27.7 C
Kollam
Sunday 13th September, 2026 | 07:32:10 PM
Home News Breaking News കുട്ടികളുടെ സ്വകാര്യഭാഗങ്ങളില്‍ ചുംബിക്കുന്നത് പോക്‌സോ നിയമപ്രകാരം ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ വരും, ഹൈക്കോടതി

കുട്ടികളുടെ സ്വകാര്യഭാഗങ്ങളില്‍ ചുംബിക്കുന്നത് പോക്‌സോ നിയമപ്രകാരം ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ വരും, ഹൈക്കോടതി

കൊച്ചി: കുട്ടികളുടെ സ്വകാര്യഭാഗങ്ങളില്‍ ചുംബിക്കുന്നത് പോക്‌സോ നിയമപ്രകാരം ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ വരുമെന്ന് വ്യക്തമാക്കി കേരള ഹൈക്കോടതി. പതിനാലര വയസ്സുള്ള ആണ്‍കുട്ടിയെ രണ്ട് തവണ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വിചാരണക്കോടതി 20 വര്‍ഷം തടവിന് ശിക്ഷിച്ച പ്രതിയുടെ അപ്പീല്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ സുപ്രധാന വിധി.

കുട്ടികളെ ലൈംഗികാതിക്രമങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ശനമായി വ്യാഖ്യാനിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി.

പോക്‌സോ നിയമത്തിലെ സെക്ഷന്‍ 3 (ഡി) പ്രകാരം കുട്ടിയുടെ ലിംഗം, യോനി, ഗുദം, മൂത്രനാളി എന്നീ ഭാഗങ്ങളുമായി വായ ഉപയോഗിച്ചുള്ള ഏതൊരു സ്പര്‍ശനവും ശരീരത്തിനുള്ളിലേക്ക് കടന്നുള്ള ലൈംഗികാതിക്രമമായി കണക്കാക്കപ്പെടുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ വകുപ്പിന്റെ പരിധിയില്‍ ചുംബനവും പൂര്‍ണ്ണമായി ഉള്‍പ്പെടുമെന്നും അതിനാല്‍ വിചാരണക്കോടതി ചുമത്തിയ കുറ്റവും ശിക്ഷയും നിയമപരമായി നിലനില്‍ക്കുമെന്നും ഹൈക്കോടതി വിലയിരുത്തി. ശിക്ഷ ഇളവ് ചെയ്യണമെന്നും സംഭവം ശരീരത്തിനുള്ളിലേക്ക് കടന്നുള്ള അസോള്‍ട്ടായി കണക്കാക്കാനാവില്ലെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദങ്ങള്‍ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞാണ് സിംഗിള്‍ ബെഞ്ച് വിധി പ്രസ്താവിച്ചത്. കുട്ടികള്‍ക്ക് നേരെയുണ്ടാകുന്ന ഇത്തരം അതിക്രമങ്ങളെ നിസ്സാരമായി കാണാനാകില്ലെന്നും കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തി നിയമത്തിലെ ഓരോ വ്യവസ്ഥയും വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കേണ്ടതുണ്ടെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.