാഹുലിനെ കാണാൻ അനുവദിക്കാതെ മുഖ്യമന്ത്രിമാരായ വിഡി സതീശൻ, രേവന്ത് റെഡ്ഡി, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, ഇടത് എംപിമാർ തുടങ്ങിയവരെ സ്റ്റേഷന് മുന്നിൽ പോലീസ് തടഞ്ഞുവച്ചിരുന്നു. പിന്നീട് ഇവരെ അകത്തേക്കു പ്രവേശിപ്പിച്ചു. സ്റ്റേഷനു മുന്നിൽ ഉണ്ടായിരുന്ന പ്രവർത്തകരെ ബലം പ്രയോഗിച്ചു പോലീസ് നീക്കി.
ഗ്യാനേഷ് കുമാർ രാജിവയ്ക്കുംവരെ പ്രതിഷേധം തുടരും: രാഹുൽ ഗാന്ധി
ഗ്യാനേഷ് കുമാർ രാജിവയ്ക്കുംവരെ ശക്തമായ പ്രതിഷേധം തുടരുമെന്നു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജനാധിപത്യത്തെ അട്ടിമറിക്കുന്ന ഗ്യാനേഷ് കുമാർ രാജ്യദ്രോഹിയെന്നും അദ്ദേഹം വിമർശിച്ചു. ഓരോ കേസും തനിക്കുള്ള മെഡലുകളാണ്. 45 കേസുകളായി, നൂറു തികയ്ക്കുകയാണു ലക്ഷ്യമെന്നും രാഹുൽ വ്യക്തമാക്കി.
എഐസിസി ആഹ്വാനം: രാജ്യവ്യാപകമായി ഇന്ന് കരിദിനാചരണം
ഡൽഹിയിൽ നടന്ന പ്രതിഷേധത്തിൽ രാഹുൽഗാന്ധി, പ്രിയങ്കഗാന്ധി അടക്കമുള്ള നേതാക്കൾക്കെതിരേ ഉണ്ടായ പോലീസ് കയ്യേറ്റത്തിൽ രാജ്യവ്യാപകമായി പ്രതിഷേധിക്കാൻ ഇന്ന് കരിദിനമായി ആചരിക്കാൻ എഐസിസി ആഹ്വാനം ചെയ്തു. എല്ലാ സംസ്ഥാനങ്ങളിലും പ്രാദേശികതലം വരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കണമെന്നാണ് ആഹ്വാനം.
റിപ്പോ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്; വായ്പാ പലിശകൾ വർധിക്കും
മുഖ്യ പലിശ നിരക്കായ റിപ്പോ കാൽ ശതമാനം ഉയർത്തി 5.5 ശതമാനമാക്കാൻ റിസർവ് ബാങ്ക് ധന നയ സമിതി തീരുമാനിച്ചു. ഭവന വായ്പ അടക്കമുള്ളവയുടെ പലിശനിരക്ക് വർധിക്കും.
ശബരിമല സ്വർണ്ണക്കൊള്ള: ഹൈക്കോടതിയിൽ കരട് കുറ്റപത്രം സമർപ്പിച്ചു
ശബരിമല സ്വർണ്ണക്കൊള്ള കട്ടിളപ്പാളി കേസിൽ അന്വേഷണ സംഘം കരട് കുറ്റപത്രം ഹൈക്കോടതിയിൽ സമർപ്പിച്ചു. 292 സാക്ഷികളുടെ മൊഴിയോടെയാണ് കരട് കുറ്റപ്പത്രം. അന്തിമകുറ്റപ്പത്രം സമർപ്പിക്കാൻ ഒരു ഫോറൻസിക് പരിശോധന ഫലം കൂടി കിട്ടേണ്ടതുണ്ടെന്ന് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു. നാഷണൽ മെറ്റലർജിക്കൽ ലബോട്ടറിയിൽ നിന്നുള്ള ഫലം തിങ്കളാഴ്ച കിട്ടും. അതിനുശേഷം 25ന് അന്തിമ കുറ്റപ്പത്രം സമർപ്പിക്കുമെന്ന് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു.
കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കമായി
കെഎസ്ആർടിസിയുടെ കാർഗോ സർവീസിന് തുടക്കമായി. ഡൊമസ്റ്റിക് എയർപോർട്ട് കാർഗോ ടെർമിനലിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി സി പി ജോൺ കാർഗോ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. ഒരു ടൺ മൊബൈൽ ഫോണുകളാണ് ആദ്യ സർവീസിൽ കൊണ്ടുപോയത്. ഡൽഹിയിൽനിന്ന് എയർ ഇന്ത്യ വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച ഇവ കെഎസ്ആർടിസി വാടകക്കെടുത്ത ട്രക്കിലാണ് ആലുവയിലേക്കു കൊണ്ടുപോയത്.
ജനാധിപത്യത്തെ നിശബ്ദമാക്കാനാകില്ല: വി ഡി സതീശൻ
ജനാധിപത്യത്തെ നിശബ്ദമാക്കാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ഈ സമരം ചരിത്രത്തിൽ അടയാളപ്പെടുത്തുമെന്നും സമരത്തിൽ പങ്കെടുക്കുന്നത് അഭിമാനത്തോടെയാണെന്നും രാഹുൽ ഗാന്ധിയേയും ഇന്ത്യ സഖ്യം എംപിമാരേയും പിന്തുണയ്ക്കാനാണ് ഡൽഹിയിൽ എത്തിയതെന്നും അദ്ദേഹം കുറിച്ചു.
ഹവാല ഇടപാട് ആരോപണം: ഹസൻ വാരിസിന്റെ മൊഴിയെടുത്തു
ഹവാല ഇടപാട് ആരോപണത്തിൽ മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്തായ ഹസൻ വാരിസിന്റെ മൊഴി എടുത്തു. കോഴിക്കോട് ക്രൈം ബ്രാഞ്ച് ഓഫീസിൽ വച്ചാണ് എസ്ഐടി സംഘം മൊഴിയെടുത്തത്.
കേന്ദ്ര സർവകലാശാലയിലെ വിദ്യാർത്ഥി പ്രതിഷേധത്തിനെതിരെ അധ്യാപക സംഘടന
കാസറഗോഡ് കേന്ദ്ര സർവകലാശാലയിലെ വിദ്യാർത്ഥി പ്രതിഷേധം രാജ്യവിരുദ്ധ ശക്തികളുടേതാണെന്ന് ആർഎസ്എസ് അനുകൂല അധ്യാപക സംഘടന. അഖില ഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് ആണ് ആരോപണം ഉന്നയിച്ചത്.
സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ തർക്കം രൂക്ഷം
സിപിഎം പത്തനംതിട്ട വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ തർക്കം രൂക്ഷമായതോടെ ജില്ലാ സെക്രട്ടറിയേറ്റിലെ ഒഴിവ് നികത്താനായില്ല. കെ യു ജനീഷ് കുമാർ എംഎൽഎ സെക്രട്ടറിയേറ്റിൽ വരുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ജനീഷിനെ വെട്ടാൻ മറ്റൊരു പേരുമായി എതിർചേരി ഇറങ്ങി. തർക്കം രൂക്ഷമായതോടെ ഒഴിവ് സമ്മേളന ശേഷം നികത്താമെന്ന് നേതൃത്വം തീരുമാനിച്ചു.
ഇ എൻ സുരേഷ് ബാബുവിനെ മാറ്റിയ നടപടിയിൽ പ്രതികരിക്കാതെ ചിന്ത ജെറോം
ഇഎൻ സുരേഷ് ബാബുവിനെ പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയ നടപടിയിൽ പ്രതികരിക്കാതെ ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷ ചിന്ത ജെറോം. സിപിഎമ്മിന്റെ വിഷയങ്ങളിൽ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് ചിന്ത ജെറോം പറഞ്ഞു.
ധീരജ് വധക്കേസ്: മൂന്നാം പ്രതിയുടെ ജാമ്യം റദ്ദാക്കി
ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകനായിരുന്ന ധീരജിനെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതി ടോണി തേക്കിലക്കാടന്റെ ജാമ്യം റദ്ദാക്കി. വിചാരണ നടപടികൾക്കായി ഹാജരാകാതിരുന്നതിനെ തുടർന്നാണ് മുട്ടം അഡിഷണൽ സെഷൻസ് കോടതിയുടെ നടപടി.
ചിക്കൻപോക്സ് പടരുന്നു; കുസാറ്റ് ക്യാമ്പസ് അടച്ചു
ചിക്കൻപോക്സ് മൂലം കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു. എല്ലാ ക്ലാസുകളും ഓൺലൈനിലേക്ക് മാറ്റി. ഹോസ്റ്റലുകളും അടച്ചിട്ടുണ്ട്. യൂണിയൻ തെരഞ്ഞെടുപ്പും മാറ്റിവച്ചു.
സ്ത്രീപീഡകർക്കെതിരെ നിർദ്ദാക്ഷിണ്യം നടപടിയെടുക്കുന്ന പാരമ്പര്യമാണ് സിപിഎമ്മിന്റേത്: പി കെ ശ്രീമതി
പെൺകുട്ടികളെയോ സ്ത്രീകളെയോ പീഢിപ്പിച്ചവർ എത്ര ഉന്നതരായാലും അവർക്കെതിരെ നിർദ്ദാക്ഷിണ്യം നടപടി എടുത്ത പാരമ്പര്യമേ സിപിഎമ്മിനുള്ളൂവെന്ന് സിപിഎം നേതാവ് പി.കെ. ശ്രീമതി. അത് ഇനിയും ഓർക്കാത്തവരുണ്ടെങ്കിൽ “വിനാശകാലെ വിപരീതബുദ്ധി” എന്നേ പറയാനുള്ളൂവെന്ന് ശ്രീമതി പറഞ്ഞു.
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റായി ശ്യാം സുന്ദർ
മുസ്ലിം ഇതര സമുദായത്തിൽ നിന്നൊരാളെ ആദ്യമായി സംസ്ഥാന വൈസ് പ്രസിഡന്റ് പദവിയിലെത്തിച്ച് മുസ്ലിം ലീഗ്. ആലപ്പുഴ ഹരിപ്പാട് സ്വദേശിയും, മുൻ സിപിഎം നേതാവുമായ ശ്യാം സുന്ദറിനാണ് പാർട്ടിയിലെ പുതിയ റോൾ. ഒരാൾക്ക് ഒരു പദവി നയം നടപ്പിലാക്കി സംസ്ഥാന കമ്മിറ്റിയും ലീഗ് പുനഃസംഘടിപ്പിച്ചു.
പ്രേംനസീറിന്റെ മകൾ ലൈലാബീഗം അന്തരിച്ചു
നടൻ പ്രേംനസീറിന്റെ മൂത്ത മകളും പരേതനായ റിട്ടയേർഡ് സൂപ്രണ്ടിങ് എൻജിനീയർ പി.എ. റഷീദിന്റെ പത്നിയുമായ ലൈലാബീഗം അന്തരിച്ചു. 76 വയസായിരുന്നു. കോഴിക്കോട് പറയഞ്ചേരിയിലെ വസതിയിലായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് സ്വദേശമായ തിരുവനന്തപുരത്ത് നടക്കും.
വാടാനപ്പള്ളിയിൽ ഗുണ്ടാനേതാവിന്റെ കൊലപാതകം: മൂന്നുപേർ പിടിയിൽ
വാടാനപ്പള്ളിയിൽ ഗുണ്ടാനേതാവായ അബ്ദുൾ സലാം കൊല്ലപ്പെട്ട സംഭവത്തിൽ മൂന്ന് പ്രതികൾ പിടിയിലായി. വാടാനപ്പള്ളി സ്വദേശികളായ ഫായിസ്, ഷെഹിൻ, ബിലാൽ എന്നിവരാണ് പിടിയിലായത്. കേസിൽ ഇനി രണ്ടുപേർ കൂടി പിടിയിലാകാനുണ്ട്. സലാമിന്റെ ശരീരമാസകലം മുറിവുകളുണ്ട്. വാരിയെല്ല് തകർന്നു. ജനനേന്ദ്രിയത്തിലും ഗുരുതര പരിക്കേറ്റിട്ടുണ്ട്.
കോൺഗ്രസ് പ്രതിഷേധക്കാർ പോലീസിനെ ആക്രമിച്ചെന്ന് ആരോപണം
ജന്തർമന്തറിലെ കോൺഗ്രസ് പ്രതിഷേധത്തിനിടെ പൊലീസുകാരെ ആക്രമിച്ചെന്ന് ഡൽഹി പോലീസ് ആരോപിച്ചു. വനിതാ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള പൊലീസുകാരെ ആക്രമിച്ചവരെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കണ്ടെത്തി നടപടിയെടുക്കുമെന്നും പോലീസ് അറിയിച്ചു.
പശ്ചിമ ബംഗാളിന്റെ പേര് മാറ്റാൻ നീക്കം
പശ്ചിമ ബംഗാൾ സംസ്ഥാനത്തിന്റെ പേര് മാറ്റാൻ സംസ്ഥാനത്തെ ബിജെപി സർക്കാർ ഒരുങ്ങുന്നു. പശ്ചിമ ബംഗാൾ ‘പശ്ചിം ബംഗാ’ എന്ന് പുനർനാമകരണം ചെയ്യാനുള്ള ബില്ല് സഭാ സമ്മേളനത്തിന്റെ തുടക്കത്തിൽ തന്നെ അവതരിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സമീക് ഭട്ടാചാര്യ അറിയിച്ചു.
ബംഗളൂരുവിൽ സിജെപി പ്രതിഷേധം: ധ്രുവ് റാഠിയും പ്രകാശ് രാജും പങ്കെടുക്കും
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരേ സിജെപി ബംഗളൂരുവിൽ ഇന്ന് സംഘടിപ്പിക്കുന്ന പ്രതിഷേധത്തിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ആക്റ്റിവിസ്റ്റുമായ ധ്രുവ് റാഠിയും നടൻ പ്രകാശ് രാജും പങ്കെടുക്കും.
പ്രദ്യോത് കിഷോർ മാണിക്യ ദേബ്ബർമ സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നു
ത്രിപുര രാജകുടുംബാംഗവും തിപ്ര മോത പാർട്ടി സ്ഥാപകനുമായ പ്രദ്യോത് കിഷോർ മാണിക്യ ദേബ്ബർമ അടുത്ത മാസത്തോടെ സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നു. സംസ്ഥാനത്തു നടന്ന വില്ലേജ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ തിപ്ര മോത പാർട്ടി വൻ വിജയം നേടിയതിനു പിറകേയാണ് രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. സ്വന്തം ആരോഗ്യത്തിനും കുടുംബത്തിനും മുൻഗണന നൽകാനാണ് തീരുമാനമെന്ന് ദേബ്ബർമ പറഞ്ഞു.
നരേന്ദ്ര മോദി സ്റ്റേഡിയത്തിനും സ്‌കൂളുകൾക്കും ബോംബ് ഭീഷണി
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിനും നഗരത്തിലെ പത്തോളം പ്രമുഖ സ്‌കൂളുകൾക്കും ബോംബ് ഭീഷണി. ഇന്ത്യ അണ്ടർ-19, ഓസ്‌ട്രേലിയ അണ്ടർ-19 ടീമുകൾ യൂത്ത് ടെസ്റ്റ് മത്സരത്തിന്റെ ഭാഗമായി സ്റ്റേഡിയത്തിൽ കളിക്കാർ പരിശീലനം നടത്തുന്ന സമയത്താണ് ഇമെയിലിലൂടെ ബോംബ് ഭീഷണി ലഭിച്ചത്.
തമിഴ്‌നാട്ടിൽ ഹിന്ദി എഴുത്തുള്ള മരുന്ന് കവറുകൾക്ക് നിരോധനം
തമിഴ്നാട്ടിൽ ഹിന്ദിയിൽ എഴുത്തുള്ള ഗുളിക കവറുകളുടെ ഉപയോഗം നിർത്തിച്ച് ടിവികെ സർക്കാർ. ഡിഎംകെ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് സംസ്ഥാന സർക്കാരിന്റെ ഇടപെടൽ. ഡിഎംകെയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ആരോഗ്യവകുപ്പ് മന്ത്രി കെ ജി അരുൺരാജ് രംഗത്തെത്തി.
പെട്രോൾ പമ്പ് സീൽ ചെയ്യാനെത്തിയ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു
അടച്ചിട്ടിരുന്ന പെട്രോൾ പമ്പ് സീൽ ചെയ്യാനെത്തിയ ഇന്ത്യൻ ഓയിൽ സെയിൽസ് മാനേജരായ മഹേഷ് ഷെൽക്കെയെ പെട്രോൾ പമ്പ് ഉടമയുടെ മകൻ ഉമേഷ് പാണ്ഡവീർ കുത്തിക്കൊന്നു. മഹാരാഷ്ട്രയിലെ ഹിങ്കോളിയിലാണ് സംഭവം. മൂന്ന് മാസമായി അടച്ചിട്ടിരുന്ന ചോന്ധിയിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പ് പുനരാരംഭിക്കാൻ പെട്രോൾ പമ്പ് ഉടമ സാഹേബ്റാവു പാണ്ഡവീറിന്റെ കുടുംബം ഒരു മാസം കൂടി സമയം ചോദിച്ചിരുന്നു.
ഡൽഹിയിൽ അഞ്ചുനില കെട്ടിടം തകർന്നു വീണ് അപകടം; രണ്ടു മരണം
വടക്കുകിഴക്കൻ ഡൽഹിയിലെ ന്യൂ സീമാപുരിയിൽ അഞ്ചുനില കെട്ടിടം തകർന്നുവീണ് ഒരു കുഞ്ഞ് അടക്കം രണ്ടു പേർ മരിച്ചു. എട്ടുപേരെ രക്ഷപ്പെടുത്തി. ഡൽഹി ഫയർ സർവീസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി.
രസതന്ത്ര നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു
ഓർഗാനിക് കെമിസ്ട്രിയിൽ കൈറാലിറ്റിക്ക് ഉത്തരം കണ്ടെത്തിയ ഹെൻറി ബി കാഗനും കെൻസോ സോയിക്കും രസതന്ത്ര നൊബേൽ പുരസ്കാരം. രണ്ട് തന്മാത്രകൾക്ക് പരസ്പര പ്രതിബിംബ സമാന ഘടനയുണ്ടാകുന്നത് എന്തു കൊണ്ടെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തിയത് ഇവരുടെ ഗവേഷണമാണ്. മരുന്നു ഗവേഷണത്തിലടക്കം ഈ ഗവേഷണം നിർണായകമായി.
സമാധാന നൊബേലിനായി വീണ്ടും അവകാശവാദമുന്നയിച്ച് ഡൊണാൾഡ് ട്രംപ്
സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനായി വീണ്ടും അവകാശവാദമുന്നയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ‘ഞാൻ വീമ്പു പറയുകയല്ല. എട്ട് യുദ്ധങ്ങളാണ് ഞാൻ അവസാനിപ്പിച്ചത്’ എന്നു പറഞ്ഞ ട്രംപ് മറ്റൊരു നേട്ടം കൂടി ഉടനുണ്ടാകുമെന്നും വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇറാൻ യുദ്ധത്തിൽ അമേരിക്കയ്ക്ക് വൻ സാമ്പത്തിക നഷ്ടമെന്ന് റിപ്പോർട്ട്
ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കയ്ക്ക് 81 സൈനിക വിമാനങ്ങൾ നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടുണ്ടെന്ന് കോൺഗ്രഷണൽ റിസർച്ച് സർവീസിന്റെ റിപ്പോർട്ട്. ഏകദേശം 330 കോടി ഡോളറിന്റെ നഷ്ടമുണ്ടായെന്നാണ് കണക്ക്.
ഇറാഖിൽ നിന്ന് അമേരിക്കൻ, ബ്രിട്ടീഷ് സൈന്യങ്ങൾ പിന്മാറി
ഇറാഖിൽ നിന്ന് അമേരിക്കൻ, ബ്രിട്ടീഷ് സൈന്യങ്ങൾ പൂർണ്ണമായി പിന്മാറി. ഈ പിന്മാറ്റം ഇറാഖ് സർക്കാരും അമേരിക്കയും ആഘോഷിക്കുമ്പോൾ, യഥാർത്ഥ നേട്ടം ഇറാന്നും ഷിയാ സായുധ സംഘടനകൾക്കുമാണെന്ന് വിലയിരുത്തപ്പെടുന്നു. ഇത് പശ്ചിമേഷ്യൻ മേഖലയിൽ പുതിയ രാഷ്ട്രീയ മാറ്റങ്ങൾക്ക് വഴിവെക്കും.
സൗദി അറേബ്യയിൽ ഹൂത്തി ആക്രമണം: മൂന്ന് മരണം
ഹൂത്തി ആക്രമണത്തിൽ സൗദി അറേബ്യയിൽ മൂന്ന് മരണം. അബഹ വിമാനത്താവളത്തിന് നേരേയും റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരേയും ഉണ്ടായ ആക്രമണത്തിലാണ് മൂന്നു പേർ മരിച്ചത്.
യൂറോപ്യൻ പാർലമെന്റിന് മുന്നിൽ ട്രംപിന്റെ സ്വർണ്ണ പ്രതിമ
യൂറോപ്യൻ പാർലമെന്റിന്റെ കെട്ടിടത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സ്വർണ്ണത്തിൽ തീർത്ത നഗ്ന പ്രതിമ സ്ഥാപിച്ചു. ചെറിയൊരു മനുഷ്യന്റെ ചുമലിൽ നഗ്നനായ ട്രംപ് ഇരിക്കുന്നതിനാൽ ഭാരത്താൽ തളരുന്ന തരത്തിലാണ് പ്രതിമ. 23 കാരറ്റ് സ്വർണ്ണപ്പാളി കൊണ്ട് പൊതിഞ്ഞ ഏകദേശം 8.5 അടി ഉയരമുള്ള ശിൽപത്തിന് ‘ദി ഓറഞ്ച് പ്ലേഗ്’ എന്നാണ് പേര്. ഡാനിഷ് ശിൽപി ജെൻസ് ഗാൽഷിയോട്ട് ആണ് പ്രതിമ നിർമ്മിച്ചത്.
സൗദിക്കെതിരായ ഹൂതി ആക്രമണത്തെ അപലപിച്ച് യുഎഇ
സൗദി അറേബ്യയിലെ സാധാരണക്കാർക്കും കപ്പലുകൾക്കും നേരെ ഹൂതികൾ നടത്തുന്ന ആക്രമണങ്ങളെ യുഎഇ ശക്തമായി അപലപിച്ചു. റിയാദിന് നേരെ വന്ന ബാലിസ്റ്റിക് മിസൈൽ സൗദി സഖ്യസേന വിജയകരമായി തകർത്തു. മുൻപ് നടന്ന ആക്രമണങ്ങളിൽ ഒരു പ്രവാസിക്ക് പരിക്കേൽക്കുകയും നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു.
ഐഎസ്എൽ മത്സരങ്ങൾ യൂട്യൂബിൽ സൗജന്യമായി കാണാം
ശനിയാഴ്ച ആരംഭിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ യൂട്യൂബിലൂടെ സൗജന്യമായി തത്സമയം സംപ്രേഷണം ചെയ്യും. ഡിജിറ്റൽ സ്ട്രീമിംഗ് പങ്കാളിയായി യൂട്യൂബിനെ ഉൾപ്പെടുത്തിയതോടെ ആരാധകർക്ക് പ്രത്യേക വരിസംഖ്യയോ സബ്‌സ്‌ക്രിപ്ഷൻ ചാർജുകളോ ഇല്ലാതെ തന്നെ മത്സരങ്ങൾ കാണാം.
രാജ്യത്തെ ഏറ്റവും വലിയ ഐപിഒയുമായി ജിയോ പ്ലാറ്റ്‌ഫോംസ്
37,700 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ജിയോ പ്ലാറ്റ്‌ഫോംസ് പ്രാരംഭ ഓഹരി വിൽപ്പനയ്‌ക്കെത്തുന്നു. ഇതോടെ രാജ്യം കണ്ട ഏറ്റവും വലിയ ഐ.പി.ഒ.യാകും ജിയോ പ്ലാറ്റ്ഫോംസിന്റേത്. ദസറയോടനുബന്ധിച്ച് ഒക്ടോബർ 21-ന് സബ്‌സ്‌ക്രിപ്ഷൻ ആരംഭിക്കും. ലിസ്റ്റിങ് ഉൾപ്പെടെയുള്ള എല്ലാ ഐ.പി.ഒ. നടപടികളും ഒക്ടോബർ 30-ന് മുമ്പ് പൂർത്തിയാക്കും.
എയർടെൽ പോസ്റ്റ്‌പെയ്ഡ് പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ചു
പോസ്റ്റ് പെയ്ഡ് പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ച് പ്രമുഖ ടെലികോം കമ്പനിയായ എയർടെൽ. നിരക്കിൽ 50 രൂപയുടെ വർധനയാണ് വരുത്തിയത്. ഇതോടൊപ്പം ഒരു സൗജന്യ അന്താരാഷ്ട്ര റോമിങ് പാക്കേജ് ഉൾപ്പെടുത്തി കൊണ്ടാണ് പോസ്റ്റ് പെയ്ഡ് പ്ലാനുകൾ എയർടെൽ പരിഷ്കരിച്ചത്. വ്യാഴാഴ്ച മുതൽ പുതിയ പ്ലാനുകൾ പ്രാബല്യത്തിൽ വരും.
മഞ്ജു വാര്യർ ചിത്രം ‘ഹാപ്പിലൂപ്പ്’ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു
‘വാഴ 1’ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ‘ഹാപ്പിലൂപ്പി’ന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. മഞ്ജു വാര്യർക്കൊപ്പം മുകേഷ്, ജെ.പി. തുമിനാട്, മധു വാര്യർ, വി കെ പ്രകാശ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
‘സ്പ്രിംഗ്’ സിനിമയുടെ അണിയറപ്രവർത്തകർ റീൽസ് മത്സരം സംഘടിപ്പിക്കുന്നു
റിലീസിന് മുന്നോടിയായി സിനിമാസ്വാദകർക്ക് വേണ്ടി ഒരു മത്സരം സംഘടിപ്പിച്ചിരിക്കുകയാണ് ‘സ്പ്രിംഗ്’ ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ടീം പുറത്തുവിട്ട ‘കണ്ണാടി പെണ്ണേ’ എന്ന ഗാനം ഉപയോഗിച്ച് റീൽ ചെയ്യുകയും അത് കൊളാബ് ആയി പോസ്റ്റ് ചെയ്യുകയും വേണം. ഏറ്റവും കൂടുതൽ റീച്ച് നേടുന്നയാൾക്ക് പതിനായിരം രൂപ സമ്മാനം ലഭിക്കും. ചിത്രം ഒക്ടോബർ 30ന് റിലീസ് ചെയ്യും.
ട്രയംഫ് ബോൺവില്ലെ ടി4 ഇന്ത്യൻ വിപണിയിലെത്തി
പ്രമുഖ ഇരുചക്ര വാഹന നിർമ്മാതാക്കളായ ട്രയംഫ് തങ്ങളുടെ പുതിയ ബോൺവില്ലെ ടി4 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 2.54 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ടിഎഫ്‌ടി ഡിസ്‌പ്ലേയ്ക്ക് പകരം ടി4ൽ കളർ എൽസിഡി ഡിസ്‌പ്ലേയാണ് ക്രമീകരിച്ചിരിക്കുന്നത്.
പക്ഷിലോകത്തെ വിശേഷങ്ങളുമായി മാതൃഭൂമിയുടെ പുതിയ പുസ്തകം
സ്വദേശികളും വിദേശികളുമായ പക്ഷിലോകത്തിന്റെ കൗതുകങ്ങൾ വിശദമായി അറിയുവാൻ സഹായിക്കുന്ന പുസ്തകം ‘കേരളത്തിലെ പക്ഷികൾ: സ്വദേശികളും വിദേശികളും’ മാതൃഭൂമി പുറത്തിറക്കി. വില 374 രൂപ.
പേരയ്ക്ക അമിതമായി കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കാം
നാരുകളും വിറ്റാമിനുകളും അടങ്ങിയ പേരയ്ക്ക അമിതമായി കഴിക്കുന്നത് ഉദരസംബന്ധമായ പ്രശ്നങ്ങൾ വർദ്ധിപ്പിക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഗ്യാസ്ട്രൈറ്റിസ്, അൾസർ എന്നിവയുള്ളവർ പേരയ്ക്ക കഴിക്കുന്നത് ശ്രദ്ധിക്കണം. ദിവസവും ഒന്നോ രണ്ടോ നന്നായി പഴുത്ത പേരയ്ക്ക കഴിക്കുന്നതാണ് ആരോഗ്യകരം.
വാർത്തകൾ തയ്യാറാക്കിയത് : രജനീഷ് മൈനാഗപ്പള്ളി, നിഷ തടത്തിൽ




























