Home Blog Page 197

യുവതിയെ കഴുത്തുഞെരിച്ച് കൊന്ന് ചാക്കിൽകെട്ടി പുഴയിൽ തള്ളിയെന്ന് സംശയം; ഭർത്താവ് ഒളിവിൽ

പുറത്തൂർ: യുവതിയുടെ മൃതദേഹം ചാക്കിൽകെട്ടി പുഴയിൽ തള്ളിയനിലയിൽ കണ്ടെത്തി. പുറത്തൂർ പടിഞ്ഞാറേക്കര അമ്പലപ്പടി അണ്ടിപ്പാട്ടിൽ ഹുസൈന്റെ ഭാര്യ ഫൗസിയ (37)യുടെ മൃതദേഹമാണ് തിരൂർ–പൊന്നാനി പുഴയിൽ പടിഞ്ഞാറേക്കര ബോട്ട് ജെട്ടിക്കു സമീപം കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ ഭർത്താവ് ഹുസൈൻ ഒളിവിൽ പോയി. ഫൗസിയയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഹുസൈനായി അന്വേഷണം തുടരുകയാണ്.
വ്യാഴാഴ്ച പുലർച്ചെ ഫൗസിയയെ ഹുസൈൻ വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോയതായി മക്കൾ പൊലീസിനോട് പറഞ്ഞു. കടലിൽ വലയിട്ടപ്പോൾ മീൻ കുടുങ്ങിയിട്ടുണ്ടെന്നും അതെടുക്കാൻ കൂടെ വരണമെന്നും പറഞ്ഞാണ് ഉറങ്ങിക്കിടന്നിരുന്ന ഫൗസിയയെ ഹുസൈൻ വിളിച്ചുണർത്തിക്കൊണ്ടുപോയത്. രാവിലെ മാതാപിതാക്കളെ കാണാതായപ്പോൾ ജോലിക്ക് പോയതാകുമെന്നായിരുന്നു മക്കൾ കരുതിയത്.
വ്യാഴാഴ്ച പകൽ മകൻ ജോലിക്കും മകൾ സ്കൂളിലേക്കും പോയി. വൈകിട്ടും ദമ്പതികളെ കാണാതായതോടെ തിരൂർ പൊലീസിൽ പരാതി നൽകി. ഇതിനിടെ പടിഞ്ഞാറേക്കര ബോട്ട് ജെട്ടിയിൽനിന്ന് മത്സ്യബന്ധനത്തിനായി ബോട്ട് കടലിലേക്കിറക്കുന്നതിനിടെ നങ്കൂരം ഉയർത്തുമ്പോഴാണ് അറ്റത്ത് ചാക്ക് കെട്ടിയ നിലയിൽ കണ്ടെത്തിയത്. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ചാക്കിനുള്ളിൽ ഫൗസിയയുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്.
വീട്ടിൽനിന്ന് ഒരു കിലോമീറ്ററോളം അകലെയാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച രാത്രി ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. വഴക്കിനിടെ ഫൗസിയയുടെ വസ്ത്രങ്ങൾ കീറുകയും പ്രാണരക്ഷാർഥം അയൽവീട്ടിലേക്ക് ഓടിപ്പോകുകയും ചെയ്തിരുന്നതായി അയൽവാസികൾ മൊഴി നൽകിയിട്ടുണ്ട്.
ഇൻക്വസ്റ്റിനുശേഷം മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കാണാതായ ഹുസൈന്റെ മൊബൈൽ ഫോൺ വ്യാഴാഴ്ച പുറത്തൂർ ബസ് സ്റ്റാൻഡിന് സമീപം ഓണാക്കിയതായി അന്വേഷണത്തിൽ കണ്ടെത്തി. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയി. പൊലീസ് അന്വേഷണം ഊർജിതമാക്കി.

നെഹ്റു ട്രോഫി ജലമേള ഇന്ന്; പുന്നമട ഒരുങ്ങി

ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്കുള്ള ഒരുക്കങ്ങൾ പുന്നമടക്കായലിൽ പൂർത്തിയായി. 22 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 71 വള്ളങ്ങളാണ് ഇത്തവണ മത്സരത്തിൽ മാറ്റുരയ്ക്കുന്നത്. ഉച്ചയ്ക്ക് രണ്ടിന് മുഖ്യമന്ത്രി വി.ഡി. സതീശൻ ജലമേള ഉദ്ഘാടനം ചെയ്യും. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തും മുഖ്യാതിഥികളാകും.
ഉദ്ഘാടനത്തിന് ശേഷം വള്ളങ്ങളുടെ മാസ് ഡ്രിൽ നടക്കും. തുടർന്ന് ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സും ഫൈനൽ മത്സരങ്ങളും അരങ്ങേറും.
ജലമേളയോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധിയാണ്. കെഎസ്ഇബി ക്യാഷ് കൗണ്ടറുകളും പ്രവർത്തിക്കില്ല. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.
ആലപ്പുഴ നഗരത്തിൽ രാവിലെ ഒൻപത് മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലാ കോടതിപ്പാലത്തിന്റെ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഉച്ചയ്ക്ക് ഒന്നുമുതൽ വൈകിട്ട് ആറുവരെ കെഎസ്ആർടിസി ബസുകൾ ആലപ്പുഴ സ്റ്റാൻഡിലേക്ക് പ്രവേശിക്കില്ല.
വള്ളംകളി കാണാനെത്തുന്നവർക്കായി റിക്രിയേഷൻ ഗ്രൗണ്ടിലും ആലപ്പുഴ ബീച്ച് പൊലീസ് എയ്ഡ് പോസ്റ്റിന് തെക്കുവശം എലിവേറ്റഡ് ബൈപ്പാസിന് താഴെയും വാഹന പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്.

വാർത്ത തെറ്റിദ്ധാരണ മൂലം,മെട്രോ പേരുമാറ്റത്തിൽ വിശദീകരണവുമായി KMRL

കൊച്ചി. മെട്രോ പേരുമാറ്റത്തിൽ വിശദീകരണവുമായി KMRL. കൊച്ചി മെട്രോയുടെ പേര് മാറ്റുമെന്ന വാർത്ത തെറ്റിദ്ധാരണ മൂലമുണ്ടായതാണെന്ന് KMRL വ്യക്തമാക്കി. കൊച്ചി മെട്രോയുടെ പേര് മാറ്റാനുള്ള നിർദേശമല്ല; മറിച്ച്, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എന്ന കമ്പനിയുടെ പേര് ‘കേരളം മെട്രോ റെയിൽ ലിമിറ്റഡ്’ എന്നാക്കി മാറ്റാനുള്ള നിർദേശമാണ് സർക്കാരിന് സമർപ്പിച്ചതെന്ന് KMRL വിശദീകരിച്ചു.

കൊച്ചി മെട്രോ പഴയ പേരിൽ തന്നെ തുടരുമെന്നും ഭാവിയിൽ തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ ആരംഭിക്കുന്ന മെട്രോകളും അതത് നഗരങ്ങളുടെ പേരിൽ തന്നെ അറിയപ്പെടുമെന്നും അധികൃതർ വിശദീകരിച്ചു. സംസ്ഥാനത്തെ വിവിധ മെട്രോ പദ്ധതികളെ, ഒരു കമ്പനിയുടെ കീഴിൽ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ പേര് മാറ്റാൻ നിർദേശിച്ചതെന്നും കൊച്ചി മെട്രോ വ്യക്തമാക്കി. മറ്റു സംസ്ഥാനങ്ങളിലെ മാതൃക പിന്തുടർന്നാണ് നിർദേശമെന്നും, സർക്കാരിന്റെ പൂർണ സമ്മതത്തോടെ മാത്രമേ നിർദേശം നടപ്പാക്കുകയുള്ളൂവെന്നും KMRL അറിയിച്ചു.

സ്‌കൂളിലെ ശുചിമുറിയില്‍ 10 വയസ്സുകാരിയായ വിദ്യാര്‍ഥിനിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ മുന്‍ ബിജെപി നേതാവും അധ്യാപകനുമായ കെ. പത്മരാജന്‍റെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

കൊച്ചി.കണ്ണൂരിലെ സ്‌കൂളിലെ ശുചിമുറിയില്‍ 10 വയസ്സുകാരിയായ വിദ്യാര്‍ഥിനിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ മുന്‍ ബിജെപി നേതാവും അധ്യാപകനുമായ കെ. പത്മരാജന്‍റെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു.

ജീവിതാന്ത്യം വരെ തടവിന് ശിക്ഷിച്ച വിധിയാണ് മരവിപ്പിച്ചത്. ശിക്ഷാവിധിക്കെതിരായ അപ്പീല്‍ തീര്‍പ്പാകുന്നതുവരെ ശിക്ഷ മരവിപ്പിച്ചാണ് ജസ്റ്റിസുമാരായ വി. രാജ വിജയരാഘവനും കെ.വി. ജയകുമാറും ഉള്‍പ്പെട്ട ബെഞ്ച് ജാമ്യം അനുവദിച്ചത്.

പെൺകുട്ടിയുടെ മൊഴിയിലെ വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടി കോടതി. ലോക്കൽ പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണത്തിൽ വ്യത്യസ്ത നിഗമനങ്ങൾ. ജാമ്യം കർശന ഉപാധികളോടെ
ഒരു ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആള്‍ജാമ്യവും നല്‍കണമെന്ന വ്യവസ്ഥയോടെയാണ് ജാമ്യം. അതിജീവിത താമസിക്കുന്ന ജില്ലയില്‍ പ്രവേശിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.
നേരത്തെ വിചാരണക്കോടതി പത്മരാജനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. 1.5 ലക്ഷം രൂപ പിഴയും മരണംവരെ നീളുന്ന ജീവപര്യന്തം തടവുമായിരുന്നു ശിക്ഷ.

പനപ്പെട്ടി ഗവ. എല്‍പിഎസില്‍ ഓണാഘോഷം ഗംഭീരമായി

ശാസ്താംകോട്ട. പനപ്പെട്ടി ഗവ. എല്‍പിഎസില്‍ ഓണാഘോഷം ഗംഭീരമായി. പൂക്കളം, കലാമല്‍സരങ്ങള്‍,വടംവലി,ഓണസദ്യ,സമ്മേളനം, കിടപ്പുരോഗികള്‍ക്ക് ഭക്ഷ്യകിറ്റ് വിതരണം എന്നിവ നടന്നു. രാവിലെ മുതല്‍ നടന്ന പരിപാടികളില്‍ ജനപ്രതിനിധികള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍,പൂര്‍വ വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍,അധ്യാപകര്‍ എന്നിവര്‍ സജീവമായി പങ്കെടുത്തു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണന്‍, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ ശരത്, അംഗങ്ങലായ അനില്‍പനപ്പെട്ടി,റിയാസ് പറമ്പില്‍, എഇഒ ജിഎസ് അജിത , എസ്എം സി ചെയര്‍മാന്‍ ബഷീര്‍ പനപ്പെട്ടി, ഹെഡ്മിസ്ട്രസ് ബി ഐ വിദ്യാറാണി എന്നിവര്‍ നേതൃത്വം നല്‍കി.

ശാസ്താംകോട്ടയെ ഞെട്ടിച്ച്  മിലാദി ഷെരീഫ് സ്കൂളിൽ കരടിയിറങ്ങി

ശാസ്താംകോട്ട: ഇന്ന് നാടൊട്ടാകെ ഭീതിയും ആവേശവും പടർത്തി പ്രദേശത്ത് കരടിയിറങ്ങി! എന്നാൽ നാട്ടുകാർ ആരും ഭയപ്പെട്ടതുമില്ല, ഓടിയൊളിച്ചതുമില്ല. മൈനാഗപ്പള്ളി മിലാദെ ഷെരീഫ് ബോയ്സ് ഹൈസ്കൂളിൽ നടന്ന വർണ്ണാഭമായ ഓണാഘോഷ പരിപാടികളുടെ ഭാഗമായാണ് ഇന്ന് സ്കൂൾ മുറ്റത്തേക്ക് ഭയാനകമായ രൂപത്തിൽ ‘കരടി’ എത്തിയത്.
സ്കൂളിലെ ഓണാഘോഷത്തിന് മാറ്റ് കൂട്ടാൻ അരങ്ങേറിയ പരമ്പരാഗത കലാരുപമായ ‘കരടി കളി’ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മുന്നിൽ വിസ്മയമായി. കറുത്ത വേഷവും കരടിയുടെ ഭാവങ്ങളും ഉൾക്കൊണ്ട് അരങ്ങേറിയ ഈ കളി ഇത്തവണത്തെ ഓണാഘോഷത്തിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായി മാറി.


വിദ്യാർത്ഥികൾക്കായി തികച്ചും വിസ്മയകരവും രസകരവുമായ അനുഭവമൊരുക്കാൻ മിലാദെ ഷെരീഫ് ബോയ്സ് ഹൈസ്കൂളിന് കഴിഞ്ഞു. ഓണത്തിന്റെ തനിമയും ആവേശവും ചോരാതെ സംഘടിപ്പിച്ച ഇന്നത്തെ ആഘോഷ പരിപാടികൾ വൻ വിജയമായി മാറി.

ജലമാമാങ്കത്തിന് ഒരുങ്ങി പുന്നമട; നെഹ്റു ട്രോഫി വള്ളംകളി ഇന്ന്

ആലപ്പുഴ:72-ാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന്. പുന്നമടക്കായലിൽ ആവേശത്തിന്റെ ഓളം സൃഷ്‌ടിക്കാൻ ജലരാജാക്കന്മാർ തയാറായി. വിവിധ വിഭാഗങ്ങളിലായി ഇക്കുറി മാറ്റുരയ്ക്കുന്നത് 71 വള്ളങ്ങളാണ്. ചുണ്ടൻ വിഭാഗത്തിൽ മാത്രം ആകെ 22 വള്ളങ്ങളുണ്ട്. ചുരുളൻ- 2, ഇരുട്ടുകുത്തി എ- 3, ഇരുട്ടുകുത്തി ബി-16, ഇരുട്ടുകുത്തി സി-14, വെപ്പ് എ- 5, വെപ്പ് ബി- 4. എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളിൽ മത്സരിക്കുന്ന വള്ളങ്ങളുടെയെണ്ണം. 

രാവിലെ 11-ന് മത്സരങ്ങൾ ആരംഭിക്കും. ചെറുവള്ളങ്ങളുടെ ഹീറ്റ്‌സാണ് ആദ്യം. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷമാകും ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളും ചെറുവള്ളങ്ങളുടെ ഫൈനൽ മത്സരങ്ങളും നടക്കുക. വൈകുന്നേരം നാലു മുതലാണ് ഫൈനൽ മത്സരങ്ങൾ.

മനക്കര സന്തോഷ് ഭവനിൽ പെരുനിലത്ത് രവീന്ദ്രൻ പിള്ള അന്തരിച്ചു

ശാസ്താംകോട്ട. മനക്കര സന്തോഷ് ഭവനിൽ പെരുനിലത്ത് രവീന്ദ്രൻ പിള്ള (90) അന്തരിച്ചു.ഭാര്യ ഓമനയമ്മ മക്കൾ സന്തോഷ് കുമാർ( കെ എം എം എൽ ) സുരേഷ് കുമാർ( എക്സ് സർവീസ് ) സുനിൽകുമാർ ( എക്സ് സർവീസ്) മരുമക്കൾ. അജിതകുമാരി(ആർ. ബി. എസ്. കെ നഴ്സ് കിഴക്കേ കല്ലട )മഞ്ജു ( തുറമുഖ വകുപ്പ്) ഉഷസ് ( ആസ്റ്റർ പത്മാവതി) സംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചക്ക് 3:00 മണിക്ക് വീട്ടുവളപ്പിൽ.

പത്രം മലയാള ദിനപത്രങ്ങളിലൂടെ |2026 | ഓഗസ്റ്റ് 21 | ശനി 1202 | ചിങ്ങം 5 | തൃക്കേട്ട

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജിച്ചു

പാലക്കാട് റെയില്‍വേ ഡിവിഷനെ വെട്ടിമുറിച്ച് മംഗലാപുരം റെയില്‍വേ സ്റ്റേഷന്‍ അടക്കമുള്ള പ്രദേശം മൈസൂര്‍ ഡിവിഷനിലേക്കു മാറ്റി റെയില്‍വേ ഉത്തരവിറക്കി. ഒക്ടോബര്‍ ഒന്നിനു മാറ്റം നിലവില്‍ വരും. ഇതോടെ മംഗലാപുരത്തുനിന്ന് പുറപ്പെടുന്നതും കേരളത്തിലൂടെ സഞ്ചരിക്കുന്നതുമായ ട്രെയിനുകളുടെ നിയന്ത്രണം പൂര്‍ണമായും മൈസൂര്‍ ഡിവിഷനിലേക്കു മാറും. കണ്ണൂരില്‍ യാത്ര അവസാനിക്കുന്ന ട്രെയിനുകള്‍ മംഗലാപുരത്തേക്ക് നീട്ടണമെങ്കില്‍ ഇനി മൈസൂര്‍ ഡിവിഷന്റെ അനുമതി വേണ്ടി വരും.

ഡല്‍ഹി പൊലീസ് പെല്ലറ്റ് ആക്രമണത്തിനു കേസ് രജിസ്റ്റര്‍ ചെയ്തു

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി പോലീസ് സ്റ്റേഷനിലെത്തി നടത്തിയ കടുത്ത പ്രതിഷേധത്തിനു മുന്നില്‍ മുട്ടുമടക്കിയ ഡല്‍ഹി പൊലീസ് പെല്ലറ്റ് ആക്രമണത്തിനു കേസ് രജിസ്റ്റര്‍ ചെയ്തു. ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരേ പോലീസ് നടത്തിയ പെല്ലറ്റ് ആക്രമണത്തില്‍ വിദ്യാര്‍ത്ഥിക്കു പരിക്കേറ്റതിനാണു ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയത്. പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായ സാഹില്‍ ലോചവ് എന്ന വിദ്യാര്‍ത്ഥിയുമൊത്ത് രാഹുല്‍ ഗാന്ധി പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനില്‍ ആറു മണിക്കൂര്‍ കുത്തിയിരിപ്പ് സമരം നടത്തി. എഫ്ഐആര്‍ കോപ്പി കൈപ്പറ്റിയശേഷമാണ് രാഹുല്‍ സമരം അവസാനിപ്പിച്ചത്.

ജന്തര്‍ മന്ദറില്‍ സംവരണത്തിനെതിരെ പ്രതിഷേധം

ജാതി അധിഷ്ഠിത സംവരണ സമ്പ്രദായം നിര്‍ത്തലാക്കണമെന്നും സാമ്പത്തിക മാനദണ്ഡങ്ങള്‍ മാത്രം അടിസ്ഥാനമാക്കി സംവരണം നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ പ്രതിഷേധം. റിസര്‍വേഷന്‍ ഹട്ടാവോ ആന്ദോളന്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ നല്‍കിയ ആഹ്വാനമനുസരിച്ചാണ് പ്രതിഷേധക്കാര്‍ ഇവിടെ എത്തിയത്. ആദ്യം പ്രതിഷേധത്തിന് അനുമതി നിഷേധിച്ച പൊലീസ് പിന്നീട് വൈകിട്ട് 4 മണിവരെ 500 പേര്‍ക്ക് മാത്രം അനുമതി നല്‍കി. എന്നാല്‍, സമയം കഴിഞ്ഞും പ്രതിഷേധക്കാര്‍ ജന്തര്‍ മന്തിറില്‍ തുടര്‍ച്ചയായി നിന്നതോടെ പൊലീസ് ബലം പ്രയോഗിച്ച് ഇവരെ നീക്കി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾക്ക് ഉത്സവബത്ത

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷര്‍ അടക്കമുള്ള മുഴുവന്‍ അംഗങ്ങള്‍ക്കും ഓണത്തോടനുബന്ധിച്ച് 2,000 രൂപ ഉത്സവബത്തയായി അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

വെള്ളാപ്പള്ളി നടേശന്റെ വിമർശനം

മൂന്നാം പിണറായി സര്‍ക്കാര്‍ വരാത്തതിനു കാരണം ചില ഇടതുനേതാക്കളുടെ കൊള്ളയും ധിക്കാരവും ധാര്‍ഷ്ട്യവുമാണെന്ന് എസ്.എന്‍.ട്രസ്റ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സ്ഥാനമോഹികളായ കമ്യൂണിസ്റ്റുകാരാണ് ഇടതുപക്ഷത്തെ ഇറക്കിവിട്ടത്. പിണറായിയുടെ ഓഫീസിലെ പുഴുക്കുത്താണ് പി ശശിയെന്നും വെള്ളാപ്പള്ളി നടേശന്‍ കുറ്റപ്പെടുത്തി.

എസ്.എന്‍. ട്രസ്റ്റിന് 166 കോടി രൂപയുടെ ബജറ്റ്

എസ്എന്‍ ട്രസ്റ്റിന് 166 കോടി രൂപയുടെ ബജറ്റ്. ചേര്‍ത്തല എസ്എന്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക പൊതുയോഗമാണു ബജറ്റിന് അംഗീകാരം നല്‍കിയത്. ആശുപത്രി വികസനത്തിന് 50 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.

സംസ്ഥാനത്ത് നാളെ മുതല്‍ മഴ കനക്കും

സംസ്ഥാനത്ത് നാളെ മുതല്‍ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന സമാപനം

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിനു സമാപനം കുറിച്ചുകൊണ്ട് തൃശൂരില്‍ ഇന്നു യൂത്ത് ബ്രിഗേഡ് പരേഡും പൊതുസമ്മേളനവും. ഉച്ചയ്ക്കു രണ്ടരയ്ക്ക് വിദ്യാര്‍ത്ഥി കോര്‍ണറില്‍നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് അരണാട്ടുകര നേതാജി ഗ്രൗണ്ടില്‍ സമാപിക്കും. വൈകുന്നേരം അഞ്ചിന് പൊതുസമ്മേളനം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്കുശേഷം തൃശൂര്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കണമെന്ന് ഡിവൈഎഫ്ഐ

മതനിരപേക്ഷതയും ജനാധിപത്യവും നേരിടുന്ന വെല്ലുവിളികള്‍ക്കെതിരേ ഐക്യനിര വളര്‍ത്തണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ഭരണഘടനാ മൂല്യങ്ങള്‍ക്കെതിരേ സംഘടിതമായ ആക്രമണമാണു നടക്കുന്നതെന്നും ഭൂരിപക്ഷ വര്‍ഗീയതയെ രാഷ്ട്രീയ അധികാരത്തിന്റെ ഉപാധിയാക്കുകയാണെന്നും പ്രമേയത്തില്‍ കുറ്റപ്പെടുത്തി.

ഡിവൈഎഫ്ഐ നാടക വിവാദത്തില്‍ പ്രതികരിച്ച് മന്ത്രി പി.സി. വിഷ്ണുനാഥ്

ഡിവൈഎഫ്ഐ നാടക വിവാദത്തില്‍ പ്രതികരിച്ച് മന്ത്രി പിസി വിഷ്ണുനാഥ്. കലാപ്രവര്‍ത്തകരുടെ കൂടെയാണ് സര്‍ക്കാരെന്നും വിവാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് ഐക്യദാര്‍ഢ്യം

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രദര്‍ശന വേദിയില്‍ അവതരിപ്പിച്ച മിസ എന്ന നാടകത്തിലെ അഭിനേത്രിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന വിമർശനത്തെ അപലപിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എ എ മുഹമ്മദ് ഹാഷിം. ചിന്നൂസ് ചിലങ്ക എന്ന നാടക പ്രവര്‍ത്തകയോടുള്ള ഐക്യദാര്‍ഢ്യം അറിയിക്കുന്നുവെന്ന്് എ എ ഹാഷിം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം

വര്‍ഗീയതയ്ക്കെതിരെ ഉറച്ചുനില്‍ക്കാന്‍ കേരളത്തിലെ യു ഡി എഫ് സര്‍ക്കാരിന് കഴിയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ആര്‍എസ്എസ് അജണ്ടയ്ക്ക് കോണ്‍ഗ്രസ് കീഴടങ്ങുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നെഹ്‌റു ട്രോഫി വള്ളം കളി: അവധി പ്രഖ്യാപിച്ചു

നെഹ്‌റു ട്രോഫി വള്ളം കളി നടക്കുന്നതിനാല്‍ ആലപ്പുഴ ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

ഡിജിപി എസ്. ശ്രീജിത്തിനെതിരെ ഹര്‍ജി

ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹര്‍ജി. സര്‍ക്കാറിന്റെ ക്ലീന്‍ ചിറ്റ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. വിജിലന്‍സ് പ്രാഥമിക അന്വേഷണം കൃത്യമായിരുന്നില്ലെന്ന് ഹര്‍ജിക്കാരന്‍ പരാതിയില്‍ പറയുന്നു. ശ്രീജിത്തിന് വിദേശത്ത് ബെനാമി പേരില്‍ സ്പാ ഉണ്ടെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം.

പുലിക്കളി കലാകാരന്മാര്‍ക്കെതിരായ പരാമര്‍ശം അപലപനീയം

പുലിക്കളി കലാകാരന്മാര്‍ക്കെതിരായ ശ്രീരാമന്റെ ബോഡി ഷെയ്മിങ് പരാമര്‍ശത്തെ സാംസ്‌കാരിക മന്ത്രി പി സി വിഷ്ണുനാഥ് അപലപിച്ചു. കലാകാരന്മാര്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച മന്ത്രി, പുലിക്കളിക്ക് സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക സഹായം വര്‍ധിപ്പിക്കുമെന്നും അറിയിച്ചു.

പാലത്തായ് പോക്സോ കേസ്: കെ.കെ. രാഗേഷ്

കണ്ണൂര്‍ പാലത്തായ് പോക്സോ കേസില്‍ പ്രതി പത്മരാജന് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്റെ ഒത്തുകളി കൊണ്ടെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രതിക്ക് ശിക്ഷ വാങ്ങി നല്‍കിയതാണെന്നു രാഗേഷ് പറഞ്ഞു.

പൊതുസ്വത്തുക്കള്‍ കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കുന്നുവെന്ന് ഐഷി ഘോഷ്

രാജ്യത്തെ പൊതുസ്വത്തുക്കള്‍ പൂര്‍ണ്ണമായും കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കാനുള്ള അജണ്ടയാണ് ആര്‍ എസ് എസിനും ബി ജെ പിക്കുമുള്ളതെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റും എസ് എഫ് ഐ നേതാവുമായ ഐഷി ഘോഷ്. കര്‍ഷക സംഘം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍.

ഓണപ്പാട്ടിലൂടെ റെക്കോര്‍ഡ് സ്വന്തമാക്കി കുന്നംകുളം സ്‌കൂള്‍

ഓണപ്പാട്ടിലൂടെ റെക്കോര്‍ഡ് സ്വന്തമാക്കി കുന്നംകുളം ഗുഡ് ഷെപ്പേര്‍ഡ് സി.എം.ഐ. സ്‌കൂള്‍. ബെസ്റ്റ് ഓഫ് ഇന്ത്യന്‍ റിക്കാര്‍ഡ്സിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ ആയിരത്തിഅഞ്ഞൂറിലധികം വിദ്യാര്‍ഥികളും രക്ഷിതാക്കളും പങ്കെടുത്തു. 11 ഓണപ്പാട്ടുകള്‍ ഒരേ സ്വരത്തില്‍ 20 മിനിട്ട് ആലപിച്ചാണ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. കേരളീയ വസ്ത്രം ധരിച്ചാണ് എല്ലാവരും പങ്കെടുത്തത്.

ഓണം വാരാഘോഷ വ്യാപാരമേളയ്ക്ക് തുടക്കം

ഓണം വാരാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് ഒരുക്കിയ വ്യാപാരമേളയും പ്രദര്‍ശനവും മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ലയിലെ 35 വേദികളിലായി വിപുലമായ സാംസ്‌കാരിക പരിപാടികളും ഭക്ഷ്യമേളയും അരങ്ങേറും. നാളെ പതാക ഉയര്‍ത്തും. ഉദ്ഘാടനം 24 ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ നിര്‍വഹിക്കും.

കള്ളന്‍ വിജയന്‍ ലേഖന വിവാദം: കെ.ആര്‍. അജയന്‍ രാജി വെച്ചു

കള്ളന്‍ വിജയന്‍ ലേഖന വിവാദത്തില്‍ ദേശാഭിമാനി വാരാന്തപ്പതിപ്പ് മുന്‍ എഡിറ്റര്‍ കെ ആര്‍ അജയന്‍ രാജിവച്ചു. നേരത്തെ വാരാന്ത്യ പതിപ്പിന്റെ ചുമതലയില്‍ നിന്ന് ഇദ്ദേഹത്തെ മാറ്റിയിരുന്നു. ഒന്നുകില്‍ രാജി അല്ലെങ്കില്‍ നീണ്ട അവധി ആയിരുന്നു ദേശാഭിമാനി നേതൃത്വം ആവശ്യപ്പെട്ടത്.

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

അര്‍ജുന്‍ ആയങ്കിക്കെതിരെ കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് അഥവാ കാപ്പ ചുമത്തി കണ്ണൂര്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ സമര്‍പ്പിച്ച ശുപാര്‍ശയും കേസ് ഹിസ്റ്ററി റിപ്പോര്‍ട്ടും ജില്ലാ കളക്ടര്‍ പി. വിഷ്ണുരാജ് അംഗീകരിക്കുകയായിരുന്നു.

ആറന്മുള വള്ളസദ്യ തട്ടിപ്പ്: കേസ് എടുത്തു

ആറന്മുള വള്ളസദ്യ നല്‍കാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. ദേവസ്വം ബോര്‍ഡ് ജീവനക്കാരനെന്ന് വിശ്വസിപ്പിച്ചാണ് ഓണ്‍ലൈന്‍ വഴി പണം വാങ്ങിയത്. പല ജില്ലകളില്‍ നിന്നായി ക്ഷേത്രത്തിലെത്തിയപ്പോഴാണ് തട്ടിപ്പാണെന്ന് ഇരയായവര്‍ തിരിച്ചറിഞ്ഞത്.

വിഴിഞ്ഞം പദ്ധതിയെ തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് കെ.എന്‍. ബാലഗോപാല്‍

വിഴിഞ്ഞം പദ്ധതിയെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ ഇപ്പോള്‍ അതിന്റെ രക്ഷകരായി അവകാശപ്പെടുന്നുവെന്ന് കെ എന്‍ ബാലഗോപാല്‍. ക്ഷേമ പെന്‍ഷന്‍ വിതരണത്തിലെ പ്രശ്നങ്ങള്‍ക്ക് കാരണം യുഡിഎഫ് സര്‍ക്കാരാണെന്നും ഇടതുപക്ഷത്തിനെതിരെ തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മേപ്പാടിയില്‍ യുവാവ് മുങ്ങി മരിച്ചു

മേപ്പാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ് മുങ്ങി മരിച്ചു. ചീരാല്‍ കൊഴുവണ വെട്ടുകല്ലേല്‍ അമല്‍ വിഷ്ണു (33) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടം.

വളാഞ്ചേരിയില്‍ വന്‍ ലഹരിവേട്ട

മലപ്പുറം വളാഞ്ചേരിയില്‍ വന്‍ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ 43 ഗ്രാം എംഡിഎംഎയും നാല് കിലോയിലധികം കഞ്ചാവും പിടികൂടി. ഇതിനൊപ്പം കോടികള്‍ വിലമതിക്കുന്ന മൂന്ന് കിലോ തിമിംഗല ഛര്‍ദ്ദിയും പൊലീസ് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയടക്കം മൂന്ന് പേരെ വളാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പുറത്തൂരില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തി

മലപ്പുറം പുറത്തൂര്‍ പടിഞ്ഞാറേക്കര തിരൂര്‍ പുഴയില്‍ നങ്കൂരത്തില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തി. മത്സ്യബന്ധനത്തിന് പോകാനിരുന്ന ‘സമര്‍ഖന്ദ്’ എന്ന ബോട്ടിലെ മത്സ്യത്തൊഴിലാളികളാണ് ചാക്കില്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടത്. മത്സ്യബന്ധനത്തിന് പോകാന്‍ നങ്കൂരം പൊക്കിയപ്പോള്‍ നങ്കൂരത്തില്‍ ചാക്ക് കുടുങ്ങുകയായിരുന്നു.

മിനി ലോറിയില്‍ നിന്ന് ഇരുമ്പ് കമ്പികള്‍ തെറിച്ച് വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

മിനി ലോറിയില്‍ നിന്ന് ഇരുമ്പ് കമ്പികള്‍ തെറിച്ച് വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കുട്ടനെല്ലൂര്‍ സ്വദേശി ഷെറിന്‍ ആണ് മരിച്ചത്. തൃശൂര്‍ കുട്ടനെല്ലൂരിലെ ഹൈലൈറ്റ് മാളിന് മുന്നിലായിരുന്നു അപകടം. മിനി ലോറി ഡ്രൈവര്‍ സഡന്‍ ബ്രേക്കിട്ടതോടെ ലോറിയിലുണ്ടായിരുന്ന ഇരുമ്പ് പൈപ്പുകള്‍ കെട്ടഴിഞ്ഞ് പിന്നിലെ ബൈക്ക് യാത്രികന്റെ മുകളിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ദേഹമാസകലം ഇരുമ്പ് പൈപ്പുകള്‍ തുളച്ചുകയറിയാണ് ഷെറിന്‍ മരിച്ചത്.

കവര്‍ച്ചാ നാടകം ആസൂത്രണം ചെയ്ത ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

പണം തട്ടിയെടുത്തെന്ന വ്യാജ പരാതി നല്‍കി പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവറെ കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തു. ചിട്ടി പണം കൈയില്‍ നിന്ന് ചെലവായപ്പോള്‍ കവര്‍ച്ചാ നാടകം ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് നേരെ റാഗിംഗ് പരാതി

ഷര്‍ട്ടിന്റെ ബട്ടന്‍സ് ഇടാന്‍ പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്‌തെന്ന് പരാതി. പാലക്കാട് മണ്ണാര്‍ക്കാട് കരിമ്പുഴ ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് സംഭവം. പതിമൂന്നോളം സീനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ശുചിമുറിയിലിട്ട് ക്രൂരമായി മര്‍ദിച്ചെന്നാണ് പരാതി.

ജാര്‍ഖണ്ഡ് പരീക്ഷ റദ്ദാക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ സമരം

ജന്‍സി പ്രക്ഷോഭത്തെ തുടര്‍ന്ന് ജാര്‍ഖണ്ഡ് സറ്റാഫ് സെലക്ഷന്‍ കമ്മിഷന്‍-കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷ റദ്ദാക്കിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തതോടെ യുവജനങ്ങള്‍ വീണ്ടും സമരവുമായി തെരുവിലേക്ക്. ചൈല്‍ഡ് ഡെവലപ്പ്മെന്റ് പ്രൊജക്ട് ഓഫീസര്‍ പരീക്ഷ റദ്ദാക്കിയതും സ്റ്റേ ചെയ്തു.

നടി സൗകാര്‍ ജാനകി അന്തരിച്ചു

ദക്ഷിണേന്ത്യന്‍ സിനിമയിലെ മുതിര്‍ന്ന നടി സൗകാര്‍ ജാനകി അന്തരിച്ചു. 94 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഹൈദരാബാദ് കാര്‍ അപകടം: എംപിയുടെ മകനെതിരെ കേസ്

ഹൈദരാബാദില്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ ആഡംബര കാര്‍ ഇടിച്ച് യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യസഭാ എം.പി ലിംഗമനേനി രമേശിന്റെ മകനെതിരെ കേസ്. 21കാരനായ ലിംഗമനേനി സഞ്ജുഷിനെതിരെയാണ് പോലീസ് കേസെടുത്തത്.

തെലങ്കാന മുഖ്യമന്ത്രിയുടെ യുഎസ് സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ചു

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ യുഎസ് സന്ദര്‍ശനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചു. നിലവില്‍ യുകെയിലുള്ള അദ്ദേഹം, വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി യാത്രയ്ക്ക് പദ്ധതിയിട്ടത്.

ഡിഎംകെ സൗജന്യ കാര്‍ വാഗ്ദാനം നിരസിച്ചു

തമിഴ്നാട് മുഖ്യമന്ത്രി വിജയ് എംഎല്‍എമാര്‍ക്ക് പ്രഖ്യാപിച്ച സൗജന്യ കാര്‍ ഡിഎംകെ നിരസിച്ചു. സംസ്ഥാനം സാമ്പത്തിക ബാധ്യതയിലായിരിക്കുമ്പോള്‍ അനാവശ്യ ചെലവ് വേണ്ടെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍ നിലപാടെടുത്തു.

മ്യാന്‍മറില്‍ വ്യോമാക്രമണം: 14 പേര്‍ കൊല്ലപ്പെട്ടു

മ്യന്‍മറില്‍ സൈന്യം ബുദ്ധവിഹാരത്തിന് നേര്‍ക്ക് നടത്തിയ വ്യോമാക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. ഇരുപതോളംപേര്‍ക്ക് പരിക്കേറ്റു. സെന്‍ട്രല്‍ സഗയിങ് മേഖലയിലെ സ്വെല്‍ ലേ ഓ ഗ്രാമത്തിലാണു സംഭവം.

യുദ്ധം അവസാനിപ്പിക്കാന്‍ സമയമായെന്ന് ഇറാന്‍ പ്രസിഡന്റ്

യു.എസുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ സമയമായെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍. യു.എസിനേക്കാള്‍ ശക്തിയും അന്തസ്സുമുള്ള നിലപാടാണ് ഇറാനുള്ളത്. യുദ്ധത്തില്‍ തങ്ങള്‍ക്കായിരുന്നു വിജയമെന്ന് ലോകം അംഗീകരിച്ചു. യു.എസ് എല്ലാ നിയമങ്ങളും ലംഘിച്ച് ഇറാന്റെ സ്‌കൂളുകളും ആശുപത്രികളും ആക്രമിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തെ പ്രതിരോധിക്കാന്‍ ഇറാന്‍

അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ നേരിടാന്‍ ഇറാന്‍ തയ്യാറെടുക്കുന്നു. ക്രൂരമായ ഉപരോധങ്ങള്‍ നേരിടാന്‍ ജനങ്ങളോട് പാര്‍ലമെന്റ് സ്പീക്കര്‍ ആഹ്വാനം ചെയ്തപ്പോള്‍, ഭീഷണികള്‍ക്ക് മുന്നില്‍ തലകുനിക്കില്ലെന്ന് പ്രസിഡന്റ് വ്യക്തമാക്കി.

ഇറാനെതിരായ ഉപരോധത്തെ തള്ളി ചൈന

ഇറാനെതിരായ അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തെ ചൈന തള്ളിപ്പറഞ്ഞു. ഇത്തരം നടപടികള്‍ പശ്ചിമേഷ്യയിലെ പ്രതിസന്ധി വഷളാക്കുമെന്ന് ചൈന മുന്നറിയിപ്പ് നല്‍കി.

ഇസ്രയേല്‍ പ്രധാനമന്ത്രിക്കെതിരെ അറസ്റ്റ് വാറന്റ് ആവശ്യപ്പെട്ട് തുര്‍ക്കി

ഗാസയിലേക്ക് സഹാവുമായി പുറപ്പെട്ട ഫ്ലോട്ടില്ല തടഞ്ഞ സംഭവത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ വംശഹത്യ കുറ്റം ചുമത്തി അന്താരാഷ്ട്ര കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്ന് തുര്‍ക്കി ആവശ്യപ്പെട്ടു. ഇന്റര്‍പോളിന്റെ റെഡ് നോട്ടീസ് അടക്കമുള്ള നടപടികള്‍ക്കായി നീതിന്യായ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തതായി തുര്‍ക്കി നിയമ മന്ത്രി അറിയിച്ചു.

കേരള ക്രിക്കറ്റ് ലീഗ്: ആലപ്പി റിപ്പിള്‍സിന് വിജയം

തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗില്‍ ട്രിവാണ്‍ഡ്രം റോയല്‍സിതിരെ അനായാസ വിജയവുമായി ആലപ്പി റിപ്പിള്‍സ്. റോയല്‍സ് ഉയര്‍ത്തിയ 127 റണ്‍സ് വിജയലക്ഷ്യം റിപ്പിള്‍സ് 12.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

ഫിഫ അച്ചടക്ക നടപടി

ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയെ സ്‌പെയിന്‍ തോല്‍പ്പിച്ച ശേഷം ഗ്രൗണ്ടില്‍ നടന്ന കയ്യാങ്കളിയില്‍ നടപടിയെടുത്ത് ഫിഫ. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനെതിരേയും മൂന്ന് അര്‍ജന്റീനാ താരങ്ങള്‍ക്കെതിരേയും അര്‍ജന്റീനയുടെ സഹപരിശീലകനെതിരേയും ഒരു സ്പാനിഷ് താരത്തിനെതിരെയുമാണ് ഫിഫയുടെ അച്ചടക്ക നടപടി. അര്‍ജന്റീനാ താരങ്ങളായ ലിയാന്ദ്രോ പരദേസിനെ 10 മത്സരങ്ങളിലും ഹ്വേല്‍ മൊളീനയെ ഏഴ് മത്സരങ്ങളിലുമാണ് ഫിഫ വിലക്കിയത്. അര്‍ജന്റീനാ ഫുട്‌ബോള്‍ അസോസിയേഷന് 3,21,000 യുഎസ് ഡോളര്‍ (ഏകദേശം മൂന്ന് കോടി രൂപ) പിഴ ചുമത്തി.

അമേരിക്ക തന്നെയാണ് ഇന്ത്യയുടെ പ്രധാന കയറ്റുമതി വിപണി

യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കേര്‍പ്പെടുത്തിയ ഉയര്‍ന്ന തീരുവകള്‍ക്കിടയിലും ഇന്ത്യയുടെ പ്രധാന കയറ്റുമതി വിപണിയായി അമേരിക്ക തുടരുന്നു. വ്യാപാര മന്ത്രാലയത്തിന്റെ കണക്കുകളനുസരിച്ച് ജൂലായ് വരെയുള്ള 12 മാസക്കാലത്ത് ഇന്ത്യന്‍ കയറ്റുമതിയുടെ 20 ശതമാനവും അമേരിക്കയിലേക്കാണെന്ന് വ്യക്തമാക്കുന്നു. ഇന്ത്യയുടെ കയറ്റുമതിയില്‍ രണ്ടാം സ്ഥാനത്ത് യൂറോപ്യന്‍ യൂണിയനാണ്. മൊത്തം കയറ്റുമതിയുടെ 16 ശതമാനം വരുമിത്. ജി.സി.സി. രാജ്യങ്ങള്‍ (13 ശതമാനം), അസിയാന്‍ രാജ്യങ്ങള്‍ (ഒന്‍പതു ശതമാനം), യു.എ.ഇ. (എട്ടു ശതമാനം), മറ്റു രാജ്യങ്ങള്‍ (34 ശതമാനം) എന്നിങ്ങനെയാണ് കണക്ക്. അമേരിക്കയിലേക്ക് 2025 – 26 സാമ്പത്തികവര്‍ഷം ഇന്ത്യ 8,730 കോടി ഡോളറിന്റെ ഉത്പന്നങ്ങളാണ് കയറ്റി അയച്ചത്. തൊട്ടു മുന്‍വര്‍ഷമിത് 8,651 കോടി ഡോളറായിരുന്നു. ഇത്രയധികം വെല്ലുവിളികളുണ്ടായിട്ടും അമേരിക്കന്‍ വിപണിയില്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് നിര്‍ണായക സാന്നിധ്യമുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ആര്‍ട്ടിഫിഷ്യൽ ഇന്റലിജൻസ് ഗാനങ്ങള്‍ക്ക് പ്രത്യേക ലേബലുമായി ആപ്പിള്‍ മ്യൂസിക്

എല്ലാ മേഖലകളിലുമെന്ന പോലെ സംഗീതലോകത്തും ആര്‍ഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സ്വാധീനം അതിവേഗം വര്‍ധിക്കുകയാണ്. എഐ നിര്‍മിത ഗാനങ്ങള്‍ സ്‌പോട്ടിഫൈ അടക്കമുള്ള പ്രമുഖ മ്യൂസിക് സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളില്‍ ഇതിനകം തരംഗമായിക്കഴിഞ്ഞു. എന്നാല്‍, യഥാര്‍ഥ സംഗീതജ്ഞരുടെ സൃഷ്ടികളും എഐ നിര്‍മിതികളും തമ്മില്‍ തിരിച്ചറിയാന്‍ കഴിയാത്തത് ശ്രോതാക്കള്‍ക്കിടയില്‍ വലിയ ആശയക്കുഴപ്പത്തിന് വഴിവെച്ചിരുന്നു. ഈ പരാതികള്‍ പരിഹരിക്കുന്നതിനായി സ്‌പോട്ടിഫൈ ഈ മാസം ആദ്യം മുതല്‍ എഐ നിര്‍മിത ഗാനങ്ങള്‍ക്ക് പ്രത്യേക ലേബല്‍ നല്‍കാന്‍ തുടങ്ങി. ഇതിനുപിന്നാലെ, ആപ്പിള്‍ മ്യൂസിക്കും സമാനമായ മാറ്റത്തിനൊരുങ്ങുകയാണ്. തങ്ങള്‍ ആസ്വദിക്കുന്നത് എഐ സംഗീതമാണോ എന്ന് ഉപയോക്താക്കള്‍ക്ക് തിരിച്ചറിയാന്‍ സഹായിക്കുന്ന പുതിയ ലേബലിങ് സംവിധാനമാണ് ആപ്പിള്‍ മ്യൂസിക് അവതരിപ്പിക്കുന്നത്. പാട്ടുകളുടെ ഏതെങ്കിലും ഭാഗത്തോ അല്ലെങ്കില്‍ പൂര്‍ണമായോ എഐ സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍, ക്രിയേറ്റര്‍മാര്‍ അത് ട്രാന്‍സ്പാരന്‍സി ടാഗിലൂടെ നിര്‍ബന്ധമായും വെളിപ്പെടുത്തണം.

ജയിലര്‍ 2 ആദ്യഗാനം പുറത്തിറങ്ങി

രജനീകാന്ത് നായകനാകുന്ന ബിഗ് ബജറ്റ് തമിഴ് ചിത്രം ‘ജയിലര്‍ 2’-ലെ ആദ്യഗാനം പുറത്തിറങ്ങി. അനിരുദ്ധ് ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. രജനീകാന്ത്, രാജേഷ് മാധവന്‍, ഷംന കാസിം എന്നിവരാണ് ഗാനരംഗത്തുള്ളത്. അരുണ്‍രാജ കാമരാജയാണ് ഗാനരചന. ജാനി മാസ്റ്റര്‍ നൃത്തസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഡാന്‍സ് നമ്പറില്‍ നടി ഷംന കാസിം ആണ് ശ്രദ്ധാകേന്ദ്രമാകുന്നത്. സുരാജ് വെഞ്ഞാറമൂട്, ഹക്കിം ഷാ, അന്ന രാജന്‍, കോട്ടയം നസീര്‍, സുനില്‍ സുഖദ, സുജിത് ശങ്കര്‍, മിര്‍ണ, എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ആദ്യഭാഗത്തിലുണ്ടായിരുന്ന വിനായകന്‍ രണ്ടാം ഭാഗത്തിലുമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മോഹന്‍ലാല്‍ ‘ജയിലര്‍ 2’-ലും അതിഥി വേഷത്തിലെത്തും.

ലോകേഷ് കനകരാജിന്റെ ‘ഡിസി’ 100 കോടി ക്ലബ്ബില്‍

നടനെന്ന നിലയിലും നൂറില്‍ നൂറ് മാര്‍ക്ക് നേടിയിരിക്കുകയാണ് ലോകേഷ് കനകരാജ്. അദ്ദേഹം നായകനായി അരങ്ങേറ്റം കുറിച്ച ‘ഡിസി’ എന്ന ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരിക്കുകയാണ്. ചിത്രത്തിന്റെ നിര്‍മാതാക്കളായ സണ്‍ പിക്ചേഴ്സ് ആണ് വിവരം പങ്കുവെച്ചിരിക്കുന്നത്. അരുണ്‍ മാതേശ്വരന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഫോക്സ്വാഗണ്‍ വെര്‍ടുസ് ആനിവേഴ്സറി എഡിഷന്‍ അവതരിപ്പിച്ചു

വെര്‍ടുസ് ഇന്ത്യയില്‍ അവതരിപ്പിച്ചതിന്റെ നാല് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി ഫോക്സ്വാഗണ്‍ ഇന്ത്യ പുതിയ ആനിവേഴ്സറി എഡിഷന്‍ അവതരിപ്പിച്ചു. വെര്‍ടുസ് ജിടി പ്ലസ് സ്‌പോര്‍ട്ട് വകഭേദത്തെ അടിസ്ഥാനമാക്കിയുള്ള പ്രത്യേക പതിപ്പ് പരിമിതമായ എണ്ണത്തിലാണ് ലഭ്യമാകുക. പുതിയ അവോക്കാഡോ പേള്‍ നിറവും കറുപ്പ് മേല്‍ക്കൂരയും കറുപ്പ് അലോയ് വീലുകളും വാഹനത്തിന് കൂടുതല്‍ ആകര്‍ഷകമായ രൂപം നല്‍കുന്നു. 19,19,900 രൂപയാണ് എക്‌സ്-ഷോറൂം വില.

‘പൊള്ളുന്ന ഭൂമി’ കാലാവസ്ഥാ റഫറന്‍സ് ഗ്രന്ഥം

കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന ഘടകങ്ങളെ വിശകലനം ചെയ്ത്, സവിസ്തരം പ്രതിപാദിക്കുന്ന ബൃഹത്തായ കൃതിയാണ് ‘പൊള്ളുന്ന ഭൂമി’. എന്‍ രാജശേഖരന്‍ രചിച്ച പുസ്തകം പരിധി പബ്ളിക്കേഷന്‍സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വില 800 രൂപ.

കാന്‍സര്‍ ചികിത്സയ്ക്കായി പുതിയ മരുന്ന്

കാന്‍സര്‍ ചികിത്സയില്‍ കീമോതെറാപ്പിയുടെ പങ്ക് വലുതാണെങ്കിലും ആരോഗ്യകരമായ കോശങ്ങള്‍ കൂടി നശിപ്പിക്കപ്പെടുന്നുവെന്നത് പ്രധാനമാണ്. ഇതിനെയെല്ലാം മറികടക്കാന്‍ ലോകത്തിന്റെ പലഭാഗങ്ങളിലും പുതിയ കാന്‍സര്‍ ചികിത്സകള്‍ക്കായുള്ള പഠനങ്ങളും നടക്കുന്നുണ്ട്. ഇപ്പോഴിതാ ഇന്ത്യയില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകര്‍ അത്തരത്തിലൊരു പരീക്ഷണാത്മക മരുന്ന് വികസിപ്പിച്ചിരിക്കുകയാണ്. ആരോഗ്യകരമായ കോശങ്ങള്‍ക്ക് ഉപദ്രവം കുറച്ച് കാന്‍സര്‍കോശങ്ങളെ തിരഞ്ഞെടുത്ത് ആക്രമിക്കുന്ന ആര്‍കെ 251 എന്ന മരുന്നാണത്.

ക്രിമിനൽ കേസുകൾ 20,പോലീസിനെ വെല്ലുവിളിച്ച് ഹീറോ കളി, പിന്നെ പോലീസ് പിടിയിൽ, ഒടുവിൽ കാപ്പയുടെ കിരീടവുമായി ആയങ്കി

കണ്ണൂർ. ആകെ 20 ക്രിമിനൽ കേസുകൾ…പോലീസിനെ വെല്ലുവിളിച്ച് ഹീറോ കളി പിന്നെ പോലീസ് പിടിയിൽ
ഒടുവിൽ ഇപ്പോൾ കാപ്പയുടെ മുള്‍ക്കിരീടം ഇടതു ഭരണത്തിന്‍റെ ആനുകൂല്യമില്ലാതായതോടെ കവചമില്ലാത്ത പടക്കളത്തിലിറങ്ങിയ നിലയായി ഈ മുന്‍ പാര്‍ട്ടി പോരാളിക്ക്.
ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി കണ്ണൂർ ജില്ലാ കളക്ടർ . കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ വിജയ് ഭാരത് റെഡ്ഡിയുടെ ശുപാർശയിലാണ് നടപടി.

പോലീസിനെ വെല്ലുവിളിച്ച് വിഴിച്ച് ഒടുവില്‍ആഭ്യന്തരമന്ത്രി വരെയെത്തി ഭീ,ണിയും പരിഹാസവും. ഒളിവിൽ പോയ അർജുൻ ആയങ്കിക്കെതിരെ ഒടുവിൽ കാപ്പ നടപടി. വളപട്ടണം പോലീസ് സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് കണ്ണൂർ ജില്ലാ കളക്ടർ പി. വിഷ്ണുരാജ് കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ ആയങ്കിക്കെതിരെ രജിസ്റ്റർ ചെയ്തത് ഒൻപത് ക്രിമിനൽ കേസുകൾ. ആകെ 20 കേസുകൾ…
ഇതിൽ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര കേസുകളുമുണ്ട്…

ഏഴ് വർഷമോ അതിൽ കൂടുതലോ ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവർക്കെതിരെ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമമായ കാപ്പ ചുമത്താം. കേസുകളുടെ തുടർച്ചയും ക്രിമിനൽ പശ്ചാത്തലവും ചൂണ്ടിക്കാട്ടിയാണ് ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ പോലീസ് ശുപാർശ നൽകിയത്.

അതിനിടെ, സാമൂഹ്യമാധ്യമങ്ങളിലൂടെ ആഭ്യന്തരമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിൽ റിമാൻഡിൽ കഴിയുകയാണ് അർജുൻ ആയങ്കി. ജാമ്യത്തിനായി അപേക്ഷ നൽകാനിരിക്കെയാണ് കാപ്പ ഉത്തരവ്. നിലവിൽ തലശ്ശേരി സബ് ജയിലിലുള്ള ആയങ്കിയെ കാപ്പ പ്രകാരം കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും.
കേസുകൾ പിന്നാലെ, കാപ്പയുടെ കുരുക്കിൽ അർജുൻ ആയങ്കിയുടെ ജയിൽവാസം ഇനി നീളും. മാത്രമല്ല സംസ്ഥാനത്തെ ക്രമസമാധാനത്തിന് ഭീഷണിയായ ഗുണ്ടകളെ തളയ്ക്കുന്ന സര്‍ക്കാരിന്‍റെ ബ്രാന്‍ഡ് വേട്ടമൃഗമായതിനാല്‍ പലയിടത്തും ഊരിപ്പോരല്‍ അത്ര എളുപ്പമാകില്ല.