27.1 C
Kollam
Wednesday 9th September, 2026 | 09:51:50 AM
Home News Kerala വി കുഞ്ഞികൃഷ്ണനെ പോലുള്ളവര്‍ക്ക് പിണറായിയെ കാണുമ്പോള്‍ ഭയം തോന്നുന്നതിന് തങ്ങളെ കുറ്റം പറയുന്നതില്‍ കാര്യമില്ല,ഇതുവരെ കണ്ടത്...

വി കുഞ്ഞികൃഷ്ണനെ പോലുള്ളവര്‍ക്ക് പിണറായിയെ കാണുമ്പോള്‍ ഭയം തോന്നുന്നതിന് തങ്ങളെ കുറ്റം പറയുന്നതില്‍ കാര്യമില്ല,ഇതുവരെ കണ്ടത് തോറ്റമാണെന്നും ഇനി കാണാന്‍ പോകുന്നത് തെയ്യമാണെന്നും ടിഐ മധുസൂദനന്‍റെ മുന്നറിയിപ്പ്

പയ്യന്നൂര്‍: പിണറായി വിജയന്റെ പ്രസംഗത്തില്‍ ഭീഷണിയുണ്ടെന്ന് പറയുന്ന വി. കുഞ്ഞികൃഷ്ണനെ പോലുള്ളവര്‍ക്ക് പിണറായിയെ കാണുമ്പോള്‍ ഭയം തോന്നുന്നതിന് തങ്ങളെ കുറ്റം പറയുന്നതില്‍ കാര്യമില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.ഐ. മധുസൂദനന്‍. പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി ഓഫീസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുവരെ നിങ്ങള്‍ കണ്ടത് തോറ്റമാണെന്നും ഇനി കാണാന്‍ പോകുന്നത് തെയ്യമാണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

സര്‍ക്കുലര്‍ കമ്മ്യൂണിസ്റ്റായി പല സ്ഥലത്തും നനച്ചിട്ട തുണി പോലെയാണ് നിലവില്‍ പയ്യന്നൂര്‍ എംഎല്‍എയുടെ അവസ്ഥയെന്ന് ടിഐ മധുസൂദനന്‍ പരിഹസിച്ചു. ധനരാജ് കൊല്ലപ്പെട്ടത് പോലും അറിഞ്ഞിട്ടില്ലെന്ന് പറയുന്ന കുഞ്ഞികൃഷ്ണന്‍ തനിക്കാഗ്രഹമുള്ള ഒരു സ്ഥാനം വേണമെന്ന് ഇതുവരെ പാര്‍ട്ടിയോട് ആവശ്യപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പയ്യന്നൂര്‍ മണ്ഡലത്തില്‍ പാര്‍ട്ടിക്ക് നഷ്ടപ്പെട്ട വോട്ടുകള്‍ ഓരോന്നായി തിരിച്ചുപിടിക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി മണ്ഡലത്തിലെ ഓരോ വീടുകളിലും നേതാക്കളും പ്രവര്‍ത്തകരും നേരിട്ടെത്തി ജനങ്ങളുടെ അഭിപ്രായം സ്വരൂപിക്കുകയും ആവശ്യമായ തിരുത്തലുകള്‍ വരുത്തുകയും ചെയ്യും. പയ്യന്നൂരിന്റെ പ്രത്യേക രാഷ്ട്രീയ പ്രാധാന്യം കണക്കിലെടുത്താണ് ഇത്തരം ഒരു തിരുത്തല്‍ നടപടിയിലേക്ക് പാര്‍ട്ടി കടക്കുന്നത്.

പാര്‍ട്ടിക്കെതിരെ നിരന്തരമായി നടത്തിയ പ്രചാരവേലകള്‍ മുന്‍കൂട്ടി മനസ്സിലാക്കിയിരുന്നെങ്കില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തന്നെ പുനഃപരിശോധന നടത്തുമായിരുന്നുവെന്ന് മധുസൂദനന്‍ പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട് കുഞ്ഞികൃഷ്ണന്‍ നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ ചിലരെ തെറ്റിദ്ധരിപ്പിക്കാനും സ്വാധീനിക്കാനും ഇടയാക്കിയിട്ടുണ്ട്. പയ്യന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ സരിന്‍ ശശി, അഡ്വ. പി. സന്തോഷ്, കെ.കെ. ഗംഗാധരന്‍, എം. രാഘവന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.