25.5 C
Kollam
Thursday 13th August, 2026 | 07:42:04 AM
Home News പത്രം മലയാള ദിനപത്രങ്ങളിലൂടെ | 2026 ഓഗസ്റ്റ് 13, വ്യാഴം 1201 കര്‍ക്കടകം 28, മകം

പത്രം മലയാള ദിനപത്രങ്ങളിലൂടെ | 2026 ഓഗസ്റ്റ് 13, വ്യാഴം 1201 കര്‍ക്കടകം 28, മകം

മേസ്തിര വഞ്ചനയും കലൂര്‍ സ്റ്റേഡിയം നവീകരണവും: അന്വേഷണം നടത്തുമെന്ന് കെ. മുരളീധരന്‍

വരാത്ത മെസ്സി വരുമെന്ന് പ്രചരിപ്പിച്ച് കലൂര്‍ സ്റ്റേഡിയം നവീകരിച്ചതടക്കമുള്ള ക്രമക്കേടുകള്‍ക്ക് മുന്‍ മുഖ്യമന്ത്രിയും ഉത്തരം പറയേണ്ടിവരുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന്‍. ക്രമക്കേട് നടത്തിയവര്‍ കുറ്റം സമ്മതിക്കുമോ? അന്വേഷണം നടത്തി കബളിപ്പിച്ചവരെ പുറത്തുകൊണ്ടവരുമെന്നും മുരളീധരന്‍ പറഞ്ഞു.

സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള ബില്ല് രാജ്യസഭ പാസാക്കി

സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള ബില്ല് രാജ്യസഭയും പാസാക്കി. തുടരെത്തുടരെയുള്ള ബഹളങ്ങള്‍ക്കിടയിലായിരുന്നു രാജ്യസഭ ഇന്നലെ ബില്‍ പാസാക്കിയത്. അമിത് ഷാ എവിടെയെന്ന ജെബി മേത്തറുടെ ചോദ്യം, സി. സദാനന്ദന്റെ പ്രസംഗത്തിലെ സവര്‍ക്കര്‍ പരാമർശം, കേരളത്തില്‍ ജിന്നയുടെ ലീഗ് ഭരണത്തിന്റെ ഭാഗമാണെന്ന ബിജെപി അംഗം സുധാംശു ത്രിവേദിയുടെ പരമാര്‍ശം എന്നിവ വന്‍ പ്രതിഷേധത്തിനിടയാക്കി. ബിജെപി എംപി സുഷ്മിത ദേവ് ലുങ്കി വാലാ എന്ന് വിളിച്ചത് ജോണ്‍ ബ്രിട്ടാസ് രാജ്യസഭയിലുന്നയിച്ചതും നാടകീയ രംഗങ്ങള്‍ക്കിടയാക്കി.

വിഴിഞ്ഞം സമര ഫണ്ട് ആരോപണം: എഫ്സിആര്‍എ ലൈസന്‍സ് പുതുക്കല്‍ നിഷേധിച്ച കേന്ദ്ര നടപടി റദ്ദാക്കി ഹൈക്കോടതി

വിഴിഞ്ഞം സമരത്തിന് പണം നല്‍കിയെന്ന് ആരോപിച്ച് എഫ്സിആര്‍എ ലൈസന്‍സ് പുതുക്കല്‍ നിഷേധിച്ച കേന്ദ്ര നടപടി റദ്ദാക്കി ഹൈക്കോടതി. കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെ ഹര്‍ജിയിലാണ് വിധി. മൂന്നു മാസത്തിനകം പുതിയ തീരുമാനം എടുക്കാന്‍ കേന്ദ്രത്തിന് കോടതി നിര്‍ദേശം നല്‍കി.

മുഖ്യമന്ത്രിക്കെതിരെയുള്ള സിപിഎം സൈബര്‍ പ്രചാരണ കാര്‍ഡുകള്‍ നീക്കം ചെയ്തു

സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രി വി.ഡി. സതീശനുമെതിരേ സാമൂഹ്യ മാധ്യമങ്ങളിലൂടെ സിപിഎം സൈബര്‍ ടീം നടത്തുന്ന പ്രചാരണങ്ങള്‍ നീക്കം ചെയ്തെന്ന് സിപിഎം. അമ്പതോളം ഇനം കാര്‍ഡുകളാണ് നീക്കം ചെയ്തത്. കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെയാണ് സെന്‍സര്‍ഷിപ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ആരോപിച്ചു.

‘ഓപ്പറേഷന്‍ സൗന്ദര്യ’: 10 ലക്ഷത്തോളം രൂപയുടെ വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ പിടികൂടി

സംസ്ഥാനത്ത് ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് നടത്തിയ ‘ഓപ്പറേഷന്‍ സൗന്ദര്യ’യില്‍ 10 ലക്ഷത്തോളം രൂപയുടെ വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ പിടികൂടി. പാകിസ്ഥാന്‍ നിര്‍മ്മിത ക്രീമുകളില്‍ ഉള്‍പ്പെടെ അനുവദനീയമായതിലും കൂടുതല്‍ മെര്‍ക്കുറിയുടെ അംശം കണ്ടെത്തിയതായും, ഇവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

പ്രിയദര്‍ശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബസുടമ സിസിഐയെ സമീപിച്ചു

പ്രിയദര്‍ശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബസുടമ കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയെ സമീപിച്ചു. ഹര്‍ജി സിസിഐ ഫയലില്‍ സ്വീകരിച്ചു. ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ തൃശൂര്‍ ജില്ലാ പ്രസിഡന്റും ബസ് ഉടമകളുടെ കോഓര്‍ഡിനേഷന്‍ കമ്മിറ്റി സംസ്ഥാന പ്രസിഡന്റുമായ ബിബിന്‍ ടി. ആലപ്പാട്ടാണ് ഹര്‍ജി നല്‍കിയത്.

മെസ്സി വിവാദം: സമഗ്ര അന്വേഷണം വേണമെന്ന് രാജീവ് ചന്ദ്രശേഖര്‍

മെസിയെ കേരളത്തില്‍ എത്തിക്കാനെന്ന പേരില്‍ നടന്ന അനധികൃത ഇടപാടുകളില്‍ സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സ്പോണ്‍സറുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വാളയാറില്‍ ട്രെയിനിടിച്ച് കാട്ടാനയും കുട്ടിയും ചരിഞ്ഞു

വാളയാറില്‍ ചാവടിപ്പാറ പുതുപ്പതിയില്‍ ട്രെയിനിടിച്ച് കാട്ടാനയും കുട്ടിയും ചരിഞ്ഞു. ഇന്നു പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് അപകടം. മംഗളൂരു-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് തീവണ്ടിയാണ് തട്ടിയത്. അപകടത്തെ തുടര്‍ന്ന് മണിക്കൂറുകളോളം തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു.

‘ഓപ്പറേഷന്‍ തൂഫാന്‍’ നോഡല്‍ ഓഫീസറായി ഐജി ആര്‍. നിശാന്തിനിയെ നിയമിച്ചു

ലഹരി മാഫിയക്കെതിരേ ആരംഭിച്ച ഓപ്പറേഷന്‍ തൂഫാന്റെ സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍. നിശാന്തിനിക്ക്. ഓപ്പറേഷന്‍ തൂഫാന്‍ നോഡല്‍ ഓഫീസറായിരുന്ന ഐജി പുട്ടവിമലാദിത്യ അവധിയില്‍ പോയതിനെത്തുടര്‍ന്നാണ് നിശാന്തിനിക്ക് താല്‍ക്കാലിക ചുമതല നല്‍കിയത്.

ബിജെപി പ്രാദേശിക നേതാവിന്റെ ആത്മഹത്യ: യൂത്ത് കോണ്‍ഗ്രസ് നേതാവ് സസ്‌പെൻഡില്‍

ബിജെപി പ്രാദേശിക നേതാവ് ജീവനൊടുക്കിയ കേസില്‍ അറസ്റ്റിലായ വൈശാഖ് എസ് ദര്‍ശനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നു സസ്‌പെന്‍ഡ് ചെയ്തു. ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയാണ് ദര്‍ശനെ അറസ്റ്റു ചെയ്തത്.

സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്

കരയിലും കടലിലും ന്യൂന മര്‍ദ്ദങ്ങള്‍ രൂപപ്പെട്ടതിനാല്‍ സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍കടലിനു മുകളില്‍ പശ്ചിമ ബംഗാള്‍ ബംഗ്ലാദേശ് തീരത്തിനു സമീപം ന്യൂന മര്‍ദ്ദമുണ്ട്. വരും ദിവസങ്ങളില്‍ തീവ്ര ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നാണ് പ്രവചനം.

എസ്‌എന്‍ഡിപി യോഗം: കേന്ദ്ര അതോറിറ്റിയുടെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി സാവകാശം അനുവദിച്ചു

എസ്എന്‍ഡിപി യോഗത്തിന് ബാധകമാകുന്നത് കേന്ദ്ര കമ്പനി നിയമമാണോയെന്ന് പരിശോധിക്കുന്ന കേന്ദ്ര അതോറിറ്റിയുടെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ആറാഴ്ചത്തെ സാവകാശംകൂടി സുപ്രീം കോടതി അനുവദിച്ചു. അഡീഷണല്‍ സോളിസിറ്റര്‍ ജനറൽ ഐശ്വര്യ ഭട്ടിയുടെ ആവശ്യം പരിഗണിച്ചാണ് സുപ്രീം കോടതിയുടെ തീരുമാനം.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കും. യാത്രക്കാര്‍ നേരത്തെ എത്തണം. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും 20 വരെ ഏര്‍പ്പെടുത്തുന്ന പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് കൊച്ചിയിലും സുരക്ഷ വര്‍ധിപ്പിക്കുന്നത്.

കാണാതായ മലപ്പുറം സ്വദേശിയെ നാഗ്പൂരില്‍ നിന്ന് കണ്ടെത്തി

കാണാതായ മലപ്പുറം താനൂര്‍ സ്വദേശി ഇംതിയാസിനെ മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നിന്ന് കണ്ടെത്തി. നാഗ്പൂരില്‍ നിന്ന് 16 കിലോ മീറ്റര്‍ അകലെയുള്ള അപ്പാര്‍ട്ട്മെന്റില്‍ നിന്നാണ് ഇംതിയാസിനെ കണ്ടെത്തിയത്.

കൊല്ലം തുറമുഖത്ത് വിദേശ കപ്പലില്‍ വെൽഡിങ്ങിനിടെ പൊട്ടിത്തെറി

കൊല്ലം തുറമുഖത്തെത്തിയ വിദേശ കപ്പലില്‍ അറ്റകുറ്റപ്പണിക്കിടെ സ്ഫോടനം. വെല്‍ഡിങ്ങിനിടെ ജനറേറ്റര്‍ റൂമിലാണ് പൊട്ടിത്തെറി ഉണ്ടായത്. കപ്പലിലെ എന്‍ജിനീയറായ ഉത്തര്‍പ്രദേശ് സ്വദേശി സത്യപ്രകാശി(40)ന് പരിക്കേറ്റു.

പോക്‌സോ കേസില്‍ 82 ദിവസം ജയിലില്‍ കഴിഞ്ഞയാളെ വെറുതെവിട്ടു

പത്തുവയസുകാരിയെ തുടര്‍ച്ചയായി പീഡനത്തിനിരയാക്കിയെന്ന പോക്‌സോ കേസില്‍ പ്രതിചേര്‍ത്ത് 82 ദിവസം ജയിലിലിട്ടയാളെ തെളിവുകളില്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. പരാതിയില്‍ ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്ത ബാലുശ്ശേരി പൂനത്ത് സ്വദേശി ഇ.കെ മമ്മദിനെയാണ് കൊയിലാണ്ടി കോടതി വെറുതെവിട്ടത്.

ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു

ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ മേഥാ പൃഥ്വിരാജ്(30) ആണ് മരിച്ചത്. ബെംഗളൂരുവിലെ പ്രൊവിഡന്റ് ഫണ്ട് ഓഫീസ് ജീവനക്കാരിയായിരുന്നു.

ഇടുക്കി ഇടമലക്കുടിയില്‍ നിന്ന് രോഗിയെ കിലോമീറ്ററുകള്‍ ചുമന്ന് ആശുപത്രിയിലെത്തിച്ചു

ഇടുക്കി ഇടമലക്കുടിയില്‍ നിന്ന് രോഗിയെ കിലോ മീറ്ററുകള്‍ ചുമന്ന് ആശുപത്രിയിലെത്തിച്ചു. പനി ബാധിച്ച് അവശനിലയിലായ 75കാരന്‍ മാലയപ്പനെ ആണ് കൂടലാര്‍കുടിയില്‍ നിന്ന് നാലു കിലോ മീറ്ററിലേറെ ദൂരം കാട്ടിലൂടെ ചുമന്ന് ആശുപത്രിയിലേക്കെത്തിച്ചത്.

എഫ്സിആര്‍എ ബില്‍ ജെപിസിക്ക് വിട്ടതില്‍ സന്തോഷമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ്

എഫ്സിആര്‍എ ബില്‍ പൂര്‍ണമായി പിന്‍വലിക്കണമെന്നാണ് ആവശ്യമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ഡയറക്ടര്‍ ഫാ. മാത്യു കോയിക്കല്‍. ബില്‍ ജെപിസിക്ക് വിട്ടതില്‍ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷം ചര്‍ച്ചകളില്‍നിന്ന് ഒളിച്ചോടുന്നുവെന്ന് കിരണ്‍ റിജിജു

പാര്‍ലമെന്റിലെ ചര്‍ച്ചയില്‍നിന്ന് പ്രതിപക്ഷം ഒളിച്ചോടുകയാണെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു. ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാകുകയും പ്രതിപക്ഷം തയ്യാറാകാതിരിക്കുകയും ചെയ്യുന്നത് ചിന്തിക്കാന്‍ പോലുമാകാത്ത കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

മുന്‍ ജഡ്ജി യശ്വന്ത് വര്‍മയ്ക്കെതിരായ കുറ്റങ്ങള്‍ തെളിഞ്ഞതായി അന്വേഷണ സമിതി

കള്ളപ്പണക്കേസില്‍ ഡല്‍ഹി ഹൈക്കോടതിയിലെ മുന്‍ ജഡ്ജി യശ്വന്ത് വര്‍മയ്ക്കെതിരേ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി അന്വേഷണ സമിതി. ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള നിയോഗിച്ച മൂന്നംഗ അന്വേഷണ സമിതിയാണ് മുന്‍ ജഡ്ജിക്കെതിരായ കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടതായി കണ്ടെത്തിയത്.

ജന്തര്‍മന്തറിലെ പ്രക്ഷോഭങ്ങളുടെ രണ്ടാംഘട്ടം ഉടനുണ്ടാകുമെന്ന് അഭിജീത് ദിപ്കെ

ജന്തര്‍മന്തറിലെ പ്രക്ഷോഭങ്ങളുടെ രണ്ടാംഘട്ടം ഉടനുണ്ടാകുമെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദിപ്കെ. ജന്തര്‍മന്തര്‍ സീസണ്‍-2 എപ്പോള്‍ തുടങ്ങുമെന്ന് നിരവധിപേര്‍ ഇന്‍സ്റ്റഗ്രാം കമന്റുകളിലൂടെ ചോദിക്കുന്നുണ്ടെന്നും അഭിജീത് ദിപ്കെ പറഞ്ഞു.

കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവിന്റെ വീട്ടില്‍ പോലീസ് പരിശോധന

തന്റെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസ്. കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലെ വീട്ടിലാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം പോലീസ് റെയ്ഡ് നടത്തിയതെന്ന് അദ്ദേഹം സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചു.

എയര്‍ ഇന്ത്യ വിമാന അപകടം: പൈലറ്റ് കഞ്ചാവും ഉറക്ക ഗുളികകളും ഉപയോഗിച്ചതായി കണ്ടെത്തല്‍

യാത്രാമദ്ധ്യേ എയര്‍ ഇന്ത്യ വിമാനം 300 അടി താഴ്ചയിലേക്ക് പതിച്ച സംഭവത്തില്‍ പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചതിനുപുറമേ ഉറക്ക ഗുളികകളും കഴിച്ചിരുന്നു. രക്തത്തില്‍ ഇതിന്റെ സാന്നിദ്ധ്യം കണ്ടെത്തി.

കര്‍ണാടക മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം

കര്‍ണാടകത്തിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം. വകുപ്പിനെച്ചൊല്ലി ഇടഞ്ഞ മുതിര്‍ന്ന നേതാവായ മന്ത്രി രാമലിംഗ റെഡ്ഡിക്ക് വകുപ്പ് മാറ്റിനല്‍കി. ജലവിഭവ വകുപ്പു മാറ്റി വനം, പരിസ്ഥിതി വകുപ്പുകളാണ് നല്‍കിയത്.

പ്രധാനമന്ത്രി ദക്ഷിണേന്ത്യക്കാരനാകണമെന്ന് തമിഴ്നാട് മന്ത്രി ആഥവ് അര്‍ജുന

പ്രധാനമന്ത്രി ദക്ഷിണേന്ത്യക്കാരനാകണമെന്ന് തമിഴ്നാട് കായികവകുപ്പ് മന്ത്രി ആഥവ് അര്‍ജുന. തമിഴ്നാട്ടുകാരന്‍ പ്രധാനമന്ത്രിയാകണമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. അഞ്ചോ ആറോ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ തീരുമാനിക്കുന്ന രീതി മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എയര്‍കണ്ടീഷന്‍ തകരാര്‍: സ്പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാര്‍ പ്രതിഷേധിച്ചു പുറത്തിറങ്ങി

വിമാനത്തിലെ എയര്‍കണ്ടീഷന്‍ സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതുമൂലമുണ്ടായ അസഹ്യമായ ചൂടിനെത്തുടര്‍ന്ന് യാത്രക്കാരുടെ പ്രതിഷേധം. ഡല്‍ഹിയില്‍നിന്ന് പൂണെയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനത്തിലാണ് ചൂടുമൂലം യാത്രക്കാര്‍ ടേക്ക് ഓഫിന് മുമ്പ് പുറത്തിറങ്ങി പ്രതിഷേധിച്ചത്. ഇതോടെ വിമാനത്തിന്റെ യാത്ര റദ്ദാക്കി.

സൊമാറ്റോയുടെ ഹൈപ്പര്‍ പ്യൂവര്‍ യൂണിറ്റില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന

ബെംഗളൂരുവിലെ സൊമാറ്റോ ഗോഡൗണില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന. സൊമാറ്റോയുടെ സബ്സിഡറി കമ്പനിയായ സൊമാറ്റോ ഹൈപ്പര്‍ പ്യൂവര്‍ യൂണിറ്റിലെ പരിശോധനയില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി.

സൗദി അറേബ്യയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു

സൗദി അറേബ്യയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു. റിയാദ് ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറിലെ ഇന്ത്യന്‍ എംബസിയിലെത്തിയാണ് ചുമതലയേറ്റെടുത്തത്.

നാറ്റോ ഉച്ചകോടിക്കിടെ ട്രംപിനെ ട്രക്കില്‍ ഒളിച്ചുകടത്തിയെന്ന് റിപ്പോര്‍ട്ട്

കഴിഞ്ഞ മാസം തുര്‍ക്കിയിലെ അങ്കറയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്രക്കില്‍ ഒളിച്ചു കടന്നതിന്റെ വിശദാംശങ്ങള്‍ പുറത്ത്. നാറ്റോ ഉച്ചകോടിക്ക് എത്തിയ ട്രംപ് തങ്ങിയിരുന്ന കൃത്യമായ സ്ഥലം ഇറാന്റെ റഡാറില്‍ പതിഞ്ഞെന്നു കണ്ടതോടെയാണ് യുഎസ് ട്രംപിനെ ട്രക്കില്‍ കടത്തിയതെന്നു ന്യൂയോര്‍ക്ക് ടൈംസ്. ട്രംപിന്റെ വിമാനത്തെ ലക്ഷ്യമിടാന്‍ ശേഷിയുള്ള മിസൈല്‍ ഭീഷണിയുണ്ടായിരുന്നു.

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് സ്ഥാനമൊഴിയുന്നു

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് ഈ മാസം അവസാനം സ്ഥാനമൊഴിയുന്നു. കരോലിന്‍ മുതിര്‍ന്ന ഉപദേഷ്ടാവായി തുടരുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. മെയ് മാസത്തിലാണ് കരോലിന് രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്.

ഹോര്‍മുസ് കടലിടുക്ക്: അമേരിക്കയും ഇറാനും ഉടനെ ധാരണയിലെത്തുമെന്ന് പാക് പ്രതിരോധമന്ത്രി

ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട് അമേരിക്കയും ഇറാനും ഉടനേ ധാരണയിലെത്തുമെന്ന് പാകിസ്താന്‍ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. യുദ്ധനഷ്ടപരിഹാരം വേണമെന്ന ഇറാന്റെ ആവശ്യത്തിന് മറുപടിയായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിരിച്ചും നഷ്ടപരിഹാരം ആവശ്യപ്പെട്ടത് ചര്‍ച്ചകളെ വഴിമുട്ടിച്ചിരിക്കേയാണ് ഈ വെളിപ്പെടുത്തല്‍.

സിംബാബ്വെയില്‍ ബോട്ട് മുങ്ങി 44 പേര്‍ മരിച്ചു

ആഫ്രിക്കന്‍ രാജ്യമായ സിംബാബ്വെയില്‍ ബോട്ട് മുങ്ങി 44 പേര്‍ മരിച്ചു. ബോട്ടിലുണ്ടായിരുന്ന 77 പേരെ രക്ഷിച്ചു. സാംബിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള കരിബ തടാകത്തിലാണ് അപകടം.

ഇറാന്‍ സൈനിക-സുരക്ഷാ സംവിധാനത്തില്‍ വലിയ അഴിച്ചുപണി

മധ്യപൂര്‍വേഷ്യയില്‍ യുദ്ധഭീതി ശക്തമായി തുടരുന്നതിനിടെ, ഇറാന്‍ സൈനിക-സുരക്ഷാ സംവിധാനത്തില്‍ വലിയ അഴിച്ചുപണി. റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ്, ബസിജ് സുരക്ഷാ സേന, ആംഡ് ഫോഴ്സസ് ജനറല്‍ സ്റ്റാഫ് എന്നിവയില്‍ ആറ് മുതിര്‍ന്ന കമാന്‍ഡര്‍മാരെയാണ് പരമോന്നത നേതാവ് മുജ്തബ ഖമേനി നിയമിച്ചത്.

ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ സൂചന നല്‍കി ലിയോണല്‍ മെസ്സി

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന നായകനും ഫുട്‌ബോള്‍ ഇതിഹാസവുമായ ലിയോണല്‍ മെസ്സി. ഫുട്ബോളില്‍ കൂടുതല്‍കാലം തുടരുമോയെന്ന് സംശയമാണ്. അച്ഛനില്ലാതെ മുന്നോട്ട് പോവുക പ്രയാസമാണെന്നും മെസ്സി സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. പിതാവ് ഹോര്‍ഹെ മെസ്സിയുടെ വേര്‍പാടുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വൈകാരികമായ കുറിപ്പിലാണ് അദ്ദേഹം തന്റെ ഫുട്ബോള്‍ കരിയര്‍ ദീർഘകാലം തുടര്‍ന്നേക്കില്ലെന്ന സൂചന നല്‍കിയത്.

ഇന്ത്യയിലെ മുന്‍നിര കുടുംബ ബിസിനസുകളുടെ ആകെ മൂല്യം 1.46 ട്രില്യണ്‍ ഡോളറായി ഉയര്‍ന്നു

ഇന്ത്യയിലെ 300 മുന്‍നിര കുടുംബ ബിസിനസുകളുടെ ആകെ മൂല്യം 1.46 ട്രില്യണ്‍ ഡോളറായി (ഏകദേശം 138 ലക്ഷം കോടി രൂപ) ഉയര്‍ന്നു. ഈ 300 ബിസിനസുകളെ മാത്രം ഒരു രാജ്യമായി കണക്കാക്കിയാല്‍ ലോകത്തിലെ 18-ാമത്തെ വലിയ സാമ്പത്തിക ശക്തിയായി അത് മാറും. സൗദി അറേബ്യ, സ്വിറ്റ്‌സര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ്, പോളണ്ട് എന്നീ പ്രമുഖ രാജ്യങ്ങളുടെ ജിഡിപിയെക്കാള്‍ കൂടുതലാണ് ഈ ബിസിനസുകളുടെ മൂല്യം.

‘എക്സി’ല്‍ പുതിയ ഒറിജിനല്‍ കണ്ടന്റ് റിവാഡ്സ് പ്രോഗ്രാം വരുന്നു

‘എക്സി’ല്‍നിന്ന് ഇനി എളുപ്പം പണമുണ്ടാക്കാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കില്ല. മൂന്ന് വര്‍ഷമായി തുടരുന്ന റെവന്യൂ ഷെയറിങ് പ്രോഗ്രാം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ഈ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം. പകരം സെപ്റ്റംബര്‍ എട്ട് മുതല്‍ പുതിയ ഒറിജിനല്‍ കണ്ടന്റ് റിവാഡ്സ് പ്രോഗ്രാം ആരംഭിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു.

ബിജു മേനോന്റെ ‘അവറാച്ചന്‍ ആന്‍ഡ് സണ്‍സ്’ സെപ്റ്റംബറില്‍ തിയറ്ററുകളിലേക്ക്

ബിജു മേനോനും നിര്‍മ്മാതാവായ ലിസ്റ്റിന്‍ സ്റ്റീഫനും ഒന്നിക്കുന്ന ‘അവറാച്ചന്‍ ആന്‍ഡ് സണ്‍സ്’ തിയറ്ററുകളിലേക്ക്. സിനിമ സെപ്റ്റംബര്‍ മാസം റിലീസ് ചെയ്യും. നവാഗതനായ തമ്പി സംവിധാനം ചെയ്യുന്ന അവറാച്ചന്‍ ആന്‍ഡ് സണ്‍സ് എന്ന ചിത്രമാണ് അത്. അവറാച്ചനും മക്കളും അവരുടെ കുടുംബ ബന്ധങ്ങളും സാമൂഹിക ബന്ധങ്ങളും ഇഴചേരുന്ന നര്‍മ്മത്തില്‍ ചാലിച്ച രസകരമായ ഫാമിലി ഡ്രാമയാണിത്.

ഫഹദ് ഫാസിലിന്റെ വെഡ്ഡിംഗ് എന്‍ട്രി വീഡിയോയുമായി ‘ഇദയം മുരളി’ ഒടിടിയില്‍

അഥര്‍വ നായകനായി എത്തിയ റൊമാന്റിക് എന്റെര്‍ടെയ്നര്‍ ‘ഇദയം മുരളി’ കഴിഞ്ഞ ദിവസം ഒടിടിയില്‍ എത്തിയിരുന്നു. ചിത്രത്തില്‍ ഫഹദ് ഫാസില്‍ അതിഥി വേഷത്തില്‍ എത്തിയത് ഏറെ ശ്രദ്ധിക്കപ്പെടുകയാണ്. ഫഹദിന്റെ വെഡ്ഡിംഗ് എന്‍ട്രി വീഡിയോയും പുറത്തുവന്നു. നെറ്റ്ഫ്ലിക്സിനാണ് സ്ട്രീമിംഗ്.

ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ എയ്‌റോ ബ്ലാക്ക് എഡിഷന്‍ വിപണിയില്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ഇന്ത്യ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ എയ്‌റോ ബ്ലാക്ക് എഡിഷന്‍ പുറത്തിറക്കി. പരിമിതമായ കാലയളവിലേക്ക് വേണ്ടി മാത്രമാണ് പുതിയ പതിപ്പ്. ഇതിന് കൂടുതല്‍ സ്‌പോര്‍ട്ടി, പ്രീമിയം ലുക്ക് ലഭിക്കുന്നതിനായി എക്സ്റ്റീരിയറില്‍ ബ്ലാക്ക് നിറവുമായി ബന്ധപ്പെട്ട് നിരവധി ആകര്‍ഷണീയമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

കെ.സി. വേണുഗോപാലിന്റെ രാഷ്ട്രീയപോരാട്ടങ്ങള്‍ വിശകലനം ചെയ്യുന്ന പുസ്തകം പുറത്തിറങ്ങി

കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍, കേരള ടൂറിസം-ദേവസ്വം മന്ത്രി, കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി, വ്യോമയാന സഹമന്ത്രി, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പൊതു പ്രവര്‍ത്തനരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കെ.സി. വേണുഗോപാലിന്റെ നിലപാടുകളും രാഷ്ട്രീയപോരാട്ടങ്ങളും വിശകലനം ചെയ്യുന്ന പുസ്തകം. ലോക് സഭ, രാജ്യസഭ, നിയമസഭ എന്നിങ്ങനെ വിവിധ വേദികളില്‍ നടത്തിയ പ്രസംഗങ്ങളുടെ ലിഖിതരൂപമാണിത്.

പ്രായാകുന്നതിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

പ്രായാകുന്നതിന്റെ പുറമെയുള്ള ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ ചില ഭക്ഷണങ്ങള്‍ നമ്മുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് സഹായിക്കുമെന്ന് വെല്‍നസ് ഇന്‍ഫ്ലുവന്‍സറായ സറീന മനെന്‍കോവ പറയുന്നു. ആരോഗ്യകരമായ ചര്‍മം, ഊര്‍ജ്ജം, പ്രതിരോധശേഷി എന്നിവ വാര്‍ദ്ധക്യത്തിലും നമ്മെ ചെറുപ്പമായിരിക്കാന്‍ സഹായിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here