ടെക്സ്റ്റയിൽ ഉടമ ഷോപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര. കൊട്ടാരക്കര പുലമൺ ജംഗ്ഷനിലെ വർണ്ണം ടെക്സ്റ്റയിൽ ഉടമ കൊട്ടാരക്കര പുലമൺ തേജസ് ഭവനിൽ വിനു ബേബി (51) നെയാണ് ഷോപ്പിന്റെ മൂന്നാം നിലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊട്ടാരക്കര പോലീസ് എത്തി പ്രാരംഭ നടപടികൾ സ്വീകരിച്ചു മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. സംസ്‍കാരം പിന്നീട്. ഭാര്യ : ജീന ( എം ജി എം സ്കൂൾ )മകൻ : ഫ്ലമിങ് ( വിദേശം )
‘ഭീകരവാദം തുടച്ചുനീക്കേണ്ടത് അനിവാര്യം, ഇരട്ടത്താപ്പ് പാടില്ലെന്ന് മോദി, വിമർശനം പാക് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ
ഷാങ്ഹായ്. ഭീകരവാദത്തെ സഹായിക്കുന്നവര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പ് ഉണ്ടാകില്ലെന്ന് ഒറ്റ ശബ്ദത്തില്‍ നിലപാട് എടുക്കണമെന്ന് ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ഭീകരവാദികള്‍ക്ക് സഹായം നല്‍കുന്നവരെ ഒറ്റപ്പെടുത്തണമെന്നും മോദി പറഞ്ഞു. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ സാന്നിധ്യത്തിലായിരുന്നു വിമര്‍ശനം. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങും നരേന്ദ്ര മോദിയും ഉച്ചകോടിക്കിടെ പരസ്പരം കൈകൊടുത്തു. ഷീ ജിന്‍പിങ്ങിനും പുട്ടിനും കൈകൊടുത്ത് മോദി
ഷാങ്ഹായ് സഹകരണ ഉച്ചകോടിയിലും ഇന്ത്യ ചൈന റഷ്യ സഹകരണത്തിന്റെ കാഴ്ചകള്‍. എന്നാല്‍ പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിനെ മോദി അവഗണിച്ചു. ഭീകരവാദം തുടച്ചുനീക്കേണ്ടത് മാനവരാശിക്ക് അനിവാര്യമെന്ന സന്ദേശമാണ് നരേന്ദ്ര മോദി ഉച്ചകോടിയിലെ പ്രസംഗത്തില്‍ നല്‍കിയത്. ഭീകരര്‍ക്ക് സുരക്ഷിത താവളങ്ങളും സാമ്പത്തിക സഹായവും കിട്ടുന്നത് തടയണം, മത മൗലിക വാദം ചെറുക്കണം, ഭീകരവാദം ആരും തന്ത്രപ്രധാന നയമാക്കരുതെന്നും മോദി പറഞ്ഞു.
രാജ്യങ്ങളുടെ പരമാധികാരവും അഖണ്ഡതയും സംരക്ഷിച്ചുവേണം വികസന പദ്ധതികള്‍ എന്ന് പറഞ്ഞ മോദി, പാക് അധീന കശ്മീരിലൂടെയുള്ള ചൈനയുടെ റോഡ് നിര്‍മ്മാണത്തിനെതിരെ പരോക്ഷ സന്ദേശം നല്‍കി. മയക്കുമരുന്ന് മാഫിയക്കെതിരെ കൂട്ടായ നീക്കം വേണം എന്നും മോദി നിര്‍ദ്ദേശിച്ചു. ദില്ലിയില്‍ ഈ മാസം നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ ഷീ ജിന്‍പിങിന്റെയും വ്‌ലാദിമിര്‍ പുടിന്റെയും സാന്നിധ്യം ഉണ്ടാകും എന്ന സൂചനയാണ് ഷാങ്ഹായ് ഉച്ചകോടിയിലെ കാഴ്ചകള്‍ നല്‍കുന്നത്.
സാമ്പത്തിക തട്ടിപ്പ് കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും
മുംബൈ: കണ്ണൂര്‍ വിമാനത്താവളം ഓഹരി സാമ്പത്തിക തട്ടിപ്പ് കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും. മുംബൈ ബോറിവലി മജിസ്‌ട്രേറ്റ് കോടതിടേതാണ് വിധി. ഒരു മാസത്തിനകം പണം നല്‍കണമെന്നാണ് കോടതി വിധിയില്‍ പറയുന്നത്. ഇല്ലെങ്കില്‍ മൂന്ന് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. മുംബൈ വ്യവസായി ദിനേശ് മേനോന്‍ നല്‍കിയ പരാതിയിലാണ് നടപടി. തടവ് ശിക്ഷ ഒരു വര്‍ഷമായതിനാല്‍ എംഎല്‍എ സ്ഥാനത്തിന് ഭീഷണിയില്ല.
അതേസമയം, ശിക്ഷാവിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് മാണി സി കാപ്പന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. തന്റെ ഭാഗം കേള്‍ക്കാതെയാണ് വിധി. ഇന്ന് വാദത്തിനാണ് കേസ് വെച്ചത്. താന്‍ ഹാജരായിരുന്നില്ല. താന്‍ ഹാജരാകാതെ എങ്ങനെ വിധി പറയുമെന്നും മാണി സി കാപ്പന്‍ ചോദിക്കുന്നു. കേസ് തനിക്ക് എതിരായ ഗൂഢാലോചനയാണെന്നും ആര്‍ക്കും പണം കൊടുക്കാന്‍ ഇല്ലെന്നുമാണ് മാണി സി കാപ്പന്റെ വാദം. തനിക്ക് ഉടന്‍ ലഭിക്കുന്ന പദവി തടയുക ആണ് ലക്ഷ്യം എന്നും മാണി സി കാപ്പന്‍ ആരോപിക്കുന്നു.
കുട്ടികളുടെ സ്വകാര്യഭാഗങ്ങളില്‍ ചുംബിക്കുന്നത് പോക്‌സോ നിയമപ്രകാരം ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ വരും, ഹൈക്കോടതി
കൊച്ചി: കുട്ടികളുടെ സ്വകാര്യഭാഗങ്ങളില്‍ ചുംബിക്കുന്നത് പോക്‌സോ നിയമപ്രകാരം ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ വരുമെന്ന് വ്യക്തമാക്കി കേരള ഹൈക്കോടതി. പതിനാലര വയസ്സുള്ള ആണ്‍കുട്ടിയെ രണ്ട് തവണ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വിചാരണക്കോടതി 20 വര്‍ഷം തടവിന് ശിക്ഷിച്ച പ്രതിയുടെ അപ്പീല്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ സുപ്രധാന വിധി.
കുട്ടികളെ ലൈംഗികാതിക്രമങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ശനമായി വ്യാഖ്യാനിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി.
പോക്‌സോ നിയമത്തിലെ സെക്ഷന്‍ 3 (ഡി) പ്രകാരം കുട്ടിയുടെ ലിംഗം, യോനി, ഗുദം, മൂത്രനാളി എന്നീ ഭാഗങ്ങളുമായി വായ ഉപയോഗിച്ചുള്ള ഏതൊരു സ്പര്‍ശനവും ശരീരത്തിനുള്ളിലേക്ക് കടന്നുള്ള ലൈംഗികാതിക്രമമായി കണക്കാക്കപ്പെടുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ വകുപ്പിന്റെ പരിധിയില്‍ ചുംബനവും പൂര്‍ണ്ണമായി ഉള്‍പ്പെടുമെന്നും അതിനാല്‍ വിചാരണക്കോടതി ചുമത്തിയ കുറ്റവും ശിക്ഷയും നിയമപരമായി നിലനില്‍ക്കുമെന്നും ഹൈക്കോടതി വിലയിരുത്തി. ശിക്ഷ ഇളവ് ചെയ്യണമെന്നും സംഭവം ശരീരത്തിനുള്ളിലേക്ക് കടന്നുള്ള അസോള്‍ട്ടായി കണക്കാക്കാനാവില്ലെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദങ്ങള്‍ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞാണ് സിംഗിള്‍ ബെഞ്ച് വിധി പ്രസ്താവിച്ചത്. കുട്ടികള്‍ക്ക് നേരെയുണ്ടാകുന്ന ഇത്തരം അതിക്രമങ്ങളെ നിസ്സാരമായി കാണാനാകില്ലെന്നും കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തി നിയമത്തിലെ ഓരോ വ്യവസ്ഥയും വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കേണ്ടതുണ്ടെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.
വി കുഞ്ഞികൃഷ്ണനെ പോലുള്ളവര്‍ക്ക് പിണറായിയെ കാണുമ്പോള്‍ ഭയം തോന്നുന്നതിന് തങ്ങളെ കുറ്റം പറയുന്നതില്‍ കാര്യമില്ല,ഇതുവരെ കണ്ടത് തോറ്റമാണെന്നും ഇനി കാണാന്‍ പോകുന്നത് തെയ്യമാണെന്നും ടിഐ മധുസൂദനന്‍റെ മുന്നറിയിപ്പ്
പയ്യന്നൂര്‍: പിണറായി വിജയന്റെ പ്രസംഗത്തില്‍ ഭീഷണിയുണ്ടെന്ന് പറയുന്ന വി. കുഞ്ഞികൃഷ്ണനെ പോലുള്ളവര്‍ക്ക് പിണറായിയെ കാണുമ്പോള്‍ ഭയം തോന്നുന്നതിന് തങ്ങളെ കുറ്റം പറയുന്നതില്‍ കാര്യമില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.ഐ. മധുസൂദനന്‍. പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി ഓഫീസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുവരെ നിങ്ങള്‍ കണ്ടത് തോറ്റമാണെന്നും ഇനി കാണാന്‍ പോകുന്നത് തെയ്യമാണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
സര്‍ക്കുലര്‍ കമ്മ്യൂണിസ്റ്റായി പല സ്ഥലത്തും നനച്ചിട്ട തുണി പോലെയാണ് നിലവില്‍ പയ്യന്നൂര്‍ എംഎല്‍എയുടെ അവസ്ഥയെന്ന് ടിഐ മധുസൂദനന്‍ പരിഹസിച്ചു. ധനരാജ് കൊല്ലപ്പെട്ടത് പോലും അറിഞ്ഞിട്ടില്ലെന്ന് പറയുന്ന കുഞ്ഞികൃഷ്ണന്‍ തനിക്കാഗ്രഹമുള്ള ഒരു സ്ഥാനം വേണമെന്ന് ഇതുവരെ പാര്‍ട്ടിയോട് ആവശ്യപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പയ്യന്നൂര്‍ മണ്ഡലത്തില്‍ പാര്‍ട്ടിക്ക് നഷ്ടപ്പെട്ട വോട്ടുകള്‍ ഓരോന്നായി തിരിച്ചുപിടിക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി മണ്ഡലത്തിലെ ഓരോ വീടുകളിലും നേതാക്കളും പ്രവര്‍ത്തകരും നേരിട്ടെത്തി ജനങ്ങളുടെ അഭിപ്രായം സ്വരൂപിക്കുകയും ആവശ്യമായ തിരുത്തലുകള്‍ വരുത്തുകയും ചെയ്യും. പയ്യന്നൂരിന്റെ പ്രത്യേക രാഷ്ട്രീയ പ്രാധാന്യം കണക്കിലെടുത്താണ് ഇത്തരം ഒരു തിരുത്തല്‍ നടപടിയിലേക്ക് പാര്‍ട്ടി കടക്കുന്നത്.
പാര്‍ട്ടിക്കെതിരെ നിരന്തരമായി നടത്തിയ പ്രചാരവേലകള്‍ മുന്‍കൂട്ടി മനസ്സിലാക്കിയിരുന്നെങ്കില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തന്നെ പുനഃപരിശോധന നടത്തുമായിരുന്നുവെന്ന് മധുസൂദനന്‍ പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട് കുഞ്ഞികൃഷ്ണന്‍ നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ ചിലരെ തെറ്റിദ്ധരിപ്പിക്കാനും സ്വാധീനിക്കാനും ഇടയാക്കിയിട്ടുണ്ട്. പയ്യന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ സരിന്‍ ശശി, അഡ്വ. പി. സന്തോഷ്, കെ.കെ. ഗംഗാധരന്‍, എം. രാഘവന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ഡോക്ടർക്ക് പണി വീട്ടില്‍,ഡോ. രേഖ കൃഷ്ണനോട് നിർബന്ധിത അവധിയിൽ പോകാൻ നിർദ്ദേശം
കൊട്ടാരക്കര. താലൂക്ക് ആശുപത്രിയിൽ രോഗിയോട് ഡോക്ടർ മോശമായി പെരുമാറിയ സംഭത്തില്‍ ഡോ. രേഖ കൃഷ്ണനോട് നിർബന്ധിത അവധിയിൽ പോകാൻ നിർദ്ദേശം. അതെ സമയം ആരോഗ്യ വകുപ്പ് വിജിലൻസ് വിഭാഗം കൊട്ടാരക്കര താലൂക്കാശുപത്രിയിൽ എത്തി CCTV ദൃശ്യങ്ങൾ പരിശോധിച്ചു.
ആരോപണ വിധേയയായ Dr രേഖയുടേയും, ആശുപത്രി സൂപ്രണ്ടിന്റെയും ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തി.വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതിനു പിന്നാലെ രേഖ കൃഷ്ണന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു
‘പണ്ഡിതോചിതമായ അഭിപ്രായപ്രകടനം’,കാന്തപുരം എപി. അബൂബക്കർ മുസ്ലിയാരുടെ വിവാദ പ്രസ്താവനയെ ന്യായീകരിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ
തിരുവനന്തപുരം. സ്ത്രീകൾ പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നത് തടയണമെന്ന കാന്തപുരം എപി. അബൂബക്കർ മുസ്ലിയാരുടെ വിവാദ പ്രസ്താവനയെ ന്യായീകരിച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. കാന്തപുരത്തിന്റേത് ‘പണ്ഡിതോചിതമായ അഭിപ്രായപ്രകടനം’ മാത്രമാണെന്നും ഇതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നുമാണ് സാദിഖലി തങ്ങൾ പ്രതികരിച്ചത്. അതേസമയം, സ്ത്രീകളെ പൊതുജീവിതത്തിൽ നിന്ന് മാറ്റിനിർത്താനുള്ള യാഥാസ്ഥിതിക നീക്കങ്ങൾക്കെതിരെ ശക്തമായ വിമർശനവുമായി മുതിർന്ന സിപിഎം നേതാവ് പി ജയരാജൻ രംഗത്തെത്തി.
കൊച്ചിയിൽ നടന്ന ഇസ്ലാമിക സമ്മേളനത്തിനിടെയാണ് സ്ത്രീകളെ പൊതുവേദിയിലേക്ക് കൊണ്ടുവരുന്നത് വൻ വിനാശത്തിന് കാരണമാകുമെന്നും, ഇത് തടയാനാണ് ഇസ്ലാം പർദ്ദ നിർബന്ധമാക്കിയതെന്നും കാന്തപുരം അഭിപ്രായപ്പെട്ടത്. സ്ത്രീകൾ വീടുകളിൽ ഒതുങ്ങിക്കഴിയണമെന്നും പൊതുരംഗത്ത് പ്രത്യക്ഷപ്പെടരുതെന്നുമാണ് ഖുർആൻ അനുശാസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ നിലപാടുകളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് ലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കിയത്. അതൊരു പണ്ഡിതോചിതമായ അഭിപ്രായപ്രകടനമാണെന്നും, സുരക്ഷ ഉദ്ദേശിച്ചാകാം കാന്തപുരം പറഞ്ഞതെന്നും സാദിഖലി തങ്ങൾ അഭിപ്രായപ്പെട്ടു. വർത്തമാനകാലത്ത് ഏറ്റവും കൂടുതൽ വേട്ടയാടപ്പെടുന്നത് സ്ത്രീകളാണെന്നും ഇത് കണക്കിലെടുത്ത് സാമൂഹിക സുരക്ഷ കണക്കിലെടുത്താകും കാന്തപുരത്തിൻറെ അഭിപ്രായ പ്രകടനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്ത്രീകളെ പൊതുരംഗത്ത് നിന്നും പൊതുവേദികളിൽ നിന്നും മാറ്റിനിർത്തണമെന്ന കാന്തപുരത്തിന്റെ വാദത്തെ പൂർണ്ണമായും തള്ളിക്കളഞ്ഞാണ് സിപിഎം നേതാവ് പി. ജയരാജൻ രംഗത്തെത്തിയത്. സ്ത്രീകളെ വീടിന്റെ നാലുചുമരുകൾക്കുള്ളിൽ തളച്ചിടാനും പൊതുസമൂഹത്തിലെ അവരുടെ സാന്നിധ്യം ഇല്ലാതാക്കാനുമുള്ള ഇത്തരം കാഴ്ചപ്പാടുകൾ കാലത്തിന് നിരക്കാത്തതും പുരോഗമന സമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയാത്തതുമാണെന്ന് അദ്ദേഹം തുറന്നടിച്ചു. സ്ത്രീവിമോചനത്തിനും തുല്യതയ്ക്കും വേണ്ടിയുള്ള പോരാട്ടങ്ങൾ ശക്തമായി മുന്നോട്ടുപോകുന്ന കാലഘട്ടത്തിൽ ഇത്തരം യാഥാസ്ഥിതിക നിലപാടുകൾ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയറ്ററുകളില്‍ 250 രൂപ,തിയറ്ററില്‍ കയറി ഒരു ചായ കുടിക്കണമെങ്കില്‍ ലോണ്‍ എടുക്കേണ്ട അവസ്ഥ, സര്‍ക്കാര്‍ ഇടപെടണമെന്ന്മേയര്‍ വിവി രാജേഷ്
തിരുവനന്തപുരം: സിനിമാ തിയറ്ററുകളില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നതിനെതിരെ തിരുവനന്തപുരം മേയര്‍ വി വി രാജേഷ്. പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയറ്ററുകളില്‍ 250 രൂപയാണ് ഈടാക്കുന്നതെന്ന് വി വി രാജേഷ് ആരോപിച്ചു. വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ലീഗല്‍ മെട്രോളജി വകുപ്പ് ഇത്തരം വിഷയങ്ങളില്‍ ശക്തമായി ഇടപെടണമെന്നും വി വി രാജേഷ് ആവശ്യപ്പെട്ടു.
തിയറ്ററില്‍ കയറി ഒരു ചായ കുടിക്കണമെങ്കില്‍ ലോണ്‍ എടുക്കേണ്ട അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും മേയര്‍ പറഞ്ഞു. ‘തിയറ്ററുകളില്‍ വില്‍ക്കുന്ന ഭക്ഷണ സാധനങ്ങള്‍ കൊള്ളവിലയ്ക്കാണ് നല്‍കുന്നത്. കൊച്ചുകുട്ടികളുമായി തിയറ്ററുകളില്‍ പോകുന്ന രക്ഷിതാക്കള്‍ക്ക് ആയിരം രൂപ നല്‍കിയാല്‍ മാത്രമേ പോപ്കോണ്‍ ലഭിക്കൂ എന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. പുറത്ത് ഇത്രയും പണം കൊടുക്കേണ്ടതില്ല. ഇത് തികച്ചും ആരോഗ്യകരമായ പ്രവണതയല്ല.’- മേയര്‍ തുടര്‍ന്നു.
വില നിശ്ചയിക്കുന്നത് കോര്‍പറേഷന്റെ അധികാരപരിധിയില്‍ വരുന്ന വിഷയമല്ല. എങ്കിലും രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്ന നിലയില്‍ ഇത്തരം ജനകീയ വിഷയങ്ങളില്‍ കൃത്യമായ നിലപാട് ഉന്നയിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിയറ്ററുകളിലെ അമിതവില നിയന്ത്രിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും മേയര്‍ ആവശ്യപ്പെട്ടു.
ഓണക്കാലത്ത് കെഎസ്ആര്‍ടിസിക്ക് റെക്കോര്‍ഡ് നേട്ടം,ഓഗസ്റ്റ് 31ന് ടിക്കറ്റ് വരുമാനത്തില്‍ നിന്ന് നേടിയത് 10.8 കോടി
തിരുവനന്തപുരം: ഓണക്കാലത്ത് കെഎസ്ആര്‍ടിസിക്ക് റെക്കോര്‍ഡ് നേട്ടം. ഓഗസ്റ്റ് 31ന് ടിക്കറ്റ് വരുമാനത്തില്‍ നിന്ന് നേടിയത് 10.8 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് 10.2 കോടി രൂപയായിരുന്നു. ഓണത്തിരക്ക് പ്രമാണിച്ച് 4461 സര്‍വീസുകളാണ് ഇത്തവണ കെഎസ്ആര്‍ടിസി നടത്തിയത്. തിരക്ക് നിയന്ത്രിക്കുന്നതിനും യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനുമായി കെഎസ്ആര്‍ടിസി നിരവധി അധിക സര്‍വീസുകളും ദൂരയാത്ര സര്‍വീസുകളും ഏര്‍പ്പെടുത്തിയിരുന്നു.
ദൂരയാത്ര ചെയ്യുന്നവരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനവാണ് റെക്കോര്‍ഡ് വരുമാനത്തിലേക്ക് എത്തിച്ചത്.ചതയം ദിനത്തില്‍ മാത്രം കെഎസ്ആര്‍ടിസിക്ക് 8.07 കോടി രൂപയുടെ കളക്ഷനാണ് ലഭിച്ചത്. ഈ ദിവസം മാത്രം ആകെ 22,02,992 പേരാണ് ബസുകളില്‍ യാത്ര ചെയ്തത്. ഉത്രാട ദിനത്തില്‍ 7.88 കോടി രൂപയും തിരുവോണ ദിനത്തില്‍ 4.77 കോടി രൂപയും വരുമാനം കെഎസ്ആര്‍ടിസിക്ക് ലഭിച്ചു.
സ്വാമി ശങ്കരാമൃതാനന്ദപുരിയ്ക്ക് അന്ത്യാഞ്ജലി
അമൃതപുരി : മാതാ അമൃതാനന്ദമയി മഠത്തിലെ മുതിര്‍ന്ന സംന്യാസവര്യനും അമൃത ആയുര്‍വ്വേദ കോളജ് ഡീനും അമൃത അയുര്‍വ്വേദ ആശുപത്രി മെഡിക്കല്‍ ഡയറക്ടറുമായിരുന്ന സ്വാമി ശങ്കരാമൃതാനന്ദപുരിയ്ക്ക് അന്ത്യാഞ്ജലി. കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ തിങ്കളാഴ്ച സമാധിയായ സ്വാമിയുടെ മൃതശരീരം ഇന്നലെ രാവിലെ 10-ഓടെ അമൃതപുരിയില്‍ എത്തിച്ചു. തുടര്‍ന്ന് പൊതു ദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ മാതാ അമൃതാന്ദമയി മഠത്തിലെ മുതിര്‍ന്ന സ്വാമിമാരും സ്വാമിനിമാരും ബ്രഹ്‌മചാരി ബ്രഹ്ചാരിണിമാരും ആശ്രമ അന്തേവാസികളും ആയുര്‍വേദ കോളജിലെയും ആശുപത്രിയിലെയും ജീവനക്കാരും വിദ്യാര്‍ത്ഥികളും അടക്കം നിരവധി പേര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.






































